പാലക്കൽ കുഞ്ഞാലൻ കുട്ടി മുസ്‍ലിയാര്‍

കേരള ഉമ്മത്തിന്  വൈജ്ഞാനിക വെളിച്ചം പകര്‍ന്ന മഹാ പണ്ഡിതനാണ്  കുഞ്ഞാലൻ കുട്ടി മുസ്‍ലിയാർ. പാലകത്ത് മൊയ്‌ദീൻ കുട്ടി മുസ്‍ലിയാരുടെയും പുളിക്കത്തൊടി സഫിയയുടെയും മകനായി 1876 ലായിരുന്നു ജനനം. പ്രമുഖരായ പല പണ്ഡിതന്മാരുടെ ആശീർവാദവും അനുഗ്രഹവും നേടുകയും കേരളീയ വിദ്യാഭ്യാസ രംഗത്ത് പല വിപ്ളവങ്ങൾ സൃഷ്ടിക്കുകയും ചെയ്താണ് ആ ജീവിതം കടന്നുപോയത്. 

പിതാവിൽ നിന്ന്  തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ശേഷം പല പള്ളി ദര്‍സുകളിൽനിന്നും മതവിഷയവും അറബി, ഉറുദു, തമിഴ്, ഫാരിസി, ഇംഗ്ലീഷ്  തുടങ്ങിയ വിവിധ ഭാഷകളിൽ നൈപുണ്യവും നേടി. ശേഷം ഉപരിപഠനാർത്ഥം ദക്ഷിണേന്ത്യയിലെ പ്രശസ്ത കോളേജുകളിൽ ഒന്നായ മദ്രാസിലെ ജലാലിയ്യ ഇസ്‍ലാമിക് കോളേജിൽ ചേര്‍ന്നു. ജലാലിയ്യയിലെ പഠന ശേഷം കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം വ്യത്യസ്ത ദര്‍സുകളിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.  തെക്കൻ കേരളത്തിലായിരുന്നു ആദ്യകാലം ജോലി ചെയ്തത്. പിന്നീട് മൂർക്കനാട് പള്ളിയിൽ അന്നത്തെ മുദരിസ് മയ്യടിത്തൊടി മുഹമ്മദ് മുസ്‍ലിയാരുടെ പകരക്കാരനായി സേവനം ഏറ്റെടുത്തു. 

ഭാഷാപ്രാവീണ്യവും സാഹിത്യരചനയും


ബഹുഭാഷാ പണ്ഡിതനായിരുന്നു കുഞ്ഞാലൻ കുട്ടി മുസ്‍ലിയാർ. മദ്രാസിൽ പോയതുകൊണ്ടുതന്നെ ബഹുഭാഷയിൽ താല്പര്യം കാണിക്കുകയും അറബി, ഉറുദു, പേര്‍ഷ്യന്‍, തമിഴ്, ഇംഗ്ലീഷ്  തുടങ്ങിയ ഭാഷകൾ അദ്ദേഹം നന്നായി കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ഭാഷകളുമായി ബന്ധപ്പെട്ട ഒരുപാട് രചനകളും പുസ്തകങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സാഹിത്യത്തിൽ കൂടുതൽ താല്പര്യം ഉള്ളതുകൊണ്ടുതന്നെ മലബാറിലെ പ്രശസ്ത മാഗസിനുകൾ അദ്ദേഹം മുടങ്ങാതെ വരുത്തുകയും വായിക്കുകയും ചെയ്തിരുന്നു. ഭാഷയുമായി ബന്ധപ്പെട്ടു നിരവധി നിഘണ്ടുകളും വ്യാകരണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. സമന്വയ വിദ്യാഭാസത്തിൽ വളരെയധികം താല്പര്യം കാണിച്ചിരുന്ന മഹാനായിരുന്നു അദ്ദേഹം.

ആദർശ തൂലിക


ഇരുപതാം നൂറ്റാണ്ടിലെ കേരളക്കര കണ്ട സംവാദങ്ങൾക്കും രചനകൾക്കും ഇദ്ദേഹം സാക്ഷിയായിരുന്നു. 1930 മുതൽ 1950 വരെയുള്ള ആദർശ വിഷയങ്ങളിൽ അദ്ദേഹത്തിന്റേതായി അനേകം ലേഖനങ്ങൾ ഉണ്ട്. കാര്യങ്ങളെ യുക്തിപരമായും പ്രമാണപരമായുമായിരുന്നു ഇദ്ദേഹം നേരിട്ടത്. തന്റെ രചനയിലും സംവാദവേദിയിലും അഹ്ലുസ്സുന്നയുടെ പാത വളരെ കൃത്യമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് വലിയ പാടവമായിരുന്നു. 

അറബി മലയാളത്തിന്റെ ആവശ്യകത, സ്ത്രീവിദ്യാഭ്യാസം, അധ്യാപനജോലിയുടെ മഹത്വം, ഇസ്‍ലാം മതത്തിന്റെ പ്രമാണങ്ങൾ, ഇജ്ത്തിഹാദും തഖ്‌ലീദും, വേദങ്ങൾ എന്നിവയായിരുന്നു തന്റെ രചന വിഷയങ്ങൾ. അറബി മലയാളത്തിന്റെ ആവശ്യകതയുടെ വിഷയത്തിലെ തന്റെ ലേഖനങ്ങൾ വളരെയധികം പ്രശസ്തി നേടിയിരുന്നു. സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി രചനകൾ പ്രസിദ്ധികരിക്കപ്പെട്ടിരുന്നു

സ്ത്രീ വിദ്യാഭ്യാസം


വൈജ്ഞാനിക പുരോഗതിയെന്നോണം,  സ്ത്രീ വിദ്യാഭ്യാസത്തിൽ ഒരുപാട് സംഭാവനകളും നവോത്ഥാനങ്ങളും കൊണ്ടുവന്നിരുന്നു കുഞ്ഞാലൻ കുട്ടി മുസ്‍ലിയാർ. തന്റെ നവോത്ഥാനങ്ങൾ മൂലം,  ചാലിലകത്ത്കുഞ്ഞഹമ്മദ്‌ ഹാജിയുടെ പിൻഗാമിയെന്ന് വരെ അദ്ദേഹം വിശേഷിക്കപ്പെട്ടിരിന്നു.  1938ൽ, സ്ത്രീവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അൽ ഇല്മ് എന്ന പേരിൽ അദ്ദേഹം ഒരു ലേഖനം രചിച്ചിരുന്നു. അദ്ദഹം അതിൽ ഇപ്രകാരം സമർത്ഥിക്കുന്നു "വിദ്യാഭ്യാസം മനുഷ്യന്റെ ഐഹികവും പാരത്രികവുമായ വിജയത്തിന്റെ അഭിവാജ്യ ഘടകമാണ്. വിദ്യാഭ്യാസത്തിൽ പുരുഷനെയും സ്ത്രീയെയും വേർതിരിക്കുന്നതായി സമർത്ഥിക്കുന്ന ഒരു രേഖയും ഇല്ല തന്നെ.”

ഇത്തരത്തിൽ മുസ്‍ലിം ഉമ്മത്തിന്റെ ക്ഷേമത്തിനും വളർച്ചക്കും വേണ്ടി സമര്‍പ്പിച്ചതായിരുന്നു ആ ജീവിതം. 1956 ൽ ആ വിശുദ്ധാത്മാവ് അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter