ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-28 സോമ്നുകു ബാബയുടെ അക്സറായിലൂടെ

അക്സറായ് പട്ടണം. അത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി. ഏറെ തിരക്ക് പിടിച്ച നഗരമായിരുന്നു എന്റെ മ നസ്സില്‍. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അറിയുന്നത്, അത്രയൊന്നും തിരക്കുള്ളതായിരുന്നില്ല മധ്യ അനാട്ടോളിയയിലെ ആ നഗരം. ഗ്രീക്ക് വാസുതുവിദ്യയില്‍ അലങ്കരിക്കപ്പെട്ട കെട്ടിടങ്ങളും അവയെ മികച്ച് നില്ക്കുന്ന ഒട്ടോമൻ പള്ളികളും തലയുയർത്തി നിൽക്കുന്ന ആ നഗരത്തിന് ഒരു പ്രത്യേക പ്രൌഢിയും ആഭിജാത്യവുമുള്ളത് പോലെ തോന്നി. നഗരത്തിന്റെ പ്രധാന ആകര്‍ഷകമായ അംബർല സ്റ്റ്രീറ്റിലൂടെ ഞാന്‍ നടുന്നു. സെംസിയാലി സൊകാക് എന്നാണ് ഈ തെരുവ് അറിയപ്പെടുന്നത്. ഇവിടെ തലക്കു മുകളിലായി കുടകൾ നിരത്തി വെച്ചിരിക്കുകയാണ്. 

നേരെ ചെന്ന് കയറിയത് വലിയൊരു പള്ളിയിലായിരുന്നു. അക്സറായ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പള്ളിയാണ് അക്സറായ് ഗ്രാൻഡ് മോസ്‌ക്. ഉലു മസ്ജിദ്, കരമഗ്നോലു എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ കാരമാൻ ബെയ്ലിക്കിന്റെ ബെയായിരുന്ന ശംസുദ്ധീൻ മെഹ്മദ് ബെയാണ് പളളി സ്ഥാപിച്ചത്. ടര്‍കിഷ് ഭാഷയെ നിര്‍ബന്ധമാക്കി വിധി പുറപ്പെടുവിച്ചത് അദ്ദേഹമായിരുന്നു. പള്ളിയുടെ തൂണുകൾ ഒക്ടഗൺ രൂപത്തിലാണ് നിർമിച്ചിട്ടുള്ളത്. പള്ളിയുടെ അകത്തളം പ്രൌഢമായ പഴമ ഇപ്പോഴും വിളിച്ചോതുന്നുണ്ട്. മനോഹരമായ അനേകം വിളക്കുകൾ തൂങ്ങിക്കിടക്കുന്നുണ്ട്. പൗരാണികത ഉണർത്തുന്ന പള്ളിയിൽ രണ്ടു റകഅ്ത്ത് സുന്നത്ത് നിസ്കരിച്ച ശേഷം ഞാനിറങ്ങി. 

നഗരത്തിലെ ഏറ്റവും സജീവമായ പ്രദേശങ്ങളും അക്സറായിലെ ദൈനംദിന ജീവിതവും നേരില്‍ കാണാനുള്ള ഏറ്റവും നല്ല സ്ഥലമാണ് പള്ളിയുടെ പരിസരം. ഞാന്‍ അതിലൂടെയെല്ലാം കുറച്ചു നേരം ചുറ്റിനടന്നു. ആദ്യമെത്തിയത് സിൻസിരിയേ മദ്രസയിലായിരുന്നു. ഔദ്യോഗിക രേഖകളൊന്നുമില്ലെങ്കിലും ഇത് കരമാൻ കുടുംബ ഭരണ കാലഘട്ടത്തിലാണ് നിർമ്മിച്ചതെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. 1916 വരെ, ഇസ്‍ലാമിക മദ്രസയായിരുന്ന ഇത്, 1927-1945 കാലഘട്ടത്തിൽ ഒരു ജയിലായി മാറ്റപ്പെടുകയും 1955-ൽ മദ്രസ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. പിന്നീട് ഇത് നിഗ്ഡെ മ്യൂസിയത്തിന്റെ ഭാഗമായി ഉപയോഗിച്ചു. തുടർന്നുള്ള വർഷങ്ങളിൽ സിൻസിരിയെ മദ്രസ ഒരു കഫേയായും കല്യാണമണ്ഡപമായും പ്രവർത്തിച്ചു. ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷം ഈ മദ്രസയിൽ നടന്ന അവസാനത്തെ ഇസ്‍ലാമിക പ്രഭാഷണത്തിന് ശേഷം, 2011 ൽ, ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറി. ഈ മാറ്റങ്ങള്‍ക്കെല്ലാം ഇരയായിട്ടും, ചുവരുകളിലും വാതിലുകളിലും ഉള്ള കലാരൂപങ്ങളും അലങ്കാരങ്ങളും കൊത്തുപണികളുമെല്ലാം ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ നില്ക്കുന്നത് എന്നെ അല്‍ഭുതപ്പെടുത്തി.

Read More: ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-27 മുറാദിയ്യ പള്ളിയും ഖബ്റിസ്ഥാനും കടന്ന്...

ആ മദ്റസയിൽ വെച്ച് ഒരു പണ്ഡിതനെ ഞാൻ കണ്ടുമുട്ടി. അവരുമായി ദീർഘനേരം സംസാരിച്ചു. അവരുടെ സംസാരത്തിൽ ഇടക്കിടെ അക്സറായിലെ സെമുൻകു ബാബയുടെ പേര് കടന്നുവരുന്നുണ്ടായിരുന്നു. ബാബയെ കുറിച്ച് ചോദിക്കേണ്ട താമസം, അദ്ദേഹം എനിക്ക് ഒരു മഖ്ബറയിലേക്കുള്ള വഴി കാണിച്ചുതന്നു. 

ദീർഘ നേരത്തെ സഞ്ചാരത്തിന് ശേഷം ഞാൻ ആ കെട്ടിടത്തിലെത്തി. ശൈഖ് ഹാമിദ് വേലി സോമുൻകു ബാബായുടെ ഖബ്റിടം ഉള്‍ക്കൊള്ളുന്ന വലിയ ഒരു സമുച്ചയമായിരുന്നു അത്. പൂക്കള്‍ നിറഞ്ഞ അവിടത്തെ പൂന്തോട്ടം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ആ സമുച്ചയത്തിലെ വലിയ ഒരു നടപ്പാതയുടെ അടുത്തായി ഒരു പള്ളിയുമുണ്ട്. മഖ്ബറയുടെ വാതിലിന്മേൽ ശൈഖ് ഹാമിദ് വേലി തുർബു ശരീഫ് എന്ന് തുർകിഷ് അറബി ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്നു. ഖബറിന്മേലും ചുറ്റുമായും ചുവപ്പ് പരവതാനിയും വിരിച്ചിരിക്കുന്നു. ദുആ ചെയ്തതിന് ശേഷം അവർ നടന്ന വഴികൾ തിരഞ്ഞു ഞാൻ നടക്കാൻ തുടങ്ങി. 

ഇസ്‍ലാമിക ലോകത്ത് പ്രശസ്ത പണ്ഡിതർക്ക് ജന്മം നൽകിയ പണ്ഡിതനായിരുന്നു ശൈഖ് ഹാമിദ് വേലി എന്ന സോമുൻകു ബാബാ. കൈസറയിൽ ജനിച്ച അദ്ദേഹം അക്സറായിലാണ് വഫാത്തായത്. ഉലു ജാമിഅയിൽ പഠനം നടത്തിയ അദ്ദേഹം ബായസീദ് ഒന്നാമനുമായി നല്ല ബന്ധം പുലർത്തിയിരുന്നു. മുല്ലാ ഫനാരിയും ഹാജി ബൈറാം വേലിയുമെല്ലാം ബാബയുടെ ശിഷ്യഗണങ്ങളാണ്. 

ആത്മീയ വിജയത്തിനായി അനാട്ടോളിയയിൽ എത്തിയ സദ്‌വൃത്തരിൽ ഒരാളായിരുന്നു സോമുൻകു ബാബ. ശാം, തബ്രിസ്, എർദെബിൽ തുടങ്ങിയ വിജ്ഞാന കേന്ദ്രങ്ങളിൽനിന്ന് വിദ്യ നേടിയ ശേഷം അദ്ദേഹം ബുർസയിൽ താമസമാക്കി. സുൽത്താൻ ബായസീദ് ഒന്നാമന്റെ നിർദേശ പ്രകാരം ബുർസ ഗ്രാൻഡ് പള്ളിയിൽ അദ്ദേഹം മറ്റുള്ളവര്‍ക്ക് വിദ്യ പകര്‍ന്നുനല്കി. തന്റെ ആത്മീയ വശം മറച്ചുപിടിക്കുന്നതിനായി അവർ റൊട്ടി ചുട്ടാണ് ഉപജീവനം നടത്തിയത്. അതിനാലാണ് അദ്ദേഹം സോമുഞ്ജു ബാബ എന്നറിയപ്പെട്ടത്.

Read More: ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-26 മെഹ്മദ് ചെലേബിയുടെ ഗ്രീന്‍ടോംബിലൂടെ...

ബുർസയിലെ ഗ്രാൻഡ് പള്ളിയുടെ ഉദ്ഘാടന വേളയിൽ സൂറത്തുൽ ഫാത്തിഹയെ ഏഴ് വ്യത്യസ്ത രീതികളിൽ വ്യാഖ്യാനിച്ചതോടെ അദ്ദേഹം അറിയപ്പെട്ടു. പ്രശസ്തനാവുന്നു എന്നത് മനസ്സിലാക്കിയതോടെ അവർ അക്സറയിലേക്ക് നാടു വിട്ടു. ശേഷം, തന്റെ മകൻ യൂസുഫ് ഹക്കിക്കി ബാബയെ അക്സറയിലെ കാര്യങ്ങൾ ഏൽപ്പിച്ച് മക്കയിലേക്ക് പോയി. വർഷങ്ങൾ കഴിഞ്ഞ്, സഞ്ചാരങ്ങൾ മതിയാക്കിയ അവർ മകൻ ഹലീൽ തൈബിയോടൊപ്പം നാട്ടിൽ തിരിച്ചെത്തി അക്സറയിൽ സ്ഥിരതാമസമാക്കി. 1412-ൽ അദ്ദേഹം വഫാത്തായി. അവരെ മറമാടിയ സ്ഥലം ഇന്നും ഒരു തീര്‍ത്ഥാടന കേന്ദ്രമായി ഇവിടെ നിലക്കൊള്ളുന്നു. ബാബയോട് സലാം പറഞ്ഞു അവരുടെ ശിഷ്യരെ തിരക്കി ഞാനിറങ്ങി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter