നേര്‍ച്ചയുടെ കര്‍മശാസ്ത്ര വിധികള്‍
നേര്‍ച്ച എന്ന പദത്തിന്റെ അറബി ശബ്ദം നദ്‌റ് എന്നാണ്. വാഗ്ദാനം ചെയ്യുക എന്നാണ് ഇതിന്റെ ഭാഷാര്‍ത്ഥം. നിര്‍ബന്ധമല്ലാത്ത ഒരു പുണ്യം കര്‍മം ചെയ്യാന്‍ സ്വയം ബാധ്യത ഏല്‍ക്കുക എന്നതാണ് സാങ്കേതികാര്‍ത്ഥം. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ നാലു പ്രമാണങ്ങള്‍കൊണ്ടും നേര്‍ച്ച സുന്നത്താണെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാല്‍, പദമുച്ചരിച്ചതുകൊണ്ടു മാത്രമേ ഇത് ബാധ്യതയാവുകയുള്ളൂ; കരുതിയതുകൊണ്ട് മാത്രമാവുകയില്ല. എന്നാലും, പുണ്യകര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കരുതിയാല്‍തന്നെ ആ കരുത്ത് നടപ്പാക്കല്‍ ബലപ്പെട്ട സുന്നത്താണ്. നല്ല കാര്യങ്ങള്‍ കരുതി അത് പ്രവര്‍ത്തിക്കാത്തവരെക്കുറിച്ച് ശര്‍ഇല്‍ കടുത്ത ആക്ഷേപം വന്നിട്ടുണ്ട്. കരുതലോടുകൂടെയുള്ള എഴുത്തുകൊണ്ടും സംസാര ശേഷിയില്ലാത്തവന്റെ ആംഗ്യംകൊണ്ടും നേര്‍ച്ച സംഭവിക്കും.
പ്രായപൂര്‍ത്തിയും ബുദ്ധിയും വിവേകവുമുള്ള മുസ്‌ലിംകളില്‍ നിന്നേ നേര്‍ച്ച സാധുവാകൂ. കുട്ടികള്‍, ഭ്രാന്തന്‍, അമുസ്‌ലിം, വിഡ്ഢി എന്നിവരുടെ നേര്‍ച്ച അസാധുവാണ്. സുന്നത്തോ ഫര്‍ള് കിഫായ (സാമൂഹിക ബാധ്യത) യോ ആയ ഏതു കാര്യവും നേര്‍ച്ചയാക്കാം. നേര്‍ച്ചയാക്കലോടുകൂടി അക്കാര്യം നിര്‍ബന്ധബാധ്യതയായി. പ്രവര്‍ത്തിച്ചാല്‍ ഫര്‍ളിന്റെ പ്രതിഫലവും ഉപേക്ഷിച്ചാല്‍ കുറ്റവും ലഭിക്കും. നിഷിദ്ധമോ കറാഹത്തോ അനുവദനീയമോ ആയ കാര്യങ്ങള്‍ നേര്‍ച്ചയാക്കല്‍ സാധുവല്ല. ഫര്‍ള് ഐന്‍ (വ്യക്തിപരമായ നിര്‍ബന്ധം) ആയ കാര്യം നേര്‍ച്ചയാക്കലും സ്വഹീഹല്ല. കാരണം, അത് ആദ്യമേ ഇസ്‌ലാം നിര്‍ബന്ധമാക്കിയതാണ്. പിന്നെ, നേര്‍ച്ചകൊണ്ട് നിര്‍ബന്ധമാവുകയെന്നതിന് അര്‍ത്ഥമില്ല (ഇആനത്ത്: 2/351).
നേര്‍ച്ച രണ്ടുവിധമാണ്. ഒന്ന്: സംഭവിക്കാന്‍ ആഗ്രഹമുള്ള ഒരു കാര്യത്തിനോട് ബന്ധപ്പെടുത്തിക്കൊണ്ടുള്ള നേര്‍ച്ച. ഇത് കറാഹത്താണ്. തര്‍ക്ക സമയത്താണ് സാധാരണ ഈ നേര്‍ച്ച സംഭവിക്കുന്നത് എന്നതുകൊണ്ട് ലജാജിന്റെ നേര്‍ച്ച എന്നാണ് ഇത് അറിയപ്പെടുന്നത്. ഉദാഹരണം: ഒരാള്‍, ഞാന്‍ റഫീഖിനോട് സംസാരിച്ചാല്‍ അല്ലാഹുവിനുവേണ്ടി നോമ്പനുഷ്ഠിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്നു പറയല്‍. റഫീഖിനോട് സംസാരിക്കുകയെന്നത് സംഭവിക്കരുതെന്നാണ് പറയുന്ന ആളുടെ ആഗ്രഹം.
ഇത്തരം കറാഹത്തിന്റെ ഇനത്തില്‍പെട്ട നേര്‍ച്ചയില്‍ ബന്ധിപ്പിക്കപ്പെട്ട കാര്യമുണ്ടായാല്‍ (റഫീഖിനോട് സംസാരിച്ചാല്‍) നേര്‍ച്ചയില്‍ പറഞ്ഞ നോമ്പനുഷ്ഠിക്കലോ സത്യത്തിന്റെ പ്രയശ്ചിത്തമോ നിര്‍ബന്ധമാകും (തുഹ്ഫ: 10/69). മുഅ്മിനായ അടിമയെ മോചിപ്പിക്കുകയോ, പ്രായശ്ചിത്തം നല്‍കുന്നവന്റെ നാട്ടിലെ മുഖ്യാഹാരത്തില്‍നിന്ന് പത്തു സാധുക്കള്‍ക്ക് ഓരോ മുദ്ദ് (600 ഗ്രാം) വീതം നല്‍കുകയോ പത്തു മിസ്‌കീന്‍മാര്‍ക്ക് വസ്ത്രം നല്‍കുകയോ ചെയ്യലാണ് പ്രായശ്ചിത്തം. ഈ വിവരിച്ച മൂന്നുകാര്യങ്ങളും ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ മൂന്നു നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ് (തുഹ്ഫ: 10/18).
രണ്ട്: തബര്‍റുകിന്റെ നേര്‍ച്ച. ഇതു സുന്നത്താണ്. നിരുപാധിക വാക്കുകള്‍കൊണ്ടും, ഉപാധിസഹിതമുള്ള വാക്കുകള്‍കൊണ്ടും ഈ നേര്‍ച്ച പരിഗണിക്കപ്പെടും. സംഭവിച്ചുകിട്ടല്‍ വളരെ ആഗ്രഹമുള്ള ഒരു കാര്യത്തിനോട് ബന്ധിപ്പിക്കലാണ് ഇവിടത്തെ ഉപാധി (ശര്‍വാനി: 10/71).
മറ്റൊന്നിനോടും ബന്ധിപ്പിക്കാതെ ഒരു പുണ്യകര്‍മം നിര്‍ബന്ധമാക്കിത്തീര്‍ക്കലാണ് നിരുപാധിക നേര്‍ച്ച. വിത്ര്‍ നിസ്‌കരിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി, നോമ്പ് അനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി പോലെയുള്ള പദങ്ങള്‍ നിരുപാധിക നേര്‍ച്ചയുടെ ഉദാഹരണങ്ങളാണ്. റക്അത്തിന്റെ എണ്ണം നിര്‍ണയിക്കാതെ നിസ്‌കാരം നേര്‍ച്ചയാക്കിയാല്‍ രണ്ടു റക്അത്താണ് നിര്‍ബന്ധമാവുക. ഇന്ന വ്യാഴം എന്ന് നിജപ്പെടുത്താതെ വ്യായാഴ്ച നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ഏതെങ്കിലും ഒരു വ്യായാഴ്ച നോമ്പ് പിടിച്ചാല്‍ മതി.
നിശ്ചിത ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ആ ദിവസത്തിനു മുമ്പു അനുഷ്ഠിച്ചാല്‍ മതിയാവുകയില്ല. അഥവാ, അനുഷ്ഠിച്ചാല്‍ അവന്‍ കുറ്റക്കാരനായിത്തീരുകയും ചെയ്യും. കാരണം കൂടാതെ നോമ്പ് പിന്തിക്കലും അനുവദനീയമല്ല. പിന്തിച്ചാല്‍ ഖളാആയി സാധുവാകും. വാചകം മൊഴിയുന്നതോടെത്തന്നെ നിരുപാധിക നേര്‍ച്ചയുടെ (ഒരു കാര്യത്തോടും ബന്ധപ്പെടുത്താത്തത്) സമയം പ്രവേശിക്കുന്നതാണ് (നിഹായ: 8/222, ശര്‍വാനി: 10/75).
ഒരു സ്ത്രീ തുടര്‍ച്ചയായി 15 ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി. പക്ഷെ, രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ആര്‍ത്തവമുണ്ടായി. എങ്കില്‍ ശുദ്ധിയായതിനു ശേഷം ബാക്കിയുള്ള ദിവസങ്ങള്‍ക്കൂടി നോറ്റ് എണ്ണം പൂര്‍ത്തിയാക്കിയാല്‍ മതി. ആര്‍ത്തവം കൊണ്ട് തുടര്‍ച്ച മുറിയുന്നതല്ല. അതേസമയം, രോഗം, യാത്ര എന്നിവകൊണ്ട് തുടര്‍ച്ച പാലിക്കാന്‍ പറ്റാതെ വന്നാല്‍ തുടര്‍ച്ച മുറിയുന്നതും ശേഷം തുടര്‍ച്ചയായിത്തന്നെ പതിനഞ്ചുദിവസം രണ്ടാമതു തുടങ്ങി പൂര്‍ത്തിയാക്കേണ്ടതുമാണ് (തുഹ്ഫ: 10/83, ശര്‍വാനി സഹിതം).
ഒരു സ്ത്രീ ഒരു നിശ്ചിത ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി. (ഉദാ: മുഹര്‍റം: 10) പക്ഷെ, പ്രസ്തുത ദിവസം അവള്‍ ആര്‍ത്തവ കാരിയായി. എന്നാല്‍, ആ നോമ്പ് ഒഴിവായി. അഥവാ, ഇനി അത് ഖളാ വീട്ടേണ്ടതില്ല. എന്നാല്‍, ആ ദിവസം രോഗ ബാധിതയായതുമൂലമാണ് നോമ്പനുഷ്ഠിക്കാന്‍ കഴിയാതെ വന്നതെങ്കില്‍ മറ്റൊരു ദിവസം ഖളാ വീട്ടണം. ഇക്കാര്യം ഇബ്‌നു ഹജര്‍ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗ ദിവസം നോമ്പ് സാധുവാണെന്നതും ആര്‍ത്തവ ദിവസം നോമ്പ് സാധുവല്ലെന്നതുമാണ് ഇത് രണ്ടും തമ്മിലുള്ള വിത്യാസം (തുഹ്ഫ: 10/82).
ശുഹദാഅ്, ഔലിയാഅ് തുടങ്ങിയ മഹത്തുക്കളുടെ മഖ്ബറകളിലേക്കു നേര്‍ച്ചയാക്കപ്പെട്ടതു അവിടെ പതിവായി നടന്നുവരുന്ന കീഴ്‌വഴക്കമനുസരിച്ചു പ്രവര്‍ത്തിക്കണം. ഒരു പതിവും ഇല്ലെങ്കില്‍ മുസ്‌ലിംകളുടെ നന്മയുടെ കാര്യത്തില്‍ ചെലവഴിക്കണം. നേര്‍ച്ച സമര്‍പ്പിച്ചയാളുടെ ഉദ്ദേശ്യം വ്യക്തമായി അറിയപ്പെട്ടിട്ടില്ലായെങ്കിലാണീ പറഞ്ഞത് (ഫതാവല്‍ കുബ്‌റ: 4/268).
ഈ ആടിനെ ഞാന്‍ നേര്‍ച്ചയാക്കി എന്നു പറഞ്ഞ്, നേര്‍ച്ച ഒരു പ്രത്യേക ആടിനോട് ബന്ധിപ്പിച്ചാല്‍ അതിനെത്തന്നെ നേര്‍ച്ച വസ്തുവായി കൊടുക്കേണ്ടി വരും. പകരം മറ്റൊന്നും നല്‍കാവുന്നതല്ല. എന്നാല്‍, തന്റെ വീഴ്ച കൂടാതെ ആട് നശിച്ചാല്‍ അയാള്‍ ഉത്തരവാദിയല്ല. മറ്റൊന്നും പകരം നല്‍കേണ്ടതുമില്ല. എന്നാല്‍, ബദ്‌രീങ്ങളുടെ ആണ്ടിലേക്കോ മറ്റോ ഒരു ആടിനെ അല്ലെങ്കില്‍ ഒരു കോഴിയെ നേര്‍ച്ചയാക്കുകയും പിന്നീട് ഒരു മൃഗത്തെ നിജപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അത് നശിച്ചാല്‍ ഉത്തരവാദിത്തം ഒഴിവാകില്ല. മറ്റൊന്ന് പകരം വെക്കണം. മരണപ്പെട്ടവരുടെ പേരിലോ അവരുടെ മഖ്ബറകളിലേക്കോ സ്വദഖ ചെയ്യാന്‍ നേര്‍ച്ചയാക്കിയാല്‍ പതിവ് സമ്പ്രദായമാണ് പരിഗണിക്കേണ്ടത്. രിഫാഈ ശൈഖ്, സുലൈമാന്‍ നബി തുടങ്ങിയവരുടെ പേരില്‍ കോഴിയോ മറ്റോ നേര്‍ച്ചയാക്കുകയും നേര്‍ച്ച നേര്‍ന്നവന്‍ വല്ലവരെയും വിളിച്ച് ദുആ ചെയ്യിപ്പിക്കുകയും അനന്തരം അവരോടൊപ്പം നേര്‍ച്ച നേര്‍ന്നയാളും വീട്ടുകാരും ഭക്ഷിക്കുന്നതാണ് ഇന്ന് നമ്മുടെ നാട്ടിലെ പതിവ്. ഈ വഴക്കമാണ് സ്വീകരിക്കേണ്ടത് (തുഹ്ഫ: 10/100 നോക്കുക). ഉപാധി വെച്ചുള്ള നേര്‍ച്ചയില്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമ്പോള്‍ മാത്രം നേര്‍ച്ച വീട്ടിയാല്‍ മതി (തുഹ്ഫ: 10/74). രോഗം സുഖപ്പെട്ടാല്‍ പിന്നെ പിന്തിപ്പിക്കാവുന്നതല്ല. വേഗത്തില്‍ നേര്‍ച്ച വീട്ടല്‍ നിര്‍ബന്ധമാണ്. ഒരു നിശ്ചിത വ്യക്തിക്ക് നേര്‍ച്ചയാക്കുകയും അവന്‍ ആവശ്യപ്പെടുകയും ചെയ്താലാണിത്. അല്ലെങ്കില്‍ വേഗത്തിലാവല്‍ നിര്‍ബന്ധമില്ല (നിഹായ: 8/221, ശര്‍വാനി: 10/74).
നിരുപോധികം, സോപാധികം എന്നീ രണ്ടു തരം നേര്‍ച്ചയിലും നേര്‍ച്ചയാക്കപ്പെട്ട വ്യക്തി അത് സ്വീകരിക്കലും കൈപറ്റലും നിര്‍ബന്ധമില്ല. എങ്കിലും അദ്ദേഹം അത് നിരസിക്കാതിരിക്കല്‍ നിര്‍ബന്ധമാണ് (ഫത്ഹുല്‍ മുഈന്‍: 225).
ഒരാള്‍ തനിക്കുണ്ടായ കുഞ്ഞിന് സുന്നത്തായ (മുഹമ്മദ്, അബ്ദുല്ല, അഹ്മദ് പോലെ) പേരിടണമെന്ന് നേര്‍ച്ചയാക്കിയാല്‍ ആ നേര്‍ച്ച സാധുവാകുന്നതും ആ പേര്തന്നെ കുഞ്ഞിന് നല്‍കേണ്ടതുമാണ് (ഹാശിയത്തുന്നിഹായ: 8/221, ശര്‍വാനി: 10/71). പുണ്യാത്മാക്കളുടെ ഖബറിന്മേല്‍ വസ്ത്രം കൊണ്ടുപോയി വെക്കുകയും ബറക്കത്തെടുക്കുകയും ചെയ്യുന്ന ജാറം മൂടല്‍ പുണ്യകര്‍മമാണ്. ജാറം മൂടലിന്റെ ഉദ്ദേശ്യങ്ങളിലൊന്ന് പ്രസ്തുത വസ്ത്രം സ്വദഖ ചെയ്യലാണ്. ഇതു സുന്നത്താണ്. ജാറം മൂടാന്‍ നേര്‍ച്ചയാക്കാവുന്നതും നേര്‍ച്ചയാക്കിയാല്‍ അത് ചെയ്യല്‍ നിര്‍ബന്ധവുമാണ് (റൂഹുല്‍ ബയാന്‍: 3/400, ഫതാവാ സുയൂഥി: 2/31 കാണുക).
Leave A Comment