കോവിഡിന് ശേഷം വന്ന ആദ്യ മീലാദ്-  ലോക രാഷ്ട്രങ്ങളിലെ ആഘോഷങ്ങളിലൂടെ

പ്രവാചകരുടെ ജന്മദിനം, മുസ്‍ലിംലോകത്തിന് അതെന്നും അടങ്ങാത്ത ആവേശമാണ്. അന്നേദിനം മുഖരിതമാവുന്ന പ്രകീര്‍ത്തനങ്ങളിലൂടെ തലമുറകളിലേക്ക് ആ സ്നേഹവും ജീവിതവും ചരിത്രവുമെല്ലാം കൈമാറ്റം ചെയ്യപ്പെടുക കൂടിയാണ്. 
എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം, കോവിഡ് പരത്തിയ പ്രതിസന്ധി മൂലം മീലാദ് ആഘോഷങ്ങള്‍ വിപുലമായി നടത്താന്‍ കഴിയാതെപോയ വിഷമത്തിലായിരുന്നു വിശ്വാസികള്‍. ഈ വര്‍ഷം പ്രതിസന്ധി ഏറെക്കുറെ തീര്‍ന്നതോടെ, പൂര്‍വ്വോപരി ആവേശത്തോടെ സമുദായം ആഘോഷിച്ച കാഴ്ചകളാണ് നാം കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതും. 
ബഹുഭൂരിപക്ഷ രാഷ്ട്രങ്ങളിലെയും മുസ്‍ലിംകള്‍ വൈവിധ്യങ്ങളാർന്ന- തനതായ രൂപഭാവങ്ങളോടെ പ്രവാചകന്റെ ജന്മദിനം യഥോചിതം ആഘോഷിക്കുന്നു. അറബ്-ആഫ്രിക്കൻ രാജ്യങ്ങളിലും, ആഭ്യന്തരപ്രശ്നങ്ങള്‍ രൂക്ഷമായ യമന്‍-സിറിയ അടക്കമുള്ള രാഷ്ട്രങ്ങളിലും മുസ്‍ലിംകള്‍ ന്യൂനപക്ഷമായ പാശ്ചാത്യൻ രജ്യങ്ങളില്‍ പോലും ഏറെ ആവേശത്തോടെയാണ് ഈ ദിനത്തെ എതിരേറ്റത്. വിവിധ രാജ്യങ്ങളിലെ മീലാദ് ആഘോഷങ്ങളിലൂടെ.

യമന്‍


യമനിലെ സന്‍ആയില്‍ നടന്ന നബിദിന റാലി
ഈ വര്‍ഷത്തെ മീലാദ് ആഘോഷ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് യമനില്‍ അരങ്ങേരിയ കൂറ്റൻ റാലിയായിരുന്നു. ആഭ്യന്തരപ്രശ്നങ്ങളില്‍ പെട്ട് ഉഴലുമ്പോഴും പ്രവാചക സ്നേഹം പ്രകടിപ്പിക്കാന്‍ യമന്‍ കാര്‍ സമയം കണ്ടെത്തിയത് ഏറെ അല്‍ഭുതം തന്നെ. വിശാലമായ റോഡിന് പോലും ഉള്‍ക്കൊള്ളാനാവാത്ത വിധം ജനനിബിഡമായ റാലിയാണ് തലസ്ഥാന നഗരിയായ സൻആയിൽ നടന്നത്. തക്ബീറുകളും പ്രവാചകപ്രകീര്‍ത്തനങ്ങളും മദ്ഹ് ഗാനങ്ങളും സന്‍ആയുടെ തെരുവീഥികളില്‍ അക്ഷരാര്‍ത്ഥത്തില്‍ പുളകം തീര്‍ത്തു.

ഫലസ്തീൻ 


പ്രവാചകൻ തിരുനബി (സ്വ) യുടെ ജന്മദിനം ആഘോഷിക്കാനായ് രാവിലെ മുതൽ തന്നെ പതിനായിരങ്ങൾ മസ്ജിദുൽ അഖ്സയിലേക്ക് ഒഴുകി. വാതിലുകളിൽ ഇസ്രായേൽ പോലീസിന്റെ അപകീർത്തികരമായ നടപടികളുണ്ടായെങ്കിലും അതൊന്നും കാര്യമാക്കാതെ, പരമ്പരാഗത ഫലസ്തീൻ വസ്ത്രങ്ങൾ ധരിച്ച  കുട്ടികളും മുതിർന്നവരും പുണ്യഗേഹമായ ബൈത്തുൽ മുഖദ്ദിസിലേക്ക് നീങ്ങി. മുൻ വർഷങ്ങളിൽ ചെയ്യാറുണ്ടായിരുന്നത് പോലെ, പ്രവാചക പ്രകീര്‍ത്തന സദസ്സുകളെ തുടര്‍ന്ന് വിവിധ തരം അന്നപാനീയങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു. ഇടക്കുണ്ടായ ഇസ്രായേൽ സൈനികയിടപെടലുകള്‍ ഒഴിച്ചാൽ ഫലസ്തീൻ പൂർണമായും പ്രവാചക ഗീതങ്ങളിൽ അനുരക്തമായിരുന്നു.

മൊറോക്കൊ 


ഇസ്‍ലാമികാചാരനുഷ്ഠാനങ്ങൾക്ക് പണ്ട് മുതലേ പ്രാധാന്യം കൊടുത്ത് വരുന്ന, പ്രമുഖ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. പതിവ് പോലെ, ആഘോഷ മേളകളിൽ ഒരു കുറവും വരുത്താതെയാണ് നബിദിനാഘോഷങ്ങൾ രാജ്യത്ത് കൊണ്ടാടപ്പെട്ടത്. റബീഉല്‍അവ്വല്‍ പതിനൊന്നിന്, മൊറോക്കൻ രാജാവിന്റെ ഔദ്യോഗിക ക്ഷണപ്രകാരം എല്ലാ സംസ്ഥാന മേധാവികളും രാഷ്ട്രപ്രഭുക്കളും ഒത്തുകൂടി നബിദിനത്തെ വരവേറ്റു. പതിവ് പോലെ നിരവധി തടവുകാര്‍ക്ക് മാപ്പ് കൊടുക്കുകയും ശിക്ഷയിൽ ഗണ്യമായ രീതിയിൽ ഇളവ് കൊടുക്കുകയും ചെയ്തതും ശ്രദ്ധേയമായി. രാജ്യത്തൊന്നടങ്കം പ്രവാചക സ്തുതി സങ്കീർത്തന വേദികൾ സംഘടിപ്പിക്കുകയും പ്രാർത്ഥനാ യോഗങ്ങൾ നടത്തുകയും ചെയ്തു. 

ടുനീഷ്യ 


അറബ് വസന്തത്തിന്റെ ഈറ്റില്ലമായ ടുണീഷ്യയാണ് ഇക്കുറി നബിദിനം അതിവിപുലമായി കൊണ്ടാടിയ മറ്റൊരു രാഷ്ട്രം. ഔദ്യോഗിക കണക്ക് പ്രകാരം മീലാദ് ആഘോഷത്തിൽ പങ്കെടുക്കാനായി, പത്തുലക്ഷം പേരാണ് ഖൈറുവാൻ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. പതിവുപോലെ നബിദിനത്തിന് അരങ്ങേറുന്ന പ്രത്യേക സൂഫി സംഗീതവിരുന്നുകള്‍ ആസ്വദിക്കാനായി ഉഖ്ബ ബിൻ നാഫിഅ് പള്ളിയുടെ പരിസരത്തും നഗരത്തിന്റെ മറ്റ് പ്രദേശങ്ങളിലുമായി നൂറ് കണക്കിന് പ്രവാചക സ്നേഹികളാണ്   ഒത്തുകൂടിയത് . ലിബിയ, അൾജീരിയ, ഇന്തോനേഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ഗായകർ പ്രകീർത്തനഗാനങ്ങൾ  ആലപിച്ചപ്പോള്‍, കേട്ടവരെല്ലാം പ്രവാചകാനുരാഗത്തിൽ മതി മറന്നു. കൂടാതെ നഗരത്തിന്റെ ഓരോ മുക്ക് മൂലകളിലും നബിദിന പരിപാടികൾ സംഘടിപ്പിക്കപ്പെടുകയുണ്ടായി.

ഒമാന്‍


പതിവുപോലെ ഒമാനില്‍ നബിദിനത്തിലെ സന്തോഷപ്രകടനത്തിന്റെ ഭാഗമായി സുല്‍താന്‍ ഹൈതം ബിന്‍ താരിഖ് അനേകം തടവുകാരെ മോചിപ്പിച്ചു. പല ഭാഗങ്ങളിലും വിപുലമായ മൌലിദ് സദസ്സുകളും പ്രവാചകാനുരാഗ വേദികളും സംഘടിപ്പിക്കപ്പെട്ടു. 

ഫുജൈറ


ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാചക ജന്മദിനത്തെ ഔദ്യോഗിക അവധിയായി അംഗീകരിച്ച രാജ്യമാണ് യു.എ.ഇ. പതിവ് പോലെ, ദുബൈ ഭരണാധികാരി ഇപ്രാവശ്യവും പൊതുജനങ്ങള്‍ക്ക് മീലാദ് ആശംസകള്‍ അര്‍പ്പിച്ചു. വിവിധ എമിറേറ്റുകളില്‍ മീലാദ് സംഗമങ്ങളും പ്രകീര്‍ത്തന സദസ്സുകളും അരങ്ങേറി. ഫുജൈറയില്‍ ഔദ്യോഗികമായി നടന്ന അതിവിപുലമായ മൌലിദ് സദസ്സ് ഇവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈണത്തിലും രാഗത്തിലും ആനന്ദത്തിലും നിറഞ്ഞൊഴുകിയ പ്രവാചക പ്രേമത്തിന്റെ അതിരുകളില്ലാത്ത നിമിഷങ്ങൾക്കാണ് ഫുജൈറയിലെ വിശ്വാസികൾ സാക്ഷ്യം വഹിച്ചത്. 

തുർക്കി 


ഓട്ടോമാൻ പാരമ്പര്യമേറുന്ന തുർക്കിയും ആഘോഷങ്ങളിൽ ഒട്ടും കുറവ് വരുത്തിയില്ല. നബിദിനത്തിൽ സുബ്ഹ് നമസ്കാരത്തിന് ശേഷമുള്ള പ്രവാചക പ്രകീർത്തന സദസ്സിൽ പങ്കെടുക്കാനായ് തുർക്കിയിലെ പള്ളികളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് തിങ്ങി നിറഞ്ഞത്. ഇസ്താംബൂളിലെ സെയ്റ്റിൻബർനു സ്‌ക്വയറിലും അത്പോലെയുള്ള നിരവധി നഗരങ്ങളിലും ആയിരക്കണക്കിനാളുകൾ ഒത്തുകൂടുകയും, പാട്ടുകളും പ്രവാചക സ്തുതികളും കൊണ്ട് സന്തോഷ മുഖരിതമായ ആഘോഷവേദികൾ തീര്‍ക്കുകയും ചെയ്തു. അതോടൊപ്പം പ്രത്യേകം തയ്യാർ ചെയ്യപ്പെട്ട ടർക്കിഷ് പരമ്പരാഗത പലഹാരങ്ങളും വിശ്വസിക്കൾക്കിടയിൽ വിതരണം ചെയ്യപ്പെട്ടു.

ഇറാഖ്


സദ്ദാം ഹുസൈന്റെ പിൻഗാമികൾ പ്രവാചക സ്നേഹത്തിൽ എന്നും മുൻപന്തിയിൽ തന്നെയാണ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ആഭ്യന്തര അസ്വാരസ്യങ്ങളും നിലനില്‍ക്കുന്നതിനിടയിലും പ്രവാചകരുടെ ജന്മദിനം ആഷോഘിക്കാന്‍ അവര്‍ മറന്നതേയില്ല.  മതപരമായ ഗീതാലാപനങ്ങൾ, മദ്ഹ് പാട്ടുകൾ തുടങ്ങിയവയാൽ നഗരങ്ങൾ ശബ്ദമുഖരിതമായിരുന്നു. മുഹമ്മദെന്നും ദി പ്രോഫറ്റ് എന്നുമുള്ള ബാനറുകളും പോസ്റ്ററുകളും വഹിച്ച് നടത്തിയ റാലികളും ഇറാഖികളുടെ മീലാദാഘോഷത്തിന് മാറ്റ് കൂട്ടി.

പാകിസ്ഥാൻ


പ്രവാചകസ്നേഹത്തിലും അത് പ്രകടിപ്പിക്കുന്നതിലും മുസ്‍ലിം രാജ്യങ്ങളേക്കാള്‍ എന്നും ഒരു പടി മുന്നിലാണ് പാകിസ്ഥാന്‍. കറാച്ചി കേന്ദ്രീകരിച്ചാണ് ഇത്തവണയും പാകിസ്ഥാനിലെ നബിദിനാഘോഷങ്ങൾ നടന്നത്. വൈവിധ്യങ്ങളാർന്ന  പരിപാടികളും ജനറാലികളുമെല്ലാം മികവുറ്റ് നിന്നു. ഭരണകൂട സഹകരണത്തോടെ നടന്ന മീലാദ് മീറ്റപ്പുകളിൽ പല പ്രമുഖരും പങ്കെടുക്കുകയും പ്രവാചകനെ അനുസ്മരിക്കുകയും ചെയ്തു.

ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി ലോകത്തുള്ള തൊണ്ണൂറ് ശതമാനത്തിലേറെ രാഷ്ട്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ അതിവിപുലമായി അരങ്ങേറി. സൌദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ ഏതാനും രാഷ്ട്രങ്ങള്‍ ഈ ദിനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ലെങ്കിലും, അവിടങ്ങളിലെയും പല പൌരന്മാരും ഈ ദിനം ആഘോഷിക്കുകയും പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. വിശിഷ്യാ, പ്രവാചകരുടെ പട്ടണമായ മദീനയില്‍ അനേകം മൌലിദ് സദസ്സുകളാണ് നടക്കാറുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter