ഇസ്‌ലാമോഫോബിയയെക്കുറിച്ച് ഗവേഷണ പഠനം പുറത്തിറക്കി ഖത്തർ യൂണിവേഴ്‌സിറ്റി

ഖത്തർ യൂണിവേഴ്‌സിറ്റി (ക്യു.യു) ജേണൽ ഓഫ് സയന്റിഫിക് റിസർച്ച് ഇസ്‌ലാമോഫോബിയയെ കുറിച്ച് പഠനം പ്രസിദ്ധീകരിച്ചു. “ഇസ്‌ലാമോഫോബിയയും അതിന്റെ മതപരവും സാംസ്കാരികവുമായ വേരുകൾ പാശ്ചാത്യലോക പശ്ചാത്തലത്തിൽ” എന്ന വിഷയത്തിലാണ് ക്യു.യുവിലെ ഇബ്ൻ ഖൽഡൻ സെന്റർ ഫോർ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസറും ഗവേഷകനുമായ ഡോ. ബദ്‌റാൻ ബെൻലെഹ്‌സി ജേണൽ പ്രസിദ്ധീകരിച്ചത്. ഇസ്‌ലാമോഫോബിയ എന്ന പ്രതിഭാസത്തെ മനസ്സിലാക്കുന്നതിനും അതിനെ ചെറുക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായാണ് ഗവേഷണ പ്രബന്ധത്തെ അവതരിപ്പിച്ചത്.

ഇസ്‌ലാമോഫോബിയ എന്ന പ്രതിഭാസത്തെ സമഗ്രമായി മനസ്സിലാക്കുക, ഇസ്‌ലാമിനെക്കുറിച്ചുള്ള സാംസ്‌കാരിക, മത, ബൗദ്ധിക പാശ്ചാത്യ വീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, ആഗോള നാഗരിക സഹകരണത്തിനും സഹവർത്തിത്വത്തിനും വേണ്ടി ശാസ്ത്രീയവും യാഥാർത്ഥ്യബോധമുള്ളതുമായ ധാരണ വളർത്തിയെടുക്കുക എന്നിവയാണ് ഗവേഷണ പ്രബന്ധം ലക്ഷ്യമിടുന്നത്.

ഇസ്‌ലാമോഫോബിയ, സമകാലിക വ്യവഹാരത്തിൽ ഉയർന്നുവന്ന ഒരു പദമാണ്. ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരായ അകാരണമായ ഭയം, വിദ്വേഷം, വിവേചനം എന്നിവയെ സൂചിപ്പിക്കുന്നതാണ് ഇസ്‌ലാമോഫോബിയ എന്ന പദം. ഇസ്‌ലാമിനെക്കുറിച്ചുള്ള ഭയത്തിനും മുസ്‌ലിംകളോടുള്ള വിരോധത്തിനും ചരിത്രപരമായ ഉത്ഭവമുണ്ടെങ്കിലും, 1997-ൽ ബ്രിട്ടീഷ് സർക്കാരിതര സംഘടനയായ ‘ദ റണ്ണിമീഡ് ട്രസ്റ്റ്’ പ്രസിദ്ധീകരിച്ച “ഇസ്‌ലാമോഫോബിയ: എ ചലഞ്ച് ഫോർ അസ് ഓൾ” എന്ന റിപ്പോർട്ടിന്റെ പ്രസിദ്ധീകരണത്തോടെ “ഇസ്‌ലാമോഫോബിയ” എന്ന പദത്തിന് പ്രാധാന്യം ലഭിച്ചത്. ഇസ്‌ലാമിനെ പാശ്ചാത്യരേക്കാൾ താഴ്ന്നതായി കാണുന്നത്, പ്രാകൃതമായി കാണുന്നത്, യുക്തിരഹിതവും ലിംഗവിവേചനപരവും ആക്കുന്നത്, അക്രമാസക്തവും ഭീകരതയെ പിന്തുണയ്ക്കുന്നവരും ആയി ചിത്രീകരിക്കുന്നത് തുടങ്ങിയ വിഷയങ്ങൾ പ്രബദ്ധത്തിൽ പഠനവിധേയമാക്കിയിട്ടുണ്ട്.

2001 സെപ്തംബർ 11-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണ സംഭവങ്ങൾ ഇസ്‌ലാമോഫോബിയയുടെ ആഗോള വ്യാപനത്തെ കൂടുതൽ തീവ്രമാക്കി. ഇത് മറ്റ് രാഷ്ട്രങ്ങളുമായും ജനങ്ങളുമായും പ്രത്യേകിച്ച് പടിഞ്ഞാറൻ രാജ്യങ്ങളുമായി അർത്ഥവത്തായ ബന്ധം സ്ഥാപിക്കുന്നതിൽ മുസ്ലീങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. എന്നിരുന്നാലും, ഇസ്‌ലാമോഫോബിയ ഈ സംഭവങ്ങളുടെ ഒരു ഉൽപ്പന്നമല്ലെന്നും മറിച്ച് വിവിധ മതപരവും സാംസ്കാരികവും നാഗരികവുമായ ഘടകങ്ങളാൽ നിലനിൽക്കുന്ന ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ അടിത്തറയുണ്ടെന്ന് ഡോ. ബദ്‌റാൻ ബെൻലെഹ്‌സി അഭിപ്രായപ്പെടുന്നു.

ഇസ്‌ലാമിനെക്കുറിച്ചുള്ള പാശ്ചാത്യ ഭാവനകൾ കാരണം വെറുപ്പ് പടർത്തുന്ന മനോഭാവം പാശ്ചാത്യ സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യാപിച്ചു. ഇത് ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ഏറ്റുമുട്ടുന്ന സമീപനത്തിലേക്ക് നയിച്ചു. പാശ്ചാത്യർ ഇസ്‌ലാമിനെ മനസ്സിലാക്കുന്നതിനുപകരം നിയന്ത്രിക്കാൻ ശ്രമിച്ചു. ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും കുറിച്ച് ചർച്ച ചെയ്യുമ്പോൾ കൃത്യമായ ഡാറ്റയുടെയും നിഷ്പക്ഷ വിശകലനത്തിന്റെയും പ്രാധാന്യവും ഗവേഷണ പ്രബന്ധം എടുത്തുകാണിക്കുന്നു. അനുമാനങ്ങൾ, മുൻവിധിയുള്ള ആശയങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവയെ ആശ്രയിക്കുന്നത് സ്റ്റീരിയോടൈപ്പുകൾ ശാശ്വതമാക്കുകയും ഇസ്‌ലാമോഫോബിയയുടെ ശാശ്വതീകരണത്തിന് സംഭാവന നൽകുകയും ചെയ്യുന്നെന്ന് ജേണൽ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter