ഖാഇദേ മില്ലത്ത്  : ഒരു  യുഗപ്രഭാവന്റെ സഞ്ചാരവഴികൾ 

മിയാഖാൻ ബി എ പാസായി നിൽക്കുന്ന സമയം,  പിതാവ് മദ്രാസ് നിയമസഭാ പ്രതിപക്ഷ നേതാവാണ്. തുടർ പഠനത്തിന് അപേക്ഷ അയച്ചത് പ്രകാരം ഒരു എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് കിട്ടി. പഠനം തുടങ്ങി ആറു മാസം കഴിഞ്ഞപ്പോൾ മിയാൻഖാന്  സീറ്റ് കിട്ടിയത്  തന്റെ മകൻ എന്ന പരിഗണനയിൽ ഒരു മന്ത്രിയുടെ ശുപാർശ വഴി യാണെന്ന് പിതാവ് അറിഞ്ഞു. ഉടൻ മകനോട് പറഞ്ഞു " നാളെ മുതൽ നീ കോളേജിൽ പോവേണ്ട," പിതാവിന്റെ അനുസരണയുള്ള പുത്രൻ ആ ദിവസം തന്നെ തന്റെ എഞ്ചിനീയറിംഗ് പഠനം അവസാനിപ്പിച്ചു.

ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് എന്ന സാത്വികനായ നേതാവായിരുന്നു ആ പിതാവ്. ദിശാബോധമുള്ള രാഷ്ട്രീയ നേതാവായും  നാടിനും  സമുദായത്തിനും വേണ്ടി ജീവിതം സമർപ്പിച്ച  സേവകനായും  വിശുദ്ധ ജീവിതം നയിച്ച മാതൃകാ പുരുഷനായും ചരിത്രത്താളുകളിൽ ഇടം പിടിച്ച പ്രോജ്ജ്വല താരമായിരുന്നു ഈ തമിഴ്നാട്ടുകാരൻ.

ബാല്യം മുതൽ തന്നെ കർമ്മ നിരതമായിരുന്നു ആ ജീവിതം. മത നിഷ്ഠയുള്ള ഒരു മുസ്ലിം പരമ്പരാഗത കുടുംബത്തിൽ  മിയാ കണ്ണ് റാവുത്തരുടെയും മുഹ്‌യുദ്ദീൻ ഫാത്തിമ ഉമ്മയുടെയും മകനായി 1896 ൽ തിരുനെൽവേലി പേട്ടയിലാണ് മുഹമ്മദ് ഇസ്മായീലിന്റെ  ജനനം. പ്രാഥമിക മത ഭൗതിക വിദ്യാഭ്യാസം നേടിയത് തന്റെ ഗ്രാമമായ പേട്ടയിൽ വെച്ചു തന്നെയായിരുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി തിരുനെൽവേലി ടൗണിലേക്ക് ദിവസവും അഞ്ചു കിലോമീറ്റർ നടന്നാണ് CMS മിഷൻ സ്‌കൂളിൽ അദേഹം പഠിച്ചത്. കൃസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളിലെ ബൈബിൾ പഠനത്തിൽ തുടർച്ചയായി അദ്ദേഹമായിരുന്നുവത്രെ ഒന്നാം സ്ഥാനം നേടിയിരുന്നത്. 

ഹൈസ്‌കൂൾ പഠനകാലത്ത് തന്റെ നാട്ടിൽ മുഹമ്മദ് ഇസ്മായിലും സമപ്രായക്കാരും ചേർന്ന് മുസ്ലിം ബാല സംഘം എന്ന പേരിലൊരു കൂട്ടായ്മ രൂപീകരിച്ചു. അന്നത്തെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ആ ബാല്യങ്ങൾ ഇരുന്ന് ചർച്ച ചെയ്തു. സ്ത്രീധന സമ്പ്രദായത്തെ ഇല്ലായ്മ ചെയ്യുവാൻ പ്രചാരണം നടത്തുക   വിധവാ പുനർവിവാഹത്തെ  പ്രോത്സാഹിപ്പിക്കുക സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെക്കുറിച്ച് ഗാമീണർക്ക്  അവബോധം നൽകുക എന്നിവയൊക്കെയായിരുന്നു അവരുടെ പ്രധാന പ്രവർത്തനങ്ങൾ. ഒരിക്കൽ ഗ്രാമത്തിൽ മധുര പലഹാരത്തിന്റെ അളവ് കുറഞ്ഞു എന്ന കാരണത്താൽ ഒരു വിവാഹം മുടങ്ങി, ബാലനായ മുഹമ്മദ് ഇസ്മാഈലും ബാല സംഘത്തിലെ സഹ പ്രവർത്തകരും വരന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്രെ, വിവാഹം നടത്താതെ ഇവിടുന്ന് പോവാൻ അനുവദിക്കില്ല എന്ന അവരുടെ നിശ്ചയദാർഢ്യത്തിന് മുമ്പിൽ വാശി ഉപേക്ഷിച്ചു വിവാഹം നടന്നുവത്രെ. കോളേജ് വിദ്യാഭ്യാസത്തിന് മദ്രാസിലേക്കായിരുന്നു മുഹമ്മദ് ഇസ്മാഈൽ എത്തിയത്. എന്നാൽ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗമായതിനാൽ ബിരുദ പഠനം പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.

മദ്രാസിൽ 1922 ൽ ജമാൽ മുഹ്യുദീൻ കമ്പനിയിൽ ആ യുവാവ് ജോലിക്ക് ചേർന്നതോടെയാണ് ജീവിതം വഴിത്തിരിവിലാവുന്നത്. തോൽ വ്യവസായികളായിരുന്നു ജമാൽ മുഹ്യുദ്ദീനും മക്കളായ ജമാൽ മുഹമ്മദും മുഹമ്മദ് അബ്ദുല്ലാ സാഹിബും. തുകൽ വ്യവസായത്തിന്റെ കുത്തക ഇവർക്കായിരുന്നു. വിശ്വസ്തനും സമർത്ഥനുമായിരുന്നു മുഹമ്മദ് ഇസ്മയിൽ എന്ന് പെട്ടെന്ന് തന്നെ ആ കുടുംബം തിരിച്ചറിഞ്ഞു.  കോടിക്കണക്കിന് രൂപ വരുമാനമുള്ള ആ കമ്പനിയിൽ മുഹമ്മദ് ഇസ്മായിലിനെ ജമാൽ മുഹമ്മദ് സാഹിബ് പാർട്ടണറായി ചേർത്തു. ലക്ഷക്കണക്കിന് രൂപ ഈ കമ്പനി സാമൂഹത്തിലേക്ക് ദാനധർമ്മമായും ജീവകാരുണ്യ യത്നങ്ങൾക്കായും ചെലവിട്ടിരുന്നു. ജാമിഅ മില്ലിയ സർവ്വകലാശാല യുടെ നടത്തിപ്പിനായി ഒരു ലക്ഷം രൂപ സംഭാവന നൽകിയത് പിന്നീടൊരിക്കൽ മൗലാന മുഹമ്മദലി ഖാഇദേ മില്ലാത്തിനോട് നന്ദി പൂർവ്വം സ്മരിച്ചത് ഖാഇദേ മില്ലത്ത് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാനിലേക്കും തുർക്കിയിലേക്കും ഇവരുടെ സഹായ ഹസ്തങ്ങൾ നീണ്ടിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവൃത്തനങ്ങൾക്കായി ഗാന്ധിജിക്ക് ജമാൽ മുഹമ്മദ് സാഹിബ്‌
ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് കൊടുത്തപ്പോൾ   ജി.ഡി ബിർള പോലും ഇങ്ങനെ ബ്ലാങ്ക് ചെക്ക് തന്നിട്ടില്ല എന്നായിരുന്നു അത്ഭുതവും ആഹ്ലാദവും നിറഞ്ഞ ഗാന്ധിയുടെ പ്രതികരണം.  ഇസ്ലാമിക പ്രവർത്തനങ്ങൾക്കും ജമാൽ മുഹ്യുദീൻ കമ്പനി സമ്പത്ത് ചെലവിട്ടിരുന്നു. പ്രസിദ്ധ എഴുത്തുകാരനും ഇസ്ലാമിക പ്രചാരകനുമായ  മർമഡ്യൂക്ക് പിക്താളിനെ മദ്രാസിലേക്ക് വരുത്തി  അഭ്യസ്ത വിദ്യർക്കായി ഇസ്ലാമിനെക്കുറിച്ച് ഇംഗ്ലീഷിൽ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുകയും' Cultural side of islam' എന്ന പേരിൽ പുസ്തകമാക്കി ഇറക്കുകയും ചെയ്തു. ഇതിലെല്ലാം യുവാവായ ഇസ്മയിൽ സാഹിബിന് നല്ല പങ്കുണ്ടായിരുന്നു. അല്ലാമാ ഇഖ്ബാലിനെ മദ്രാസിൽ വിളിച്ചു വരുത്തിയും പ്രഭാഷണ സീരീസുകൾ സംഘടിപ്പിച്ചതിലും ജമാൽ മുഹ്യിദ്ധീൻ കമ്പനിക്ക് നല്ല പങ്കുണ്ട്.  മദ്രാസിൽ വെച്ചു നടത്തപ്പെട്ട ഈ പ്രഭാഷണങ്ങളാണ് അദ്ദേഹത്തിന്റെ വിഖ്യാതമായ 'Reconstruction of religious thoughts'  എന്ന ഗ്രന്ഥം.  മദ്രാസ് മേഖലയിൽ മുസ്ലിം ലീഗ് പാർട്ടിയുടെ രൂപീകരണത്തിലും വളർച്ചയിലും ഈ കമ്പനിക്ക് നല്ല പങ്കുണ്ട്. കമ്പനിയുടെ വ്യാപാര കാര്യങ്ങൾക്ക് പുറമെ ഇത്തരം സാംസ്കാരിക, മത,രാഷ്‌ട്രീയ ഇടപെടലുകളുടെയെല്ലാം പ്രധാന ചാലക ശക്തി ഖാഇദേ മില്ലത്ത് അല്ലാതെ മറ്റാരുമായിരുന്നില്ല. 

ഇതിനിടയിൽ ജമാൽ മുഹമ്മദ് സാഹിബിന്റെ സഹോദരൻ മുഹമ്മദ് അബ്ദുല്ല സാഹിബിന്റെ മകളായ ജമാൽ ഹമീദ ബീവിയെ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ് 1923 ൽ വിവാഹം ചെയ്തു. ഇസ്മായിൽ സാഹിബ് വ്യാപാര രംഗത്ത് നിന്ന് നന്നായി ശോഭിച്ചു. അതി സമ്പന്നനായി. ഇതിനിടയിൽ ദക്ഷിണേന്ത്യ മുസ്‌ലിം വിദ്യാഭ്യാസ സംഘം , യതീം ഖാന എന്നിവയുടെയെല്ലാം പ്രവർത്തനത്തിൽ അദ്ദേഹം സജീവ സാന്നിധ്യമായി. മതപ്രഭാഷണങ്ങൾക്കായി പ്രമുഖ പണ്ഡിതരെ അദ്ദേഹം മദ്രാസിലെത്തിച്ചു. വിഖ്യാതരായ ഉത്തരേന്ത്യൻ പണ്ഡിതരായിരുന്ന അല്ലാമാ ഷബീർ അഹമ്മദ് ഉസ്മാനി, അല്ലാമാ സയ്യിദ് സുലൈമാൻ നദ്‌വി, മൗലാന അബ്ദുൽ ഹലീ സിദ്ദിഖി തുടങ്ങിയവരെ വർഷത്തിലൊരിക്കൽ വരുത്തി തിരുവല്ലിക്കേണി വലിയ പള്ളിയിൽ മൂന്ന് ദിവസത്തെ മത പ്രഭാഷണം നടത്തി വരാറുണ്ടായിരുന്നു. ഓരോ വർഷവും ഒരാൾ എന്ന നിലയിൽ ഇവരെ മാറിമാറി കൊണ്ടു വരികയായിരുന്നുവത്രെ പതിവ്. ജമാൽ മുഹ്‌യുദ്ദീൻ കമ്പനിയുടെ ഈ സംരംഭത്തിന് ചുക്കാൻ പിടിച്ചതും ഇസ്മയിൽ സാഹിബ് തന്നെ. 

രണ്ടാം ലോക മഹായുദ്ധത്തോടെ പ്രതിസന്ധിയിലായ കമ്പനി വ്യാപാരം അവസാനിപ്പിച്ചു, പിന്നീടാണ് അദ്ദേഹം പൊതു രംഗത്ത് സജീവമാകുന്നത്. മദ്രാസ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റായ മുഹമ്മദ് ഇസ്മായിൽ രാപ്പകൽ ഭേദമന്യേ പാർട്ടി പ്രവർത്തനത്തിൽ സജീവമായി. 1946 ൽ മദ്രാസിലെ മുസ്ലിം സംവരണ സീറ്റിൽ നിന്ന് എതിരില്ലാതെ നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1947 ൽ സ്വാതന്ത്ര്യ ലബ്ദിയോടൊപ്പം ദൗർഭാഗ്യകരമായ ഇന്ത്യാ വിഭജനവും നടന്നു. സർവേന്ത്യാ മുസ്ലിം ലീഗ് അസ്തമിച്ചു. മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളെല്ലാം പാകിസ്ഥാനിലേക്ക് പോയി. അന്ന് മദ്രാസ് നിയമ സഭയിൽ ഖാഇദേ മില്ലത്ത് പ്രതിപക്ഷ നേതാവായിരുന്നു, ഒപ്പം ഇന്ത്യയുടെ ബഹരണഘടനാ നിര്മ്മാണ സഭയിലും അദ്ദേഹം അംഗമായിരുന്നു. മുസ്ലിം ലീഗിലെ പ്രമുഖരെല്ലാം പാകിസ്ഥാനിലേക്ക് പോയി. മദിരാശി യിലും മലബാറിലും  മാത്രം മുസ്ലിം ലീഗ് ബാക്കിയായി.

 1947 ഡിസംബറിൽ സർവേന്ത്യാ മുസ്ലിം ലീഗിന്റെ യോഗം കറാച്ചിയിൽ ചേർന്നപ്പോൾ ഇന്ത്യാ ഗവണ്മെന്റിന്റെ പ്രത്യേക അനുമതി വാങ്ങി ഖാഇദേ മില്ലത്ത് ആ യോഗത്തിൽ സംബന്ധിച്ചു.യോഗത്തിൽ മുസ്ലിം ലീഗിൽ ഇന്ത്യയിൽ ശേഷിച്ചവർക്ക്  അവർ അനുവദിച്ച 17 ലക്ഷം രൂപ ഖാഇദേ മില്ലത്ത് നിരസിച്ചു. പിന്നീട് ഇന്ത്യയിലെത്തിയ ശേഷം  ഈ തുക വാങ്ങാൻ രാജാജി നിർബന്ധിച്ചിട്ടും, സർക്കാർ ഉപദേശിച്ചിട്ടും ഇസ്മയിൽ സാഹിബ് വഴങ്ങിയില്ല.
 അന്ന്   ഒരാഴ്ചയോളം കറാച്ചിയിൽ തങ്ങിയ ഖാഇദേ മില്ലത്ത് പാകിസ്ഥാൻ പ്രധാനമന്ത്രിയായ ലിയാഖത്ത് അലി ഖാനോട് പറഞ്ഞ വാക്കുകൾ ചരിത്രമാണ്. " ഞങ്ങൾ ഇനി മുതൽ മറ്റൊരു രാജ്യക്കാരാണ്. നിങ്ങൾ മറ്റൊരു രാജ്യക്കാരും. ഞങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിച്ചു കൊള്ളാം, നിങ്ങൾ അതിൽ ഇടപെടേണ്ടതില്ല, ഞങ്ങൾക്ക് വേണ്ടി നിങ്ങൾ സംസാരിക്കേണ്ടതുമില്ല, എന്നാൽ ഒരു കാര്യം നിങ്ങൾ എനിക്ക് ഉറപ്പ് തരണം നിങ്ങളുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ നിങ്ങൾ സംരക്ഷിക്കണം, അവരുടെ അഭിമാനത്തെ മാനിക്കണം, ഇസ്ലാം അനുവദിച്ച രീതിയിൽ അവരുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കണം, അത്ര മാത്രം മതി നിങ്ങളിൽ നിന്ന് ഞങ്ങൾക്ക്" 

1948 മാർച്ച് 10 ന് മദ്രാസിലെ രാജാജി ഹാളിൽ വെച്ച് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിച്ചു. പണ്ഡിറ്റ് നെഹ്റു ഉൾപ്പെടെയുള്ളവർ ഈ ഉദ്യമത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻശ്രമിച്ചെങ്കിലും അദ്ദേഹം പിന്തിരിഞ്ഞില്ല. ഹൈദരാബാദ്, കശ്മീർ വിഷയങ്ങൾ ആദ്യമായി ഉയർന്ന് വന്നപ്പോൾ ഖാഇദേ മില്ലത്ത് ഇന്ത്യാ ഗവണ്മെന്റിന് പിന്തുണ കൊടുത്തു. 1952  ലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്. മദ്രാസ് നിയമ സഭയിലേക്ക് തമിഴ്‌നാട്ടിലെ ഒരു മുസ്ലിം ലീഗ് അംഗം പോലും വിജയിച്ചില്ല, മലബാറിൽ നിന്ന് അഞ്ച് അംഗങ്ങൾ മാത്രം. എന്നാൽ അനേകം സ്വാതന്ത്രാന്മാരെ ഖാഇദേ മില്ലത്തിന്റെ ആഹ്വാന പ്രകാരം വിജയിപ്പിച്ചിരുന്നു. അവരെല്ലാം കൂടി അദ്ദേഹത്തെ രാജ്യസഭയിലേക്ക് പിന്തുണ നൽകി വിജയിപ്പിച്ചത് ചരിത്രമായി. പിന്നീട് 1962, 1967,1971 എന്നീ വർഷങ്ങളിൽ  മഞ്ചേരി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

തന്റേടിയും ആരുടെ മുന്നിലും മുട്ട് മടക്കാത്തയാളുമായിരുന്നു ഖാഇദേ മില്ലത്ത്. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം   ഒരിക്കൽ ഭരണഘടനാ നിർമ്മാണ സഭ യോഗം ചേർന്നപ്പോൾ ഒരു വിഷയം ചർച്ചക്ക് വന്നു.അതിൽ മുസ്ലിം സമുദായത്തിന്റെ അഭിപ്രായം ഇന്നതാണ് എന്ന് കെ.ടി എം അഹമ്മദ് സാഹിബ് എഴുന്നേറ്റ് നിന്നു പറഞ്ഞു. ഏത് കാര്യത്തിനും എന്തിനാണ് മുസ്ലിംകളുടെ അഭിപ്രായം നോക്കുന്നത് എന്ന്  സർദാർ വല്ലഭായ്‌ പട്ടേൽ ദേഷ്യപ്പെട്ടു, അദ്ദേഹം ഒരു പടി കൂടി കടന്ന്
ആഭ്യന്തര മന്ത്രി കൂടിയായ പട്ടേൽ ശബ്ദമുയർത്തി "നിങ്ങൾക്ക് ഇവിടെ ഇങ്ങനെ ഇരിക്കാൻ താത്പര്യമില്ലെങ്കിൽ പാകിസ്ഥാനിലേക്ക് പോകാം  !!"  ഉടൻ ഖാഇദേ മില്ലത്ത് ചാടിയെണീറ്റു " ഞങ്ങളോട് പാകിസ്താനിലേക്ക് പോകാൻ പറയാൻ നിങ്ങളാരാണ് ?, ഈ രാജ്യത്ത് ജനിച്ച ആരോടും ഇവിടുന്ന് പോകാൻ പറയാൻ ആർക്കും അവകാശമില്ല, ഈ രാജ്യത്തെ ഈച്ച, കൊതുക്,ഉറുമ്പുകളോട് പോലും പുറത്ത് പോവാൻ പറയാൻ സാധ്യമല്ല" 

പാര്ലമെന്റിൽ രാജ്യ താത്പര്യങ്ങൾക്ക് മുൻഗണന നൽകിയ നേതാവായിരുന്നു ഖാഇദേ മില്ലത്ത്. മുസ്ലിം സമുദായത്തിന്റെ കൂടി പ്രതിനിധി എന്ന നിലയിൽ അദ്ദേഹം അവകാശ സംരക്ഷണത്തിന് വേണ്ടി നിരന്തരം യത്നിച്ചു. 1962 ലെ ചൈനക്കെതിരായ യുദ്ധത്തിലേക്ക് തന്റെ പുത്രൻ മിയാൻ ഖാനെ പട്ടാളത്തിലേക്ക് ദാനം ചെയ്ത് കൊണ്ട് അദ്ദേഹം പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു വിന് എഴുതിയ കത്ത് പ്രസിദ്ധമാണ്. 1965 ലെ ഇന്ത്യ പാക് യുദ്ധ വേളയിലും തന്റെ വരുമാനത്തിൽ നിന്ന് നല്ലൊരു തുക മാസം തോറും അദ്ദേഹം രാജ്യത്തിന് സംഭാവന ചെയ്തു. അണ്ണാദുരൈ, കരുണാനിധി എന്നിവരെല്ലാം അദ്ദേഹവുമായി ആത്മ ബന്ധമുള്ളവരായിരുന്നു. മരണം വരെ തമിഴ് രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിച്ചിരുന്നവരിൽ പ്രമുഖനായിരുന്നു ഖാഇദേ മില്ലത്ത്. ഖാഇദേ മില്ലത്തും പെരിയാർ ഇ വി രാമസ്വാമി നായ്ക്കനും തമ്മിൽ നല്ല വ്യക്തിബന്ധം കാത്ത് പോന്നിരുന്നു. ആദ്യ കാലത്ത് ഒരുമിച്ചായിരുന്ന ഇവർ  ഇരുവരും പിന്നീട്  വ്യത്യസ്ത പ്രവർത്തന മേഖലയിലായിരുന്നിട്ടും പലപ്പോഴും കാണുകയും മണിക്കൂറുകളോളം ദൈവ വിശ്വാസം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സൗഹൃദപരമായി സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. 

ഇന്ത്യൻ മുസ്‌ലിംകളുടെ പൊതുബോഡികളിലും സജീവമായിരുന്നു ഖാഇദേ മില്ലത്ത്. അദ്ദേഹത്തോടൊപ്പം ജംഇയ്യത്ത് ഉലമാ ഏ ഹിന്ദും ജമാഅത്തെ ഇസ്ലാമിയും ബീഹാറിലെ ഡോ. സെയ്ദ് മഹ്മൂദും , മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വിയും ചേർന്നാണ് ആൾ ഇന്ത്യ മജ്‌ലിസേ മുശാവറ രൂപം കൊള്ളുന്നത്. മുസ്ലിം വംശ ഹത്യകളും ഗവണ്മെന്റുകളുടെ മുസ്ലിം വിരുദ്ധ നീക്കങ്ങളും ചെറുക്കാൻ മജ്‌ലിസ് പ്രതിജ്ഞാ ബാധമായിരുന്നു. മജ്‌ലിസിന് വേണ്ടി ഖാഇദേ മില്ലത്ത് ആയിരുന്നു പാർലമെന്റിൽ വിഷയങ്ങളിൽ ശബ്‌ദിച്ചിരുന്നത്.ശരീഅത്തിനെതിരെ അനേകം പ്രമേയങ്ങൾ പാര്ലമെന്റിൽ പലപ്പോഴായി വന്നപ്പോഴും അലിഗഡ് സർവ്വകലാശാല പ്രത്യേക സ്വഭാവം എടുത്തുകളയാനുള്ള ബില്ലുകൾ പലപ്പോഴായി അവതരിപ്പിക്കപ്പെട്ടപ്പോഴും ഖാഇദേ മില്ലത്ത്  ശബ്ദമുയർത്തി, ന്യൂനപക്ഷ കമ്മീഷനെ നിയമിക്കാൻ അവശ്യമുയർത്തി.

കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ, മെഹ്ബൂബേ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്, സി എച്ച് മുഹമ്മദ് കോയാ സാഹിബ് എന്നിവരായിരുന്നു ഖാഇദേ മില്ലത്തിന്റെ പിന്നിൽ ഉറച്ചു നിന്നവർ, ഏത് പ്രതിസന്ധി ഘട്ടത്തിലും ഇവർ പരസ്പരം ധൈര്യം പകർന്നു. മഞ്ചേരിയിൽ പാർലമെന്റിൽ മത്സരിക്കാൻ ഏറെ നിര്ബന്ധിക്കേണ്ടി വന്നു. , എനിക്ക് പാർലമെന്റ് അംഗമാവാൻ വേണ്ടിയല്ല ഞാൻ പാർട്ടി പുനഃസംഘടിപ്പിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്, ഒടുവിൽ ഗത്യന്തരമില്ലാതെയായിരുന്നു അദ്ദേഹം സമ്മതം മൂളിയത്
  
 മുസ്ലീം സമുദായത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന്റെ ചാലകശക്തിയായിരുന്നു ഇസ്മായിൽ സാഹിബ്. മദ്രാസിലെ   ഗവണ്മെന്റ്  മുഹമ്മദൻ കോളേജിന്റെ പേര് ഗവണ്മെന്റ് കോളേജ് എന്നാക്കി മാറ്റിയപ്പോൾ  ന്യൂനപക്ഷങ്ങൾക്കുള്ള ചില ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടു. ഇതേ തുടർന്ന് പഴയ പടി ആക്കാൻ അന്ന് മദ്രാസിലെ പ്രതിപക്ഷ നേതാവായിരുന്ന ഖാഇദേ മില്ലത്ത് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ പരിശ്രമം ഫലമായി മദ്രാസിൽ ന്യൂ കോളേജ്, തൃച്ചിയിലെ ജമാൽ മുഹമ്മദ് കോളേജ്, കേരളത്തിൽ ഫാറൂഖ് കോളേജ് എന്നിവ ഉയർന്നു. ഇത് കഴിഞ്ഞും അദേഹത്തിന്റെ പരിശ്രമ ഫലമായി തമിഴ്‌നാട്ടിൽ അഞ്ചോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു. ഈ സ്ഥാപനങ്ങൾക്ക് വേണ്ടി പണം സ്വരൂപിക്കാൻ അദ്ദേഹം ബർമ്മ അടക്കം വിവിധയിടങ്ങളിലേക്ക്  യാത്ര ചെയ്യുകയുണ്ടായി. ഫറൂഖിൽ ഒരു അറബിക് കോളേജ് സ്ഥാപിക്കാൻ മാത്രമായിരുന്നു ആദ്യം ഉദ്ദേശം. അപേക്ഷ കണ്ട ഇസ്മാഈൽ സാഹിബ് പറഞ്ഞു " അറബിക്കോളേജല്ല, ഒരു ഫസ്റ്റ് ഗ്രേഡ് കോളേജാണ് വേണ്ടത്"  അതിനെവിടെയാണ് നമ്മുടെ കയ്യിൽ പണം എന്ന് ചോദ്യം കേട്ടപ്പോൾ ഖാഇദേ മില്ലത്ത് കൊടുത്ത മറുപടി ചരിത്രമാണ്.
" പണം ആദ്യം കണ്ടിട്ട് ഈ സമുദായം ഇത് വരെ ഒന്നിനും ഇറങ്ങിയിട്ടില്ല" ആ നിശ്ചയ ദാർഢ്യമായിരുന്നു ഇസ്മയിൽ സാഹിബ് എന്ന വ്യക്തി. 

ഉറച്ച മത വിശ്വാസിയും ലാളിത്യം ജീവിത മുദ്രയാക്കി കൊണ്ട് നടന്ന മഹാമനീഷിയുമായിരുന്നു ഖാഇദേ മില്ലത്ത്. എപ്പോഴും ഇന്ന സ്വലാത്തീ വ നുസുകീ എന്ന് തുടങ്ങുന്ന സമർപ്പണത്തിന്റെ സൂക്തം അദ്ദേഹം ഉരുവിട്ടു കൊണ്ടേയിരികുമായിരുന്നുവത്രെ.
പൊതു മുതൽ കൈകാര്യം ചെയ്യുമ്പോൾ അങ്ങേയറ്റം സൂക്ഷ്മത പുലർത്തിയിരുന്നു.
പാർലമെന്റ് അംഗമായിട്ടും  അദ്ദേഹത്തിന്റെ വീട്ടിൽ അതിഥികൾക്ക് ഇരിക്കാൻ ഒരു കസേര പോലും ഉണ്ടായിരുന്നില്ല. മൂന്ന് പതിറ്റാണ്ടിനടുത്തു ഡൽഹിയിൽ ജീവിച്ചിട്ടും തന്റെ പത്നിയെ ഒരിക്കൽ പോലും ഡൽഹി കാണിക്കാൻ പോലും അദ്ദേഹം കൊണ്ടു പോയില്ല. ഹജ്ജ് യാത്രയിൽ അദ്ദേഹം ഗവ പ്രതിനിധി എന്ന ആനുകൂല്യം പറ്റാൻ വിസമ്മതിച്ചു. പാർലമെന്റ് അംഗം എന്ന നിലയിൽ മുസ്ലിം ലീഗ് അദ്ദേഹത്തിന് ഒരു കാർ അനുവദിച്ചപ്പോൾ അദ്ദേഹം അത് നിരസിച്ചു. തന്റെ മുറിയിൽ വെൽവെറ്റ് വിരിച്ച കിടക്ക കണ്ടപ്പോൾ എന്റെ ഖബറിൽ നിങ്ങൾ ഇത് കൊണ്ടു വെക്കുമോ എന്ന് പറഞ്ഞ് അദ്ദേഹം ദേഷ്യപ്പെട്ടത്രേ. താൻ വീട്ടിൽ ഇല്ലാത്ത സമയത്ത് തനിക്ക് അവകാശപ്പെട്ട റേഷൻ വാങ്ങരുത് എന്ന് അദ്ദേഹം വീട്ടുകാരെ വിലക്കിയിരുന്നു.
ഒരിക്കൽ ടാക്സിയിൽ യാത്ര ചെയ്തപ്പോൾ ഡ്രൈവർ ഒരു രൂപ കുറച്ചു വാങ്ങിയത്രെ, ആ ഒരു രൂപ തന്റെ കൂടെയുള്ള അനുയായിയെ ഏൽപ്പിച്ച് അത് ദാനം ചെയ്യാൻ പറഞ്ഞു, അയാൾ ഒരു രൂപക്ക് ഈത്തപ്പഴം വാങ്ങി പള്ളിയിൽ നോമ്പ് തുറക്കുന്നവർക്ക് വിതരണം ചെയ്തുവത്രെ.

 പാര്ലമെന്റ് അംഗം എന്ന നിലയിൽ തന്റെ ആരാധന കർമ്മങ്ങൾക്ക് ഭംഗം വരുന്നത് പറഞ്ഞു കൊണ്ട് ഇടക്കിടെ പൊട്ടിക്കരഞ്ഞിരുന്നു ആ മഹാമനീഷി. അദ്ദേഹത്തെ ഖാഇദേ മില്ലത്ത് എന്നു വിശേഷിപ്പിച്ചത് വെല്ലൂർ ബാഖിയത്തിലെ വിഖ്യാത പണ്ഡിതനായിരുന്ന മൗലാന അമാനി ഹസ്രത്താണ്. 

ത്യാഗ നർഭരമായിരുന്നു ആ ജീവിതം, തന്റെ സമയവും സമ്പത്തും ജീവിതവും അദ്ദേഹം ഒരു സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി ആർപ്പണം ചെയ്‌തു. തന്റെ രാജ്യത്ത് തന്റെ സമുദായത്തിന്റെ അഭിമാനകരമായ നിലനിൽപ്പാണ് അദ്ദേഹം സ്വപ്നം കണ്ടത്. തന്റെ സുഖസൗകര്യങ്ങളിൽ ഒട്ടും താല്പര്യം കാട്ടാതെയാണ് അദ്ദേഹം അതിനായി പ്രയത്നിച്ചത്. തന്റെ ധിഷണയും കഴിവും അദ്ദേഹം ആ വഴിയിൽ സമർപ്പിച്ചു. 

1972 ഏപ്രിൽ 4 ന് വലിയൊരു ജനതയെ അനാഥരാക്കി അദ്ദേഹം വിടവാങ്ങി. മദ്രാസിലെ തിരുവല്ലിക്കേനി വലിയ പള്ളിയിലാണ് ആ മഹാനുഭാവന്റെ ഖബർ.
ധനികനായി ജീവിച്ചിട്ടും അദ്ദേഹത്തിന്റെ മരണ ശേഷം തുർക്കിത്തൊപ്പിയും, കണ്ണടയും, ധരിച്ചിരുന്ന വസ്ത്രങ്ങളും, ഒരു തസ്ബീഹ് മാലയും, നിസ്കാരപ്പായയും മാത്രമേ അദ്ദേഹത്തിന്റേതായി ശേഷിച്ചിരുന്നുള്ളൂ..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter