മാതൃരാജ്യത്തേക്ക് പ്രവേശിക്കാന്‍ ഇത്രയും കടമ്പകളോ...

തദ്ദേശീയരായ ഫലസ്തീനികള്‍ക്കെതിരെ, അധിനിവേശ ശക്തികളായ ഇസ്‍റാഈല്‍ പ്രയോഗിക്കുന്നത് വിവിധ തരത്തിലുള്ള ആക്രമണ രീതികളാണ്. ശാരീരിക പീഢനങ്ങളേക്കാള്‍ പലപ്പോഴും ഭീകരമാണ്, ഫലസ്തീനികള്‍ക്കെതിരെ അവര്‍ നടത്തുന്ന മാനസിക യുദ്ധങ്ങള്‍. ഒരു ഫലസ്തീന്‍കാരന്ന് (അത് മുസ്‍ലിം അല്ലെങ്കില്‍ പോലും) തന്റെ ജന്മ നാട് സന്ദര്‍ശിക്കാന്‍ എത്രമാത്രം പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നു എന്ന് വരച്ച് കാണിക്കുകയാണ്, പ്രമുഖ അമേരിക്കന്‍ (ഫലസ്തീന്‍) ക്രിസ്ത്യന്‍ എഴുത്തുകാരി നദീന്‍ സായേഗ്. അവരുടെ മാതൃരാജ്യത്തേക്കുള്ള മടക്കം എന്ന കുറിപ്പിന്റെ മലയാള വിവര്‍ത്തനം.

"നിങ്ങൾ ഹിസ്ബുള്ളയുടെ അംഗമാണോ?" ഒരു ഉദ്യോഗസ്ഥ എന്നോട് ചോദിച്ചു, "അല്ല," എന്ന് ഞാൻ മറുപടി പറഞ്ഞു.
"നിങ്ങളുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആരെങ്കിലും ഹിസ്ബുല്ലയെ പിന്തുണയ്ക്കുന്നവരാണോ?", "അല്ല" എന്ന് ഞാൻ വീണ്ടും മറുപടി പറഞ്ഞു, 
ഞാൻ ജറുസലേമിലേക്കല്ല, മറിച്ച് റാമല്ലയിലെ ഒരു സുഹൃത്തിനെ സന്ദർശിക്കാനാണ് പോകുന്നതെന്ന് പറഞ്ഞിട്ട് പോലും, ഒമ്പത് മണിക്കൂറോളമാണ് അവര്‍ എന്നെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തത്. അമേരിക്കൻ പാസ്പോർട്ട് എനിക്ക് തുണയാകും എന്ന പ്രതീക്ഷകളെല്ലാം, ഞാനൊരു ഫലസ്തീനിയാണെന്നതിന് മുന്നില്‍ തീര്‍ത്തും നിരര്‍ത്ഥകമായിരുന്നു.

എന്റെ മാതൃരാജ്യത്തേക്കുള്ള ആദ്യത്തെ സന്ദർശനമായിരുന്നു അത്. എന്റെ അനുമാനങ്ങളെല്ലാം തെറ്റിച്ചത് കൂടിയായിരുന്നു അതെന്ന് വേണം പറയാന്‍. എന്റെ വെളുത്ത തൊലി, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം, ബിരുദാനന്തര വിദ്യാഭ്യാസം, ഏറ്റവും പ്രധാനമായി, എന്റെ അമേരിക്കൻ പാസ്‌പോർട്ട് എന്നിവ ജോർദാൻ-ഇസ്രായേൽ ഭാഗങ്ങളിൽ സഞ്ചരിക്കാൻ എന്നെ അനുവദിക്കുമെന്നായിരുന്നു എന്റെ അനുമാനം. എന്റെ പാസ്‌പോർട്ട് പേജുകളിലൊന്നിന്റെ മൂലയിൽ ഒരു ലെബനീസ് സ്റ്റാമ്പ് ഉള്ളതിനാൽ ആ അനുമാനങ്ങളെല്ലാം തെറ്റുകയായിരുന്നു.

അവരുടെ അന്വേഷണം എത്താത്ത മേഖലകളില്ലെന്ന് തന്നെ പറയാം. പേര്, മൊബൈൽ നമ്പർ, വൈവാഹിക നില, രാഷ്ട്രീയ ബന്ധം, റസിഡൻസി കാർഡ്, തൊഴിൽ, യാത്രാ ചരിത്രം, ഫേസ്ബുക്ക് പ്രൊഫൈൽ, തൊഴിലുടമയുടെ പേര്, വിലാസം, ഭാവി പദ്ധതികൾ എന്നിവയെല്ലാം പറഞ്ഞു കൊടുത്തെങ്കിലും അവരുടെ സംശയം ബാക്കിയായിരുന്നു. എത്ര കുഞ്ഞുങ്ങളുണ്ടാകണം എന്നാണ് നീ ആഗ്രഹിക്കുന്നത് എന്ന് വരെ അവരെന്നോട് ചോദിച്ചുവെന്നത് എത്രമാത്രം സങ്കടകരമാണ് കാര്യങ്ങളെന്ന് വിളിച്ചറിയിക്കുന്നു. 

മേല്‍പറഞ്ഞതെല്ലാം അവരെ സംബന്ധിച്ചിടത്തോളം അടിസ്ഥാന വിവരങ്ങളായിരുന്നു. ശേഷം ചോദ്യങ്ങള്‍ മറ്റു മേഖലകളിലേക്ക് പ്രവേശിച്ചു, "നിന്റെ ഉപ്പ എവിടെയാണ് ജനിച്ചത്?", "ഗാസ", ഒരു ഇസ്രയേലി എമിഗ്രേഷൻ ഓഫീസറോട് കള്ളം പറയാൻ ശ്രമിക്കുന്നതിൽ കാര്യമില്ലെന്ന് അറിയാമായിരുന്ന ഞാന്‍ ഉള്ളത് തന്നെ പറഞ്ഞു.
"നിന്റെ ഉമ്മയോ?", "ഹെബ്രോൺ," 
സ്വാഭാവികമായും, ഈ മറുപടി അവർക്ക് കൂടുതൽ സംശയമാണ് ജനിപ്പിച്ചത്.

അമേരിക്കന്‍ പാസ്പോര്‍ട്ടോട് കൂടി അവിടെ സുഖമായി താമസിക്കുന്ന ഒരു ഫലസ്തീൻ യുവതി, എന്തിനാണ് പലസ്തീനിലേക്ക് പോകുന്നത് എന്നായിരുന്നു അവരുടെ പ്രധാന സംശയം. ലഭിച്ച വിവരങ്ങളുമായി ഓഫീസിലേക്ക് മടങ്ങിയ അവര്‍ എന്നെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടേയിരുന്നു. ഞാന്‍ അവരുടെ തിരിച്ച് വരവിനായി കാത്തിരുന്നു. അത് മണിക്കൂറുകളോളം നീണ്ടു. പുറത്തേക്ക് വന്ന ഒരു ഉദ്യോഗസ്ഥനോട് ഞാന്‍ എന്റെ ചരിത്രം അല്‍പം വിശദീകരിച്ചു.

Also Read: ഫലസ്തീൻ (ഭാഗം -1)

"എന്റെ ഉപ്പ ഗാസയിലാണ് ജനിച്ചത്, കുറച്ച് വർഷങ്ങൾ അവിടെ താമസിച്ചു. അവർ 1959-ൽ ഈജിപ്ത് വഴി ലെബ്നാനിലേക്ക് പോയി. അധികാരികളെ സമീപിച്ച്, ലെബനീസ് പൗരത്വം സ്വീകരിച്ചത് എന്റെ മുത്തച്ഛനാണ്. അവർ ക്രിസ്ത്യാനികളാണെന്നത് കാര്യങ്ങള്‍ എളുപ്പമാക്കി.” മുസ്‌ലിംകൾ, പ്രത്യേകിച്ച് സുന്നി മുസ്‌ലിംകൾ, ആ മാര്‍ഗ്ഗം പോലും നഷ്ടപ്പെട്ടവരാണല്ലോ എന്ന് ഒരു വേള ഞാന്‍ ആലോചിച്ച് പോയി.

"അവർ ക്രിസ്ത്യാനികളോട് പെരുമാറുന്നത് ഏറെ ഭീകരമായാണ്," ഉദ്യോഗസ്ഥൻ, എന്റെ സംസാരം മുറിച്ച് പറഞ്ഞു. ചിരിച്ചുകൊണ്ട് ഞാന്‍ അയാളോട് തിരിച്ച് ചോദിച്ചു "അറബികളോട് നിങ്ങൾ ചെയ്യുന്നതും വളരെയേറെ ഭീകരം തന്നെയല്ലേ,"
"നിന്റെ അമ്മയോ?" അദ്ദേഹം എന്നോട് ചോദിച്ചു.
"എന്റെ അമ്മ ജോർദാൻകാരിയാണ്, അവർ 1967 ൽ ഹെബ്രോണിലാണ് ജനിച്ചത്. എന്റെ മുത്തച്ഛൻ ജോലി ചെയ്തിരുന്നത് അമ്മാനിലായിരുന്നതിനാൽ അവർ ഒരുപാട് യാത്ര ചെയ്യാറുണ്ടായിരുന്നു." 
അവിടെയുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ ഉടനെ ഇടപെട്ട് പറഞ്ഞു, "അപ്പോൾ നിങ്ങൾ ഫലസ്തീനിയാണ്," ഞാൻ പറഞ്ഞു: "അതെ, ഞാൻ ഫലസ്തീനിയാണ്." 

കുറച്ചു നേരം കൂടി അവിടെ എനിക്ക് ഇരിക്കേണ്ടി വന്നു. കുറച്ചു കഴിഞ്ഞപ്പോൾ, ഞാൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. അവിടെ ഇരിക്കുകയായിരുന്ന ദമ്പതികള്‍ എന്റെ ശ്രദ്ധയില്‍ പെട്ടു. വിനോദസഞ്ചാരത്തിന്റെ ഭാഗമായി വന്ന വിദേശികളായിരുന്നു അവര്‍. അവർ എത്ര നേരമായി കാത്തിരിക്കുന്നുവെന്ന് ഞാൻ അവരോട് ചോദിച്ചു. ആറ് മണിക്കൂർ എന്നാണ് അവർ എന്നോട് മറുപടി പറഞ്ഞത്, എന്തേ കാരണമെന്ന് ചോദ്യത്തിന് ആ സ്ത്രീയാണ് മറുപടി പറഞ്ഞത്,

"അവർ എനിക്ക് എൻട്രി പാസ് തന്നു, പക്ഷേ എന്റെ ഭർത്താവിന് എന്ത് സംഭവിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ്." അവരുടെ ഭർത്താവ് ഒരു ജർമ്മൻ പൌരനായിരുന്നു. പക്ഷെ, അയാളുടെ നിറം കറുപ്പായിരുന്നു. അത് കൊണ്ട് തന്നെ, അവര്‍ക്ക് കാത്തിരിക്കേണ്ടിവന്നതില്‍, എനിക്ക് ഒട്ടും അതിശയം തോന്നിയില്ല.

അദ്ദേഹം പറഞ്ഞു, "ഞാൻ യഥാർത്ഥത്തിൽ സോമാലിയക്കാരനാണ്, പക്ഷേ ഞാൻ ജനിച്ചതും വളർന്നതും ജർമ്മനിയിലാണ്. ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഞാൻ സൊമാലിയ സന്ദർശിച്ചത്. എന്നിട്ടും, ഞാൻ ബോക്കോ ഹറാമുമായി ബന്ധമുണ്ടോ എന്നാണ് അവർ സംശയിക്കുന്നത്. എനിക്ക് പ്രവേശനം അനുവദിക്കാന്‍ വൈകുന്നതും അത് കൊണ്ട് തന്നെ."

മണിക്കൂറുകളുടെ കാത്തിരിപ്പിനിടയില്‍, കാണേണ്ടി വന്ന രംഗങ്ങള്‍ എന്നോട് ഇങ്ങനെ പറയുകയായിരുന്നു, ഒരു നാട്ടില്‍ വളര്‍ന്നു എന്നത് കൊണ്ട് മാത്രം നിങ്ങള്‍ ആ നാട്ടുകാരനാവുന്നില്ല. ജീവിതം മുഴുവന്‍ ചെലവഴിച്ചാലും ചിലപ്പോള്‍ ആ നാടിന് നിങ്ങളെ വേണ്ടാതെ വന്നേക്കാം. നിങ്ങള്‍ ഒരു നാടിന്റെതാണ് കാണിക്കുന്ന പേപ്പറുകളെല്ലാം ഉണ്ടെങ്കിലും അതൊന്നും നിങ്ങളാ നാട്ടുകാരനാണെന്ന് തെളിയിക്കാന്‍ മതിയാകണമെന്നില്ല.

ഇത് ആരെയും അപകീർത്തിപ്പെടുത്താന്‍ വേണ്ടിയല്ല ഞാനെഴുതുന്നത്. ഒരു രാജ്യം മറ്റൊരു രാജ്യത്ത് നടത്തുന്ന അസ്വാഭാവികമായ  അനീതിയുടെ സാക്ഷ്യം വരച്ച് കാണിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ഏക പക്ഷീയമായ കൈയ്യേറ്റത്തിന്റെ അമ്പത് വർഷത്തിന് ശേഷമുള്ള ഇരകളുടെ അവസ്ഥ കാണിക്കുകയാണ് ഇതെല്ലാം. ഇപ്പോഴും ഫലസ്തീൻ അധിനിവിഷ്ട ഭൂമിക തന്നെയാണ്.

വീണ്ടും ഏറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവർ എന്നെ ഫലസ്തീനിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു, പക്ഷേ അവിടെ നിന്ന് എനിക്ക് തിരിച്ച് പോകാനാകുമോ എന്നത് മറ്റൊരു കഥയാണ്. നമുക്ക് കാത്തിരുന്ന് കാണാം.

വിവ: സ്വാദിഖ് ചുഴലി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter