സമുദായം:സമുദ്ധാരണത്തിന്റെ നേര്‍കാഴ്ചകള്‍

സമസ്ത കേരള ജംഇയ്യത്തില്‍ ഉലമാ എന്ന കേരളത്തിലെ ആധികാരിക മുസ്‌ലിം പണ്ഡിത സഭ പത്ത് പതിറ്റാണ്ട് പൂര്‍ത്തീകരിച്ചു. പ്രവാചക ജീവിതകാലത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കേരളീയ മുസ്‌ലീം സമൂഹ ചരിത്രത്തില്‍ ഒരു അനിവാര്യത പോലെ രൂപം കൊണ്ടതായിരുന്നു സമസ്ത. ആധുനികതയുടെയും ഉത്തരാധുനികതയുടെയും സ്വാധീനങ്ങള്‍ സകല സമൂഹങ്ങളുടെയും ഗതിവിഗതികള്‍ മാറ്റിമറിക്കുകയും വിധി നിര്‍ണയിക്കുകയും ചെയ്ത കഴിഞ്ഞ നൂറ്റാണ്ടില്‍ പാരമ്പര്യ മൂല്യങ്ങളെ മുറുകെപിടിച്ചുകൊണ്ടു തന്നെ സമൂഹത്തെ സജ്ജമാക്കാന്‍ പ്രയത്‌നിച്ച ഈ പ്രസ്ഥാനത്തെയും അതിന്റെ നിഷ്‌കളങ്കരായ പണ്ഡിത നേതാക്കളെയും കേരളത്തിലെ മുഖ്യധാര സമൂഹം വേണ്ടപോലെ മനസ്സിലാക്കിയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ലോകത്തെ ഏതാണ്ട് എല്ലാ സമൂഹവും വിവിധ പ്രചോദനങ്ങളാലും സമ്മര്‍ദ്ദങ്ങളാലും വിവിധ രീതിയില്‍ മാറ്റങ്ങള്‍ക്കു വിധേയമായി. പാശ്ചാത്യന്‍ സംസ്‌കാരം, രീതികള്‍ വിദ്യാഭ്യാസം എന്നിവയുടെ വ്യാപകമായ പ്രചരണമാണ് മാറ്റങ്ങളുടെ പ്രചോദനങ്ങളെങ്കിലും  ഓരോ സമൂഹവും ഓരോ സമൂഹത്തിലെ തന്നെ വിവിധ ചിന്താസരണികളുടെ ആളുകളും വ്യത്യസ്ത രീതിയിലാണ് അവയോട് പ്രതികരിച്ചതും മാറ്റങ്ങള്‍ക്ക് വിധേയമായതും. ഒരു സമൂഹമെന്ന നിലക്ക് അനേകം പോരായ്മകളുണ്ടെങ്കിലും നിരവധി പരിവര്‍ത്തനങ്ങള്‍ ഇനിയും നടപ്പിലാക്കപ്പെടേണ്ടതുണ്ടെങ്കിലും ആധുനിക സാഹചര്യങ്ങളോട് കേരള മുസ്‌ലിംകളുടെ പ്രതികരണം ആപേക്ഷികമായി വളരെ ക്രിയാത്മകമായിരുന്നു. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും അന്താരാഷ്ട്രതലത്തിലുമുള്ള മുസ്‌ലിം സമൂഹങ്ങലളുമായും താരതമ്യം ചെയ്യുമ്പോള്‍ നവീനമായ ഭൗതിക സാഹചര്യങ്ങളില്‍ ആത്മീയ  ജീവിതം കെട്ടിപ്പടുക്കുന്നതില്‍ മലയാളി മുസ്‌ലിം സമൂഹം അല്‍പം മുന്നില്‍ നില്‍ക്കുന്നതായി കാണാം.മുഖ്യധാര രാഷ്ട്രീയത്തിലെ സജീവവും നിര്‍ണായകവുമായ പങ്കാളിത്തം, ഉന്നത വിദ്യാഭ്യാസം, ഉയര്‍ന്ന മതബോധം, കലാസാംസ്‌കാരിക സാഹിത്യ മേഖലകളിലെ ഇടപെടലുകള്‍, ഇതര മതവിഭാഗങ്ങളുമായുള്ള സഹവര്‍ത്തിത്തത്തോടെയും സഹിഷ്ണുതയോടെയുമുള്ള ജീവിതം സാമ്പത്തികമായ വളര്‍ച്ച-മതം, സംസ്‌കാരം, സാമ്പത്തികം, രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കേരള മുസ്‌ലിംകള്‍ കൈവരിച്ച താരതമ്യേന ഉയര്‍ന്ന ഈ നേട്ടങ്ങളുടെ പിതൃത്വം സംസ്ഥാനത്തെ എല്ലാ മുസ്‌ലിം സംഘടനകളും അവകാശപ്പെടാറുണ്ട്. ചെറുതും വലുതുമായ ഓരോ സംഘടനകളും പ്രസ്ഥാനങ്ങളും വഹിച്ച പങ്കിനെ നിഷേധിക്കാതിരിക്കലും ഓരോരുത്തരും അവരുടേതായ സംഭാവനകള്‍ ഈ നേട്ടങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ചിട്ടുണ്ടെന്ന് അംഗീകരിക്കലുമാണ് ഒരു യഥാര്‍ത്ഥ ചരിത്രകാരന്റെ കടമ. എങ്കിലും കേരളീയ മുസ്‌ലിം നവോത്ഥാനത്തെക്കുറിച്ച് എഴുതപ്പെട്ട ചരിത്രങ്ങളൊക്കെ ഒരു പ്രത്യേക പക്ഷംപിടിച്ച് സംസാരിക്കുന്നത് കാണാം. 

മത നവീകരണത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഉല്‍പതിഷ്ണു പ്രസ്ഥാനങ്ങളുടെ സ്വന്തം നേട്ടമാണ് ഈ നവോത്ഥാനമെന്നും, യാഥാസ്ഥികരും പാരമ്പര്യവാദികളുമായ പണ്ഡിതവിഭാഗവും അവരെ പിന്തുടര്‍ന്ന് ഭൂരിപക്ഷം വരുന്ന മാപ്പിള സമൂഹവും എന്നും എല്ലാവിധ മാറ്റങ്ങള്‍ക്കും എതിരായിരുന്നു എന്നും സമര്‍ത്ഥിക്കാന്‍ ഈ ചരിത്ര സൃഷ്ടികള്‍ തുനിയുന്നതായി കാണാം. പുരോഗമന വിരോധികള്‍, ഇംഗ്ലീഷ്-ഭൗതിക സ്ത്രീ-വിദ്യാഭ്യാസങ്ങള്‍ക്ക് എതിര് നിന്നവര്‍, കാലം കഴിഞ്ഞ വീക്ഷണങ്ങളുടെ പ്രചാരകര്‍, നവോത്ഥാന സംരംഭങ്ങളുടെ അന്തമായ വിമിര്‍ശകര്‍-പണ്ഡിത വിഭാഗങ്ങളെയും അവരുടെ അനുയായികളെയും ഇങ്ങനെയൊക്കെ ചിത്രീകരിക്കാനാണ് മിക്ക എഴുത്തുകാരും ശ്രമിച്ചുകാണുന്നത്. തങ്ങളുടെ നേട്ടങ്ങളെ മുഖ്യധാരാ സമൂഹത്തിന്റെ ശ്രദ്ധിയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന എഴുത്തുകാരുടെയോ ശ്രമങ്ങളുടെയോ അഭാവം കാരണവും മുസ്‌ലിം നവോത്ഥാനത്തിന്റെ പൊതു ചരിത്രമെഴുതിയവര്‍ക്ക് പ്രത്യേക മാപ്പുമാതൃകയില്‍ രൂപപ്പെട്ട രേഖകള്‍ തന്നെ റഫര്‍ ചെയ്യേണ്ടിവന്നതിനാലും പാരമ്പര്യ മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ട പണ്ഡിത സമൂഹത്തിന്റെ അനിഷേധ്യവും ജീവസുറ്റതുമായ പ്രവര്‍ത്തനങ്ങള്‍ കാണാതെ പോവുകയാണ് ചെയ്യുന്നത്.

നവീകരണത്തിന്റെ അപ്പോസ്തലന്‍മാര്‍ പറഞ്ഞു പഠിപ്പിക്കുന്നതു പോലെ കേരള മുസ്‌ലിംകളുടെ ഉത്ഥാന ചരിത്രം വക്കം മൗലവി, കെ.എം. മൗലവി തുടങ്ങിയവരില്‍ നിന്നാണ് ആരംഭിക്കുന്നത് എന്ന് വിലയിരുത്തുന്നത് നൂറ്റാണ്ടുകളോളം പഴക്കമുള്ള മഹിതമായ ഇസ്‌ലാമിക ചരിത്രത്തോടും പ്രവാചക കാലഘട്ടം മുതല്‍ ഇന്നോളം നടപ്പുള്ള ഉന്നതമായ ഇസ്‌ലാമിക സംസ്‌കാരവും ചര്യകളും രീതികളും പകര്‍ന്നു നല്‍കിയ ഉന്നത വ്യക്തികളോടും ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ശതാബ്ദം വരെയുള്ള കേരള മുസ്‌ലിംകളുടെ അവസ്ഥയെ ജാഹിലിയ്യ കാലഘട്ടത്തോട് ഉപമിച്ച് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തന പ്രചരണ രംഗത്ത് നിഷ്‌കളങ്ക സേവനങ്ങള്‍ ചെയ്തവരുടെയൊക്കെ മേലില്‍ ശിര്‍ക്കെന്ന ഏറ്റവും വലിയ ശാപം ചുമത്തി മത നവീകരണ പ്രസ്ഥാനങ്ങളുടെ ആഗമനത്തെ സത്യത്തിന്റെ സൂര്യോദയമായി വിലയിരുത്തുന്നവര്‍ സത്യത്തോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവരും തങ്ങളുടെ ആശയങ്ങള്‍ വിറ്റഴിക്കാന്‍ ചരിത്രത്തില്‍ മായം ചേര്‍ക്കുന്നവരുമാണ്. 

പത്തൊമ്പതാം നൂറ്റാണ്ടിലാണ് വ്യക്തികളില്‍ നിന്നു മതകീയ പ്രസ്ഥാനങ്ങളുടെ കൈകളിലേക്ക് മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വത്തിന്റെ കടിഞ്ഞാണ്‍ മാറുന്നത്. നൂറ്റാണ്ടുകളോളം നീണ്ട് നിന്ന വൈദേശികാധിപത്യത്തിനെതിരെയുള്ള സന്ധിയില്ലാ സമരം ദുരന്തക്കയങ്ങളിലേക്ക് മാപ്പിള മുസ്‌ലിംകളെ വലിച്ചെറിയുകയും 1921 ലെ കലാപത്തോടെ ഈ ദുരവസ്ഥ കുടുതല്‍ സങ്കീര്‍ണമാവുകയും ചെയ്തപ്പോഴാണ് പരിവര്‍ത്തനങ്ങളുടെ കാഹളം മുഴക്കി സംഘടനകള്‍ പ്രവര്‍ത്തന ഗോധയിലിറങ്ങുന്നത്. എങ്കിലും മുസ്‌ലിം സമൂഹത്തിന്റെ വര്‍ത്തമാന കാലാവസ്ഥയിലേക്കുള്ള പരിണാമ പ്രക്രിയ തുടങ്ങുന്നത് ഈ ഘട്ടത്തിലല്ല. ഇസ്‌ലാമികാഗമനം മുതല്‍ 13 നൂറ്റാണ്ടോളം സയ്യിദ് കുടുംബങ്ങളും സൂഫി സംഘങ്ങളും പണ്ഡിതവരേണ്യരുമടങ്ങുന്ന ഒരു വലിയ ആത്മീയ നേതൃത്വത്തിന്റെ സേവനങ്ങളാണ്. ഇന്നത്തെ പുരോഗതിയിലേക്കുള്ള വഴിയൊരുക്കിയത്. ഒരു സമൂഹമെന്ന നിലക്ക് സ്വാഭാവികമായ അപചയങ്ങള്‍ ചിലപ്പോള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിലെ പുതിയ സാഹചര്യങ്ങല്‍ വരെ മുസ്‌ലിം സമൂഹത്തെ ഭിന്നതയുടേയോ ആശയ വ്യതിയാനങ്ങളുടെയോ ചതിയില്‍ പെടാതെ പിടിച്ചു നിര്‍ത്താന്‍ ഈ ആത്മീയ നേതൃത്വത്തിന് സാധിച്ചിരുന്നു. ലോകം തിരിയാത്തവരായിരുന്നു മുന്‍കാല പണ്ഡിത സമൂഹം എന്ന ചിലരുടെ വാദം വളരെ ബാലിശമാണ്. 

അറിവിന്റെ ഗോപുരങ്ങളായി നിലനിന്നരുന്ന ഇസ്‌ലാമിക രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പോയി വിദ്യ അഭ്യസിക്കുകയും അവിടങ്ങളില്‍ വിരചിതമായ പുതിയ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ കരകതമാക്കുകയും ദേശങ്ങളിലൂടെ സഞ്ചരിച്ച് ആത്മീയ ജ്ഞാനത്തിന്റെ ഗോവണികള്‍ കയറുകയും കേരളത്തിലേക്ക് തിരിച്ചുവന്ന് തങ്ങള്‍ നേടിയതെല്ലാം അനുചരന്മാര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത് പൂര്‍വസൂരികളായിരുന്ന പണ്ഡിതന്മാര്‍, പക്ഷേ ഇവര്‍ ഖലീഫമാരുടെ കാലം തൊട്ട് ഇസ്‌ലാമിക സമൂഹത്തില്‍ തലപൊക്കിയ സകല പിഴച്ച വാദങ്ങളെയും കേരളത്തിന്റെ പടിക്കു പുറത്തു നിര്‍ത്തി. കൊണ്ടോട്ടിയില്‍ നാമമാത്രമായി പ്രചരിച്ച ശീഈ വാദങ്ങള്‍ മാത്രമാണ് ഇതിന്നപവാദമായി കാണുന്നത്. അതിനെതിരിലും അതിന്റെ പിറകെ പ്രചരിക്കപ്പെട്ട അനാചാരങ്ങള്‍ക്കെതിരിലും പ്രഗതഭരായ പൊന്നാനിയിലെ മഖ്ദൂമുമാരും കോഴിക്കോട്ടെ സയ്യിദുമാരും രംഗത്തിറങ്ങി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അറേബ്യന്‍ നാടകുളില്‍ ആഞ്ഞടിച്ച വഹാബിസം അതേ കാലഘട്ടത്തില്‍ തന്നെ ഉത്തരേന്ത്യയില്‍ അനുരണനം സൃഷ്ടിച്ചെങ്കിലും 1920 കളിലെ പ്രക്ഷുപബ്ധാന്തരീക്ഷത്തില്‍ മാത്രമാണ് ആദ്യമായി കേരളത്തില്‍ കടന്നുവരാന്‍ സാധിച്ചത്. ചുരുക്കത്തില്‍ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ഒത്തുചേര്‍ന്ന് സമസ്ത രൂപീകരിച്ചതും സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങിയതും മാറിയ സാഹചര്യങ്ങളില്‍ മഹാന്മാരായ മഖ്ദുമാരിലുടെ പകര്‍ന്നു കിട്ടിയ പാരമ്പര്യ മൂല്യങ്ങള്‍ സംരക്ഷിക്കുകയും അവര്‍ നൂറ്റാണ്ടുകളിലൂടെ പ്രചരിപ്പിച്ച പ്രവാചകന്റെ ചര്യകളും സ്വഹാബത്തിന്റെ മാര്‍ഗങ്ങളും വരുന്ന തലമുറകളിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന കര്‍ത്തവ്യ നിര്‍വ്വഹണത്തിനാണ്. സമസ്തയുടെ പിറവി ഒരു പുതിയ സൂര്യോദയമായിരുന്നില്ല മറിച്ച് യുഗപ്രഭാവരായ വ്യക്തികള്‍ കാലങ്ങളായി സമൂഹത്തിനു നല്‍കിയ ആത്മീയ നേതൃത്വത്തിന്റെ സംഘടിതമായ ഒരു തുടര്‍ച്ചയായിരുന്നു.

ജീവിതരീതി, ചിന്ത, സംസ്‌കാരം, സൗകര്യങ്ങള്‍ എന്നിവയില്‍ വന്ന ആധുനികമായമാറ്റങ്ങളോട് കേരളീയ മുസ്‌ലിം സമൂഹം പ്രധാനമായും മൂന്നു തരത്തില്‍ പ്രതികരിച്ചതായി കാണാം. വിശദമായി വിലയിരുത്തുമ്പോള്‍ കൊളോണിയലിസം അടിച്ചേല്‍പ്പിച്ച പാരതന്ത്ര്യത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തില്‍ ദുരിതങ്ങള്‍ നേരിടേണ്ടി വന്ന സകല രാജ്യങ്ങളിലും സമൂഹങ്ങളിലും ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ കാണാന്‍ സാധിക്കുന്നു. അനിവാര്യമായ മാറ്റങ്ങളെ പ്രത്യേക വഴികളിലൂടെ തിരിച്ചു വിടാനും തങ്ങളുടേതായ വീക്ഷണങ്ങളിലൂടെ സമൂഹത്തിന്റെ പുരോഗതി നിയന്ത്രിക്കാനും സാധിച്ചു എന്നതാണ് ഇവിടെ സംഘടനകള്‍ കൈവരിച്ച നേട്ടം.

സാമൂഹികമായി ക്ഷയിക്കുകയും സാമ്പത്തികമായി തകരുകയും ഒരു സമൂഹമെന്ന നിലക്ക് കടുത്ത വെല്ലുവിളി നേരിടുകയും ചെയ്തത് ഇസ്‌ലാം എന്ന മതത്തിന്റെ പരാജയം കൊണ്ടാണെന്ന് വിലയിരുത്തിയ ഒരു വിഭാഗം മതത്തെ വലിച്ചെറിഞ്ഞ് പൂര്‍ണമായും പാശ്ചാത്യ സംസ്‌കാരവും ജീവിത രീതിയും പിന്തുടര്‍ന്നു. മതത്തെ പുച്ഛത്തോടെ നോക്കിക്കണ്ട ഇവര്‍ക്ക് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ഘോഷിച്ച് കടന്നുവന്ന മതനിഷേധ പ്രസ്ഥാനങ്ങളും മതമൂല്യങ്ങളെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ച സകല സിദ്ധാന്തങ്ങളും പ്രയങ്കരമായി തോന്നി. തങ്ങള്‍ കൈവരിച്ച ഭൗതിക വിദ്യാഭ്യാസത്തിന്റെയും മതനിഷേധത്തിന്റെ പേരില്‍ നേടിയെടുത്ത ബുദ്ധിജീവി പ്രഭാവത്തന്റെയും തണലില്‍ നാളിതുവരെ ഒരു രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ റോളില്‍ മതകീയമായ എന്തിനെയും എതിര്‍ക്കുക എന്ന ഒരു രീതിയാണ് ഇവര്‍ സ്വീകരിച്ചു പോരുന്നത്. ബുദ്ധീജീവി കേന്ദ്രങ്ങളിലും സാംസ്‌കാരിക വേദികളിലും സ്വീകാര്യത കൂടുന്നതിനാല്‍ ഈ മേഖലകളില്‍ തൊഴില്‍ തേടുന്നവരെ എന്നും കാണാന്‍ സാധിക്കും.

രണ്ടാമത്തെ പ്രതികരണം നവോത്ഥാന പ്രസ്ഥാനങ്ങളുടെ നായകരായി രംഗത്തുവന്നവരില്‍ നിന്നാണ്. വഹാബിസം, സലഫിസം തുടങ്ങി ഇസ്‌ലാമിക രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട മതനവീകരണ ആശയങ്ങളില്‍ ആകൃഷ്ടരായ ചില മത പണ്ഡിതരും അവരുടെ സ്വാധീനത്തില്‍ ആധുനിക വിദ്യാഭ്യാസം നേടിയ അനേകം ആളുകളുമായിരുന്നു അവര്‍. സാമൂഹിക തകര്‍ച്ചയില്‍ നിന്ന് മുസ്‌ലിം സമുദായത്തെ രക്ഷിക്കുകയും സമസ്ത മേഖലയിലും അവരെ ഉന്നതിയിലേക്കുയര്‍ത്തുകയും ചെയ്യുക എന്ന അവരുടെ ലക്ഷ്യത്തിലെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാവതല്ല. ആ കാലഘട്ടത്തില്‍ ജീവിച്ച സാമൂഹിക പ്രതിബദ്ധതയുള്ള ആരുടെ ജീവിതത്തെയും ഈ ദുരവസ്ഥയിലുള്ള വേദനയും ഉന്നതിയിലേക്ക് സമുദായത്തെ കൈപിടിച്ച് നടത്താനുള്ള വെമ്പലും കാണാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെയാണ് കെ.എം. സീതിസാഹിബും കെ.എം. മൗലവിയും ഇ.കെ. മൗലവിയുമൊക്കെ ചേര്‍ന്ന 1924ല്‍ ആലുവയില്‍ വെച്ച് ചേര്‍ന്ന സംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ പണ്ഡിതന്മാരെ ക്ഷണിച്ച് ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ചപ്പോഴും കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാരടക്കം അതിനെതിരെ രംഗത്തിറങ്ങാതിരുന്നതും സമസ്തയുടെ അജയ്യനായ അമരക്കാരനായിരുന്ന പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരെപ്പോലെയുള്ളവര്‍ ആദ്യത്തില്‍ ഇത്തരം സംരംഭങ്ങളെ പിന്തുണച്ചതും. പക്ഷേ, നവോത്ഥാനത്തിന്റെ ലേബലില്‍ നാളിതുവരെ കഴിഞ്ഞുപോയ മുസ്‌ലിം തലമുറകളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനും അവരില്‍ ശിര്‍ക്കും അനാചാരങ്ങളും ആരോപിക്കാനും അവരിലൂടെ കൈമാറിയ ബൃഹത്തായ വൈജ്ഞാനിക സാംസ്‌കാരിക പൈതൃകം ചവറ്റുകൊട്ടയില്‍ എറിയാനുമാണ് ഇവര്‍ മുതിര്‍ന്നത്. ഖുര്‍ആനിലും സുന്നത്തിലും അതു നമ്മിലേക്കെത്തിച്ച പൂര്‍വസൂരികളെ അവഗണിച്ച് പുനര്‍ഗവേഷണം നടത്താനും ഉല്‍പതിഷ്ണുക്കള്‍ തുനിയുകയും അവര്‍ രൂപം കൊടുത്ത നവീകരണ പ്രസ്ഥാനങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ അതിനുവേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതാണ് അധികം താമസിയാതെ കാണാന്‍ കഴിഞ്ഞത്.

പാരമ്പര്യ മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ട പണ്ഡിതന്മാരുടെ പ്രതികരണം രൂപപ്പെടുത്തുന്നതില്‍ മുകളിലുദ്ധരിച്ച രണ്ടു വിഭാഗങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആധുനികതയുടെ പേരില്‍ സമൂഹത്തെ ഗ്രസിക്കുന്ന അനിസ്ലാമിക സംസ്‌കാരത്തിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കലും പാരമ്പര്യ മൂല്യങ്ങളെ അനാചാരമെന്ന് മുദ്രകുത്തി മത നവീകരണത്തിനു മുറവിളി കൂട്ടുന്ന ഉല്‍പതിഷ്ണു പ്രസ്ഥാനങ്ങളെ തടഞ്ഞുനിര്‍ത്തലും ഒരേ സമയം പണ്ഡിതന്മാര്‍ ബാധ്യതയായി ഏറ്റെടുത്തു. മതവിദ്യാഭ്യാസ രംഗം കൂടുതല്‍ പരിപോഷിപ്പിക്കുകയും തങ്ങള്‍ ആചരിച്ചുപോരുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തെളിവുകള്‍ സഹിതം സമൂഹത്തെ ബോധ്യപ്പെടുത്തി ഇസ്‌ലാമിക സംസ്‌കാരം പകര്‍ന്നു നല്‍കിയ ഗതകാല ആത്മീയ നേതൃത്വത്തിന്റെ പാത പിന്തുടരാന്‍ അവര്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. അതേസമയം, സ്വന്തം പാളയത്തിലെ കള്ളനാണയങ്ങള്‍ തിരിച്ചറിഞ്ഞ് ആചാരാനുഷ്ഠാനങ്ങളില്‍ കടന്നു കൂടുന്ന അനാചാരങ്ങളെ വിപാടനം ചെയ്യാന്‍ പരിശ്രമിച്ച് വ്യാജ ശൈഖുമാരും സമ്പല്‍മോഹികളും മതാചാരങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ ശബ്ദമുയര്‍ത്തിയും തങ്ങളുടെ സേവനങ്ങള്‍ കുറ്റമറ്റതാക്കാന്‍ അവര്‍  ആത്മാര്‍ത്ഥമായി യത്‌നിച്ചു.

ഈ മൂന്നു രീതിയിലുള്ള പ്രതികരണങ്ങളും അതിന്റെ ചുവടുപിടിച്ച് രൂപംകൊണ്ട പ്രസ്ഥാനങ്ങളും സംഘടനകളും കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഗതി നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടര പതിറ്റാണ്ടുകളില്‍ ഇസ്‌ലാമിനേയോ മുസ്‌ലിംകളേയോ സംബന്ധിക്കുന്ന ഏതൊരു വിഷയവും ചര്‍ച്ച ചെയ്യപ്പെട്ടത് ഈ ചിന്താധാരകളുടെ ചുവടു പിടിച്ചാണ്. പ്രബുദ്ധരും ജ്ഞാനോത്സുകരും ആയ വലിയ ഒരു വിഭാഗം അവരുടെ ജീവിതവും ചിന്തയും കര്‍മ്മവും രൂപപ്പെടുത്തിയത് സ്റ്റേജുകളിലും പേജുകളിലും ഔദ്യോഗികവും അനൗദ്യോഗികവുമൊക്കെയായി സജീവമായി ചര്‍ച്ചചെയ്യപ്പെട്ട ഈ വിഷയങ്ങളെക്കുറിച്ച് വിലയിരുത്തിയാണ്. വാദപ്രതിവാദങ്ങളും ആശയ സമരങ്ങളും, വിവാദങ്ങളും ചര്‍ച്ചകളും ചിലപ്പോള്‍ ദൗര്‍ഭാഗ്യവശാല്‍ കലഹങ്ങളും സംഘട്ടനങ്ങളുമൊക്കെയായി കടന്നു പോയ ഈ കാലയളവ് ത്വരിതഗതിയിലുള്ള ഒരു പരിണാമ പ്രക്രിയയാണ് കേരള മുസ്‌ലിംകള്‍ക്കിടയില്‍ സാധിച്ചെടുത്തത്. എങ്കിലും പാരമ്പര്യമൂല്യങ്ങളെയും മഹാന്മാരായ മുന്‍ഗാമികള്‍ പഠിപ്പിച്ച ആചാരനുഷ്ഠാനങ്ങളെയും വന്‍ പാപങ്ങളായി മുദ്രകുത്തി ഉല്‍പതിഷ്ണുക്കള്‍ ഇളക്കിവിട്ട ഓരോ വിഷയങ്ങളിലും കേരളത്തിലെ ഭൂരിപക്ഷം മുസ്‌ലിംകള്‍ എവിടെ നില്‍ക്കുന്നു എന്നന്വേഷിക്കുന്നിടത്ത് സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ വൃഥാവിലായിട്ടില്ല എന്നു നാം തിരിച്ചറിയുന്നു.

ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ എല്ലാ സംഘടനകളുടെയും സജീവമായ നേതൃപ്രവര്‍ത്തക വൃന്ദത്തിന് അപ്പുറം ഒരു വലിയ ജനവിഭാഗം പക്ഷപാതപരമായ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നു നിന്ന് തങ്ങളുടെ ജീവിതവുമായി, എന്നാല്‍ ഇസ്‌ലാമിക രീതിയില്‍ തന്നെ മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, സംഘടനകളുടെ കൊടിപിടിക്കാന്‍ താല്‍പര്യം കാണിക്കാത്ത ആ വിഭാഗമടക്കം ഏവരും നവീകരണവാദത്തിന്റെയും പാരമ്പര്യവാദത്തിന്റെയും രണ്ട് വീക്ഷണകോണുകളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട സുപ്രധാന വിഷയങ്ങളില്‍ വ്യകത്മായ സമീപനം സ്വീകരിക്കുന്നതായി കാണാം. പ്രചണ്ഡമായ പ്രചരണ കോലാഹലങ്ങള്‍ക്കും സര്‍വ മാധ്യമങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി നിര്‍വ്വഹിച്ച പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം ശിര്‍ക്കും പാപവും അനാചാരവുമൊക്കെയായി തങ്ങള്‍ മുദ്രകുത്തിയ കാര്യങ്ങള്‍ കേരളത്തിലെ മൃഗീയ ഭൂരിപക്ഷത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ നവീന വാദികള്‍ക്ക് സാധിച്ചിട്ടില്ല. 

കേരളീയ ഇസ്‌ലാമിക ജീവിതത്തിന്റെ ആണിക്കല്ലായ മഹല്ലുകളില്‍ ഒരഞ്ചുശതമാനമെങ്കിലും കീഴടക്കാന്‍ പുരോഗമനാശയക്കാര്‍ക്കു കഴിഞ്ഞിട്ടില്ല. ശിര്‍ക്കെന്ന ഏക വലിയ ആരോപണം ആത്മാര്‍ത്ഥമായി സ്വയംഅംഗീകരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അതിന്റെ പ്രചാരകര്‍ക്ക് സാധിച്ചിട്ടില്ല. എന്നിടത്ത് തുടങ്ങുന്നു ഈ പരാജയം. ശിര്‍ക്ക് ചെയ്യുന്നവര്‍ ഇസ്‌ലാമിന്റെ പടിക്കു പുറത്താണെന്നും അത് പാപമോചനത്തിനു പോലും അര്‍ഹതയില്ലാത്തപാപമാണെന്നുമാണ് മതവീക്ഷണം. ഇതനുസരിച്ച് മാനുഷികമായസ്വാഭാവിക ബന്ധങ്ങള്‍ക്കപ്പുറം ഇസ്‌ലാമികമായ സകല ബന്ധങ്ങളും വിച്ഛേദിക്കുന്നതിനു പകരം, പുത്തനാശയങ്ങളിലേക്ക് ജനങ്ങള്‍ പോകുന്നത് തടഞ്ഞുനിര്‍ത്താന്‍ വേണ്ടി അതിന്റെ ആശയപ്രചാരകരോട് സലാം പോലും പറയരുതെന്ന് നിഷ്‌കര്‍ഷിച്ച മുന്‍ഗാമികളായ ചില പണ്ഡിതന്മാരുടെ ഫത്‌വയില്‍ കലികൊള്ളുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. സ്വാഭാവികമായ ആശയ ഭിന്നതകള്‍ ഉടലെടുക്കുമ്പോഴും എതിര്‍ ചേരിയിലുള്ളവര്‍ക്കെതിരെ തങ്ങള്‍ ആരോപിക്കുന്ന ആരോപണങ്ങളില്‍ തങ്ങള്‍ക്കു തന്നെയുള്ള ഉറപ്പില്ലായ്മയാണ് ഇവിടെ പ്രതികൂലമായി ബാധിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter