മക്തൂബ്- രണ്ട് പശ്ചാത്താപ വിവശമാവട്ടെ ജീവിതം

പ്രിയ സഹോദരാ, ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ആത്മീയവഴിയിലേക്കുള്ള പ്രാരംഭഘട്ടം പാശ്ചാതാപമാണ്. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, നിങ്ങള്‍ സര്‍വ്വരും വിജയപ്രാപ്തരാകാനായി അല്ലാഹുവിങ്കലേക്കു ഖേദിച്ചു മടങ്ങുക' ( സുറത്തുന്നൂര്‍: 31)

പ്രവാചകന്റെ അനുചരന്മാരുടെ കാര്യത്തിലാണ് ഈ ആയത്ത് അവതരിച്ചത്. അവരാണെങ്കിലോ സദാ പാശ്ചാത്താപവിവശരും അവിശ്വാസഭഞ്ജകരും ഈമാനിനെ നെഞ്ചേറ്റുന്നവരുമാണ്. അവര്‍ നിര്‍ദോഷികളും ഭക്തരുമാണ്. എന്നിട്ടും അവരോട് 'ഖേദിച്ചുമടങ്ങുക' എന്ന അഭിസംബോധനയുടെ താല്‍പര്യം എന്താണ്?
ഈ ചോദ്യത്തിന് ചില യോഗികളുടെ മറുപടി ഇപ്രകാരമാണ്. 

സദാ സമയത്തും സകലര്‍ക്കും നിര്‍ബന്ധമാണ് പാശ്ചാത്താപം. അവിശ്വാസികള്‍ക്ക്  പാശ്ചാത്തപിച്ചു വിശ്വാസം പുല്‍കലും ദോഷികള്‍ക്ക്‌ പാപം വെടിഞ്ഞ് ദൈവാനുസരണത്തിലേക്ക് അനുതാപമനസ്കരായി കടന്ന് വരലും നിര്‍ബന്ധമാകുന്നു. അപ്രകാരം സത്കര്‍മികള്‍ പൂര്‍വ്വോപരി സത് വൃത്തികളിലേക്കും ദൈവമാര്‍ഗത്തില്‍ ഇതികര്‍ത്തവ്യതാമൂഢരായി നില്‍ക്കുന്നവര്‍ നിശ്ചലത വിട്ട്  ആത്മീയസഞ്ചാരികളുടെ പന്ഥാവിലേക്കും പ്രവേശിക്കല്‍ അനിവാര്യമാണ്. സൃഷ്ടികളുടെ ലോകത്ത് ഒതുങ്ങിക്കൂടുന്നവര്‍ ആ അഗാധതയില്‍ നിന്നും സ്വര്‍ഗീയോന്നതിയിലേക്ക്‌ പുരോയാനം നടത്തലും അത്യന്താപേക്ഷിതം തന്നെ.

ചുരുക്കത്തില്‍ ആത്മസഞ്ചാരികളുടെ നിശ്ചലത ഒരു പാപമാണ്. ഉയരങ്ങള്‍ തേടി തുടര്‍ഗമനം നടത്തല്‍ അവര്‍ക്ക് നിര്‍ബന്ധമാണ്‌. ഇതാണ് ഉദ്ധൃത വചനത്തിന്‍റെ പൊരുള്‍. അഥവാ നിനക്ക് തേടിപ്പിടിക്കാന്‍ നിലവിലുള്ളതിനെകാള്‍ ഉന്നതമായ പദവികള്‍ ഉണ്ട്. അത്കൊണ്ട്  നീ ചലിച്ചു കൊണ്ടിരിക്കണം. നിശ്ചലത നിന്റെ പ്രയാണത്തെ അപൂര്‍ണ്ണമാക്കും. ഇതെ അര്‍ത്ഥത്തിലാണ് 'യാത്ര തുടരൂ, ദൈവസ്മരണയിലുള്ളവര്‍ ഏറെ മുമ്പിലെത്തിയിരിക്കുന്നു' എന്ന പ്രവാചകവചനവും അവതരിച്ചിട്ടുള്ളത്.

ദിവ്യ വെളിപാടിനെ തുടര്‍ന്നുണ്ടായ ബോധക്ഷയത്തില്‍ നിന്നും മോചിതനായ പ്രവാചകന്‍ മൂസാ(അ) പറഞ്ഞത് 'അല്ലാഹുവേ, ഞാന്‍ പാശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു' എന്നാണ്. കാരണം സ്വേഷ്ടപ്രകാരമാണ് മൂസാ നബി ദിവ്യദര്‍ശനം തേടിയത്. പ്രണയമുഖത്ത്  സ്വതാല്‍പര്യങ്ങള്‍ പാപമാണ്. അത്കൊണ്ട് തന്നെ മനസ്താപത്തോടെയുള്ള ഈ തിരിച്ചുനടത്തം പൂര്‍വ്വോപരി നന്മയിലേക്കായിരുന്നു. ഓരോ ദിവസവും എഴുപത്  പ്രാവശ്യം ഞാന്‍ പാപമോചനം തേടാറുണ്ട് എന്ന പ്രവാചക വചനവും ഇതേ അര്‍ത്ഥത്തിലാണ് വായിക്കേണ്ടത്. 

ഇതിന്‍റെ പൊരുളെന്താണ്?.
ഓരോ നിമിഷവും പ്രവാചകന്‍റെ പദവി ഉയര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്നു. ഉയരും തോറും തന്‍റെ ഗതകാല പദവികളുടെ ധര്‍മ്മനിര്‍വ്വഹണം അപൂര്‍ണ്ണമാണെന്ന ആത്മവിചാരം നബിയുടെ മനസ്സിനെ മഥിക്കുന്നു. അതിനെ തുടര്‍ന്ന് പ്രവാചകന്‍ പാപമോചനം നടത്തുന്നു. സച്ചരിതരുടെ സത്കര്‍മങ്ങള്‍ ദൈവസാമീപ്യം കരസ്ഥമാക്കിയവര്‍ക്ക് പാപമായേക്കാം എന്ന പണ്ഡിതവചനത്തിന്‍റെ താല്‍പര്യവും മറ്റൊന്നല്ല. 

പാശ്ചതാപത്തിന്‍റെ ആന്തരികപൊരുള്‍  'തിരിച്ചുനടക്കല്‍' എന്നാണ്. ഇത് ഓരോരുത്തരുടെയും സാഹചര്യവും സ്ഥാനവും അനുസരിച്ച് വ്യത്യസ്ത തരത്തിലായിരിക്കും.  സാധാരണക്കാര്‍ ദൈവശിക്ഷ ഭയന്ന് മാപ്പിരന്ന് കൊണ്ട് പാപങ്ങളില്‍ നിന്നും തിരിച്ച്  നടക്കുന്നു. സവിശേഷക്കാര്‍ സ്രഷ്ടാവിന്റെ ഔദാര്യത്തിന്റെ, അനുഗ്രഹത്തിന്റെ, ആശ്രയത്തിന്റെ, അവലംബത്തിന്റെ മുമ്പില്‍  തുലോം തുച്ചമായ  തങ്ങളുടെ ആരാധനകളില്‍ നിന്നും മറ്റു കര്‍മങ്ങളില്‍ നിന്നും  തിരികെ നടക്കുന്നു. സവിശേഷക്കാരിലെ വിശേഷക്കാര്‍ ദിവ്യപ്രഭുത്വം ദര്‍ശിച്ചതു കാരണം സ്വത്വത്തിന്‍റെ ദൗര്‍ബല്ല്യവും ഫനായും ഇല്ലായ്മയും അംഗീകരിക്കുന്നു. തല്‍ഫലമായി അവര്‍ സകല ഭാവഹാവാദികളില്‍ നിന്നും അവര്‍ തിരിച്ച് നടക്കുന്നു.

പാപങ്ങളിലേക്ക് മടങ്ങുകയില്ലെന്ന ദൃഢ നിശ്ചയമാണ് പാശ്ചാത്താപം സ്വീകാര്യമാകാനുള്ള നിബന്ധന. എന്നാല്‍  ഒരു ദുര്‍ബലനിമിഷത്തില്‍ അവന്‍  പാപത്തിലേക്കു മടങ്ങിയാല്‍  ദോഷിയായിത്തീരുന്നുവെങ്കിലും മുന്‍ പാശ്ചാത്താപത്തിന്‍റെ പ്രതിഫലം അവന് ലഭ്യമാണ്.  മഹാന്മാരില്‍ പെട്ട ചില പാശ്ചാത്താപക്കാര്‍ തൗബ ചെയ്യുകയും വീണ്ടും പാപത്തിലേക്ക് മടങ്ങുകയും ചെയ്ത ചരിത്രമുണ്ട്. അവരില്‍പെട്ട ഒരു യോഗി  പറയുന്നു '70 പ്രാവശ്യം ഞാന്‍ തൗബ ചെയ്തു. വീണ്ടും പാപത്തിലേക്ക് മടങ്ങിയപ്പോള്‍ 71-ാം പ്രാവശ്യവും തൗബ ചെയ്തു. തദനന്തരം ഞാന്‍ നേര്‍പഥം വരിക്കുകയും പിന്നീടൊരു പാശ്ചാത്താപം ആവശ്യമാവാതെ വരികയും ചെയ്തു'. 

മറ്റൊരാള്‍ പാശ്ചാത്താപം നടത്തിയ ശേഷം വീണ്ടും തിന്മയിലേക്ക്‌  മടങ്ങിയപ്പോള്‍ അദ്ധേഹം സ്വയം ചോദിച്ചു 'ഇനിയും ഞാന്‍ അല്ലാഹുവിലേക്ക് മടങ്ങിച്ചെന്നാല്‍ എന്‍റെ അവസ്ഥ എന്തായിരിക്കും?.  
ഉടനെ ഒരശരീരി കേട്ടു, 'നീ നമ്മെ അനുസരിച്ചപ്പോള്‍ നാം നിന്നോട് നന്ദി കാണിച്ചു, നീ നമ്മെ ഉപേക്ഷിച്ചപ്പോള്‍ നാം നിന്നെയും ഉപേക്ഷിച്ചു, ഇനി നീ മടങ്ങിവരികയാണെങ്കില്‍ നാം നിന്നെ സ്വീകരിക്കും'

പാശ്ചാതാപത്തെ കുറിച്ചുള്ള മഹദ്വചനങ്ങള്‍ ശ്രദ്ധേയമാണ്. ദുന്നൂനുല്‍ മിസ്രി (റ) പറയുന്നു, സാധാരണക്കാരുടെ തൗബ പാപങ്ങളില്‍ നിന്നും സവിശേഷക്കാരുടേത് അശ്രദ്ധയില്‍ നിന്നുമാണ്. എന്നാല്‍ അമ്പിയാക്കള്‍ തങ്ങളുടെ മുകളിലുള്ള മറ്റു പ്രവാചകരുടെ പദവിയോളം ഉയരാന്‍ കഴിയാത്തതുകാരണം തൗബ ചെയ്യുന്നു.

Read More: കത്ത്- ഒന്ന് പ്രതീക്ഷകളോടെ കടന്ന് വരൂ... അല്ലാഹു സ്വീകരിക്കാതിരിക്കില്ല

സഹലു ബനു അബ്ദുല്ല അല്‍-തസ്തരി(റ) യുടെയും ഒരു വിഭാഗത്തിന്‍റെയും അഭിപ്രായം ചെയ്ത പാപം മറക്കാതിരിക്കലാണ് തൗബ എന്നാണ്. അഥവാ മുന്‍ കഴിഞ്ഞ പാപങ്ങളെയോര്‍ത്ത് നിരന്തരം ഖിന്നനായിരിക്കലും താന്‍ ചെയ്യുന്ന സത്കര്‍മങ്ങളില്‍ അഹംഭാവം വെടിയുകയും ചെയ്യുക എന്ന് ചുരുക്കം. 

ജുനൈദുല്‍ ബഗ്ദാദി (റ) യുടെയും സംഘത്തിന്‍റെയും അഭിപ്രായത്തില്‍ തൗബ എന്നാല്‍ ചെയ്ത പാപം മറക്കലാണ്‌. കാരണം പാശ്ചാത്താപി ദൈവത്തിന്റെ ചങ്ങാതിയാണ്. ചങ്ങാതിമാര്‍ പിണക്കങ്ങള്‍ ഓര്‍ത്ത് വെക്കാറില്ല. നേരെത്തെ പറഞ്ഞതുമായി പ്രത്യക്ഷത്തില്‍ എതിരാണെങ്കിലും യഥാര്‍ത്ഥത്തില്‍ അപ്രകാരമല്ല. പാപം ചെയതിട്ടില്ലെന്ന് പറയാനാവും വിധം പാപത്തിന്റെ ചുവയില്‍ നിന്നും മുക്തനാവുക എന്നാണ് ഈ മറവിയുടെ ഉദ്ദേശ്യം. 
ജുനൈദുല്‍ ബഗ്ദാദി (റ) പറഞ്ഞു, ഞാന്‍ വായിച്ചതില്‍ ഇത്രമേല്‍  ഉപകാരപ്രദമായ വരികളില്ല തന്നെ.
പാപമേതും ഞാന്‍ ചെയ്തതില്ലെന്നു ചൊല്ലുകില്‍
മഹാപാപമാ നിന്‍ ഉണ്മയെന്നു ഞാന്‍ ചൊല്ലിടും ( ഇബ്നു ഖല്ലികാന്‍ - വഫയാത്)

സഹോദരാ,
ആയുസ് നിരീക്ഷണത്തിലാണ്. ആകയാല്‍ അവസരം മുതലെടുക്കുക. സദാ സമയത്തും മരണമാലാഖയെ നീ കാത്തിരിക്കുക. ഒരു സൂഫിയുടെ അടുത്തേക്ക്  ഒരാള്‍ വന്ന് ചോദിച്ചു, 'മഹാത്മാവെ, ഞാന്‍ ഒരുപാട് തെറ്റ് ചെയതു. ഇപ്പോള്‍ ഞാന്‍ തൗബ ചെയ്തു മടങ്ങണമെന്ന് ആഗ്രഹിക്കുന്നു'.
സൂഫി പറഞു 'താങ്ങള്‍ വളരെ വൈകിപ്പോയല്ലോ'
ആഗതന്‍ പറഞ്ഞു 'ഇല്ല ഞാന്‍ വളരെ നേരത്തെയാണ്'
സൂഫി 'അതെങ്ങനെ'.
ആഗതന്‍ 'മരണം വരും മുമ്പെ തൗബ ചെയ്യുന്നവന്‍ വളരെ നേരത്തെയാണ്. എന്നാല്‍ മരണം ആസന്നമായ ശേഷം അതിന് തുനിയുന്നവനാണ് വൈകി ചെയ്യുന്നത്'

സഹോദരാ,
എത്ര തന്നെ തെറ്റ് ചെയ്താലും നീ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും അവന്‍റെ അനുഗ്രഹം കാംക്ഷിക്കുകയും ചെയ്യുക. കാരണം ഫിര്‍ഔനിന്‍റെ മാരണക്കാരേക്കാള്‍ മോശമൊന്നുമല്ലല്ലോ നീ. ഗുഹാ വാസികളുടെ നായയേക്കാള്‍ വിലകുറഞ്ഞതോ സീനായിലെ കല്ലിനെകാള്‍ കട്ടിയുള്ളതോ മൂസയുടെ വടിയേക്കാള്‍ സ്ഥാനം കുറഞ്ഞവനോ അല്ല നീ. ഒരു നീഗ്രോ അടിമയാണെങ്കിലും രാജസന്നിധാനത്ത് അവന്‍ സ്വീകാര്യനായാല്‍ എന്ത് ന്യൂനതയാണ് അവനില്‍ അവശേഷിക്കുക?. 

മനുഷ്യനെ സൃഷ്ടിക്കാന്‍ ഉദ്ധേശിച്ച സമയത്ത് അല്ലാഹുവിനോട് മലക്കുകള്‍ പറഞ്ഞു, അല്ലാഹുവേ അവരുടെ ശല്ല്യത്തില്‍ നിന്നും കുഴപ്പങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് രക്ഷകിട്ടില്ല'
അല്ലാഹു പ്രതിവചിച്ചു, ഞാന്‍ അവരെ നിങ്ങളിലേക്ക് അയച്ചാല്‍ നിങ്ങള്‍ അവരെ മടക്കിവിടുന്നു. അവരെ നിങ്ങള്‍ക്ക് വിറ്റാല്‍ നിങ്ങള്‍ വാങ്ങാന്‍ മടിക്കുന്നു. കാരണം നിങ്ങള്‍ കരുതിയത് എന്‍റെ അനുഗ്രഹത്തേക്കാളും വലുതാണ് അവരുടെ പാപങ്ങളെന്നാണ്. അത് എന്‍റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുമെന്നാണ്. എന്നാല്‍ അവര്‍ എന്‍റെ അരികില്‍ സ്വീകാര്യരാണ്. അവരുടെ പാപം ഒരു പ്രയാസവും സൃഷ്ടിക്കില്ല'

ആപാദചൂഢം
ഞാന്‍ അപൂര്‍ണ്ണനായിരുന്നു.
ഒരിക്കല്‍
എന്നില്‍ നിന്‍റെ കണ്ണുടഞ്ഞു,
നീ എന്നെ സ്വന്തമാക്കി.
അവര്‍ണ്ണനായ,
അപൂര്‍ണ്ണനായ 
ഇവന്‍ ഉത്തമനായി,
എന്‍റെ ഉടമ 
എത്ര ഉന്നതന്‍..
(റൂമി)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter