തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe
അൻവാറുതൻസീൽ വ അസ്റാറുത്തഅവീൽ എന്നാണ് പേരെങ്കിലും തഫ്സീറുൽ ബൈളാവി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. വിജ്ഞാന മണ്ഡലത്തിലെ മഹാവിസ്ഫോടനമായിരുന്ന ഇമാം ബൈളാവി(റ)യാണ് ഇതിൻറെ രചയിതാവ്.
ഉസ്മാനിയ്യ ഖിലാഫത്ത് കാലം മുതൽ തന്നെ അവരുടെ സിലബസുകളിൽ ഇടം പിടിച്ച തഫ്സീറുൽ ബൈളാവി ഇന്നും ലോകത്തെ സർവ്വകലാശാലകളിലും ദർസുകളിലും ഏറെ പ്രാധാന്യത്തോടെ പഠിപ്പിക്കപ്പെടുന്നു. അർത്ഥഗർഭമായ വാക്കുകളും അതിവിശാലമായ ആശയങ്ങളും കൊണ്ട് മറ്റു തഫ്സീറുകളിൽ നിന്ന് തഫ്സീറുൽ ബൈളാവി വ്യതിരിക്തമാകുന്നു. ഓരോ ഖണ്ഡികയിൽ നിന്നും പർവതസമാനമായ ആശയങ്ങളാണ് ഇത് സൂക്ഷ്മമായി ഓതുന്നയാൾക്ക് കണ്ടെടുക്കാൻ സാധ്യമാകുന്നത്.
അവലംബം
തഫ്സീറുൽ ബൈളാവിയുടെ അവലംബവുമായി ബന്ധപ്പെട്ട രണ്ട് വീക്ഷണങ്ങളാണ് പണ്ഡിതലോകത്ത് സജീവമായി നിലനിൽക്കുന്നത്. ഒന്ന്, ഇത് സമഖ്ശരി ഇമാമിൻറെ തഫ്സീർ അൽകശ്ശാഫിന്റെ സംക്ഷിപ്തരൂപമാണ് എന്നതാകുന്നു. കശ്ശാഫിൽ അടങ്ങിയിട്ടുള്ള മുഅതസിലി ആശയങ്ങളെ സ്ഫുടം ചെയ്തെടുക്കുക എന്ന മഹത്തായ സേവനമാണ് ഇമാമവർകൾ ചെയ്തിട്ടുള്ളത് എന്നാണ് ഇതിന്റെ ഭാഷ്യം.
രണ്ട്, വ്യത്യസ്ത തഫ്സീറുകളെ അവലംബിച്ച് രചിക്കപ്പെട്ട സ്വതന്ത്ര തഫ്സീർ ഗ്രന്ഥമാണിത് എന്നതാണ്. വ്യാകരണ ശാസ്ത്രത്തിൽ കശ്ശാഫിനെയും ഇൽമുൽ കലാമിൽ തഫ്സീർ അൽറാസിയെയും പദോൽപ്പത്തി ശാസ്ത്രത്തിൽ തഫ്സീർ അൽറാഹിബുൽ ഇസ്ഫഹാനിയെയും അവലംബിച്ചു എന്നതാണ് ഈ പക്ഷക്കാരുടെ വീക്ഷണം.
പ്രാധാന്യം
ഉസ്മാനിയ്യ ഖിലാഫത്തിന്റെ കാലം മുതലേ ഇതിൻറെ പ്രശസ്തി ലോകത്തങ്ങോളമിങ്ങോളം വ്യാപിച്ചിരുന്നു. 200ൽ പരം ഗ്രന്ഥങ്ങൾ പ്രസ്തുത തഫ്സീറുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ടു എന്നത് തന്നെ ഇതിന്റെ മഹത്വത്തെ വിളിച്ചോതുന്നു. ഹാഷിയ രചനയും തഖ്‍രീജും മറ്റുമായി പ്രസ്തുത ഗ്രന്ഥവുമായി ബന്ധപ്പെട്ട് സേവനങ്ങള്‍ ചെയ്ത മഹാന്മാർ ഏറെയാണ്. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള പണ്ഡിതർ വിവിധ രീതിയിൽ ഇതിന് സേവനം ചെയ്യാൻ മത്സരിച്ചു മുന്നേറി.
പ്രഗൽഭരായ പണ്ഡിതർ ഇതിനെ ഓതുകയും വരികൾക്കിടയിലെ ആശയങ്ങൾ പുറത്തെടുക്കുകയും ചെയ്തു. ഇമാം ശഅറാനി പറയുന്നു: ഞാൻ കശ്ശാഫും തഫ്സീർഅൽബൈളാവിയും അതിന്റെ ഹാശിയ നവാഹിദുൽ അബ്കാരും ശൈഖുൽ ഇസ്‍ലാം സകരിയ്യൽ അൻസാരി തങ്ങളിൽ നിന്ന് ഓതി. അല്ലാമാ ഹാജി ഖലീഫ അദ്ദേഹത്തിന്റെ കശ്ഫുള്ളുനൂൻ എന്ന ഗ്രന്ഥത്തിൽ കുറിക്കുന്നത് കാണുക: ശ്രേഷ്ഠരിൽ ശ്രേഷ്ഠരായ പണ്ഡിതരുടെ സ്വീകാര്യത ഈ ഗ്രന്ഥത്തിന് ലഭിക്കുകയുണ്ടായി. അങ്ങനെ അവർ ഇതിന് സേവനം ചെയ്യുന്നതിൽ മുഴുകി. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ ആരിഫീങ്ങൾ ഇതിൻറെ ആഴമേറിയ ആശയങ്ങൾ കണ്ടെടുക്കുകയും ചെയ്തു. പണ്ഡിതലോകം പ്രസ്തുത ഗ്രന്ഥം പഠിപ്പിക്കുന്നതിലും വായിക്കുന്നതിലും മുഴുകിയിരുന്നു.
രീതിശാസ്ത്രം
അറബി വ്യാകരണ ശാസ്ത്രവും പദോൽപത്തിശാസ്ത്രവും കൂടെ ഫിഖ്ഹിന്റെയും അഖീദയുടെയും നിദാനശാസ്ത്രവും ഈ തഫ്സീറിൽ ബൃഹത്തായ രീതിയിലാണ് ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. തർക്ക വിഷയങ്ങളിൽ ഇമാം അവർകൾ അവാന്തര വിഭാഗങ്ങളുടെ അഭിപ്രായം കൊണ്ടുവരികയും ശേഷം ലോക സുന്നി ധാരയുടെ വീക്ഷണം പ്രബലമാക്കുകയും ചെയ്യുന്ന രീതിയാണ് തഫ്സീറിൽ സ്വീകരിച്ചത്.
പ്രത്യേകിച്ചും ഇസ്‍ലാമിനകത്തെ അവാന്തര വിഭാഗങ്ങളായ മുഅതസില, ഖവാരിജ് തുടങ്ങിയ വിഭാഗങ്ങളുടെ വികലവാദങ്ങൾ നഖശിഖാന്തം എതിർക്കുകയും അഹ്‍ലുസ്സുന്നയുടെ ശരിപക്ഷം തെളിവുകളുടെ പിൻബലത്തിൽ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ തഫ്സീറിന്റെ രീതിശാസ്ത്രം. അതോടൊപ്പം വളരെ ചുരുങ്ങിയ സ്ഥലങ്ങളിലാണെങ്കിലും തഫ്സീറുൽഇശാരിയും (സൂചനാവ്യാഖ്യാനം) കൊണ്ടുവന്നതായി കാണാം. തഫ്സീറുൽഇശാരി തെറ്റിദ്ധരിക്കപ്പെടുന്ന പുതിയകാലത്ത് അതിൻറെ തനതായ രീതിയും ഭാവവും മനസ്സിലാക്കിയെടുക്കാൻ ഇത് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. പ്രപഞ്ചവുമായി ബന്ധപ്പെട്ട സൂക്തങ്ങൾ നന്നായി വിശദീകരിക്കുന്ന രീതിയാണ് ഇമാം ബൈളാവി സ്വീകരിച്ചത്. ഇതേ ശൈലിയാണ് മഹാനായ ഇമാം റാസി അദ്ദേഹത്തിൻറെ തഫ്സീർ അൽ റാസിയിലും സ്വീകരിച്ചിട്ടുള്ലത്.
പ്രധാന ആരോപണങ്ങൾ
തഫ്സീറുല്‍ബൈളാവിക്കെതിരെ ചില ആരോപണങ്ങളും കാണാവുന്നതാണ്. ചിലയിടങ്ങളിൽ മുഅ്തസിലി ആശയങ്ങൾ കടന്നു കൂടിയിട്ടുണ്ട് എന്നതാണ് ഒരു ആക്ഷേപം. പക്ഷേ, ഇമാം ബൈളാവി ശുദ്ധ സുന്നി വക്താവായിരുന്നു. എങ്കിലും ഇത് മുഅ്തസിലീ ആശയമടങ്ങിയിട്ടുള്ള ഒരു തഫ്സീറിന്റെ സംക്ഷിപ്തരൂപമായതിനാൽ തന്നെ ചില പിഴവുകൾ സംഭവിക്കുക സ്വാഭാവികമാണല്ലോ. ഇതാണ് മഹാനായ ഇബ്നുഹജർ(റ)നെ പോലുള്ളവരുടെ വിശദീകരണം, അതു തന്നെയാണ് വസ്തുതയും. കാരണം തഫ്സീറിലെ പലയിടങ്ങളിലും മുഅ്തസിലി ആശയങ്ങളെ കൃത്യവും വ്യക്തവുമായി ഖണ്ഡിച്ചതായി കാണാം.
അതുപോലെതന്നെ അധ്യായങ്ങളുടെ അവസാനഭാഗത്ത് കൊണ്ടുവന്ന ഹദീസുകളുടെ ആധികാരികതയിൽ ചില പിഴവുകൾ സംഭവിച്ചതായി പറയപ്പെടുന്നുണ്ട്. അത് കശ്ശാഫിൽ കൊണ്ടുവന്നിട്ടുള്ള ഹദീസുകളെ അതേപടി ആവർത്തിച്ചപ്പോൾ സംഭവിച്ചതാണെന്ന് മനസ്സിലാക്കാം. എന്നല്ലാതെ, ഇക്കാരണത്താൽ ബൈളാവി ഇമാമിന്റെ ഹദീസിലുള്ള പ്രാഗല്ഭ്യം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. കാരണം ഹദീസിലും തൻറെ സേവനങ്ങൾ കൊണ്ട് മികവ് തെളിയിച്ചവരാണല്ലോ ഇമാം ബൈളാവി.
Leave A Comment