വിഷയം: ‍ രിദ്ദത് സംഭവിച്ച ശേഷം ശഹാദത് കലിമയുമായി ബന്ധപ്പെട്ട ചോദ്യം

രിദ്ദതുമായി ബന്ധപ്പെട്ട ഒരു ചോദ്യം മുമ്പ് ചോദിച്ചിരുന്നു. വസ്വാസ് ആണോ സൂക്ഷമത ആണോ എന്നറിയില്ല. 6 ചോദ്യമുണ്ട്. എങ്ങനെ ചുരുക്കണമെന്ന് അറിയില്ല. മറുപടിക്ക് കാത്തിരിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും ചുരുങ്ങിയ മറുപടിയെങ്കിലും (പരമാവധി പെട്ടന്ന്- അങ്ങനത്തെ ഒരു വിഷയമായത് കൊണ്ടാണ്) മതി. ഒന്ന് വിട്ട് പോയാൽ അതിലേക്ക് സംശയം പോവും. 1-ഏത് വിശ്വാസം കാരണമാണ് രിദ്ദത് സംഭവിച്ചത് അതിൽ നിന്ന് മടങ്ങലല്ലേ ആദ്യത്തെ സ്റ്റെപ്. ഇത് വാക്കുകൾ കൊണ്ട് മടങ്ങലാണോ അല്ലെങ്കിൽ മനസ്സ് കൊണ്ട് മതിയോ? 2-രണ്ടാമത്തെ സ്റ്റെപ് ശഹാദത് കലിമ മനസ്സിലുറപ്പിച്ച് വിശ്വസിക്കലല്ലേ. അത് ഏകദേശം ആശയം വന്നാൽ മതിയോ? ഇവിടെ ആദ്യത്തെ കലിമയുടെ അല്ലാഹു അല്ലാതെ "ഒരു" ആരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു എന്നാണ് ഞാൻ അർത്ഥം മനസ്സിൽ കരുതിയത്. അത് വാക്കുകളുടെ അർത്ഥം വെച്ച് നോക്കുമ്പോൾ തെറ്റാണെന്ന് കരുതി "ഒരു" എന്നത് ഒഴിവാക്കി അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു എന്നാക്കി മാറ്റി മറ്റ് കാര്യങ്ങളൊക്കെ ചെയ്ത് വീണ്ടും ശഹാദത് പുതുക്കി. എന്നാൽ പല സ്ഥലങ്ങളിലും "മറ്റൊരു" ആരാധ്യനില്ല എന്നതാണ് കാണുന്നത്. ഈ മൂന്ന് കൊണ്ടും എന്റെ ഉദ്ധേശം ഒന്നാണെങ്കിലും അത് വാക്കുകളുടെ ചിത്രമായി മനസ്സിൽ പതിപ്പിച്ചത് ആദ്യം പറഞ്ഞ രണ്ടുമാണ്. (ആദ്യവും പിന്നെ തിരുത്തിയ സമയവും) അത് പോലെ ഇല്ലല്ലാഹ് എന്ന് നിർത്താതെ ഇല്ലല്ലാഹു എന്ന് രണ്ടാമത്തെ കലിമ കൂട്ടിപ്പറയുമ്പോൾ അർത്ഥം മാറുന്നുണ്ടോ? ഇവിടെയും മനസ്സിലുറപ്പിക്കുമ്പോൾ ശരിയായ അർത്ഥം വരൽ നിർബന്ധമാണോ? 3-അടുത്ത സ്റ്റെപ് ശഹാദത് കലിമയല്ലേ ഇതും മുമ്പ് പറഞ്ഞതൊക്കെയും ഉച്ചരിക്കുമ്പോൾ സാക്ഷി വേണോ? 4-നാലാമത്തെ സ്റ്റെപ് തൗബയല്ലേ? മുമ്പ് പറഞ്ഞ മൂന്നിലും തൗബയിലും ഏതൊക്കെയാണ് നാവ് കൊണ്ട് പറയേണ്ടത് 5-ശഹാദതിന് ഫർളുകളും ശ്വർതുകളുമൊക്കെ ഉണ്ടെന്ന് വായിച്ചിട്ടുണ്ട്. ഇതിൽ തന്നെ രിദ്ധത് സംഭവിച്ചാൽ തിരിച്ച് വരേണ്ട വേറൊരു കലിമയും കാണുന്നുണ്ട്. ഇതൊക്കെ ശഹാദത് കലിമക്ക് മുമ്പ് നാവ് കൊണ്ടും മനസ്സ് കൊണ്ടും പറയണോ? 6- 1 മുതൽ 6 വരെയുള്ള കാര്യങ്ങൾ (ആറാമത്തെ നിർബന്ധമാണെങ്കിൽ) ചെയ്യുമ്പോൾ തുടർച്ച വേണമെന്നുണ്ടോ? ഈ സ്റ്റെപ്പിൽ ചിലത് കുറേ ദിവസം മുമ്പ് ചെയ്തതാണെങ്കിൽ ഇന്ന് ബാക്കി ചെയ്താൽ മതിയോ?

ചോദ്യകർത്താവ്

MUHAMMAD IQBAL M

Oct 25, 2020

CODE :Fiq9993

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അറിവില്ലായ്മ കൊണ്ടും പിശാചിന്‍റെ ദുര്‍പ്രേരണ കൊണ്ടുമാണ് വിശ്വാസിയുടെ അതിപ്രധാനമായ കലിമതുശ്ശഹാദയില്‍ സംശയങ്ങള്‍ ഉടലെടുക്കുന്നത്. മുമ്പ് താങ്കള്‍ക്ക് നല്‍കപ്പെട്ട മറുപടിയില്‍ തന്നെ മേല്‍ചോദ്യങ്ങളുടെ മറുപടികളെല്ലാം അടങ്ങിയിട്ടുണ്ടെങ്കിലും താങ്കള്‍ക്ക് സംതൃപ്തി ലഭിച്ചിട്ടില്ലെന്ന് മനസിലാക്കുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട താങ്കളുടെ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി വായിക്കുന്നതോടൊപ്പം അറിവും പാണ്ഡിത്യവുമുള്ള ഉസ്താദുമാരെ നേരില്‍കണ്ട് എത്രയും വേഗം ശങ്ക തീര്‍ക്കണമെന്നുകൂടി സൂചിപ്പിക്കട്ടെ..

രിദ്ദത്ത് (മതഭ്രഷ്ട്) സംഭവിച്ച വ്യക്തി  എന്ത് വിശ്വാസം കാരണത്താലാണോ അവന്‍ മുര്‍തദ്ദായത് ആ വിശ്വാസത്തില്‍ നിന്ന് മടങ്ങി രണ്ട് ശഹാദത്ത് കലിമകള്‍ മനസ്സു കൊണ്ട് ഉറപ്പിച്ചു വിശ്വസിച്ച് നാവു കൊണ്ട് ഉച്ചരിക്കുന്നതോടെയാണ് ഇസ്ലാമിലേക്ക് തിരിച്ചുവരുന്നത് (ഫത്ഹുല്‍മുഈന്‍).

രിദ്ദത്ത് എന്നത് മഹാപാപമാണ്. ഈ പാപം പൊറുക്കപ്പെടണമെങ്കില്‍ തൌബ ആവശ്യമാണ്. ചെയ്തുപോയ ഈ മഹാപാപത്തില്‍ അതിയായി ഖേദിക്കുകയും ഇനി ചെയ്യില്ലെന്ന ദൃഢനിശ്ചയമെടുക്കുകയും ചെയ്യുകയും തെറ്റില്‍ നിന്ന് മടങ്ങുകയും ചെയ്യലാണ് തൌബ. ഉറച്ച വിശ്വാസത്തോടെ ശഹാദത്ത് കലിമകളുച്ചരിച്ച് ഇസ്ലാമിലേക്ക് തിരിച്ചുവരികയും റബ്ബിനോട് മനമുരുകി പാപമോചനത്തിന് വേണ്ടി ദുആ ചെയ്യുകയും രിദ്ദതിന്‍റെ കാലയളവിലുള്ള ഫര്‍ളായ എല്ലാ ആരാധനാകര്‍മങ്ങളും ഖളാ വീട്ടുകയും ചെയ്യുന്നതിലൂടെ കരുണാമയനായ റബ്ബില്‍ നിന്ന് അവന്‍റെ കരുണാകടാക്ഷം നമുക്ക് പ്രതീക്ഷിക്കാം.

രിദ്ദത് സംഭവിച്ച വ്യക്തി ഇസ്ലാമിലേക്ക് തിരിച്ചുവരാതെ തൌബ ചെയ്യുന്നത് പ്രായോഗികമല്ലല്ലോ. അവന്‍റെ തൌബ തന്നെ വിശ്വാസത്തിലേക്ക് മടങ്ങി ശഹാദത്ത് കലിമകള്‍ ചൊല്ലുകയെന്നതാണ്.

നിങ്ങളുടെ ചോദ്യങ്ങളിലേക്ക് വരാം.

1. വിശ്വാസം കൊണ്ട് രിദ്ദത് സംഭവിച്ചതില്‍ നിന്ന് മടങ്ങാന്‍ ആ വിശ്വാസം തിരുത്തണമല്ലോ. വിശ്വാസം മനസ്സു കൊണ്ടാണല്ലോ. ആയതിനാല്‍ മനസ്സു കൊണ്ട് തിരുത്തുക തന്നെയാണ് ആദ്യം ചെയ്യേണ്ടത്. തെറ്റു സംഭവിച്ചെന്ന് ശരിരായ രീതിയില്‍ ബോധ്യപ്പെടുകയും അതില്‍ നിന്ന് പിന്മാറിയെന്ന് മനസു കൊണ്ടു ഉറപ്പിക്കുകയും ചെയ്യലാണല്ലോ അത്. പിന്നീട് മനസ് കൊണ്ടാണോ നാവ് കൊണ്ടാണോ ഇത് ചെയ്യേണ്ടത് എന്ന ശങ്ക വസ്’വാസ് മാത്രമാണ്.

2- ശഹാദത് കലിമ മനസിലുറപ്പിക്കല്‍ ഏകദേശമാവുക, പൂര്‍ണമാവുക, ഏകദേശത്തേക്കാള്‍ കുറവാകുക, എന്നൊന്നുമില്ല. ശഹാദത്ത് കലിമയെന്നാല്‍, അല്ലാഹുവല്ലാതെ മറ്റാരും ആരാധനക്കര്‍ഹനില്ല എന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്‍റെ റസൂലാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്ന വാക്യങ്ങളാണ്. ഇത് മനസിലുറപ്പിച്ച് നാവുകൊണ്ട് പറയുന്നതാണ് ഇസ്ലാം കാര്യങ്ങളില്‍ ഒന്നാമത്തേത്. ചോദ്യത്തിലുള്ള ഒരു, മറ്റൊരു പ്രയോഗങ്ങളുമായി ബന്ധപ്പെട്ടു വരുന്ന ശങ്കകളെല്ലാം വെറും വസ്’വാസ് മാത്രമാണ്. ഇല്ലല്ലാഹ് എന്ന് നിറുത്തി പറഞ്ഞാലും ഇല്ലല്ലാഹു എന്ന് കൂട്ടിപ്പറഞ്ഞാലും അര്‍ത്ഥം മാറുന്നില്ല.

3- ശഹാദത് കലിമ ഉച്ചരിക്കാന്‍ സാക്ഷികള്‍ ആവശ്യമില്ല.

4- ഇവകളൊന്നും സ്റ്റെപ്പുകളായി മനസിലാക്കേണ്ടതില്ല. തെറ്റായ വിശ്വാസത്തില്‍ നിന്ന് മാറി നില്‍ക്കുന്നതോടെ വിശ്വാസം ശരിയായല്ലോ. അതില്‍ നിന്ന് മാറി നിന്ന് ശഹാദത്ത് കലിമ മനസിലുറപ്പിച്ച് വിശ്വസിച്ച് നാവ് കൊണ്ട് ഉച്ചരിക്കുന്നതോടെ അവന്‍ മുസ്ലിമായി. മുസ്ലിമാവാതെ തൌബ സ്വീകരിക്കില്ലല്ലോ. ചെയ്തുപോയ തെറ്റില്‍ ഖേദിക്കുകയും ഇനി അത് ചെയ്യില്ലെന്ന് ദൃഢനിശ്ചയമെടുക്കലുമാണ് തൌബ.

5- ശഹാദത്ത് കലിമയെന്നാല്‍, അല്ലാഹുവല്ലാതെ മറ്റാരും ആരാധനക്കര്‍ഹനില്ല എന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്‍റെ റസൂലാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്ന വാക്യങ്ങളാണ്. ഇത് മനസിലുറപ്പിച്ച് നാവുകൊണ്ട് പറയുന്നതാണ് ഇസ്ലാം കാര്യങ്ങളില്‍ ഒന്നാമത്തേത്. ഇസ്ലാം കാര്യങ്ങളായ അഞ്ച് കാര്യങ്ങളും ഈമാന്‍ കാര്യങ്ങളായ 6 കാര്യങ്ങളും ശരിയായ വിധം ജീവിതത്തില്‍ പകര്‍ത്തുന്നതോടെ എല്ലാ ശര്‍ത്തും ഫര്‍ളും ചേര്‍ന്ന വിശ്വാസിയായി നമുക്ക് മാറാം. സാധാരണക്കാര്‍ ഇത്തരം വിശയങ്ങളെ കുറിച്ച് പൊതുവായി അറിവ് കരസ്ഥമാക്കിയാല്‍ മതിയെന്നും ആഴത്തിലുള്ള പഠനങ്ങള്‍ അവര്‍ക്ക് പ്രയാസമുണ്ടാക്കുമെന്നും മഹാന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

6- ഇവിടെ ഒന്നുമുതല്‍ 6 വരെ തുടര്‍ച്ചയായി ചെയ്യാന്‍ 6 സ്റ്റെപ്പുകളൊന്നുമില്ലല്ലോ. ആദ്യം തെറ്റായ വിശ്വാസത്തില്‍ നിന്ന് മടങ്ങുക. രണ്ടാമതായി ശഹാദത് കലിമ മനസിലുറപ്പിച്ച് നാവ് കൊണ്ട് വെളിവാക്കി പറയുക. മൂന്നാമതായി ചെയ്തുപോയ തെറ്റിനെ ഓര്‍ത്ത് ഖേദിക്കുകയും ഇനി മടങ്ങുകയിലെന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്യുക. ഈ ക്രമം താങ്കള്‍ക്ക് സ്വീകരിക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter