ഇഖ്റഅ് 23. പരദേശിയപ്പോലെ... അല്ലെങ്കില്‍ വഴിയാത്രക്കാരനെ പോലെ
ഖുദ്സിന്റെ മോചനം പൂര്‍ത്തിയാക്കിയ അയ്യൂബി ഏതാനും മാസങ്ങള്‍ അവിടെ കഴിച്ചുകൂട്ടിയ ശേഷം, റമദാനും പെരുന്നാളും കഴിഞ്ഞ് സ്വന്തം ജന്മനാടായ ഡമസ്കസിലേക്ക് തിരിച്ചു. ഹിജ്റ 588 (ക്രി. 1192)ലായിരുന്നു അത്. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നായിരുന്നു ഡമസ്കസ്. തന്റെ കുട്ടിക്കാലം ഭൂരിഭാഗവും ചെലവഴിച്ചത് അവിടെയായിരുന്നല്ലോ. തന്നെ എപ്പോഴും മാടിവിളിക്കുന്നത് പോലെയായിരുന്നു ആ നഗരം.
പുതുതായി തന്റെ കീഴിലായ തീരപ്രദേശങ്ങളിലൂടെയെല്ലാം യാത്ര ചെയ്ത് ശവ്വാല്‍ 26ന്, ബുധനാഴ്ച രാവിലെയായിരുന്നു അദ്ദേഹം ഡമസ്കസിലെത്തിയത്. ഖുദ്സിന്റെ മോചനം സാധ്യമാക്കിയ, നാടിന്റെ വീരപുത്രനെ ഒരു നോക്ക് കാണാനും അഭിവാദ്യങ്ങളര്‍പ്പിക്കാനുമായി പല ഭാഗത്ത് നിന്നും ആളുകള്‍ തടിച്ചുകൂടിയിരുന്നു. പണ്ഡിതരും കവികളും പൊതുജനങ്ങളുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.
ഖുദ്സിന്റെ മോചനം സാധ്യമാക്കിയത് തങ്ങളുടെ നാട്ടുകാരനാണല്ലോ എന്നതില്‍ ഡമസ്കസുകാര്‍ ഒന്നടങ്കം അഭിമാനം കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് സമുചിതമായ സ്വീകരണം കൊടുക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിന്റെ ഭാഗമായി, നാട്ടുകാര്‍ അദ്ദേഹത്തിന് സമ്മാനിക്കാനായി ഒരു പ്രത്യേക കൊട്ടാരം തന്നെ പണിതിരുന്നു.
പുതിയ കൊട്ടാരത്തിലേക്ക് താമസം മാറ്റാന്‍ നാട്ടുകാര്‍ അയ്യൂബിയെ ഏറെ സ്നേഹത്തോടെ ക്ഷണിച്ചു. അല്‍പസമയം ആ കൊട്ടാരത്തിന്റെ സൗന്ദര്യവും പ്രൗഢിയും നോക്കി നിന്ന അയ്യൂബി പുഞ്ചിരിച്ച് കൊണ്ട് ഇങ്ങനെ പ്രതിവചിച്ചു, നമ്മളാരും ഇവിടെ എന്നെന്നും താമസിക്കാന്‍ വന്നവരല്ലല്ലോ. മരണം പിന്നാലെയുള്ളവര്‍ക്ക് ഇതിലൊക്കെ എങ്ങനെ താമസിക്കാനാവും. അല്ലാഹുവാണ് സത്യം, സ്വര്‍ണ്ണക്കൂമ്പാരവും മണല്‍ കുന്നും എന്റെ മുന്നില്‍ തുല്യമാണ്. ഈ കൊട്ടാരത്തേക്കാള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത്, കാറ്റത്ത് ആടിയുലയുന്ന ഒരു കൊച്ചു തമ്പാണ്.
Read More : ഇഖ്റഅ് 22.ആതിഥ്യവും വിശ്വാസത്തിന്റെ അളവ് കോല് തന്നെ
അയ്യൂബിയുടെ വാക്കുകള്‍ കേട്ട് കൂടി നിന്നവരെല്ലാം ആ വിശ്വാസദാര്‍ഢ്യത്തിന് മുന്നില്‍ തല കുനിച്ചു. പറങ്കിപ്പട ഒന്നായി വന്നിട്ടും ധൈര്യസമേതം അവരെ നേരിടാനായതും വിജയം വരിക്കാനായതും സാധിച്ചതിന് പിന്നിലെ രഹസ്യം മനസ്സിലാക്കാന്‍ ആ വാക്കുകള്‍ മാത്രം മതിയായിരുന്നു.
ഇതാണ് ഒരു യഥാര്‍ത്ഥ വിശ്വാസി. ഐഹിക ലോകത്ത് ഒരു പരദേശിയെ പോലെ, അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെ പോലെയാണ് അവന്‍ ജീവിക്കേണ്ടത്. എപ്പോഴും മരിച്ച് പോവേണ്ടവനാണെന്നും വൈകാതെ ഖബ്റില്‍ കിടക്കേണ്ടവനാണെന്നുമുള്ള ചിന്തയാണ് അവനെ സദാ നയിക്കേണ്ടത്. ആ ചിന്ത കൂടെയുണ്ടെങ്കില്‍, പിന്നെ ഐഹിക സുഖാഢംബരങ്ങള്‍ക്ക് പിന്നില്‍ പോവില്ല, അവ സംവിധാനിക്കാനായി സമയമോ സമ്പത്തോ ചെലവഴിക്കില്ല. സ്വാര്‍ത്ഥമോഹങ്ങള്‍ക്കോ ലോഭേഛകള്‍ക്കോ വേണ്ടി ഒന്നും ചെയ്യുന്നില്ല.
അങ്ങനെയാവുമ്പോഴാണ് യഥാര്‍ത്ഥ വിശ്വാസിയായി മാറുന്നത്. നമ്മുടെ വിശ്വാസത്തിന്റെ ആഴവും പരപ്പും അളക്കാന്‍ നമുക്ക് ഈ മാപിനിയും ഉപയോഗിക്കാം. പാരത്രിക ജീവിതത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ബാക്കി വെക്കാം. ഐഹിക സുഖാസ്വാദനങ്ങളില്‍നിന്ന് നിത്യവ്രതം സ്വീകരിക്കാം. നാഥന്‍ തുണക്കട്ടെ.



Leave A Comment