ഉപരിപഠനം പുറത്തേക്കുള്ള വഴികള്‍

അറിവിന്റെ പരിചിതമായ ഇടങ്ങളില്‍ നിന്നും അപരിചിതവും ഉപരിയുമായ മേഖലകളിലേക്കുള്ള വഴി മാറി നടത്തമാണ് ഉപരിപഠനം. ലഭിച്ച അറിവിനെ മാറിയ സാഹചര്യങ്ങളില്‍ വെച്ച് അഭ്യസിക്കുകയും പരീക്ഷിക്കുകയും ചെയ്യുമ്പാഴാണ് അറിവിന്റെ അന്വേഷണം പൂര്‍ണമാവുന്നത്. അറിവ് വപ്രിപ്പിക്കുക എന്നതില്‍ കവിഞ്ഞ് വ്യത്യസ്തമായ പരിസരങ്ങളില്‍ നിന്ന് അതിനെ പരീക്ഷിക്കുക എന്ന രീതി സ്വീകരിച്ച് വരുന്നത് കൊണ്ടാണ് ഉപരിപഠനത്തിന് കാലാതിവര്‍ത്തിയായ പരിതി കൈവരുന്നത്. മഖ്ദൂം ഒന്നാമന്‍ മുതല്‍  അറിവിന്റെ തുരുത്തുകള്‍ തേടിയുള്ള ഉപരിയാത്രകളുടെ സ്ഥിരരൂപങ്ങള്‍ വായിച്ചെടുക്കാനാവും. 

'അറിവുള്ളവരും അറിവില്ലാത്തവരും തമ്മില്‍ സമന്മാരാകുമോ' (സുമര്‍.9)എന്ന വിശുദ്ധ ഖുര്‍ആന്റെ  ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയായാണ് ഉപരിപഠനങ്ങളെ ചരിത്രത്തില്‍ വായിക്കാനാവുന്നത്. പ്രവാചകര്‍(സ) തങ്ങളുടെ കാലത്ത് ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ഈറ്റില്ലമായി നിലകൊണ്ടത്  അവിടുത്തെ അനുയായിവൃന്ദങ്ങളായിരുന്നു. അവര്‍ അറിവിന്റെ വാഹകരായി ലോകത്തിന്റെ വിവിധ ദിക്കുകളിലേക്കും പ്രവഹിച്ചു. കാലക്രമേണേ വികസിച്ചു വന്ന സ്‌പെയിനും ബാഗ്ദാദും ഡമസ്‌കസും കൊര്‍ദോബയുമെല്ലാം  ഈ പ്രവാഹങ്ങളെ തടഞ്ഞു നിര്‍ത്തിയ നാഗരിക ഭൂമികളായി മാറി. അങ്ങനെയാണ് അറിവിന്റെ വാഹകരായ സ്വഹാബി പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയായി വാഹകരു അര്‍ത്ഥികളുമായ ഒരു വിഭാഗം ഉയര്‍ന്നു വന്നത്. മദീനയില്‍ നിന്നുത്ഭവിച്ച നീര്‍നദിയുടെ കൈവഴികളായിരുന്നു ഇവര്‍. കര്‍മ്മശാസ്ത്രത്തിന്റെ ഏറ്റവും സുന്ദരമായ പ്രായേഗിക രൂപങ്ങള്‍ നിര്‍ദ്ദേശിച്ച ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലെ ഖുറൈഷി പണ്ഡിതന്‍ മഹാനായ ഇമാം ശാഫി(റ) വിദ്യ തേടിയുള്ള യാത്രകളുടെ മകുടോദാഹരണമാണ്.

പൈതൃകത്തിന്റെ കണ്ണികള്‍
കേരളക്കരയിലേക്കും ഈ അറിവിന്റെ കൈവഴികള്‍ ഒഴുകിയെത്തുകയുണ്ടായി. കേരളത്തിന്റെ തീര പ്രദേശത്ത് അറിവിന്റെ മിനാരമായി നിലകൊണ്ട സൈനുദ്ദീന്‍ മഖ്ദൂമുമാരാണ് ഈ വിഷയത്തില്‍ മുമ്പേ നടന്നവര്‍. ക്രി.1467 ല്‍ കൊച്ചിയില്‍ ജനിച്ച മഖ്ദൂം ഒന്നാമന്‍ അറിവു തേടു ആദ്യം വന്നത് കോഴിക്കോട്ടായിരുന്നു. മഹാനായ ഫഖ്‌റുദ്ദീന്‍ അബൂബക്കര്‍ റമദാനില്‍ ശാലിയാത്തിയുടെ പക്കല്‍ നിന്ന് കര്‍മ്മ ശാസ്ത്ര വിജ്ഞാനം നേടാനാകുരുന്നു അത്. പിന്നീട് ഉപരിപഠനത്തിനായി ഈജിപ്തിലേക്ക് പോയ അദ്ദേഹം ശൈഖ് ശംസുദ്ദീന്‍ ജൗജരി(റ) സകരിയ്യല്‍ അന്‍സാരി(റ),കമാലുദ്ദീന്‍ മുഹമ്മദ്(റ) തുടങ്ങിയ സ്ഥിരപ്രദിഷ്ട നേടിയ മഹാരഥന്‍മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. 
ക്രി. 1532 ല്‍ ജനിച്ച ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഖുര്‍ആന്‍ മനപാഠമാക്കിയതിന് ശേഷം ഉപരിപഠനത്തനായി പൊന്നാനിയിലെത്തി. അല്ലാമാ ഇസ്മാഈല്‍ അസ്സുക്‌രിയുടെ ശിഷ്യത്വം സ്വീകരിക്കാനായിരുന്നു ഇത്. പിന്നീടുള്ള അദ്ദേഹത്തിന്റെ ഉപരിപഠനം പുണ്യകേന്ദ്രമായ മക്കയിലായിരുന്നു. ഹറമിലെ വിളക്കുമാടമായി ജ്വലിച്ചുനിന്ന ഇമാം ഇബ്‌നുഹജറില്‍ഹൈതമി(റ) യുടെ സാന്നിധ്യം തേടിയായിരുന്നു ആ യാത്ര. 

മുമ്പേ നടന്നവര്‍
കേരളത്തിലെ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ നേതൃനിരയിലെ മഹാപണ്ഡിതരുടെ വിദ്യഭ്യാസ രീതികള്‍ സൂക്ഷ്മവായന നടത്തിയാല്‍ മനസിലാലുന്ന ഒരു കാര്യമുണ്ട് വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്ത് 
എന്ന മഹത് സ്ഥാപനം നിര്‍വഹിച്ച ചരിത്രപരമായ ദൗത്യമാണത്. ഇസ്‌ലാമിന്റെ ക്ലാസിക് കാലഘട്ടത്തിലേക്ക് നീളുന്ന ഉന്നതമായ വിദ്വല്‍ പാരമ്പര്യം വിനിമയം ചെയ്യപ്പെട്ടതിന്റെ ചാലകശക്തി പള്ളി ദര്‍സുകളായിരുന്നുങ്കിലും പൊന്നാനിയുടെ പ്രതാപം അസ്തമിച്ചു തുടങ്ങിയതിനു ശേഷം ദക്ഷിണേന്ത്യലെ ഏക സ്ഥാപനവല്‍കൃത കലാലയമായ ബാഖിയാത്ത് കേരളത്തിന്റെ മതകീയ ഗതി നിര്‍ണയിച്ച പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യ പങ്കാണ് വഹിച്ചത്. ആസൂത്രിതമായ കെട്ടിട നിര്‍മിതികള്‍, ഒന്നിലധികം അധ്യാപകര്‍, ഡസ്‌ക് ബെഞ്ച്, ബോര്‍ഡ്, ചോക്ക്, നിര്‍ണിത കരിക്കുലം, പരീക്ഷസമ്പ്രദായം , സര്‍ടിഫിക്കറ്റ് വിതരണം തുടങ്ങിയ സംവിദാനങ്ങളിലൂടെ വ്യവസ്ഥാപിതമായി സ്ഥാപിക്കപ്പട്ട ദക്ഷിണേന്ത്യയിലെ പ്രഥമ മതകലാലയമായിരുന്നു ബാഖിയാത്ത്. ദര്‍സ് സംവിധാനത്തില്‍ നിന്നും കേരളത്തിലെ മതപാഠശാലകള്‍ ഈ രീതിയിലേക്ക് മാറുന്നതിന് പിന്നില്‍  പ്രവര്‍ത്തിച്ച ഘടകം ബാഖിയാത്തുസ്സാലിഹാത്താണെങ്കിലും, ഇന്ത്യയില്‍ ആകമാനം വ്യാപിച്ച ബ്രിട്ടിഷ് വിദ്യഭ്യാസ രീതിയായിരുന്നു ഇതിന്റെ മൂലഘടകം. ഇന്ത്യയില്‍ ആദ്യമായി ഈ സംവിധാനം പരീക്ഷിക്കപ്പെടുന്നത് 1867ല്‍ ദയൂബന്തില്‍ സ്ഥാപിതമായ ദാറുല്‍ഉലൂമിന്റെ സംസ്ഥാപനത്തോടെയാണ്.  അതിന്റെ തുടര്‍ച്ചയാണ് 1883-ല്‍ ശൈഖ് അബ്ദുല്‍ വഹാബില്‍ വേലൂരിയുടെ ആഭിമുഖ്യത്തില്‍ ബാഖിയാത്ത് സ്ഥാപിതമായത്.  ഈ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടു വേണം കേരളതത്തിലെ പണ്ഡിതന്മാര്‍ നടത്തിയ വിപ്ലവകരമായ  വിദ്യഭ്യാസ മുന്നേറ്റങ്ങളെ വിലയിരുത്തേണ്ടത്. ക്രി. 1963 ല്‍ മലപ്പുറം ജില്ലയിലെ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ്  പഠനം ആരംഭിക്കുന്നതിനിടയിലുള്ള  എട്ട് പതിറ്റാണ്ടുകാലം കേരളത്തിലെ  വിജ്ഞാനദാഹികള്‍ വെല്ലൂരിലേക്കൊഴുകുകയായിരുന്നു. അറിവ് തേടിയുള്ള ആ ഉപരിയാത്രകള്‍ ഇന്നും തുടരുന്നുണ്ട്. അതിനേക്കാള്‍ വലിയ ഉയരങ്ങള്‍ തേടാനുള്ള സാഹചര്യങ്ങള്‍ നിലവിലുണ്ടെങ്കിലും സമസ്തയുടെ ആദ്യകാല നേതാക്കളില്‍ 99 ശതമാനവും തങ്ങള്‍ ജീവിച്ച കാലത്തിന്റെ സ്വരമറിഞ്ഞത് ഉപരിപഠനങ്ങളിലൂടെയായിരുന്നു. 

മാതൃഭൂമിയില്‍ അഭ്യസിച്ച അറിവിന്റെ ആദ്യവേരുകള്‍ അന്യഭൂമിയിലെ സാമൂഹിക പശ്ചാത്തലത്തിലേക്ക് പറിച്ച് നടപ്പെടുമ്പോള്‍ ലഭ്യമാകുന്ന അറിവിന്റെ അളവ് വളരെ വലുതാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു അത്. ദര്‍സ് വിദ്യഭ്യാസ രീതിയെ തനിമ നഷ്ടപ്പെടാതെ ചേര്‍ത്ത് നിര്‍ത്താനും അതേ തുടര്‍ന്ന് ശാസ്ത്രീയമായി മെച്ചപ്പെട്ട ഉപരിപഠന മേഖലകളോട് ബഹുസ്വരതാ മനോഭാത്തോടെ താദാത്മ്യം പ്രാപിക്കാനും അവര്‍ക്ക് സാധിച്ചു.

സമസ്തയുടെ ദീര്‍ഘകാല പ്രസിഡണ്ടും, ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പളും മുല്ലവീഖബീലയില്‍ പിറന്ന സൂഫിവര്യനുമായിരുന്ന പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ബാഖിയാത്തുസ്സാലിഹാത്തിന്റെ ഉല്‍പന്നമായിരുന്നു. ഖാദിരിയ്യ ത്വരീഖനത്തിന്റെ ശൈഖും ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫിയും പ്രതിഭയുമായിരുന്ന ശിഹാബുദ്ദീന്‍ അഹ്‌മദ് കോയ ശാലിയാത്തിയും , മക്കയിലും മദീനയിലും ഉപരിപഠനം നടത്തി യൂസുഫുന്നബഹാനി(റ)യെപ്പോലുള്ള മഹാരഥന്മാരില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ച ഉസ്താദ് സി.കെ മൊയ്തീന്‍ ഹാജി അരിപ്രയും ബാഖിയാതുസ്വാലിഹാത്തില്‍ നിന്നും ഉപരിപഠനം നേടിയവരാണ്.

ഖാദിരിയ്യ ത്വരിഖതിന്റെ ശൈഖും , സമസ്തയുടെ വൈസ് പ്രസിഡണ്ടും , മലബാറിലെ രണ്ടാമത്തെ ബാഖവിയും , മുസ്‌ലിമേതര രാജ്യത്തെ മതേതര ജീവിതത്തിന്റെ ഉദാത്ത മാതൃതയും, തുടക്കം മുതല്‍ സമസ്തയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുകയും ചെയ്ത മഹാനായ അബ്ദുല്‍ ഹഖ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ ബാഖിയാത്തില്‍ നിന്നും വിദ്യ നേടിയവരാണ്.

ഖുര്‍ആന്റെ അന്തസാരം ആത്മീയ വെളിച്ചമുപയോഗിച്ച് തൊട്ടറിഞ്ഞ ശംസുല്‍ ഉലമയും ശിഷ്യസമ്പത്തുകെണ്ട് വളരെ അനുഗൃഹീതനും കോട്ടുമല ഉസ്താദും ഖണ്ഡന പ്രഭാഷണവേദികളില്‍ സുന്നത്ത് ജമാഅത്തിന്റെ ജിഹ്വയായി നിലകൊണ്ട ഇ.കെ ഹസന്‍ മുസ്‌ലിയാരും, ഉപരിപഠനത്തിന്റെ സാധ്യതകള്‍ തേടിയെത്തിയത് ബാഖിയാത്തിലായിരുന്നു. അധ്യാപനത്തിന്റെയും പ്രബോധനത്തിന്റെയും പുതിയ വഴികള്‍ വെട്ടിത്തന്ന എം.എം. ബഷീര്‍ മുസ്‌ലിയാരും സംഘാടന മികവിന്റെ ജീവല്‍ പ്രതീകമായ സി.എച്ച്. ഐദറൂസ് മുസ്‌ലിയാരും വിദ്യയുടെ വേരുകള്‍ തേടിയെത്തിയത് ബാഖിയാത്തിലായിരുന്നു. അങ്ങനെ ഉപരിപഠനം എന്നതിന്റെ സ്ഥിര രൂപമായി ബാഖിയാത്തുസ്വാലിഹാത്ത് മാറുകയുണ്ടായി.വെല്ലൂരിന് പുറത്തേക്ക് ഒഴുകിപ്പരന്ന അറിവിന്റെ അന്വേഷണങ്ങള്‍ക്കും ധാരാളം ഉദാഹരണങ്ങളുണ്ട്. ദയൂബന്തിലെ ദാറുല്‍ ഉലൂമില്‍ കെ.കെ അബൂഹസ്രത്തും , കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാരും പഠനം നടത്തിയിട്ടുണ്ട്.

സി.കെ മൊയ്തീന്‍ ഹാജി വിശുദ്ധ ഹറമുകളില്‍ നിന്നും വിദ്യാഭ്യാസം നേടിയവരാണ്. അഹ്‌മദ് കോയ ശാലിയാത്തി(ന.വ) ഹൈദരാബാദിലും സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ മക്കയിലും പഠനം നടത്തിയിട്ടുണ്ട്. ആരെല്ലാം ഉപരിപഠനം നടത്തിയിട്ടുണ്ടെന്ന അന്വേഷണം അതിന്റെ വ്യാപ്തി അളക്കാന്‍ മാത്രമേ ഉതകുന്നുള്ളു. എന്നാല്‍ അതിലൂടെ കേരളത്തിന് ലഭിച്ച പണ്ഡിത വൃന്ദവും അവരുണ്ടാക്കിയ സ്വാധീനവും ചര്‍ച്ച ചെയ്യുമ്പോഴാണ് ഉപരി പഠനത്തിന്റെ കാലാതിവര്‍ത്തിയായ പ്രസക്തി ബോധ്യപ്പെടുന്നത്. 

ഗുരു സൗഭാഗ്യം
ഉപരിപഠനങ്ങള്‍ പകര്‍ന്ന് തരുന്നത് അറിവിന്റെ ഊര്‍ജ്ജം മാത്രമല്ല. സാമൂഹികമായ ആര്‍ജ്ജവം കൂടിയാണ്. പുതിയ ഇടങ്ങളെ തിരിച്ചറിയുകയും അതനുസരിച്ച് നേടിയ അറിവിനെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഉപരിപഠനങ്ങളിലൂടെ സംഭവിക്കുന്നത്. അപ്പോഴെല്ലാം കൂടുതല്‍ സാര്‍വ്വ ലോകികമായി ചിന്തിക്കാന്‍ പഠിതാവിന് കഴിയും. ഇങ്ങനെ സ്വഭാവത്തില്‍ അലിഞ്ഞ് ചേര്‍ന്ന സാര്‍വ്വ ലൗകികത ഒരാളുടെ നിലപാടുകളെ കരുത്തുറ്റതാക്കുകയും ധാരണകളെ വികസിപ്പിക്കുകയും തീരുമാനങ്ങളെ വിശാല മനസ്‌കതയോടുകൂടിയുള്ളതാക്കുകയും ചെയ്യും. 
കേരളീയ പണ്ഡിതന്മാര്‍ നിര്‍വഹിച്ച ഉപരി പഠനങ്ങളില്‍ പ്രവാചകന്‍(സ) യുടെ കാലത്തെ വിദ്വല്‍ സദസ്സുകളുടെ രീതിയാണ് മുഴച്ചുനില്‍ക്കുന്നത്. ഞാനൊരു അദ്ധ്യാപകനായാണ് അയക്കപ്പെട്ടതെന്ന വിഖ്യാതമായ ഹദീസിന്റെ ചുവട് പിടിച്ചാണ് ഈ രീതിയെ നാം വ്യാഖ്യാനിക്കേണ്ടത്. ഇസ്‌ലാമിന്റെ ആദ്യകാല വിദ്വല്‍ സദസ്സുകളില്‍ എഴുത്തിനേക്കാള്‍ സ്ഥാനം വചനത്തിനായിരുന്നു. ഖുര്‍ആന്‍ അവതീര്‍ണ്ണമായ വചനരൂപത്തിലായിരുന്നെന്ന് മാത്രമല്ല പ്രവാചകര്‍ (സ) യുടെ വിയോഗം വരെ അത് ക്രോഡീകരിക്കപ്പെട്ടിരുന്നുമില്ല. അതായത് ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്കുള്ള ചോര്‍ച്ച സംഭവിക്കാത്ത കൈമാറ്റങ്ങളിലായിരുന്നു ഇസ്‌ലാമികാധ്യാപനങ്ങള്‍ നിലനിന്നത്. വചനങ്ങള്‍ ക്രോഡീകരിച്ചില്ലങ്കില്‍ അവ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് പിന്നീട് എഴുത്തിലേക്കും അവയുടെ ക്രോഡീകരണത്തിലേക്കും നയിച്ചത്. 

ഗുരുമുഖത്ത് നിന്നും ഉതിര്‍ന്ന് വീഴുന്ന വാണീമുത്തുകള്‍ പെറുക്കിയെടുക്കാന്‍ കൂടിയാണ് അവര്‍ ഉപരി മേഖലകളിലേക്ക് യാത്ര ചെയ്തത്. വിജ്ഞാന സംവേദനത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം അതിലാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ടാവണം. ആദ്യകാലങ്ങളില്‍ ഓരോരുത്തരും തന്നെ തന്റെ ഗുരുവിനെ കുറിച്ച് രേഖപ്പെടുത്തിയിരുന്നു. ഓരോ കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുമ്പോള്‍ അവരുടെ മുഖത്ത് സംഭവിച്ച ഭാവമാറ്റങ്ങള്‍ പോലും ശിഷ്യന്മാര്‍ രേഖപ്പെടുത്തിവെച്ചു. തന്റെ ഉസ്താദിനെകുറിച്ച് ഓരോ ശിഷ്യനും എഴുതിവെച്ച് ഇസ്‌ലാമിക ചരിത്രാഖ്യാന രംഗത്ത് ഥബഖാത്ത് എന്ന ശാഖതന്നെ രൂപപ്പെട്ട വരാന്‍ കാരണം ഇതാണ്. 

ഇങ്ങനെ ഉസ്താദുമാര്‍ എന്ന വിജ്ഞാനത്തിന്റെ യഥാര്‍ത്ഥ സ്രോതസ്സുകള്‍ തേടിയാണ് കേരളത്തിലെ പണ്ഡിതന്മാര്‍ യാത്രകള്‍ നടത്തിയത്. കൂടുതല്‍ ദൂരം സഞ്ചരിച്ചില്ലെങ്കിലും കൃത്യമായ സ്രോതസ്സുകളിലേക്കായിരുന്നു അവരുടെ പ്രയാണങ്ങള്‍ മുഴുക്കയും. 
മഖ്ദൂം ഒന്നാമന്‍ സകരിയ്യല്‍ അന്‍സാരി(റ)യെയും ഇബ്‌നു ഹജറുല്‍ ഹൈതമി(റ)യെയും നേരിട്ട് കാണാന്‍ കൂടിയായിരുന്നു യാത്ര ചെയ്തത്. വിവര കൈമാറ്റത്തിലെ സംശുദ്ധമായ ഈ രീതി പങ്കമില്ലാത്തതായി തുടരാന്‍ വേണ്ടിയായിരിക്കാം നമ്മുടെ ചില പണ്ഡിതന്മാര്‍ അച്ചടി സമ്പ്രദായത്തെ പോലും എതിര്‍ത്തത്. അടിമകളില്‍ നിന്ന് അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ ഉലമാക്കള്‍ മാത്രമാണ്. (വി.ഖു.35/28) എന്ന ഖുര്‍ആനിക വചനത്തിന് പ്രായോഗികമായ അര്‍ത്ഥം നല്‍കുന്നതില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചു. ബഹുഭാഷ പണ്ഡിതന്‍,ഗ്രന്ഥകര്‍ത്താവ്, മദ്രസാ പ്രസ്ഥാനത്തിന്റെ നായകന്‍, തുടങ്ങിയ വിവിധ വിശേഷണങ്ങള്‍ക്കര്‍ഹനായ മഹാനായ മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് ആദ്യമായി കേരളത്തില്‍ നിന്ന് വെല്ലൂരിലേക്ക് ഉപരിപഠനാര്‍ഥം പോയ പണ്ഡിതന്‍. 1877 ലാണ് അദ്ദേഹം വെല്ലൂരിലെത്തുന്നത്. ഒരു വര്‍ഷം ബാഖിയാത്തില്‍ പഠിച്ചിതന് ശേഷം അദ്ദേഹം വെല്ലൂരിലെ തന്നെ ലത്വീഫിയ്യ അറബി കോളേജില്‍ ചേര്‍ന്നു. വിവിധ മേഘലകളില്‍ നിന്നുള്ള ഗുരുവര്യന്മാരെ അദ്ദേഹത്തിന് ലഭിച്ചു. ശൈഖ് മുഹമ്മ്ദ അബ്ദുല്‍ ജലീല്‍(പെശവാര്‍), ശൈഖ് മുഹമ്മദ് ഹസന്‍(റാംപൂര്‍), ശൈഖ് മുഹമ്മദ് അഫ്ഹാമുള്ള (ലഖനൗ) എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്.

ലത്വീഫിയ്യയില്‍ നിന്നും ഉന്നതവിജയം നേടിയ കുഞ്ഞഹമ്മദ് ഹാജി ശാസ്ത്രം പഠിക്കാന്‍ വേണ്ടി അദ്ദേഹം പട്ടണത്തിലേക്ക് പോവുകയുണ്ടായി. അവിടെ അഹ്‌മദ് സാലിം സാഹിബിന്റെ ശിക്ഷണത്തിലാണ് അദ്ദേഹം ജ്യോതി ശാസ്ത്രം പഠിച്ചത്. രിസാലത്തുല്‍ മാറദീന എന്ന വിശിഷ്ട ഗ്രന്ഥം അടിസ്ഥാനക്കിയായിരുന്നു ജ്യോതി ശാസ്ത്ര പഠനം. ലത്വീഫിയ്യയിലെ പഠനത്തിനിടയിലാണ് ഉര്‍ദു, പേര്‍ഷ്യന്‍, തമിഴ് എന്നീ ഭാഷകള്‍ അദ്ദേഹം സ്വായത്തമാക്കിയത്.

അഗ്രകണ്യരും സംശുദ്ധരുമായ ഗുരു പരമ്പരയിലൂടെ കൈമാറിവന്ന വിദ്യവചസ്സുകള്‍ തേടിയുള്ള തീര്‍ഥാടനം കൂടിയാണ് ഉപരിപഠനം എന്നാണ് മഖ്ദൂമുമാര്‍ മുതല്‍ ചാലിലകത്ത് വരെയുള്ളവരുടെയും ശേഷമുള്ളവരുടെയും ജീവിതം നല്‍കുന്ന സന്ദേശം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter