ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-34 സുല്‍ത്താൻ സലീമിനെ തേടി യാവൂസ് പള്ളിയില്‍

സലീം പാലത്തിലേക്കുള്ള യാത്രയിലാണ് ഞാൻ ഇപ്പോഴുള്ളത്. പോവുന്ന വഴിയില്‍ യാവുസ് സുൽത്താൻ സലീം പള്ളിയിലും ഒന്ന് കയറണമെന്നുണ്ട്. സുൽത്താൻ സലീമിനെ കണ്ടെത്താൻ ഇതേക്കാള്‍ മികച്ച വേറൊരു സ്ഥലമില്ല. യാവൂസ് സലീം മോസ്‌ക് എന്നും അറിയപ്പെടുന്ന ഇത് ഇസ്താംബൂളിലെ ഒരു കുന്നിന് മുകളിലാണ് സ്ഥിതിചെയ്യുന്നത്. ഗോൾഡൻ ഹോണിനെ അഭിമുഖീകരിക്കുന്ന പള്ളിയുടെ വലിപ്പവും ഭൂമിശാസ്ത്രപരമായ സ്ഥാനവും ഇതിനെ ഇസ്താംബൂളിലെ ഏറ്റവും പ്രധാന പള്ളികളിലൊന്നായി മാറ്റുന്നു.

കോൺസ്റ്റാന്റിനോപ്പിളിലെ മൂന്ന് റോമൻ ജലസംഭരണികളിൽ ഏറ്റവും വലുതായ അസ്പര്‍ ജലസംഭരണിക്ക് അഭിമുഖമായുള്ള കുന്നിന്റെ ഭാഗത്താണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. വലിയ നടുമുറ്റത്ത് (അവ്ലു) വിവിധതരം മാർബിളുകളും ഗ്രാനൈറ്റുകളും കൊണ്ട് അലങ്കരിച്ച നടുമുറ്റത്തുള്ള മുൻവാതിലിലൂടെ ഞാന്‍ അകത്ത് കടന്നു. ക്യൂർഡ സെക്ക ടെക്നിക് ഉപയോഗിച്ച് ടൈലുകളെ കൊണ്ടാണ് അകം അലങ്കരിച്ചിരിക്കുന്നത്. മസ്ജിദിന് ഇരട്ട മിനാരങ്ങളാണുള്ളത്.

32.5 മീറ്റർ (107 അടി) ഉയരമുള്ള ഒരു ആഴം കുറഞ്ഞ താഴികക്കുടത്താൽ പൊതിഞ്ഞ, ഇരുവശത്തും 24.5 മീറ്ററുള്ള (80 അടി) ഒരു ലളിതമായ ചതുര മുറിയാണ് പള്ളിയുടെ അകത്തളം. ഹാഗിയ സോഫിയയിലേത് പോലെ ഒരു‌ താഴികക്കുടവും കാണാം. പ്രധാന മുറിയുടെ വടക്കും തെക്കുമായി, താഴികക്കുടങ്ങളുള്ള ഭാഗങ്ങൾ നാല് ചെറിയ താഴികക്കുടങ്ങളുള്ള ഒരു മുറികളിലേക്കാണ് എന്നെ നയിച്ചത്. ദർവീശുമാരുടെ സത്രങ്ങളായി ആണ് അവ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

Read More: ഒരു ദർവിശീന്റെ ഡയറിക്കുറിപ്പുകൾ-33 സുല്‍താന്‍ ബായസീദിന്റെ മണ്ണിലൂടെ...

1523-ൽ പൂർത്തീകരിക്കപ്പെട്ട സുൽത്താൻ സലീം പള്ളിയുടെ പിന്നിലെ പൂന്തോട്ടത്തിലാണ് മഖ്ബറകൾ സ്ഥിതിച്ചെയ്യുന്നത്. ഈ കെട്ടിടം അഷ്ടഭുജാകൃതിയിലാണ്. കൂടാതെ അതുല്യമായ രൂപകൽപ്പനയിലുള്ള ടൈലുകൾ കൊണ്ട് അലങ്കരിച്ച ഒരു പൂമുഖവുമുണ്ട്. പുറത്തെ ശിലാഫലകത്തിൽ കൊത്തിയ നീളമുള്ള ലിഖിതത്തോടുകൂടിയ രണ്ടാമത്തെ അഷ്ടഭുജാകൃതിയിലുള്ള മഖ്ബറയില്‍ സുലൈമാൻ ദി മാഗ്നിഫിഷ്യന്റിന്റെ നാല് കുട്ടികളുടെ ഖബ്റുകൾ അടങ്ങിയിരിക്കുന്നു. മിഅ്മാർ സിനാനാണ് ഇവ നിർമ്മിച്ചത്. 1861-ൽ അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുമുമ്പ് നിർമ്മിച്ച സുൽത്താൻ അബ്ദുൽമെസിദ് ഒന്നാമന്റെതാണ് പൂന്തോട്ടത്തിലെ മൂന്നാമത്തെ മഖ്ബറ.  ഞാൻ സുല്‍താന്‍ സലീമിന്റെ ഖബറിന് അരികിലെത്തി. ചിന്തകള്‍ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ, നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് കുതിച്ചുപാഞ്ഞു.

1470-ൽ അമാസ്യയിൽ സുൽത്താൻ ബായസീദ് രണ്ടാമന്റെയും ദുൽക്കാദിർ രാജകുമാരി അയ്ഷെ ഹാത്തൂനിന്റെയും ഇളയ മകനായി ജനിച്ച ഷെഹ്സാദെ സലീമിനെ, മുഹമ്മദ് ഫാത്തിഹ് എന്നറിപ്പെടുന്ന അദ്ദേഹത്തിന്റെ വല്ലിപ്പയായ സുൽത്താൻ മുഹമ്മദ് രണ്ടാമനുമായി താരതമ്യപ്പെടുത്താവുന്നതാണ്. 

ആചാരങ്ങൾക്കനുസൃതമായി, ചെറുപ്പത്തിൽ തന്നെ അമ്മയോടൊപ്പം ട്രാബ്സോണിലേക്ക് ഗവർണറായി അയച്ചു. 25 വർഷക്കാലം അവിടെ പരമാധികാരിയായി പ്രവർത്തിച്ച അദ്ദേഹം അതിർത്തിയിലെ നിലവിലെ സ്ഥിതി ലംഘിച്ചതിനാൽ 1508-ൽ ജോർജിയയിലേക്ക് മൂന്ന് സൈനികമുന്നേറ്റങ്ങള്‍ നടത്തുകയും കാർസ്, എർസുറം, ആർട്വിൻ നഗരങ്ങൾ കീഴടക്കുകയും ചെയ്തു. ജോർജിയക്കാർക്കിടയിൽ ഇസ്‍ലാം പ്രചരിക്കാൻ കാരണമായത് ആ പടയോട്ടമായിരുന്നു. കിഴക്കൻ അനാട്ടോളിയയിലെ ഇറാന്‍ അധീന അക് കോയൂൻ‌ലു ദേശങ്ങൾ കീഴടക്കിയതും സുല്‍താന്‍ സലീം തന്നെയായിരുന്നു. ഉസ്മാനികള്‍ക്കെതിരെ വിവിധ നീക്കങ്ങള്‍ നടത്തിയിരുന്ന ഇറാനിയന്‍ ഭരണാധികാരി ഷാ ഇസ്മാഈലിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ലത് മകന്‍ സലീം ആണെന്ന് മനസ്സിലാക്കിയ, രോഗിയും ക്ഷീണിതനുമായിരുന്നു പിതാവ് സുൽത്താൻ ബായസീദ്, മകനെ അധികാരത്തിലേറ്റി സ്വയം മാറി നിന്നു. താമസിയാതെ 1512-ൽ അദ്ദേഹം മരിക്കുകയും ചെയ്തു.

ശേഷം സുൽത്താൻ സലീം ഇറാനി സഫാവിദുകൾക്കെതിരെ മുന്നേറുകയും ഇറാനിനെതിരെ വ്യാപാര ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിൽ നടന്ന ഒരു വലിയ യുദ്ധത്തെ തുടർന്ന്, 1514-ൽ ഇന്നത്തെ ഇറാനിൽ സ്ഥിതി ചെയ്യുന്ന കാൽഡറാൻ സമതലത്തിൽ നടന്ന യുദ്ധത്തിൽ ഷാ ഇസ്മയിൽ പരാജയപ്പെട്ടു. തന്റെ നിധികളും ഭാര്യയെ പോലും യുദ്ധക്കളത്തിൽ ഉപേക്ഷിച്ച്, ഷാ ഇസ്മയിൽ ജീവനും കൊണ്ട് രക്ഷപ്പെട്ടതോടെ, തലസ്ഥാന നഗരമായ തബ്രീസ് ഉസ്മാനികളുടെ കൈകളിലായി. അതോടെ ഇറാന്റെ പല ഭാഗങ്ങളിലായി പീഢിതരായി കഴിഞ്ഞിരുന്ന സുന്നികളെല്ലാം അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. 

ഉസ്മാനികളുടെ ഈ രാഷ്ട്രവികാസത്തില്‍ ആശങ്കാകുലനായിരുന്ന മംലൂക്ക് സുൽത്താൻ ഖാൻസുഹ് അൽ-ഗുരി സഫാവിദുകളെ പിന്തുണച്ചെങ്കിലും 1516-ൽ സിറിയയിലെ മർജ് ദാബിഖ് എന്ന സ്ഥലത്ത് വെച്ച് നടന്ന യുദ്ധത്തില്‍ മംലൂക്ക് സൈന്യവും പരാജയപ്പെടുകയും സുല്‍താന്‍ ഖാന്‍സുഹ് കൊല്ലപ്പെടുകയും ചെയ്തു. അതോടെ സിറിയയും ഫലസ്തീനും ഉസ്മാനിയ ഭരണത്തിന് കീഴിലായി. ശേഷിക്കുന്നത് ഈജിപ്ത് ആയിരുന്നു. അവരുമായി സന്ധിയുണ്ടാക്കാനായി സുല്‍താന്‍ ദൂതന്മാരെ അയച്ചെങ്കിലും അവിടത്തെ ഭരണാധികാരിയായിരുന്ന തുമാൻ ബെയ് രണ്ടാമന്‍ ദൂതന്മാരെ വധിച്ചുകളഞ്ഞു. അതോടെ രോഷാകുലനായ സുല്‍താന്‍ സലീം ഈജിപ്തിലേക്ക് മാർച്ച് ചെയ്തു. പതിമൂന്ന് ദിവസം കൊണ്ട് സീനായ് മരുഭൂമി മുറിച്ചുകടന്ന്, അലക്സാണ്ടർ ദി ഗ്രേറ്റിന്റെ മുന്നേറ്റത്തെ ഓര്‍മ്മിപ്പിക്കും വിധം, 1517ൽ ഈജിപ്ഷ്യന്‍ മംലൂകി സൈന്യത്തെ പരാജയപ്പെടുത്തി കൈറോയും അവരുടെ അധികാരത്തിന് കീഴിലായിരുന്ന ഹിജാസും ഉസ്മാനിയ ഭരണത്തിന് കീഴിലാക്കി. അതോടെ ചെങ്കടലിലും അറബിക്കടലിലും ആധിപത്യം സ്ഥാപിച്ചിരുന്ന പോർച്ചുഗീസുകാരും ഉസ്മാനിയ ഭരണത്തിന് കപ്പം നല്കുന്ന സ്ഥിതിയിലെത്തി. മൌസില്‍ അടക്കമുള്ള വടക്കന്‍ ഇറാഖിന്റെ ഭാഗങ്ങള്‍ കൂടി ഉസ്മാനി ഭരണത്തിന് കീഴിലാക്കിയാണ്, 1518ല്‍ അദ്ദേഹം ഇസ്താംബൂളിലേക്ക് മടങ്ങിയത്.

ഏതാനും മാസങ്ങൾ അവിടെ താമസിച്ച്, 1520-ൽ എഡ്രിയാനയിലേക്ക് പുറപ്പെട്ട സുല്‍താന്‍, എട്ട് വർഷം മുമ്പ് തന്റെ പിതാവ് മരണപ്പെട്ട അതേ സ്ഥലത്ത് വെച്ച് പെട്ടെന്ന് രോഗാതുരനായി. അദ്ദേഹത്തിന്റെ സമീപമിരുന്ന് സൂറത് യാസീന്‍ പാരായണം ചെയ്യുന്നതിനിടെ, കരുണാവാരിധിയായ റബ്ബിന്റെ വാക് എന്നോണം രക്ഷയുണ്ടാവട്ടെ എന്ന ഭാഗത്തെത്തിയതും സുല്‍താന്‍ എന്നെന്നേക്കുമായി കണ്ണുകളടച്ചു.   

അദ്ദേഹത്തിന് അമ്പത് വയസ്സ് മാത്രമായിരുന്നു അപ്പോള്‍ പ്രായം. ഇസ്താംബൂളിൽ എത്തിച്ച ഭൌതിക ശരീരം കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ഫാത്തിഹ് ജില്ലയിൽ അദ്ദേഹം നിർമ്മിച്ച പള്ളിയുടെ സമീപമുള്ള ഈ പൂന്തോട്ടത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്.

നാല് വർഷം മാത്രമാണ് ഭരണം നടത്തിയതെങ്കിലും രാഷ്ട്രവികസനത്തില്‍ അദ്ദേഹം ഏറെ മുന്നേറ്റങ്ങള്‍ നടത്തി. പിതാവ് തന്നെ ഏല്‍പിച്ച 2,373,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സാമ്രാജ്യത്തെ, മൂന്ന് ഭൂഖണ്ഡങ്ങളിലായി 6,557,000 ചതുരശ്ര കിലോമീറ്ററായി അദ്ദേഹം വിപുലീകരിച്ചു. ശേഷം നാല് നൂറ്റാണ്ടുകളോളം അവയെല്ലാം സംരക്ഷിക്കപ്പെടുകയും ചെയ്തു.


പിതാവിനെ പോലെ, സുൽത്താൻ സലീമും സൂഫികളോടൊപ്പമായിരുന്നു. സെയ്‌നിയേ ത്വരീഖത്തിലെ ശൈഖ് ഹലീമി ചെലെബിയുടെ അനുയായിയായിരുന്നു അദ്ദേഹം. അസാധാരണമാം വിധം എളിമയാര്‍ന്നതും ലളിതവുമായ ജീവിതമുള്ള ഒരു യഥാർത്ഥ ദർവീശ് എന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചത്. അദ്ദേഹം ഏറെ ദയയുള്ള ഒരു വ്യക്തി കൂടിയായിരുന്നു. ഈജിപ്തിലെ റിദാനിയ യുദ്ധത്തിൽ കൊല്ലപ്പെട്ട സിനാൻ പാഷയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: "നാം ഈജിപ്ത് പിടിച്ചെടുത്തു, പക്ഷേ സിനാനെപ്പോലെയുള്ള ഒരാളെ നമുക്ക് നഷ്ടപ്പെട്ടു." ഈജിപ്ത് വിജയം കഴിഞ്ഞ് മടങ്ങുമ്പോൾ, അക്കാലത്തെ മഹാനായ പണ്ഡിതന്മാരിൽ ഒരാളായ ഇബ്നു കമാലിനൊപ്പം നടക്കുന്നതിനിടെ, ഇബ്നു കെമാലിന്റെ കുതിര സുൽത്താന്റെ മേൽ ചെളി തെറിപ്പിച്ചു. ഉടനെ സുൽത്താൻ പറഞ്ഞു, "പണ്ഡിതരുടെ കുതിരകളുടെ കുളമ്പിൽ നിന്ന് തെറിക്കുന്ന ചെളി നമുക്ക് അഭിമാനമാണ്."

Read More: ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-32 ഹാഗിയ സോഫിയ കഥ പറയുമ്പോൾ

ചരിത്രത്തിൽ അദ്ദേഹത്തിന് പ്രത്യേക താൽപര്യമുണ്ടായിരുന്നു. വായനയായിരുന്നു അദ്ദേഹത്തിന്റെ ഹോബി. യുദ്ധ യാത്രകളില്‍ പോലും പുസ്തകം കൂടെ കരുതിയിരുന്നു. പേർഷ്യൻ ഭാഷയില്‍ അദ്ദേഹത്തിന്റേതായി ധാരാളം കവിതകളും രചിക്കപ്പെട്ടിട്ടുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന മഹാപണ്ഡിതനായ ഇബ്‌നു അറബി, "ശജറത്തുൽ നുഅ്മാനിയ ഫിൽ ദൗലത്തിൽ ഉസ്മാനിയ" എന്ന തന്റെ കൃതിയിൽ ഉസ്മാനിയ സാമ്രാജ്യത്തെക്കുറിച്ച് പല പ്രവചനങ്ങളും നടത്തുന്നുണ്ട്. അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്: "സീന് ഷീനിൽ പ്രവേശിക്കുമ്പോൾ, ഇബ്നു അറബിയുടെ ഖബ്ർ വെളിപ്പെടും." സുൽത്താൻ സലീം, ശാം (സിറിയ)ലേക്ക് പ്രവേശിക്കുന്നതിനെയാണ് ഇതിലൂടെ സൂചിപ്പിച്ചിരിക്കുന്നത് എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അദ്ദേഹം സിറിയ കീഴടക്കിയതോടെയാണ് അവിടെ സ്ഥിതി ചെയ്തിരുന്ന ഇബ്‌നു അറബിയുടെ ഖബ്റ് കണ്ടെത്തുന്നതും ശേഷം അതിന് മുകളില്‍ ഒരു കെട്ടിടവും പള്ളിയും സ്ഥാപിക്കുന്നതും.

ക്രിമിയൻ ഖാൻ മെംഗ്‌ലി ഗിറേയുടെ മകൾ ഹഫ്‌സ ഹതുൻ ആയിരുന്നു അദ്ദേഹത്തിന്റെ അറിയപ്പെടുന്ന ഏക ഭാര്യ. അവർക്ക് ഷെഹ്ദസാദെ സുലൈമാൻ എന്ന് പേരുള്ള ഒരു മകനും ആറ് പെൺമക്കളും ഉണ്ടായിരുന്നു.

വൈകുന്നേരമായി എന്ന് ഞാൻ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. ഉസ്മാനിയ കുടുംബത്തോട് സലാം പറഞ്ഞ് ഞാനിറങ്ങി. സലീമിന്റെ ഏക മകൻ സുലൈമാനെ തേടിയാണ് അടുത്ത യാത്ര.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter