റബീഅ് - ഹൃദയ വസന്തം 05. മുഹമ്മദപ്പേരിനിതാ നമശ്ശതം

മുഹമ്മദ്, വീണ്ടും വീണ്ടും സ്തുതിക്കപ്പെട്ടവന്‍, സതുതിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നവന്‍ എന്നെല്ലാം അര്‍ത്ഥം പറയാം ആ പദത്തിന്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന നാമമാണ് അത്. 

പ്രവാചകര്‍ക്ക് ആ നാമം വെക്കുമ്പോള്‍ അത് വരെയുള്ള ജനതക്ക് തീര്‍ത്തും അപരിചിതമായിരുന്നു അത്. അഹ്മദ് എന്ന് പേരുള്ളവര്‍ ചിലരെങ്കിലും ഉണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാം. മുന്‍വേദങ്ങളില്‍ പറയപ്പെട്ട നാമമായതിനാല്‍, തന്റെ മകന്‍ ആ പ്രവാചകനാവണം എന്ന് ആഗ്രഹിച്ച് മക്കള്‍ക്ക് അഹ്മദ് എന്ന പേര് നല്കിയവരായിരുന്നു അധികപേരും. അതേ സമയം, മുഹമ്മദ് എന്ന നാമം എവിടെയും പ്രതിപാദിക്കപ്പെടാത്തത് കൊണ്ട് തന്നെ അത് വരെ അത് പരിചിതമേ ആയിരുന്നില്ല, അഹ്മദ് ഉപയോഗിച്ചത് പോലെ ആരും ആ പേര് ഉപയോഗിച്ചതുമില്ല. 

പ്രവാചകരുടെ ജനനത്തെ തുടര്‍ന്നുള്ള കര്‍മ്മങ്ങളുടെ ഭാഗമായി, പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് ആണ് ആ പേര് വെക്കുന്നത്. സ്വപ്നങ്ങളിലൂടെ പിതാമഹനും മാതാവിനും കുഞ്ഞിന് മുഹമ്മദ് എന്ന പേര് വെക്കണമെന്ന് നിര്‍ദ്ദേശങ്ങളുണ്ടായിരുന്നുവെന്നാണ് പണ്ഡിതമതം. കുഞ്ഞുമോന്റെ നാമകരണ കര്‍മ്മം കഴിഞ്ഞ ശേഷം പലരും അബ്ദുല്‍ മുത്വലിബിനോട് ചോദിക്കുന്നുണ്ട്, എന്ത് പേരാണ് അങ്ങ് വെച്ചതെന്ന്. മുഹമ്മദ് എന്ന് മറുപടി പറഞ്ഞപ്പോള്‍, നമ്മുടെ പിതാക്കന്മാരുടെ പരിചിതമായ നാമങ്ങളെന്തേ ഒഴിവാക്കിയതെന്നും അപരിചിതമായ ഇത്തരം ഒരു നാമം വെച്ചതെന്തേ എന്നും അവര്‍ തിരിച്ച് ചോദിക്കുന്നതും കാണാം. ഭൂലോകത്തുള്ളവരെല്ലാം ഈ കുഞ്ഞിനെ സ്തുതിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അത് കൊണ്ടാണ് ഇങ്ങനെ ഒരു പേര് വെച്ചതെന്നും അദ്ദേഹം അതിന് മറുപടിയും പറയുന്നുണ്ട്.

ആ പ്രവാചകരുടെ ജനനവും ജീവിതവുമെല്ലാം കൃത്യമായി സംവിധാനിക്കപ്പെട്ടതാണെന്നതിന്റെ മറ്റൊരു തെളിവാണ് ആ നാമവും. ആക്ഷേപിക്കുന്നവര്‍ പോലും, ആ പേര് പറയുമ്പോള്‍, ഏറ്റവും സ്തുതിക്കപ്പെട്ടവന്‍ എന്ന് അറിയാതെ പറഞ്ഞുപോവുന്നതാണ് നാം കാണുന്നത്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും കൂടുതല്‍ സ്തുതിക്കപ്പെട്ടതും ഓരോ നിമിഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ ഭാഷകളിലും എഴുത്തുകളിലും പറച്ചിലുകളിലും മനനങ്ങളിലുമായെല്ലാം സ്തുതിക്കപ്പെട്ടുകൊണ്ടേയിരിക്കുകയും ചെയ്യുന്നത് ആ പ്രവാചകര്‍ തന്നെയാണ്. താങ്കളുടെ കീര്‍ത്തിയെ നാം ഉന്നതമാക്കിയിരിക്കുന്നു എന്ന ഖുര്‍ആന്‍ വചനവും ഇത് തന്നെയാണ് പറയുന്നത്.

ആലോചിക്കുംതോറും അല്‍ഭുതാവഹം തന്നെ. പ്രവാചകരുടെ ഗുണഗണങ്ങളെണ്ണിപ്പറഞ്ഞ ശേഷം, മലായളത്തിന്റെ മഹാകവി വള്ളത്തോള്‍ പറഞ്ഞുവെച്ചത് നമുക്കും പറയാം, 

അഹര്‍മുഖപ്പൊന്‍കതിര്‍പോലെ പോന്നവന്‍
മുഹമ്മദപ്പേരിനിതാ നമശ്ശതം
 
അറിയാം നമുക്കാ വ്യക്തിത്വത്തെ... സ്നേഹിക്കാം ആ പ്രവാചകരെ...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter