മഹ്മൂദ് ദർവീശ്: ഫലസ്തീൻ പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ത്ത കവി

പാബ്ലോ നെരൂദയെ പോലെ, ഇരുപതാം നൂറ്റാണ്ടിലെ മഹാകവികളിലൊരാളാണ് മഹമൂദ് ദർവീഷ്. ഫലസ്തീനിയൻ കവിയും എഴുത്തുകാരനുമായിരുന്ന അദ്ദേഹത്തിന്റെ കാവ്യാലാപനം കേള്‍ക്കാന്‍ പതിനായിരങ്ങള്‍ കൂടുമായിരുന്നു. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

ഏദന്റെ നഷ്ടം, ജനനം, പുനരുത്ഥാനം, നാടുകടത്തലിന്റെ വേദന എന്നിവയുടെ പ്രതീകമായാണ് ദർവീഷ് മുഖ്യമായും തന്റെ കവിതകളിലൂടെ ഫലസ്തീനെ അവതരിപ്പിച്ചത്. പലസ്തീനിലെ നിരവധി സാഹിത്യ മാസികകളുടെ എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

1941-ൽ ഗലീലിയിലെ അൽ-ബിർവേ ഗ്രാമത്തിലായിരുന്നു ദര്‍വീശിന്റെ ജനനം. 1948-ലെ നക്ബയുടെ ഭാഗമായി ഇസ്രായേൽ സൈന്യം ആ ഗ്രാമം തകർത്തപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ലെബ്നാനിലേക്ക് പലായനം ചെയ്തു. ശേഷം അതേ കുറിച്ച് ദര്‍വീശ് പറഞ്ഞത് ഇങ്ങനെയായിരുന്നു, "ഒരു വിനാശകരമായ നിമിഷത്തില്‍, ഒരു ധീരനായ കള്ളനെപ്പോലെ ചരിത്രം ഒരു വാതിലിലൂടെ കടന്നുപോയി, ഒരു ജനവാതിലിലൂടെ വര്‍ത്തമാനവും കടന്നുപോയി". 
ഒരു വർഷത്തിനുശേഷം, അവർ സ്വന്തം ഗ്രാമത്തിൽ താമസിക്കാൻ തിരിച്ചെത്തിയെങ്കിലും അതിന്റെ അവശിഷ്ടങ്ങളിൽ കാണാനായത് ഒരു യഹൂദന്റെ വീട് വെച്ചതായിരുന്നു. അതോടെ അവർ സ്വന്തം നാട്ടിലെ ഒരു ഗ്രാമത്തിൽ അഭയാർത്ഥികളായി മാറി. ഏറെ സമ്പന്നനായ പിതാവിന് അതോടെ നിത്യജീവിതത്തിനായി ഒരു കർഷകത്തൊഴിലാളിയാകേണ്ടിയും വന്നു. 
എട്ടാമത്തെ വയസ്സിലാണ് ദര്‍വീശ് തന്റെ ആദ്യ കവിത (ഒരു രാഷ്ട്രീയ കവിത) പാരായണം ചെയ്തത്. പതിനേഴ് വയസ്സ് ആയപ്പോഴേക്കും ഒരു കവി എന്ന നിലയിൽ പൊതുശ്രദ്ധ നേടുകയും ചെയ്തു. ക്ലാസിക്കൽ അറബിക് ശൈലിയിൽ എഴുതുന്ന രാഷ്ട്രീയ കവിയെന്ന നിലിയിൽ അദ്ദേഹത്തിന്റെ കവിതകളധികവും നഖ്ബയുമായി ബന്ധപ്പെട്ടതാണ്. 
1960-ൽ ദർവീശ് തന്റെ ആദ്യ കവിതാസമാഹാരമായ "അസാഫിർ ബിലാ അജ്നിഹ" ("ചിറകില്ലാത്ത പക്ഷികൾ") പ്രസിദ്ധീകരിച്ചു, അന്ന് അദ്ദേഹത്തിന് 19 വയസ്സായിരുന്നു പ്രായം. അറബിയിൽ എഴുതുന്ന പുതിയ തലമുറയിലെ കവികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, പാരീസ് കവിയായ ആർതർ റിംബോഡിനെപ്പോലുള്ളവരുടെ കവിതകളിൽ അദ്ദേഹം ആകൃഷ്ടനായി. തുടര്‍ന്നങ്ങോട്ടുള്ള 40 വർഷം കാവ്യസപര്യയുടെ നാളുകളായിരുന്നു. മാതളനാരകം, പ്രാവ്, ഗസൽ, ഒലിവ്, ഉപ്പ്, രക്തം, പ്രണയം, കാമം, ജറുസലേം, ഡമാസ്കസ്, അൻഡലൂഷ്യ, മരങ്ങൾ, ചിത്രശലഭങ്ങൾ, നദികൾ, കാപ്പി, ഓർമ്മകൾ, സ്വപ്നങ്ങൾ, വീട്, റൈഫിളുകൾ, ടാങ്കുകൾ, വിലാപം എന്നിങ്ങനെ അദ്ദേഹം എഴുതിയതെല്ലാം അസാധാരണമാം വിധം സമൃദ്ധവും ഉജ്ജ്വലവുമായിരുന്നു.
 
1965-ൽ തന്റെ ഇരുപതിനാലാം വയസ്സിൽ, ഒരു സിനിമയിൽ അവതരിപ്പിച്ച ഐഡി കാർഡ് എന്ന കവിത, അറബ് ലോകത്ത് ഒരു വികാരമായി മാറി. ഒരു ഇസ്രായേലി പോലീസ് ഉദ്യോഗസ്ഥനെ അഭിസംബോധന ചെയ്യുന്നതായിരുന്നു അത്. അതോടെ അദ്ദേഹം ഇസ്‍റാഈലിന്റെ നോട്ടപ്പുള്ളിയായി മാറി. ഒരു ദശാബ്ദക്കാലം ഹൈഫ വിട്ടുപോകുന്നതിൽ നിന്ന് ഇസ്റാഈല്‍ അദ്ദേഹത്തെ വിലക്കിയിരുന്നു. 1967 മുതല്‍ മൂന്ന് വര്‍ഷം അദ്ദേഹം വീട്ട് തടങ്കലിലായിരുന്നു എന്ന് തന്നെ പറയാം. അതിനിടയില്‍ അദ്ദേഹം അതിന് സംഗീതം നൽകുകയും ജനകീയ പ്രതിഷേധ ഗാനമായി അത് മാറുകയും ചെയ്തു. 
ദര്‍വീശിന്റെ പല കവിതകളും ഫലസ്തീനികളുടെ ആവേശവും അവരുടെ പോരാട്ടത്തിന്റെ മുഖമുദ്രകളുമായി മാറിയിരുന്നു. അവയിലൊന്ന് ഇങ്ങനെ വായിക്കാം,
"ഞങ്ങളുടെ മണ്ണിനെ വിട്ടേക്കുക..
ഞങ്ങളുടെ കരയും കടലും വിട്ട് തരിക..
ഞങ്ങളുടെ ഉപ്പും അന്നവും മുറിവുകളും..
എല്ലാം ഞങ്ങള്‍ക്ക് വിട്ട് തരിക..
ഓര്‍മ്മകളുടെ ഓര്‍മ്മകള്‍ പോലും"

വൈകാതെ ദര്‍വീശ് ഇസ്രായേലി കമ്മ്യൂണിസ്റ്റ് പാർട്ടിയായ റാക്കയിൽ ചേർന്നു. അദ്ദേഹത്തിന്റെ കൃതി ആദ്യം പ്രസിദ്ധീകരിച്ചത് അതിന്റെ സാഹിത്യ ജേണലായ അൽ ജദീദിലാണ്. താമസിയാതെ അദ്ദേഹം അതിന്റെ എഡിറ്ററായി. ദർവീഷ് മികച്ച രീതിയിൽ ഹീബ്രു സംസാരിക്കുകയും നെരൂദ, ഫെഡറിക്കോ ഗാർസിയ ലോർക്ക തുടങ്ങിയ കവികളെ ആ ഭാഷയിൽ പരിചയപ്പെടുത്തുകയും ചെയ്തു. 

മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഒരു വർഷം പഠിക്കാനായി, 1970-ൽ അദ്ദേഹം ഹൈഫ വിട്ട് റഷ്യയിലേക്ക് പോയി. ശേഷം ഈജിപ്തിലും പിന്നീട് ലെബനാനിലും എത്തിയ അദ്ദേഹം അവിടെ വെച്ച് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിൽ (പിഎൽഒ) ചേരുകയും 1982 ലെ ഇസ്രായേൽ അധിനിവേശം വരെ അവിടെ താമസിക്കുകയും ചെയ്തു. 1993-ൽ, പിഎൽഒയും ഇസ്രായേലും തമ്മിലുള്ള ആദ്യ ഓസ്ലോ ഉടമ്പടിയിൽ പ്രതിഷേധിച്ച് പിഎൽഒയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ദർവീശ് രാജിവച്ചു.
2000-ൽ, അന്നത്തെ ഇസ്രയേലിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന യോസി സരിദ്, ദർവീശിന്റെ രണ്ട് കവിതകൾ ഇസ്രായേലി ഹൈസ്കൂൾ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. 
2008 ആഗസ്ത് 9-ന്, യു.എസ് സംസ്ഥാനമായ ടെക്സാസിൽ ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം അറുപത്തിയേഴാം വയസ്സിൽ ദർവീശ് മരണപ്പെട്ടു. റാമല്ലയിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമസ്ഥലം ഒരുക്കിയത്. മഹാകവിയെ ആദരിക്കുന്നതിനായി ഫലസ്തീനികൾ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter