'പോരാട്ടവും കീഴടങ്ങലും' ഇസ്‍ലാമിന്റെ അമേരിക്കന്‍ വ്യാഖ്യാനം

സത്യാന്വേഷണത്തിനുള്ള ചിന്താപര്യവേഷണത്തിന് ഒരു വിലയും നല്‍കാത്ത സംസ്‌കാരത്തിനിടയില്‍ നിന്നും മൂല്യാധിഷ്ടിത ലോകവീക്ഷണത്തിലൂടെ ദൈവത്തിനും ജീവിതാര്‍ത്ഥത്തിനും വേണ്ടിയുള്ള ഒരു മനുഷ്യന്റെ വ്യക്തിപരമായ അന്വേഷണത്തിന്റെ മധുരമുള്ള അനുഭവങ്ങളും വിമര്‍ശനബുദ്ധിയോടെയുള്ള പ്രതികരണവും ഉള്‍കൊള്ളുന്ന വിവരണമാണ് ജെഫ്രി ലാംഗിന്റെ പോരാട്ടവും കീഴടങ്ങലും എന്ന ഗ്രന്ഥം. 242 പേജുള്ള  മൂല ഗ്രന്ഥം (struggling to surrender) അമാന പബ്ലിക്കേഷന്‍സ് ആണ് ആദ്യമായി (31 december 1996) പുറത്തിറക്കിയത്.

കത്തോലിക്കനായി ജനിച്ചു വളര്‍ന്ന ജെഫ്രി ലാംഗ്  കത്തോലിക്കാ സ്‌കൂളിലാണ് പഠിച്ചതെങ്കിലും, തന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ തന്റെ മതവിശ്വാസങ്ങള്‍ക്ക് കഴിയുന്നില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. അങ്ങനെ ആരംഭിച്ച അന്വേഷണം, യുക്തി, അജ്ഞേയവാദം, നിരീശ്വരവാദം എവയിലൂടെയുള്ള സ്വതന്ത്ര സഞ്ചാരം നടത്തി. ഒടുവില്‍ യാദൃച്ഛികമായി തന്റെ ക്ലാസിലെ ഒരു മുസ്‍ലിം വിദ്യാര്‍ത്ഥിയുമായുള്ള  കണ്ടുമുട്ടലിനിടയായി. അത് പുതിയ മത മൂല്യങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റെയും സമര്‍പ്പണത്തിന്റെയും വേരൂന്നിയ യാത്രയുടെ തുടക്കമായിരുന്നു. ആ യാത്രിയില്‍ അനുഭവിച്ചറിഞ്ഞ ബോധ്യങ്ങളും വസ്തുതകളും സാര്‍വലൗകിക സത്യങ്ങളും പുതിയൊരു മൂല്യ വ്യവസ്ഥയുടെ അന്തര്‍ധാര, അദ്ദേഹത്തിന് മുന്നില്‍ മലര്‍ക്കെ തുറന്ന് കൊടുത്തു. താന്‍ മനസ്സിലാക്കിയതു പോലെ, ഇത് കാര്യത്തിന്റെ പര്യവസാനമല്ല, ഇനിയങ്ങോട്ട്‌ പുതിയസമൂഹം, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, ലോകവീക്ഷണം, ജീവിതരീതി എന്നിവയുമായി സംസര്‍ഗപ്പെടേണ്ട നിമിഷമാണെന്ന് അദ്ദേഹം ഉള്‍കൊണ്ടു.

അമേരിക്കന്‍ മുസ്‍ലിം മതാന്തരീക്ഷ ചുറ്റുപാടുകള്‍ അനുഭവവേദ്യമായ വരികളിലൂടെ ഇതിവൃത്തമാകുന്ന ഗ്രന്ഥം ജെഫ്രി ലാംഗിന്റെ ഇസ്‍ലാമിക അനുഭവങ്ങളും പ്രതികരണങ്ങളും ഉള്‍കൊള്ളുന്നതാണ്. അമേരിക്കന്‍ മുസ്‍ലിംകളെ സംബന്ധിച്ച് അവരില്‍ ഭൂരിഭാഗവും പരമ്പരാഗത മുസ്‍ലിംകളില്‍ നിന്ന് തികച്ചും അന്യമായ ജൂത-ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്‌. പഴയ മതപാരമ്പര്യങ്ങളോടുള്ള സംഘട്ടനം നിലനിര്‍ത്തുമ്പോഴും ഇസ്‍ലാമാശ്ലേഷിച്ചവര്‍ പലപ്പോഴും ഇസ്‍ലാമിക പാരമ്പര്യത്തെപ്പറ്റി സംശയാലുവാണ്. ആ സാഹചര്യത്തിലാണ് ഗ്രന്ഥകാരന്‍ ഇസ്‍ലാമികാസ്തിത്വത്തിന്റെ അടിസ്ഥാനവും പരമപ്രധാനവുമായ സാര്‍വലൗകിക സത്യങ്ങളെ ഇസ്‍ലാമിന്റെ അമേരിക്കന്‍ വ്യാഖ്യാനമെന്ന രുപേണ ആശയ സംവേദനം നടത്തുത് (ഹദീസുകളുടെയും അംഗീകൃത വ്യാഖ്യാനങ്ങളുടെയും അന്ധമായ സ്വീകാര്യത, ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നതും മുസ്‍ലിം ജീവിതത്തിന്റെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം, സ്ത്രീകളുടെ 'നില', വ്യക്തി ജീവിതത്തിന്റെ നിഖില മേഖലകളിലുള്ള മതത്തിന്റെ സാന്നിധ്യം).

യഥാര്‍ത്ഥ മുസ്‍ലിമായിത്തീരുതിനുള്ള ചിന്തകളാണ് ആദ്യത്തെ രണ്ട് അധ്യായങ്ങളില്‍. ആദ്യത്തേത് മതപരിവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുന്നു, രണ്ടാമത്തേത് അതില്‍ ഖുര്‍ആന്‍ വഹിച്ച പങ്കിനെ പ്രതിപാദിക്കുന്നു. പഴയതില്‍ നിന്നും പുതിയതിലേക്കുള്ള പെട്ടെന്നുള്ളതോ, ക്രമാനുഗതമായതോ ആയ ഗതിമാറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന എത്തുംപിടിയും കിട്ടാത്ത ആശയക്കുഴപ്പമാണ് മൂന്നാം അധ്യായത്തിന്റെ പ്രതിപാദ്യ വിഷയം. വ്യത്യസ്ത സംസ്‌കാരങ്ങളും ആചാരങ്ങളും കൂടിക്കലര്‍ന്ന അമേരിക്കയിലെ മുസ്‍ലിം സമൂഹം ഈ രാജ്യത്ത് വന്ന ശേഷം അനുഭവിക്കേണ്ടി വന്ന കലുശിതമായ സാമൂഹികാന്തരീക്ഷത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ മതപരിവര്‍ത്തനം ചെയ്യപ്പടുന്നവരും അനുഭവിക്കുന്നുണ്ടെന്ന വശമാണ് നാലാം അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്. അമുസ്‍ലിം കുടുംബത്തിലും സമൂഹത്തിലും മുസ്‍ലിമായി ജീവിക്കുക എന്നതിന്റെ പ്രയാസങ്ങളാണ് അഞ്ചാം അധ്യായത്തില്‍.

സാരാംശം ചോര്‍ന്നു പോകാതെയുള്ള ഈ വിമര്‍ശന പഠനത്തിന് ജെഫ്രി ലാംഗ് സ്വീകരിച്ച മാതൃക ആശാവഹമാണ്. കാരണം മതത്തിനകത്തും പുറത്തുമുള്ള പണ്ഡിതര്‍ വിശദീകരിച്ച വ്യാഖ്യാനങ്ങള്‍ പഠിക്കുന്നതിലൂടെ മതത്തിനകത്തുള്ളവര്‍ കാണാതെ പോകുന്ന/മാറ്റിവെക്കുന്ന ഭാഗങ്ങള്‍ വ്യക്തമാക്കാനും പുറത്തുള്ളവര്‍ പഠിക്കാന്‍ സമീപിക്കുന്ന മുന്‍വിധികളെ ജാഗ്രതയോടെ നേരിടാനും സാധ്യമാകുന്നു എന്നതാണ്.

ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 361 പേജുളള ഈ ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് എ.പി കുഞ്ഞാമു എന്നവരാണ്. ലളിതമായി പറയാവുന്നിടത്ത് സങ്കീര്‍ണ്ണമായ ഭാഷ കൊണ്ട് ചിലയിടങ്ങള്‍ അഭംഗിയായി എന്നതൊഴിച്ച് വിവര്‍ത്തനം മനോഹരമായി എന്ന് തന്നെ പറയാം. ഇസ്‍ലാമിന്റെ അമേരിക്കന്‍ വ്യാഖ്യാനമായ ഈ ഗ്രന്ഥം ഇസ്‍ലാമികാശ്ലേഷണത്തിന്റെ അനുഭവക്കുറിപ്പുകളും അതിന് പ്രേരകമായ മൂല്യ വ്യവസ്ഥയെക്കുറിച്ചുമുള്ള പഠനസമാഹാരവുമാണ്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter