മോട്ടോര്‍ ഇന്‍ഷൂറന്‍സ് ക്ലൈം ചെയാമോ?
ചോദ്യകർത്താവ്
Arif
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്‍ഷൂറന്‍സ് പദ്ധതി അനുവദനീയമല്ലെന്ന് കര്‍മ്മശാസ്ത്രത്തിലെ ആധുനികപ്രശ്നങ്ങളില് ഇന്‍ഷൂറന്‍സിനെക്കുറിച്ചുള്ള ലേഖനത്തില്‍ നാം വിശദമായി പറഞ്ഞതാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ നിയമങ്ങള്‍ക്ക് അധീനമായി ചിലപ്പോഴൊക്കെ വണ്ടികള്‍ക്കും മറ്റും ഇന്‍ഷൂറന്‍സ് എടുക്കാന്‍ നാം നിര്ബദ്ധരാവാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ നാം അടക്കേണ്ടിവരുന്ന തുക നമ്മില്‍ നിന്ന് ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്നതു പോലെയാണ്, അത് കൊണ്ട് തന്നെ അത് നമുക്ക് തിരിച്ചുകിട്ടുന്ന സമയത്ത് വാങ്ങാനുള്ള അവകാശവുമുണ്ട്. അങ്ങനെ വരുമ്പോള്‍, നാം അടച്ച തുക ഇന്ശൂറന്സ് വകയില്‍ നമുക്ക് വാങ്ങാവുന്നതാണ്. അതില്‍ കൂടുതല്‍ ലഭിക്കുന്നത് മറ്റാരുടെയെങ്കിലും അവകാശമാണ്, അത് വാങ്ങാന്‍ നമുക്ക് അവകാശമില്ല, അത് അനുവദനീയവുമല്ല. നമ്മുടെ വണ്ടിക്കോ മറ്റോ മറ്റൊരാള്‍ കാരണമായി വല്ല അപകടവും സംഭവിച്ചാല്‍, അവിടെയും അത് തന്നെയാണ് വിധി. ആ കേടുപാട് തീര്‍ത്ത് തരേണ്ടത് അയാളുടെ ബാധ്യതയാണ്. അത്തരം സാഹചര്യത്തില്‍ അയാള്‍ അത് നല്‍കുന്നത് ഇന്ഷൂറന്സില്നിന്നാണെങ്കില് അവിടെയും ഇത് തന്നെയാണ് നോക്കേണ്ടത്. അയാള്‍ ഇന്‍ഷൂറന്‍സ് കമ്പനിക്ക് അടച്ച തുകയുടെ അത്ര അതില്‍നിന്ന് സ്വീകരിക്കാവുന്നതും ബാക്കി വരുന്നുവെങ്കില്‍ അത് അയാള്‍ പോക്കറ്റില്‍നിന്ന് നല്‍കേണ്ടതുമാണ്. എന്നാല്‍ നമുക്ക് അര്‍ഹതപ്പെട്ടത് മറ്റൊരാള്‍ നല്കുമ്പോള് അയാള്‍ തരുന്നത് ഹറാമില്നിന്നാണെങ്കില്പോലും അത് നമ്മെ ബാധിക്കില്ലെന്നും ഹറാം എന്നത് അയാളെ ബാധിക്കുന്ന കാര്യമാണെന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


