വിഷയം: ‍ നിസ്കാരത്തിലെ തജ്'വീദ്

തജ്’വീദിലെ നിയമങ്ങൾ പാലിക്കാതെ നിസ്കാരത്തിൽ ഖ്വുർആൻ ഓതിയാൽ നിസ്കാരം ശരിയാവുമോ? ശരിയാവില്ലെങ്കിൽ ഏതൊക്കെ നിയമങ്ങളാണ് നിർബന്ധം (ഉദാഹരണം- മഖ്റജ് ശരിയാവണമെന്നുണ്ടോ?)

ചോദ്യകർത്താവ്

MUHAMMAD IQBAL M

Nov 19, 2020

CODE :Oth10008

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തജ്’വീദ് നിയമങ്ങള്‍ പാലിക്കാതെ നിസ്കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നത് ശരിയല്ല. അതുവഴി ഖിറാഅത്ത് ബാത്വിലാവാനും നിസ്കാരം തന്നെ ബാത്ത്വാലാവാനും അത് കാരണമാവും.

നിസ്കാരത്തിന്‍റെ നാലാമത്തെ ഫര്‍ളാണല്ലോ ഫാതിഹ ഓതല്‍. ഇവിടെയാണ് നിസ്കാരത്തില്‍ ഖുര്‍ആന്‍ ഓതല്‍ നിര്‍ബന്ധമായി വരുന്ന ഏക സ്ഥലം.

ഫാതിഹ സൂറത്തിലെ അക്ഷരങ്ങള്‍, ശദ്ദുകള്‍, അക്ഷരങ്ങളുടെ മഖ്റജുകള്‍ തുടങ്ങിയവ പാലിച്ചുകൊണ്ടാണ് ഫാതിഹ ഓതേണ്ടത് (ഫത്ഹുല്‍ മുഈന്‍)

ഫാതിഹയില്‍ 14 ശദ്ദുകളാണുളളത്. ശദ്ദുള്ള അക്ഷരങ്ങള്‍ രണ്ട് അക്ഷരങ്ങളുടെ സ്ഥാനത്താണ്. ആയതിനാല്‍ ശദ്ദ് ഒഴിവാക്കി ഓതിയാല്‍ ഒരു അക്ഷരം വിട്ടുപോയത് പോലെയാണ്. ശദ്ദുകളടക്കം ഫാതിഹയില്‍ 156 അക്ഷരങ്ങളാണുള്ളത്. ഒരു അക്ഷരം പോലും നഷ്ടപ്പെടുത്താന്‍ പാടില്ല.

ഓരോ ഹര്‍ഫുകളുടെയും മഖ്റജുകള്‍ കൃത്യമായി പാലിക്കല്‍ നിര്‍ബന്ധമാണ്. ളാദ്, ളാഅ് പോലെയുള്ള പരസ്പരസാദൃശ്യമുള്ള അക്ഷരങ്ങളുടെ മഖ്റജ് പോലും തെറ്റിക്കാന്‍ പാടില്ല. അര്‍ത്ഥം മാറുന്ന തരത്തില്‍ ഹര്‍കുത്തകള്‍ പോലും തെറ്റിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഉദാഹരണത്തിന്, അന്‍അംത എന്നത് അന്‍അംതി, അന്‍അംതു എന്നോ ഓതലും ഇയ്യാക്ക എന്നിടത്ത് ഇയ്യാക്കി എന്ന് ഓതലോ നിസ്കാരത്തിന്‍റെ സാധുതയെ ബാധിക്കുന്നതാണ് എന്നര്‍ത്ഥം.

 ശരിയായി ഓതാന്‍ അറിയുന്നവനോ ഓതിപ്പഠിക്കാന്‍ അവസരമുള്ളവനോ മേല്‍പറഞ്ഞ തെറ്റുകള്‍ ഹറാമാമെന്നറിഞ്ഞിരിക്കെ മനപ്പൂര്‍വ്വം ചെയ്താല്‍ നിസ്കാരം ബാത്വിലാകുന്നതാണ്. മനപ്പൂര്‍വ്വമല്ലെങ്കില്‍ നിസ്കാരം ബാത്വലായില്ലെങ്കിലും ഖിറാഅത്ത് തെറ്റായതിനാല്‍ തിരുത്തി ഓതേണ്ടതാണ്.

ശരിയായ രീതിയില്‍ ഓതാനും അത് പഠിക്കാനും കഴിയാത്ത വ്യക്തിയാണെങ്കില്‍ അവരുടെ ഖിറാഅത് ബാത്വിലാകുന്നതല്ല.  

മേല്‍വിഷയങ്ങള്‍ ഫത്ഹുല്‍മുഈനിലും മറ്റു ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളിലും സവിസ്തരം പറഞ്ഞിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter