ഇറാന്റെ അവകാശങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഇനി യു.എസുമായി ചര്‍ച്ചയുള്ളൂ: ഇറാന്‍

ഇറാന്റെ താത്പര്യങ്ങളും അവകാശങ്ങളും പൂര്‍ണ്ണമായി അംഗീകരിച്ചാല്‍ മാത്രമേ അമേരിക്കയുമായുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോകൂ എന്ന് ഇറാന്‍ നിലപാട് വ്യക്തമാക്കി. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫാണ് കഴിഞ്ഞദിവസം നിലപാട് വ്യക്തമാക്കിയത്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാതെ ഹോര്‍മൂസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപാധികള്‍ അംഗീകരിക്കാത്ത പക്ഷം നിലവിലെ വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ക്കും പ്രസക്തിയില്ലെന്ന ഇറാന്റെ നിലപാട് സ്പീക്കര്‍ അറിയിച്ചതോടെ പശ്ചിമേഷ്യന്‍ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. പാകിസ്ഥാനില്‍ തുടങ്ങാനിരിക്കുന്ന അമേരിക്ക - ഇറാന്‍ സമാധാന ചര്‍ച്ചയും കൂടുതല്‍ അനിശ്ചിതത്വത്തിലായിട്ടുണ്ട്.

എന്നാല്‍ ഹോര്‍മുസ് കടലിടുക്കില്‍ തടസം സൃഷ്ടിക്കുന്ന ഇറാനിയന്‍ ചെറുബോട്ടുകളെ കണ്ടാലുടന്‍ വെടിവെച്ചു വീഴ്ത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ സൈന്യത്തിന് ഉത്തരവിട്ടു. ജലപാതയില്‍ സൈന്യം മൈനുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
'ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ഏത് ബോട്ടുകളെയും, അത് എത്ര ചെറിയ ബോട്ടുകളാണെങ്കിലും ശരി, വെടിവെച്ചു വീഴ്ത്താന്‍ ഞാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവിക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. യാതൊരു മടിയും പാടില്ല. മൈനുകള്‍ നീക്കാന്‍ അവിടെ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആ പ്രവര്‍ത്തനം മൂന്നിരട്ടി വേഗത്തില്‍ തുടരാന്‍ ഉത്തരവിടുന്നു' ട്രംപ് കുറിച്ചു.
അതേസമയം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് 'മജസ്റ്റിക് എക്‌സ്' എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 'നിയമവിരുദ്ധ ശൃംഖലകളെ തകര്‍ക്കുന്നതിനും ഇറാന് ഭൗതിക പിന്തുണ നല്‍കുന്ന കപ്പലുകളെ തടയുന്നതിനുമുള്ള ആഗോള സമുദ്ര നിയമപാലനം അവര്‍ എവിടെ പ്രവര്‍ത്തിച്ചാലും ഞങ്ങള്‍ തുടരും,' പ്രതിരോധ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. 
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മൂന്ന് ചരക്ക് കപ്പലുകള്‍ ആക്രമിക്കുകയും അതില്‍ രണ്ടെണ്ണം പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ നടപടി. കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. യുഎസ് സൈനികര്‍ കപ്പലില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. കപ്പല്‍ ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം, മജസ്റ്റിക് എക്‌സ് ശ്രീലങ്കയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയിലുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലായിരുന്നു. നേരത്തെ അമേരിക്കന്‍ സേന പിടിച്ചെടുത്ത ടിഫാനി എന്ന എണ്ണക്കപ്പല്‍ കണ്ടെത്തിയ അതേ സ്ഥലത്തുതന്നെയാണിത്.
അതിനിടെ, യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതും ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത തടസവും കാരണം എണ്ണവിലയില്‍ വര്‍ധനവുണ്ടായി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തടസപ്പെട്ടതും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാര നിയന്ത്രണങ്ങള്‍ തുടരുന്നതും കാരണം എണ്ണവില ഒരു ഡോളറിലധികം വര്‍ധിച്ചു.

അമേരിക്കയുടെ യുഎസ്എസ് ജോര്‍ജ് ഡബ്ല്യു ബുഷ് പടക്കപ്പല്‍ വ്യൂഹം പശ്ചിമേഷ്യയില്‍ എത്തിയതായി അമേരിക്കന്‍ സൈന്യം.ഇതോടെ ഈ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന കൂറ്റന്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ എണ്ണം മൂന്നായി. ഏപ്രില്‍ 23ന് വിമാനവാഹിനിക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പരിധിയില്‍ എത്തിയതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് ചെങ്കടലിലും, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മേഖലയിലെ മറ്റ് ഭാഗങ്ങളിലുമായി നിലവില്‍ പട്രോളിംഗ് നടത്തുന്നുണ്ട്.
ഫെബ്രുവരി അവസാനം ഇറാനെതിരെ ആരംഭിച്ച യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ ഈ വിന്യാസമെന്നത് ശ്രദ്ധേയമാണ്. ഈ യുദ്ധക്കപ്പലുകള്‍ക്കൊപ്പം പിന്തുണയ്ക്കായി മറ്റ് നിരവധി സായുധ കപ്പലുകളും മേഖലയിലുണ്ട്. ഇതിലൂടെ പശ്ചിമേഷ്യയില്‍ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

 ഇറാന്‍ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലും വെല്ലുവിളിയുമായി ഇസ്രയേല്‍.ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിന് തങ്ങള്‍ സജ്ജമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പച്ചക്കൊടി ലഭിച്ചാലുടന്‍ ആക്രമണം ആരംഭിക്കുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. ഇറാനിലെ സുപ്രധാന ലക്ഷ്യസ്ഥാനങ്ങള്‍ ഇതിനോടകം അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നും അടുത്ത ഘട്ടത്തില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് സ്ഥാനം അലങ്കരിക്കുന്ന ഖംനഇ പരമ്പരക്ക് അന്ത്യം കുറിക്കുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി വെല്ലുവിളിച്ചു. ഇതോടെ മേഖലയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നത്.


ഇറാന്റെ കടുത്ത നിലപാടും അമേരിക്കന്‍ ഉപരോധവും നിലനില്‍ക്കുന്നതിനിടെ ഹോര്‍മൂസ് കടലിടുക്ക് വഴി ഇതുവരെ പത്ത് ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിതമായി കടന്നെന്ന് വിദേശകാര്യ മന്ത്രാലയം.ഹോര്‍മൂസ് മേഖലയില്‍ കപ്പലുകള്‍ക്ക് പൂര്‍ണ്ണമായ യാത്രാസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇറാന്‍ സൈന്യം പിടിച്ചെടുത്ത രണ്ട് കപ്പലുകളില്‍ ഇന്ത്യന്‍ നാവികര്‍ ഉണ്ടായിരുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് അവരുടെ സുരക്ഷ ഉറപ്പാക്കാനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇറാനുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. മേഖലയിലെ സംഘര്‍ഷാവസ്ഥ നാവികരുടെ സുരക്ഷയെ ബാധിക്കരുതെന്ന നിലപാടിലാണ് ഇന്ത്യ. അതേസമയം ഫ്രഞ്ച് വിമാനത്താവളങ്ങള്‍ വഴി അന്താരാഷ്ട്ര യാത്ര നടത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ട്രാന്‍സിറ്റ് വിസ ആവശ്യമില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. 2026 ഫെബ്രുവരിയിലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ നടത്തിയ പ്രഖ്യാപനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ യാഥാര്‍ഥ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള നിലവിലെ സൈനിക സംഘര്‍ഷത്തില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നയം വ്യക്തമാക്കിയത്. സാധാരണ നിലയിലുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്റെ സൈനിക ശക്തിയെ അമേരിക്ക പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ടെന്നും അതിനാല്‍ ആണവായുധങ്ങളുടെ ആവശ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യവും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് തന്റെ നിലപാടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ യുദ്ധം അനിശ്ചിതമായി തുടരുന്നതിനിടെ പ്രസിഡന്റ് ട്രംപിന് തലവേദനയായി പതിറ്റാണ്ടുകള്‍ പഴക്കമുള്ള യുദ്ധനിയമം.യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം ചെയ്യാനുള്ള 60 ദിവസത്തെ സമയപരിധിയാണ് ട്രംപിന് കുരുക്കായത്. ഈ നിയമം പറഞ്ഞാണ്, കോണ്‍ഗ്രസ് അനുമതി തേടാതെ ട്രംപ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. എന്നാല്‍, ഈ നിയമത്തില്‍ പറയുന്ന സമയപരിധി വ്യവസ്ഥ ഇപ്പോള്‍ അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുകയാണ്. എങ്കിലും, ഈ യുദ്ധനിയമം മറികടക്കാന്‍ പ്രസിഡന്റിന് കഴിയുമെന്നും സൂചനകളുണ്ട്.
കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം ചെയ്യാനുള്ള പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുുന്ന 1973-ലെ വാര്‍ പവേഴ്‌സ് റെസല്യൂഷനിലെ വ്യവസ്ഥകളാണ് ട്രംപിന് തിരിച്ചടിയായത്. ഈ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ സംഘര്‍ഷത്തെ ചോദ്യം ചെയ്യാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമങ്ങള്‍ ട്രംപും റിപ്പബ്ലിക്കന്‍മാരും പരാജയപ്പെടുത്തിയത്. അഞ്ച് തവണ ഡെമോക്രാറ്റുകള്‍ അത്തരമൊരു ശ്രമം നടത്തിയെങ്കിലും സെനറ്റിലെ റിപ്പബ്ലിക്കന്‍മാര്‍ അതു തടയുകയായിരുന്നു. കോണ്‍ഗ്രസ് അനുമതിയില്ലാതെ യുദ്ധം ആരംഭിച്ച ട്രംപിനെ സഭാംഗങ്ങളുമായി സൈനിക നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിക്കാനും യുദ്ധ നടപടികള്‍ നിര്‍ത്തിവെപ്പിക്കാനുമായിരുന്നു ഡെമോക്രാറ്റുകളുടെ തുടര്‍ശ്രമങ്ങള്‍.
ഈ നിയമത്തിലെ മറ്റൊരു വ്യവസ്ഥയാണ് ഇപ്പോള്‍ ട്രംപിന് തലവേദനയായത്. അറുപത് ദിവസത്തെ സമയപരിധി വ്യവസ്ഥയാണ് അത്. നിയമമനുസരിച്ച്, 60 ദിവസ സമയപരിധി കഴിഞ്ഞാല്‍, കോണ്‍ഗ്രസ് അനുമതിയില്ലാതെ സൈനിക നീക്കം തുടരാന്‍ കഴിയില്ല. അങ്ങനെ വന്നാല്‍, ട്രംപിന് മുന്നില്‍ പ്രധാനമായി മൂന്ന് വഴികളുണ്ടാകും: ഒന്ന്, സൈനിക നടപടി തുടരാന്‍ കോണ്‍ഗ്രസിന്റെ അനുമതി തേടുക, രണ്ട്, യുദ്ധം അവസാനിപ്പിക്കുക, മൂന്ന്, സ്വയം കാലാവധി നീട്ടിനല്‍കുക.
സൈന്യത്തെ സുരക്ഷിതമായി പിന്‍വലിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് പ്രസിഡന്റ് രേഖാമൂലം സാക്ഷ്യപ്പെടുത്തിയാല്‍ 30 ദിവസം കൂടി നീട്ടിനല്‍കാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍, ഒരു വലിയ യുദ്ധം തുടരാനുള്ള അധികാരം ഇത് നല്‍കുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter