സന്താനനിയന്ത്രണം: ആധുനിക വഴികളും കര്‍മശാസ്ത്രവിധികളും
ലോകത്ത് ജാതി-മത-ഭാഷ വ്യത്യാസമില്ലാതെ ഭയക്കുന്ന ഒരു കാര്യമാണ് ജനസംഖ്യാവര്‍ദ്ധനവ്. നാം രണ്ട് നമുക്ക് രണ്ട്, നാം രണ്ട് നമുക്ക് ഒന്ന്, നാം രണ്ട് നമുക്കെന്തിന് മറ്റൊന്ന് തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ഗവണ്‍മെന്റ് തലങ്ങളില്‍ പോലും ജനസംഖ്യാ നിയന്ത്രണത്തിന് പ്രോത്സാഹനവും സഹായവും ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. ജനസംഖ്യാ കണക്കെടുപ്പുകളില്‍ ഓരോ വര്‍ഷവും വരുന്ന വന്‍വര്‍ദ്ധനവാണ് രാജ്യം ഭരിക്കുന്നവരുടെ മനസ്സിനെ അങ്കലാപ്പാക്കുന്നത്. നിയന്ത്രണങ്ങള്‍ക്കായി വലിയ സാമ്പത്തിക ചെലവ് നടത്തി ഭരണതലങ്ങള്‍ വലിയ പ്രോത്സാഹനങ്ങള്‍ ഇന്ന് ചെയ്തുകൊടുത്തുകൊണ്ടിരിക്കുന്നു.
ദാരിദ്ര്യത്തെ ഭയന്ന് കുട്ടികളെ നിങ്ങള്‍ കൊല്ലരുത് എന്ന് കല്‍പിക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ വക്താക്കളാവുന്ന മുസ്‌ലിംകളെ സംബന്ധിച്ച് വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണിത്. മുസ്‌ലിമിന്റെ സകലമാന ജീവിതപ്രശ്‌നങ്ങളിലും വ്യക്തമായ ചിട്ടകളും നിയമങ്ങളും പരിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നു. കര്‍മശാസ്ത്രമെന്ന ഒരു പേര് നല്‍കി ഓരോ വ്യക്തിയുടെയും പ്രവര്‍ത്തനമണ്ഡലങ്ങളില്‍ വരുന്ന എല്ലാ കാര്യവും വിശദമായും വ്യക്തമായും അതില്‍ പ്രതിപാദിക്കുന്നുണ്ട്.
ഒരു കുഞ്ഞിന്റെ സൃഷ്ടിപ്പും ജനനവും തുടങ്ങി മരണ - അനന്തര കാര്യം വരെ ഇസ്‌ലാം നമ്മെ ഉല്‍ബോധിപ്പിക്കുന്നുണ്ട്. ഗവണ്‍മെന്റ് തലങ്ങളില്‍ എന്തു നിര്‍ദ്ദേശമുണ്ടായാലും ജീവിത ചിട്ടകള്‍ക്ക് നാം ദീനിന്റെ കര്‍മശാസ്ത്രം പാലിക്കേണ്ടതാണ്.  സന്താനനിയന്ത്രണത്തിന്റെ മാര്‍ഗ്ഗങ്ങളും വഴികളും തേടുന്നവരും പ്രാവര്‍ത്തികമാക്കുന്നവരും വളരെ കൂടുതല്‍ നമുക്കിടയില്‍തന്നെ ഉണ്ടെങ്കിലും മതകീയ വശം ആലോചിക്കുന്നവരും പഠിക്കുന്നവരും കുറവാണ്. വിവാഹത്തിലൂടെ ഇണകളാവുന്നവര്‍ക്കിടയില്‍ കുട്ടികള്‍ ഉണ്ടാവുന്നത് നിയന്ത്രിക്കാനാണ് എല്ലാ വഴികളും യഥാര്‍ത്ഥത്തില്‍ നിലവില്‍വരുന്നത്. എന്നാല്‍, അവയിലധികവും ഇന്ന് ഉപയോഗിക്കുന്നത് വ്യഭിചാരികളാണെന്ന കാര്യം ദുഃഖകരമാണ്. മാത്രവുമല്ല, ഭരണതലങ്ങളില്‍നിന്നടക്കമുള്ള നിയന്ത്രണകാര്യങ്ങള്‍ രാജ്യത്ത് വേശ്യാവൃത്തി കൂടാന്‍ കാരണമാവുന്നുമുണ്ട്. എല്ലാ മതങ്ങളും പ്രകൃതിയും വിലങ്ങിയ വ്യഭിചാരം നാട്ടില്‍ വ്യാപകമാവുമ്പോള്‍ അതിനെ കണ്ടില്ലെന്ന് നടിച്ച് ഗര്‍ഭനിയന്ത്രണകാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. വ്യഭിചാരത്തെ വന്‍കുറ്റമായി പരിചയപ്പെടുത്തുക മാത്രമല്ല ഈ ലോകത്ത് നിന്ന് തന്നെ ശിക്ഷിക്കപ്പെടേണ്ട കാര്യമായി എണ്ണുകവഴി പരിശുദ്ധ ഇസ്‌ലാം അതിനെ ഗൗരവമായി എടുക്കുന്നുണ്ട്. വിവാഹേതര ലൈംഗിക ബന്ധങ്ങളിലൂടെ ഉണ്ടാവുന്ന ഭ്രൂണങ്ങളെ നശിപ്പിക്കുക എന്ന പേരില്‍ ഇന്നത്തെ ഡോക്ടര്‍മാര്‍ സമ്പാദിക്കുന്നത് കോടികളാണെന്നറിയുമ്പോള്‍ ആധുനിക ശാസ്ത്രത്തിന് വേശ്യാവൃത്തിയും എതിര്‍ക്കാന്‍ കഴിയില്ലെന്ന് തോന്നും. ഭൗതികവിദ്യയിലെ ഉയരങ്ങളിലെണ്ണപ്പെടുന്ന ഡോക്ടര്‍മാരില്‍ പലരുടെയും സാമ്പത്തിക ഭദ്രത തന്നെ ഇതിലൂടെയാവുമ്പോള്‍ ഭൗതിക ചിന്തകന്മാര്‍ക്ക് വ്യഭിചാരത്തെ അംഗീകരിക്കേണ്ടിവരും. നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അനുവദിക്കപ്പെടുമ്പോഴും അത് വിവാഹേതര മാര്‍ഗ്ഗങ്ങളിലല്ലെന്നകാര്യം ഓരോ മുസ്‌ലിമും മനസ്സിലാക്കേണ്ടതുണ്ട്. കര്‍മശാസ്ത്രത്തെ ഉള്ളറിഞ്ഞ് അറിയുമ്പോള്‍ അനുവദിക്കപ്പെടുന്ന നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ ഇസ്‌ലാം വിലക്കിയ രീതികള്‍ക്ക് പ്രോത്സാഹനമാവരുതെന്ന് ചുരുക്കം. ഗഹനവും ഉപകാരപ്രദവുമായ ഒരു വിഷയമായതുകൊണ്ടും കര്‍മശാസ്ത്ര നിലപാട് അറിയല്‍ ഓരോരുത്തര്‍ക്കും ആവശ്യമായതു കൊണ്ടും നമുക്കിതിനെ വിശദമായിത്തന്നെ മനസ്സിലാക്കാം. ശിശുവിന്റെ പ്രാരംഭം മുതല്‍ തന്നെ ഖുര്‍ആനിന്റെയും ആധുനിക ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ അറിയേണ്ടതുണ്ട്. കൂടാതെ ഇന്ന് നിലവിലുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങളും അതിന്റെയെല്ലാം മതവിധികളും നമുക്ക് ചര്‍ച്ചചെയ്യാം. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായുള്ള ഗര്‍ഭനിയന്ത്രണത്തെ ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. കൂടുതല്‍ പ്രസവിക്കുന്ന സ്ത്രീകളെ കല്യാണം ചെയ്യാനുള്ള പ്രവാചക കല്‍പനയും ആളുകള്‍ കൂടിയതുകൊണ്ട് അന്ത്യദിനത്തില്‍ ഞാന്‍ അഭിമാനിക്കുമെന്ന തിരുനബി പ്രഖ്യാപനവും വിശുദ്ധ ഖുര്‍ആനിലെ മുകളില്‍ സൂചിപ്പിച്ച സൂക്തവും ഇസ്‌ലാമിന്റെ ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല, എല്ലാ കാര്യങ്ങള്‍ക്കും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്ന ഒരു വിശ്വാസിക്ക് ഒരിക്കലും മനുഷ്യവര്‍ദ്ധനവ് ദാരിദ്ര്യത്തെ ഉണ്ടാക്കുമെന്ന് വിശ്വസിക്കാനും കഴിയില്ല. അനവധി മക്കളുള്ള പലരും ധനാഢ്യരായും ഒന്നോ രണ്ടോ കുട്ടികളുള്ളവര്‍ സാമ്പത്തിക അധഃപതനത്തിന്റെ ഇരകളായുമുള്ള കാഴ്ച ഇവിടെ ധാരാളമാണ്. ലോകത്ത് സാമ്പത്തിക വളര്‍ച്ചക്ക് മനുഷ്യപ്രവര്‍ത്തനങ്ങളുടെ പങ്ക് വളരെ വലുതാണെന്നതും ജനസംഖ്യാ വര്‍ദ്ധനവിലേക്ക് വിരല്‍ചൂണ്ടുന്നു. മനുഷ്യനല്ലാത്ത ജീവികളില്‍ നിയന്ത്രണങ്ങളില്ലാതിരുന്നിട്ടും അവര്‍ പട്ടിണികിടന്ന് ജീവന്‍ പോകുന്ന അവസ്ഥ ഉണ്ടാവുന്നില്ലല്ലോ. ചുരുക്കത്തില്‍, ദാരിദ്ര്യവും സാമ്പത്തിക അച്ചടക്കവും മുന്‍നിര്‍ത്തി സന്താനനിയന്ത്രണത്തിന് ഇസ്‌ലാം പ്രോത്സാഹനം നല്‍കുന്നില്ല. പരിപൂര്‍ണമായ രണ്ടു വര്‍ഷം കുട്ടികള്‍ക്ക് മുലയൂട്ടണമെന്ന ഖുര്‍ആന്‍ നിര്‍ദ്ദേശവും ഉണ്ടായ കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ചക്കും ഭാര്യമാരുടെ ആരോഗ്യവും സൗന്ദര്യം തുടങ്ങിയവ നിലനിര്‍ത്തുന്നതിനും പലപ്പോഴും ഗര്‍ഭ നിയന്ത്രണങ്ങള്‍ അനിവാര്യമായി വരാറുണ്ട്. ഈ രീതിയിലാവുമ്പോള്‍ കര്‍മശാസ്ത്രം അതിനെ പാടെ നിഷിദ്ധമാക്കുന്നില്ല. ലിംഗനിര്‍ണ്ണയത്തിന് ശേഷം ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കുന്ന ആധുനിക രീതി ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന് പ്രത്യേകം മനസ്സിലാക്കുക. പെണ്‍കുട്ടികളെ കുഴിച്ചുമൂടിയ കാട്ടറബികള്‍ക്ക് സ്ത്രീയുടെ മഹത്വം പഠിപ്പിച്ച് ഉന്നതസ്ഥാനം കൊടുത്ത പരിശുദ്ധ ഇസ്‌ലാമിന്റെ ആളുകള്‍ക്ക് ഒരിക്കലും ഇത്തരത്തിലുള്ള പ്രവര്‍ത്തനം ചെയ്യാന്‍ കഴിയില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter