യൂറോപ്പിന്റെ ആദ്യ ഭൌമശാസ്ത്രഗ്രന്ഥം എഴുതിയ ലിയോ മുസ്‍ലിമായിരുന്നു, അദ്ദേഹത്തിന്റെ പേര് ഹസന്‍ എന്നും

"പലരും പറയുന്ന പോലെ, ഞാൻ ഒരു ആഫ്രിക്കകാരനോ യൂറോപ്യനോ അല്ല, അറേബ്യനുമല്ല. ഗ്രാനഡക്കാരനെന്നും ഫാസ് സ്വദേശിയെന്നും സയ്യാത്ത്കാരനെന്നുമെല്ലാം മറ്റു ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു നാട്ടിൽ നിന്നോ, ഒരു പട്ടണത്തിൽ നിന്നോ, ഒരു ഗോത്രത്തിൽ നിന്നോ ആരംഭിച്ചവനല്ല ഞാൻ. ഒരു വഴിപോക്കനാണ്, ഖാഫിലകളാണ് എന്റെ സ്വദേശം, എന്നെ സംബന്ധിച്ചിടത്തോളം ജീവിതം എന്നത് തന്നെ പ്രതീക്ഷകൾ അറ്റുപോയ യാത്രകളാണ്".

ലോക പ്രശസ്തനായ ആഫ്രിക്കൻ സഞ്ചാരിയുടെ വാക്കുകളാണിവ. അടിമച്ചെങ്ങലകളിലും രാജകീയ ഐശ്വര്യത്തിലും കൈമെഴുപ്പുള്ളയാൾ, നാഗരികതകളുടെ വളർച്ചയും ഭരണകൂടങ്ങളുടെ തളർച്ചയും നോക്കി കണ്ടയാൾ, പള്ളികളിലെത്തുമ്പോള്‍ ഒരു മുസ്‍ലിമായും ചർച്ചുകളിൽ ഒരു ക്രിസ്ത്യാനിയായും സഞ്ചരിച്ചയാൾ, അറബിയും ടർക്കിഷും സ്പാനിഷും ബാർബറിയനും ഹിബ്രുവും ലാറ്റിനും ഇറ്റാലിയനുമെല്ലാം ഒരു പോലെ വഴങ്ങുന്നവന്‍, അതാണ്ഹസനുൽ വസാൻ എന്ന സഞ്ചാരി. അന്തുലേഷ്യ (മുസ്‍ലിം സ്പെയിന്‍)യുടെ വിലാപങ്ങളുടെ അവസാന ദൃക്‌സാക്ഷി കൂടിയാവേണ്ടി വന്നത് വിധിയുടെ മറ്റൊരു നിയോഗമാവാം.

ഹസനു ബ്നു മുഹമ്മദുൽ വസാൻ അൽഫാസി അസ്സയ്യാത്തി എന്നാണ് പേര്. അബു അലി എന്ന് വിളിക്കപ്പെടുന്ന. ചരിത്രകാരന്മാരുടെ കണക്കുകൂട്ടലനുസരിച്ച് ഗ്രാനഡയിലെ ഒരു മൊറൊക്കൻ കുടുംബത്തിലാണ് ഹസൻ ജനിക്കുന്നതെങ്കിലും, ജനന കാലയളവിനെ സംബന്ധിച്ച് തര്‍ക്കങ്ങളേറെയാണ്. ചിലർ 1495 ക്രി/901 ഹി എന്നും മറ്റു ചിലർ 1500 ക്രി /906 ഹി എന്നും പറയുന്നു. എന്നാൽ മറ്റു ചിലർ 1483 ക്രി/888 ഹി എന്നും അഭിപ്രായപ്പെടുന്നു, അതായത് ഗ്രാനഡയുടെ പതനത്തിന് പത്തുവർഷം മുമ്പ്, ഒരു ഫ്രഞ്ച് പതിപ്പിൽ നിന്ന് കടമെടുത്തുകൊണ്ട് മുഹമ്മദ്‌ ഹജ്ജി, മുഹമ്മദുൽ അഖ്ളർ എന്ന രണ്ട് വ്യാഖ്യാതാക്കൾ അദ്ദേഹത്തിന്റെ "ആഫ്രിക്കയുടെ വിശേഷങ്ങൾ" (വസ്ഫു ഇഫ്രീഖിയ)എന്ന  സുപ്രസിദ്ധമായ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ അഭിപ്രായപ്പെടുന്നതും ഇതു തന്നെയാണ്. എന്നാൽ ജനന വർഷത്തിൽ മാത്രമല്ല അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നത്. അദ്ദേഹത്തിന്റെ വളർച്ചയിലും വംശത്തിലും തർക്കങ്ങളുണ്ട്. 

വസാൻ എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ അപരനാമത്തിന്റെ അടിസ്ഥാനത്തെപ്പറ്റി 1933 ൽ പ്രസിദ്ധീകരിക്കപ്പെട്ട "ഹയാത്തുൽ വസാൻ അൽഫാസി വ ആതാറുഹു" എന്ന ഗ്രന്ഥത്തിൽ ചരിത്രകാരനും മൊറോക്കൻ ഗവേഷകനുമായ മുഹമ്മദുൽ മഹ്ദി അൽഹജവി പറയുന്നു: വസാൻ കുടുംബം എന്ന പേരിൽ പരമ്പര അറിയപ്പെടാത്ത ചില കുട്ടികളും സ്ത്രീകളും അടങ്ങുന്ന ഒരു വംശമല്ലാതെ ഇപ്പോൾ നിലനിൽക്കുന്നതായി വിവരം ഇല്ല. അവർ ഫാസിൽ നിന്ന് വന്നവരാണെന്നും ഒരു വലിയ വംശമായിരുന്നു എന്നും മാത്രമാണ് അവർക്കറിയുന്നത്. എങ്കിലും അവരിപ്പോൾ വംശനാശത്തിന്റെ വക്കിലാണെന്ന് പറയാം".

കത്തോലിക്കൻ രാജാക്കന്മാരായ ഫെർണാണ്ടോയുടെയും ഇസബെല്ലയുടെയും കൈകളിൽ അന്തലുസ് അധപ്പതിച്ചപ്പോൾ ഹസൻ ചെറിയ കുട്ടിയായിരിക്കെ ഫാസിലേക്ക് നാടുകടത്തപ്പെട്ടു. അവിടെയാണ് വിദ്യാഭ്യാസത്തിന്റെ ആദ്യ പടികൾ ഹസൻ ചവിട്ടുന്നത്. ഇമാം മുഹമ്മദ്‌ ബ്നു ഗാസി അൽമിക്നാസി എന്നവരുടെ മേൽനോട്ടത്തിൽ നടന്നു വരുന്ന ജാമിഉൽ ഖുറവിയ്യീനിലായിരുന്നു ഇത്. ഭാഷാ ശാസ്ത്രവും വിശ്വാസ ശാസ്ത്രവും വ്യാഖ്യനങ്ങളും മറ്റു പല ഇസ്‍ലാമിക വിജ്ഞാന ശാഖകളും ചർച്ച ചെയ്യുന്ന തന്റെ രചനയായ "അത്തഅല്ലുൽ ബിറസ്മിൽ ഇസ്നാദി ബഅ്ദ ഇന്‍തിഖാലി അഹ്ലിൽ മൻസിലി വസ്സിനാദ്" എന്ന ഗ്രന്ഥം പഠിപ്പിച്ച്, തന്റെ വിദ്യാർത്ഥികൾക്ക് ഇജാസത്ത് നൽകുമായിരുന്നു അദ്ദേഹം. ആഫ്രിക്കന്‍ വിശേഷങ്ങളുടെ രണ്ട് വിവർത്തകരും അവരുടെ ആമുഖങ്ങളിൽ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്.

രാഷ്ട്രം വരച്ച പാത...!

ഹസനെന്ന ആ ബാലനെ സംബന്ധിച്ചിടത്തോളം ഫാസിലേക്കുള്ള പറിച്ചുനടല്‍ വലിയൊരു യാത്രയുടെ തുടക്കമായിരുന്നു. അദ്ദേഹത്തിന്റെ കഴിവും നൈപുണ്യവും മനസ്സിലാക്കിയ ഫാസ് ഭരണാധികാരി മുഹമ്മദുൽ വത്താസ് ആ ചെറുപ്പക്കാരനെ തന്റെ കൂടെ കൂട്ടി. വളരെ ചെറുപ്പത്തിൽ തന്നെ സുൽത്താൻ അദ്ദേഹത്തെ വലിയ രാഷ്ട്രീയ ഉത്തവാദിത്വങ്ങൾ ഏല്പിച്ചുതുടങ്ങി. നികുതി പിരിവ് പോലെയുള്ള  ദൗത്യ നിർവഹണത്തിനായി ഉൾപ്രദേശങ്ങളിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി. ഓരോ വർഷവും  ഇത്തരത്തിൽ നടത്താറുള്ള തെക്കൻ-വടക്കൻ പര്യടനങ്ങൾ തന്നെയാണ് ഭൗമമായ വിവരങ്ങളെല്ലാം ശേഖരിക്കാനും ശേഷം തന്റെ ജീവിതം തന്നെ യാത്രകള്‍ക്കായി മാറ്റിവെക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത്. അദ്ദേഹത്തിന്റെ ചരിത്രം എഴുതിയ മഹ്ദി അൽഹജവി പറയുന്നത് ഇങ്ങനെയാണ്: "ഇതൊക്കെ തന്നെയാണ് ലോകം കണ്ട ഒരു ഭൗമ പണ്ഡിതനാവാൻ ഇദ്ദേഹത്തെ യോഗ്യനാക്കിയത്. കണ്ടും കൊണ്ടും ഈ കലയോട് ചേർന്നുനിന്ന ബാല്യം കഴിഞ്ഞ് യുവത്വത്തിലേക്ക് പ്രവേശിച്ചപ്പോഴേക്ക് മൊറൊക്കോയും ആഫ്രിക്കയും അടക്കമുള്ള എണ്ണമറ്റ  പര്യടനങ്ങൾ അദ്ദേഹം നടത്തിക്കഴിഞ്ഞിരുന്നു. ശേഷം ആ അതിരുകളും കടന്ന് കിഴക്കും യൂറോപ്പും അദ്ദേഹം യാത്ര ചെയ്തു. ഒരു വലിയ സഞ്ചാര വിപ്ലവത്തിന്റ, യൂറോപ്യൻ ഉപഭൂഖണ്ടത്തിന്റെയൊന്നടങ്കം പിതാവാകാൻ അർഹിക്കുന്നയാൾ, കാലം തല കുനിക്കുന്ന ഭൗമശാസ്ത്രൻ, അതെല്ലാമായിരുന്നു ഹസനുല്‍ വസാന്‍".

ആദ്യമായി ആഫ്രിക്കയുമായുള്ള ബന്ധം അദ്ദേഹത്തിന്റെ അമ്മാവനോട് കൂടെയുള്ള തിമ്പക്തു (മാലിയിലെ ഒരു പട്ടണം) സന്ദർശനമാണ്. ആഫ്രിക്കന്‍ വിശേഷങ്ങളില്‍ അദ്ദേഹം ചേർത്തുവെക്കുന്ന 9 പര്യടനങ്ങൾ അദ്ദേഹത്തിന്റെ  ജീവിതത്തിന്റെ അനർഘ നിമിഷങ്ങളിൽ ചിലതാണ്. 1508 (ഹി. 914) യിലെ ഫാസിന് അടുത്തുള്ള പടിഞ്ഞാറൻ തീരങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഈ കാലയളവിലാണ് വത്താസികൾ അസീല നഗരം ഉപരോധിക്കുന്നത്. അതിന് ശേഷം ഒരു വർഷത്തോളം മധ്യ മൊറൊക്കോയിലെ സഞ്ചാരങ്ങളായിരുന്നു. ശരീഫു സ്സാദി മുഹമ്മദ്‌ അൽഖായിം ബിഅംരില്ല യുമായി ബന്ധം സ്ഥാപിച്ചത് ഇക്കാലത്തായിരുന്നു. ഇതേ സമയം തന്നെ യഹ്‌യ ബ്നു തഅഫുത് എന്ന പോർച്ചുഗീസ് അനുകൂലിയായ പ്രാദേശിക നേതാവിനെ അതില്‍നിന്ന് നിന്ന് പിന്തിരിപ്പിക്കാനുള്ള വലിയ രാഷ്ട്രീയ ശ്രമവും അദ്ദേഹം നടത്തിനോക്കി. ക്രിസ്ത്യൻ അധിനിവേശത്തിന് കടൽ കടക്കാൻ അറിയാത്ത കാലമായിരുന്നു അതെന്ന് ആഫ്രിക്കന്‍ വിശേഷങ്ങളില്‍ അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. 

ഒരു വർഷത്തോളം നീളുന്ന യാത്രകളായിരുന്നു അവയില്‍ ഓരോന്നും. ക്രി 1511 (ഹി 917) ൽ സുഡാനിൽ നിന്ന് തുടങ്ങി ഡാഡസ് കുന്നുകളിലെ അറ്റ്‍ലസിലൂടെ മൊറൊക്കോയിലെ ഹാഹ നഗരിയും കടന്നായിരുന്നു ഒന്നാമത്തെ യാത്ര. മറാകുഷിൽ നിന്ന് അമേസ്മീസിലൂടെ സൂസിലേക്കായിരുന്നു മറ്റൊന്ന്. ഹജ്ജ് കർമത്തിനായി ഹിജാസിലേക്കായിരുന്നു ഈ കൃതിയില്‍ പറയുന്ന മൂന്നാം യാത്ര. അസ്താനയിലെത്തിയ അദ്ദേഹം ഉസ്മാനീ സുൽത്താൻ സലീം ഒന്നാമനെ കണ്ടുമുട്ടുന്നതും  അദ്ദേഹത്തോടൊപ്പം ധാരാളം യുദ്ധങ്ങൾ പങ്കെടു്ക്കുന്നതും 1517 ഏപ്രിലിൽ മംലൂക് ഭരണകൂടത്തിന് അന്ത്യം കുറിക്കുന്നതും അദ്ദേഹം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. അവസാനയാത്ര തുണീഷ്യൻ ലിബിയൻ പട്ടണങ്ങളിലേക്കായിരുന്നു. ശേഷം രണ്ട് വര്‍ഷത്തോളം അവിടെത്തന്നെ ചെലവഴിക്കുകയായിരുന്നു.

ഹസൻ വാസന്‍ 'ലിയോ' ആയ കഥ ...!

പര്യടനങ്ങൾക്ക് ഒരു പര്യാവസാനം വേണമെന്നും മൊറോക്കോയിലേക്ക് തന്നെ മടങ്ങണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷെ, വിധി കാത്ത് വെച്ചത് മറ്റൊന്നായിരുന്നു. 2012ല്‍ ബിബിസി അറബിക് പുറത്തിറക്കിയ "ലിയോണിന്റ പാതയിൽ" എന്ന ഡോക്യൂമെന്ററിയില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെ വായിക്കാം. 

ക്രി 1520 (ഹി 926) നായിരുന്നു ആ സംഭവം. കുരിശ് യുദ്ധ വേളയിലെ അതിശക്തരായ ക്രിസ്ത്യൻ സൈനികരില്‍ ഒരാളായ സൈന്റ്റ്‌ ജോണിന്റെ കടൽ കൊള്ളക്കാരാൽ അദ്ദേഹം ബന്ധനസ്ഥനാക്കപ്പെട്ടു. ഗ്രാനഡേക്കും ഫാസിനും പിറകെ പറങ്കികൾക്കൊപ്പം ഒരു മൂന്നാം ജീവിതത്തിലേക്കുള്ള വഴിത്തിരിവായിരുന്നു അത്. അദ്ദേഹത്തെ കുറിച്ച് മനസ്സിലാക്കിയ കടൽ കൊള്ളക്കാര്‍, പോപ്പ് ലിയോൺ പത്താമന് ഒരു പാരിതോഷികമെന്നോണം ആ ബന്ധിയെ നല്കാന്‍ തീരുമാനിച്ചു. 

വൈകാതെ, അദ്ദേഹത്തെ, റോമിലെത്തിച്ച് പോപ്പ് ലിയോണിന്റെ മുന്നില്‍ ഹാജരാക്കപ്പെട്ടു. തന്റെ മുന്നില്‍ ബന്ധിയായി നിൽക്കുന്നത് ഒരു അപൂർവ ഭൗമപണ്ഡിതനും പ്രഗത്ഭനുമായ വ്യക്തിത്വമാണെന്ന് മനസ്സിലാക്കിയ പോപ്പ്, ഹസനെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടു. തന്റെ കുരിശ് പടയോട്ട നീക്കങ്ങളിൽ ഇദ്ദേഹത്തെ ഉപയോഗപ്പെടുത്താം എന്നായിരുന്നു പോപ്പിന്റെ കണക്കു കൂട്ടല്‍. അതേ തുടർന്ന് അദ്ദേഹത്തെ മാമോദിസ മുക്കാനും ഒരു ക്രിസ്ത്യനിയായി മാറ്റാനും പോപ് ആജ്ഞാപിച്ചു. എതിര്‍ത്തുനിന്നാല്‍, വീണ്ടും വിലങ്ങുകളില്‍ കിടന്ന് ജീവൻ നഷ്ടമാവുമെന്ന് തിരിച്ചറിഞ്ഞ ആ സഞ്ചാരിക്ക് കിഴ്പെടുകയല്ലാതെ പോംവഴികളുണ്ടായിരുന്നില്ല. മാമോദിസ കർമങ്ങൾക്ക് പോപ്പ് ലിയോൺ തന്നെ മുന്‍കയ്യെടുത്തു. പിന്നീടങ്ങോട്ട് ഹസനുൽ വസാനെന്ന ആ മുസ്‍ലിം സഞ്ചാരിയെ ലോകം വിളിച്ചത് ജോൺസ് ലിയോ ആഫ്രികാനസ് എന്ന പേരിലായിരുന്നു.
 
പക്ഷെ, തന്റെ ജീവിതത്തിന്റെ ഭാഗമായ യാത്രകളെയോ യഥാര്‍ത്ഥ മതമായ ഇസ്‍ലാമിനെയോ അദ്ദേഹം ഉപേക്ഷിച്ചതേ ഇല്ല. ആഫ്രിക്കന്‍ വിശേഷങ്ങള്‍ അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, എന്ന് അല്ലാഹുവിന്റെ ദാസനായ ഹസനു ബിനു മുഹമ്മദുൽ വസാനുൽ ഫാസി എന്ന് മുന്നേ വിളിക്കപ്പെട്ടിരുന്ന ജോൺസ് ലിയോ ആഫ്രികാനസ്.

"വസ്ഫു ഇഫ്രീഖിയ" യൂറോപ്പിലെ ആദ്യ സാങ്കേതിക ഭൗമശാസ്ത്രഗ്രന്ഥം

പുതിയ മതത്തിലും പുതിയ പേരിലും വസാൻ തല്ക്കാലത്തേക്ക് തന്റെ സ്വാതന്ത്ര്യം തിരിച്ചെടുത്തു. ഈയൊരു കാലയളവിലാണ് അദ്ദേഹം ആഫ്രിക്കന്‍ വിശേഷങ്ങള്‍ (വസ്ഫു ഇഫ്രീഖിയ) എന്ന തന്റെ വിഖ്യാത ഗ്രന്ഥം രചിക്കുന്നത്. യൂറോപ്പിലെ ആദ്യ ഭൗമശാസ്ത്ര ഗ്രന്ഥം എന്നാണ് ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കുന്നത് തന്നെ.

റമീസ്യോ എന്ന ഇറ്റലിക്കാരനാണ് ആദ്യമായി 1550 വെനീസിൽ ആഫ്രിക്കന്‍ വിശേഷങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്. ശേഷം പലതവണ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് ലാറ്റിൻ-ഫ്രഞ്ച് ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. ഹോളണ്ടിലും ഇംഗ്ലണ്ടിലും ജർമ്മനിയിലും ഇത് ഏറെ സ്വീകരിക്കപ്പെടുകയും പല തവണ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.   
ചരിത്രത്തിലെ വസാനിന്റെ പങ്ക് എന്ന പഠനത്തിൽ അൽജീരിയയിലെ മുഹമ്മദ് ബോഡിഫ് യൂണിവേഴ്സിറ്റിയിലെ ഗവേഷകന്‍ ത്വഹിർ ഖാലിദ് പറയുന്നത് ഇങ്ങനെയാണ്, ആഫ്രിക്കന്‍ വിശേഷങ്ങള്‍ എന്ന ഈ ഗ്രന്ഥം വളരെയധികം നിഷ്പക്ഷവും വസ്തുനിഷ്ഠവുമാണ്. വസാനിന്റെ വാക്കുകള്‍ തന്നെ അത് വ്യക്തമാക്കുന്നുണ്ട്: 

"ആഫ്രിക്കക്കാരുടെ പോരായ്മകൾ ഏറ്റുപറയുകയും വെളിപ്പെടുത്തുകയും ചെയ്യുന്നതിൽ ഞാൻ ലജ്ജിക്കുന്നു എന്നത് യാഥാർത്ഥ്യം തന്നെയാണ്. ആഫ്രിക്കയാണ് എന്നെ പരിപാലിച്ചതും, അവിടെയാണ് ഞാൻ വളർന്നതും, എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരവും ദൈർഘ്യമേറിയതുമായ ഒരു ഭാഗം ചെലവഴിച്ചതും ആഫ്രിക്കയുടെ മണ്ണിൽ തന്നെയാണ്, എന്നാൽ എല്ലാവരോടും എന്റെ ഒഴികഴിവ് ഒന്നാണ്, ആരുടെയും ആഗ്രഹങ്ങൾക്കും ഒരു പരിഗണനയും തൃപ്തിപ്പെടുത്തലും കൂടാതെ സത്യം പറയേണ്ടത് ഒരു ചരിത്രകാരന്റെ ഉത്തരവാദിത്വമാണല്ലോ..."

ക്രി.1527 ല്‍ രഹസ്യമായി അദ്ദേഹം റോമ വിടുകയും ശേഷം തുണീഷ്യയിലേക്ക് പോയി തന്റെ പേരും മതവും വീണ്ടെടുത്തുവെന്നുമാണ് പറയപ്പെടുന്നത്. 

References: 
-വസ്ഫു ഇഫ്രീഖിയ, ഹസനുൽ വസാൻ.
-ലിയോൺ അൽ അഫ്രീക്കി, അമീൻ മാലൂഫ്.
-ഹയാത്തുൽ വസാൻ അൽഫാസി വ ആതാറുഹു, മുഹമ്മദ്‌ മഹ്ദി അൽഹജവി.
-"അലാ ഖുതാ ലിയോൺ അൽ അഫ്രീക്കി", ബി ബി സി അറബിക് ഡോക്യൂമെന്ററി.
-അൽ ആ'ലാം, ഖൈറുദ്ദിൻ അസ്സർക്കലി 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter