ആസ്സാമില്‍ മുസ്ലിം വിദ്യാര്‍ത്ഥി പുതിയ കമ്പ്യൂട്ടര്‍ സിസ്റ്റം വികസിപ്പിച്ചെടുത്തു
ഹാര്‍ഡ് ഡിസ്‌കിനു പകരം മൈക്രോചിപ്പുപയോഗിച്ച് വൈറസ് സംരക്ഷിതമായ പുതിയ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്ത് ആസ്സാമില്‍ പത്താം ക്ലാസുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി ശ്രദ്ധേയനാകുന്നു. ആസ്സാം തലസ്ഥാനമായ ഗുവാഹത്തിയിലെ ഹാത്തിഗാവനിലുള്ള ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഫ്രീദ് ഇസ്ലാമാണ് പാരമ്പര്യ കമ്പ്യൂട്ടിങ് രീതികളില്‍ വിപ്ലവാത്മകമായ മാറ്റം കൊണ്ടു വരാന്‍ കഴിയുന്ന പുതിയ രീതി സ്വയം ആവിഷ്‌ക്കരിച്ചെടുത്തിരിക്കുന്നത്. റെവോ ബുക് എന്നു പേരിട്ടിരിക്കുന്ന തന്‍റെ സിസ്റ്റത്തില്‍ സാധാരണ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്കലോ മെക്കാനിക്കലോ ആയ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ക്ക് പകരം മൈക്രോചിപ്പ് ഉപയോഗിച്ചത് കൊണ്ട് സിസ്റ്റത്തിന്‍റെ വേഗതയും സ്‌റ്റോറേജ് കപ്പാസിറ്റിയും ഇരട്ടിയാകുകയും ഡാറ്റ നഷ്ടമാകല്‍ പോലോത്ത സ്ഥിരം പ്രശ്‌നങ്ങളില്‍ നിന്ന് കമ്പ്യൂട്ടറിന് സുരക്ഷ ലഭിക്കുകയും ചെയ്യുമെന്ന് അഫ്രീദ് പറഞ്ഞു. സ്വന്തമായി വികസിപ്പിച്ചെടുത്ത റെവോ ഒമ്പത് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന റെവോ ബുക്കില്‍ വിന്‍ഡോസും ലിനക്‌സും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളും പ്രവര്‍ത്തിക്കും. ഏഴാം ക്ലാസിലായിരിക്കുമ്പോള്‍ തന്‍റെ മാതാപിതാക്കള്‍ സമ്മാനിച്ച കമ്പ്യൂട്ടറിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇത്തരമൊരു ആശയം തനിക്ക് ഉദിച്ചതെന്ന് അഫ്രീദ് പറയുന്നു. സിസ്റ്റം വികസിപ്പിച്ചെടുക്കാനായി ജര്‍മ്മനി കേന്ദ്രമായുള്ള ഒരു കമ്പനിയും അഫ്രീദിന്‍റെ സഹായത്തിനെത്തി. തന്‍റെ കണ്ടുപിടുത്തത്തിന് പേറ്റന്‍റിനായി അപേക്ഷിച്ച് കാത്തിരിക്കുന്ന ഈ വിദ്യാര്‍ത്ഥിക്ക് തന്‍റെ ഉല്‍പന്നം മാര്‍ക്കറ്റിലിറക്കാന്‍ പര്യപ്തമായ സാമ്പത്തിക സഹായം ലഭിച്ചാല്‍ വലിയ വിപണന വിജയം നേടാന്‍ കഴിയുമെന്ന് ആസ്സാം സയന്‍സ്, ടെക്ക്‌നോളജി ആന്‍ഡ് എന്‍വിയോണ്‍മെന്റ് കൗണ്‍സിലിലെ ശാസ്ത്രജ്ഞനായ സിദ്ധാര്‍ത്ഥ് ദേവ്‌നാഥ് പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter