നൂൽമാല: മാപ്പിള കാവ്യത്തിലെ വേറിട്ട കൃതി
കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ സുസ്ഥിരമായ വേരുകളുള്ള മാപ്പിള സാഹിത്യശാഖയിലെ അതിപ്രധാനമായ ഒരു രചനയാണ് പതിനെട്ടാം നൂറ്റാണ്ടിൽ (1700–1786) ജീവിച്ചിരുന്ന പ്രസിദ്ധ ദാർശനിക കവിയായ കുഞ്ഞായിൻ മുസ്‌ലിയാർ രചിച്ച നൂൽമാല (1785). കുഞ്ചൻ നമ്പ്യാരുടെ സമകാലികനായി പരിഗണിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ പാണ്ഡിത്യവും മൗലികമായ രചനാപാടവവും മുഖ്യധാരാ സാഹിത്യ ചരിത്രങ്ങളിൽ വേണ്ടത്ര രേഖപ്പെടുത്തപ്പെടാതെ പോയത് ദൗർഭാഗ്യകരമാണ്. അദ്ദേഹത്തിന്റെ ജീവിതവും പ്രധാന രചനകളും പ്രധാനമായും തലശ്ശേരിയെ കേന്ദ്രീകരിച്ചായിരുന്നു. ഒരു മതപണ്ഡിതൻ എന്നതിലുപരി, സാമൂഹിക ഇടപെടലുകളിലെ ഹാസ്യബോധമുള്ള വ്യക്തിയായും, സാമൂതിരി രാജാവിന്റെ കൊട്ടാരത്തിലെ ഉപദേഷ്ടാവായും അദ്ദേഹം അറിയപ്പെട്ടു. കുഞ്ഞായിൻ മുസ്‌ലിയാരുടെ കവിതകൾ ലളിതമെന്ന് തോന്നുമെങ്കിലും, ആഴത്തിലുള്ള ദാർശനിക വീക്ഷണങ്ങളും സൂഫീ ചിന്തകളും ഉൾക്കൊള്ളുന്നവയായിരുന്നു. മാപ്പിള സാഹിത്യത്തിൽ ഒരു ദാർശനിക കവി എന്ന സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മൂന്ന് കൃതികളാണ് നൂൽ മദ്ഹ് (1737), കപ്പപ്പാട്ട്, നൂൽമാല (1785) എന്നിവ.
ഇതിൽ, നൂൽ മദ്ഹ് പ്രവാചകൻ മുഹമ്മദ് നബിയെ പ്രകീർത്തിക്കുന്ന ഭക്തി കാവ്യമാണ്. രചനാ കാലം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, കപ്പപ്പാട്ട് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ദാർശനിക കാവ്യമായി കണക്കാക്കപ്പെടുന്നു. മനുഷ്യശരീരത്തെ ഒരു പായ്ക്കപ്പലായി സങ്കൽപ്പിച്ചുകൊണ്ട്, ജീവിതത്തിന്റെ നശ്വരതയെയും ആത്മീയ യാത്രയെയും കുറിച്ചുള്ള ഗഹനമായ ചിന്തകളാണ് ഈ കൃതിയിൽ അവതരിപ്പിക്കുന്നത്. കുഞ്ഞായിൻ മുസ്‌ലിയാരുടെ അവസാന കൃതിയായി കണക്കാക്കുന്ന നൂൽമാലയാകട്ടെ, ഇസ്‌ലാമിക ആത്മീയ സരണികളിൽ പ്രധാനമായ ഖാദിരിയ്യ സൂഫീ ധാരയിലെ സ്ഥാപകനായ ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനിയുടെ അപദാനങ്ങളെ പ്രകീർത്തിക്കുന്നതാണ്. സാധാരണക്കാർക്ക് പോലും ദുർഗ്രാഹ്യമായ അഗാധ ജ്ഞാനങ്ങളെ അറിഞ്ഞ്, ഇരുൾ മാറ്റി പ്രഭ പരത്തിയ ശൈഖിനെ നേരിൽ കാണുന്ന അനുഭവം വായനക്കാർക്ക് നൽകുന്ന ആത്യന്തികമായ ആവിഷ്കാരമായാണ് ഈ കൃതി നിലകൊള്ളുന്നത്.
അറബിത്തമിഴിന്റെ സ്വാധീനം
കുഞ്ഞായിൻ മുസ്‌ലിയാരുടെ കാവ്യഭാഷയെ ശ്രദ്ധേയമാക്കുന്നത് അതിലെ ബഹുഭാഷാ സ്വാധീനമാണ്. അറബിമലയാളം ലിപിയിൽ എഴുതപ്പെട്ട അദ്ദേഹത്തിന്റെ രചനകളിൽ, പ്രത്യേകിച്ച് നൂൽമാലയിൽ, തമിഴ് പദങ്ങളുടെയും വാക്യഘടനയുടെയും ശക്തമായ സ്വാധീനം കാണാം. അറബിത്തമിഴ് പാരമ്പര്യത്തെ പിൻപറ്റിയുള്ള ഈ ശൈലിയാണ് മാപ്പിളപ്പാട്ടുകൾക്ക് തനതായ ഭാഷാ സ്വഭാവം നൽകുന്നതിൽ നിർണ്ണായകമായത്. നൂൽ മാലയുടെ രചനാകാലമായ 1785-ൽ തമിഴ് പദങ്ങളുടെ സ്വാധീനം മുൻഗാമിയായ മുഹ്‌യിദ്ദീൻ മാലയേക്കാൾ (1607) വളരെ കൂടുതലായിരുന്നു. മുഹ്‌യിദ്ദീൻ മാലയിൽ ഏകദേശം 20 ശതമാനം തമിഴ് പദങ്ങളായിരുന്നെങ്കിൽ, നൂൽമാലയിൽ അത് 80 ശതമാനമായി വർധിക്കുന്നു. സമകാലിക തമിഴ് പണ്ഡിതന്മാർക്കു പോലും ദുർഗ്രാഹ്യമായതും ഇന്ന് ഉപയോഗത്തിലില്ലാത്തതുമായ ധാരാളം തമിഴ് പദങ്ങൾ നൂൽമാലയിൽ കണ്ടെത്താനാകും.
മുസ്‌ലിയാർ തന്റെ കാവ്യങ്ങളെ സമകാലികരായ മലയാള കവികളെക്കാൾ തമിഴിന്റെയും അറബിത്തമിഴിന്റെയും പാരമ്പര്യത്തുടർച്ചയിലാണ് പ്രതിഷ്ഠിച്ചത്. മാപ്പിളമാരുടെ സാംസ്കാരിക വളർച്ചയെ സ്വാധീനിച്ച ഖാദിരീ പാരമ്പര്യവും തമിഴിന്റെ വഴികളിലൂടെയാണ് കേരളത്തിലെത്തിച്ചേർന്നത് എന്ന വസ്തുത ഈ ഭാഷാപരമായ തിരഞ്ഞെടുപ്പിന് അടിത്തറയായി. നൂൽമാലയുടെ പ്രാരംഭ ഗദ്യവർണ്ണനയായ 'വമ്പ്' തമിഴ് വാക്യഘടനയുടെ തീവ്രമായ സ്വാധീനം വെളിപ്പെടുത്തുന്നു. "കോൻ, ഒളിമുത്ത്, ഉദിത്ത്, ബദുബദുപ്പുകൾ, അത്തരുൾ, ഹള്ള്, ഈരേഴ്, പുകൾ, നുവൽ ചെയ്ത്" തുടങ്ങിയ പദങ്ങൾ തമിഴിന്റെ സാന്നിധ്യം ഉറപ്പിക്കുന്നു. ക്ഷേത്രകേന്ദ്രിത രംഗകലകൾക്ക് ഉപയോഗിച്ചിരുന്ന നമ്പ്യാന്തമിഴിലെയും കാക്കാരിശ്ശി നാടകം പോലുള്ള നാടോടി നാടകങ്ങളിലെയും ഭാഷയ്ക്ക് വമ്പുമായുള്ള സാമ്യം ഈ രചനാശൈലിയുടെ പ്രാദേശിക നാടോടി ബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞായിൻ മുസ്‌ലിയാർ സ്ഥാപിച്ച ഈ ഭാഷാഘടനയുടെ തുടർച്ചയാണ് മോയിൻകുട്ടി വൈദ്യരുടെ (1852–1892) ബഹുഭാഷാകാലത്തെ മാപ്പിളപ്പാട്ടുകളിലെ തമിഴ് സ്വാധീനത്തിലും കാണുന്നത്. പിൽക്കാല കവികൾ തമിഴിന്റെ സ്വാധീനത്തിൽ നിന്ന് മുക്തരായി പച്ചമലയാളത്തിലേക്കും സംസ്കൃതീകൃത മലയാളത്തിലേക്കും തിരിഞ്ഞപ്പോഴും, മാപ്പിള കവികൾ തമിഴിനെ ശൈലിയുടെ ഭാഗമായി നിലനിർത്തിപ്പോന്നു. 1950-കൾക്കു ശേഷമാണ് ടി. ഉബൈദും, മെഹറും പോലുള്ളവർ മാപ്പിളപ്പാട്ടിനെ പൂർണ്ണമായും തമിഴ്‌മുക്തമായ മലയാള കവിതയുടെ 'പൊതു' ഭാഷയിലേക്ക് പുനരെഴുതുന്നത്.
സൂഫീ ദർശനവും മാലപ്പാട്ടുകളും
പ്രകീർത്തന സാഹിത്യം (Hagiography) എന്ന സാർവ്വദേശീയ സാഹിത്യരൂപത്തിന്റെ ഭാഗമായാണ് മാലപ്പാട്ടുകളെയും പരിഗണിക്കേണ്ടത്. ഇസ്‌ലാമിക ലോകത്ത് അറബിയിലെ മൗലിദുകളും, തമിഴ്-മലയാളം ഭാഷകളിൽ രചിക്കപ്പെട്ട മാലപ്പാട്ടുകളും ഈ ഗണത്തിൽ ഉൾപ്പെടുന്നു. രാജവാഴ്ചയുടെയും ഗോത്രക്കോയ്മയുടെയും ആഢംബര പ്രവണതകൾക്കെതിരെ ബഹുജനങ്ങളുടെ പിന്തുണയോടെ സൂഫികൾ ഉയർത്തിക്കൊണ്ടുവന്ന ഒരു ആത്മീയ പ്രതിരോധമായും ഇത്തരം കാവ്യങ്ങളെ വീക്ഷിക്കാവുന്നതാണ്. വാമൊഴി ഭേദങ്ങളും യാഥാർത്ഥ്യങ്ങളും സമ്മിശ്രമായി നിലകൊള്ളുന്ന ഈ കാവ്യങ്ങൾ, അതത് കാലഘട്ടത്തിലെ സാംസ്കാരിക ചരിത്രം പുറത്തുകൊണ്ടുവരാൻ സാധിക്കുന്നവ കൂടിയാണ്.
ഇസ്‌ലാമിക ഖിലാഫത്ത് രാജാധിപത്യത്തിലേക്ക് വഴിമാറിയ അമവി കാലത്ത് ഭൗതിക വിമുഖരായി മാറിനിന്ന ജ്ഞാനികളിലൂടെയാണ് സൂഫീ ചിന്ത പ്രചരിച്ചത്. 1258-ൽ മംഗോളിയർ ബഗ്ദാദ് കീഴടക്കിയതിനെത്തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പലായനം ചെയ്ത സൂഫികളിലൂടെയാണ് ചിശ്തി, സുഹ്റവർദി, നഖ്ശബന്ദി, ഖാദിരി സരണികൾ ഇന്ത്യയിലെത്തിയത്. ഖാദിരി സരണി തമിഴ്നാടിന്റെ തീരങ്ങളിലെത്തുകയും, ഈ പാരമ്പര്യം കേരളത്തിലെ മുസ്‌ലിം കേന്ദ്രങ്ങളിലെ സൂഫീ സദസ്സുകളിലും സജീവമാവുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ ഖാളി മുഹമ്മദ് (1579-1615) രചിച്ച മുഹ്‌യിദ്ദീൻ മാല (1607) ആണ് കണ്ടെടുക്കപ്പെട്ടതിൽ വച്ച് ആദ്യത്തെ മാപ്പിളപ്പാട്ട്. മുഹ്‌യിദ്ദീൻ ശൈഖിന്റെ അപദാനങ്ങളാണ് ഇതിലെ ഉള്ളടക്കം എന്നത് മാപ്പിളമാർക്കിടയിലെ ഖാദിരി സൂഫീ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നത്.
നൂൽമാല (1785) ഈ ഖാദിരി സൂഫീ സരണിയുടെ സ്ഥാപകനായ ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനിയുടെ അപദാനങ്ങളെ പ്രകീർത്തിക്കുന്ന ഭക്തി കാവ്യമാണ്. ഈ കൃതിയിലെ വരികൾ, സാധാരണക്കാർക്ക് മനസ്സിലാക്കിയെടുക്കാനാകാത്ത, പണ്ഡിതന്മാർക്കു പോലും അപ്രാപ്യമായ, സൂഫീ ദർശനത്തിന്റെ പൊരുളുകൾ ഉൾക്കൊള്ളുന്നതും, കവിയുടെ ആഴമേറിയ ആത്മീയ ദാഹത്തെ പ്രതിഫലിക്കുന്നതുമാണ്. സാധാരണക്കാർക്ക് അപ്രാപ്യമായ അഗാധ ജ്ഞാനങ്ങളെ അറിഞ്ഞ, ഭൂമണ്ഡലത്തിൽ ഇരുൾ നീക്കി, പ്രഭയോടുകൂടി, ജനങ്ങളെ വിധിപ്രകാരം വഴികാട്ടിയ 'ആ ശൈഖിനെ നേരിൽ കാണുന്നതെന്നാണ്' കാവ്യത്തിന്റെ ആത്യന്തികമായ ആവിഷ്കാരം. മതപരമായ അറിവുകളെയും സൂഫീ ചിന്തകളെയും ജനകീയമായ കാവ്യഭാഷയിലൂടെ സാധാരണക്കാർക്കിടയിൽ എത്തിക്കുന്നതിൽ കുഞ്ഞായിൻ മുസ്‌ലിയാർ വിജയിച്ചു.
നൂൽമാല, മുഹ്‌യിദ്ദീൻ മാല പോലുള്ള മാലപ്പാട്ടുകൾ സൂഫീ സാങ്കേതിക പദങ്ങളെ പോലും സാമാന്യ ജനത്തിന് പരിചിതമാക്കാൻ സഹായകമായി. അറബി കീർത്തനങ്ങൾ പണ്ഡിതന്മാർക്കിടയിൽ പ്രചരിച്ചപ്പോൾ, അറബിമലയാള രചനകൾ സാധാരണക്കാർക്കിടയിൽ സ്വീകരിക്കപ്പെട്ടു. മുഹ്‌യിദ്ദീൻ മാലയിൽ "കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ / കാണ്മാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ" എന്ന തരത്തിലുള്ള തെളിഞ്ഞ നാട്ടുഭാഷ ഉപയോഗിച്ചത് സാമാന്യ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി കാണാവുന്നതാണ്. 1663-ൽ കൊച്ചി രാജാവ് ഡച്ചുകാരുമായി തയ്യാറാക്കിയ ഉടമ്പടി പോലും അവ്യക്തവും ക്ലിഷ്ടവുമായ ഘടനയിൽ രേഖപ്പെടുത്തിയ സാഹചര്യത്തിൽ, അതിനും 56 വർഷം മുമ്പ് മുഹ്‌യിദ്ദീൻ മാല തെളിഞ്ഞ മലയാളം ഉപയോഗിച്ചത്, രാജഭാഷയേക്കാൾ ആധുനികവും ജനകീയവുമായ ഒരു ശൈലിയാണ് മാലപ്പാട്ടുകാർ വിഭാവനം ചെയ്തതെന്നതിന്റെ തെളിവാണ്.
നർമ്മരസം, തത്ത്വചിന്ത, ഭക്തി എന്നിവയെ ഒരുപോലെ കോർത്തിണക്കിയ കുഞ്ഞായിൻ മുസ്‌ലിയാർ മാപ്പിള സാഹിത്യത്തിന്റെ വളർച്ചയിൽ ഒരു നിർണ്ണായക സ്വാധീനമായി ഇന്നും നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ കൃതികളിലെ 'വമ്പ്' എന്ന പേരിലറിയപ്പെടുന്ന പ്രാരംഭ ഗദ്യരൂപം പോലും പിൽക്കാല മാപ്പിള കവികൾക്ക് മാതൃകയായി. നൂൽമാല, തമിഴ് വഴക്കത്തെ പിന്തുടർന്ന് മുഹ്‌യിദ്ദീൻ മാലയെ അനുകരിക്കാതെ, ഭാഷയിലും ശൈലിയിലും വ്യത്യസ്തത പുലർത്തി. ഈ കാവ്യം, മാപ്പിളമാരുടെ സാംസ്കാരിക ചരിത്രത്തിലെ സൂഫീ സ്വാധീനം, ഭാഷാപരമായ സങ്കരത്വം, ആധ്യാത്മിക ദർശനം എന്നിവയുടെയെല്ലാം സൂക്ഷ്മമായ പാഠങ്ങളെയാണ് അവതരിപ്പിക്കുന്നത്. കുഞ്ഞായിൻ മുസ്‌ലിയാർ തുടങ്ങിവച്ച ഭാഷാ ഘടനയിലൂടെയാണ് ദീർഘകാലം മാപ്പിളപ്പാട്ട് സഞ്ചരിച്ചത് എന്ന വസ്തുത, നൂൽമാലയുടെ ചരിത്രപരവും സാഹിത്യപരവുമായ മൂല്യം വർദ്ധിപ്പിക്കുന്നു. മാപ്പിള സാഹിത്യ ഗവേഷകരിൽ കുഞ്ഞായിൻ മുസ്‌ലിയാരുടെ ആദ്യ കൃതിയായ നൂൽമദ്ഹും അവസാന കൃതിയായ നൂൽമാലയും തമ്മിൽ ഒരു കാലത്ത് ധാരണപ്പിശകുകൾ നിലനിന്നിരുന്നു. 1978-ൽ പുറത്തിറങ്ങിയ 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം' എന്ന കൃതിയിൽ പോലും ഇവ രണ്ടും ഒന്നായാണ് മനസ്സിലാക്കിയിരുന്നത്. എന്നാൽ, 1980 മാർച്ച് 31-ന് മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്തുള്ള ഒരു വീട്ടിൽ നിന്ന് അറബിമലയാളത്തിലുള്ള നൂൽമാലയുടെ കൈയെഴുത്തു പ്രതി കെ.കെ മുഹമ്മദ് അബ്‌ദുൽ കരീമിന് ലഭിച്ചതോടെ ഈ ആശയക്കുഴപ്പിന് വിരാമമായി.
തുടർന്ന്, കെ.കെ കരീം മലയാള ലിപിയിലേക്ക് ഭാഷാന്തരം ചെയ്ത ഈ കൃതി, ഡോ. പി. സക്കീർ ഹുസൈന്റെ ശ്രമഫലമായി നൂൽ മാല മൊഴിയും പൊരുളും എന്ന പഠനത്തോടു കൂടി 2015-ൽ പ്രസിദ്ധീകരിച്ചു. ഈ സംരംഭം നൂൽ മദ്ഹും നൂൽ മാലയും തമ്മിലുണ്ടായിരുന്ന ധാരണപ്പിശകുകളെ പരിഹരിക്കുന്നതിൽ നിർണ്ണായകമായി. അങ്ങനെ, പതിനെട്ടാം നൂറ്റാണ്ടിലെ മാപ്പിള സാഹിത്യത്തിലെ ഈ സുപ്രധാന ദാർശനിക കാവ്യം അതിന്റെ തനതായ ഭാഷാപരവും ആധ്യാത്മികപരവുമായ പ്രത്യേകതകളോടെ സാഹിത്യലോകത്തിന് ലഭ്യമായി.



Leave A Comment