ബന്ധങ്ങള്‍ സൂക്ഷിക്കുക
ബന്ധങ്ങള്‍ സൂക്ഷിക്കുക


അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: ''ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകള്‍ ആറെണ്ണമാണ്. കണ്ടാല്‍ സലാം പറയുക, ക്ഷണം സ്വീകരിക്കുക, സദുപദേശം തേടിയാല്‍ നന്‍മ ഉപദേശിക്കുക, തുമ്മിയാല്‍ 'അല്‍ഹംദുലില്ലാഹ്' എന്ന് പറഞ്ഞവനോട് 'യര്‍ഹമുകല്ലാഹ്' എന്നു പറയുക, രോഗിയായാല്‍ സന്ദര്‍ശിക്കുക, ജനാസയെ അനുഗമിക്കുക.'' (മുസ്‌ലിം)

സാര്‍വ ലൗകിക സാഹോദര്യം ലക്ഷ്യമിടുന്ന ഒരു മതമാണ് ഇസ്‌ലാം എന്നതുകൊണ്ടുതന്നെ അത് ആദ്യം അതിന്റെ അനുയായികളായ മുസ്‌ലിം സമൂഹത്തിനിടക്ക് സൗഹൃദവും സ്‌നേഹവും ഉണ്ടാകണമെന്ന് ശഠിക്കുന്നു. സാഹോദര്യം മുസ്‌ലിംകള്‍ക്കിടയില്‍ നിലനിര്‍ത്താനുള്ള ആറു ഉപാധികളാണ് മേലുദ്ധൃത ഹദീസ് വ്യക്തമാക്കുന്നത്.
മഹാനായ ഇമാം നവവി(റ) പറയുന്നു: ''സലാമിനെ വ്യാപിപ്പിക്കുകയെന്നാല്‍, അത് പ്രചരിപ്പിക്കലും വര്‍ധിപ്പിക്കലും എല്ലാ മുസ്‌ലിമിനെയും അതുകൊണ്ട് അഭിവാദ്യം ചെയ്യലുമാണ്.'' ''നീ അറിയുന്നവരോടും അപരിചിതരോടും സലാം പറയുക''എന്ന ഹദീസ് വചനം സൂചിപ്പിക്കുന്നതും തുല്യ ആശയത്തെക്കുറിച്ചാണ്. സലാം പറയല്‍ സുന്നത്താണെങ്കിലും മടക്കല്‍ നിര്‍ബന്ധമാണെന്നതില്‍ പക്ഷാന്തരമില്ല. സലാം ഒരു വ്യക്തിയോടു പറയപ്പെട്ടാല്‍ മടക്കല്‍ അയാള്‍ക്ക് ഫര്‍ള് ഐനാണ്. ഇനി ഒരു സംഘത്തോടാണ് പറയപ്പെട്ടതെങ്കില്‍ അവരിലൊരാെളങ്കിലും അത് മടക്കിയിരിക്കണം. സൗഹൃദത്തിന്റെ പ്രസരണമാണ് സലാമിലൂടെ ഇസ്‌ലാം ലക്ഷ്യമിടുന്നത്.
Also read:https://islamonweb.net/ml/20-March-2017-218
ഒരാള്‍ വല്ല സല്‍ക്കാരത്തിലേക്കോ സദ്യയിലേക്കോ ക്ഷണിക്കപ്പെട്ടാല്‍ അകാരണമായി അതില്‍നിന്ന് വിട്ടു നില്‍ക്കുന്നത് ക്ഷണിച്ച ആളുടെ മനസ്സില്‍ പല അനര്‍ത്ഥങ്ങളും ജനിക്കാനിടവരുത്തും. അതുകൊണ്ടു തന്നെ ഒരു മുസ്‌ലിമില്‍നിന്നും അത്തരമൊരു ചെയ്തി ഉണ്ടായിക്കൂടാ. വല്ല കാരണവശാലും അതിനെത്താന്‍ കഴിഞ്ഞിെല്ലങ്കില്‍ തന്റെ മുസ്‌ലിം സഹോദരനെ അക്കാര്യം ബോധിപ്പിക്കുക തന്നെ വേണം.

മറ്റൊരു സൗഹൃദ ചാലകമാണ് പരസ്പരമുള്ള ഉപദേശങ്ങള്‍. ഒരു സുഹൃത്ത് നമ്മോടു വല്ല കാര്യത്തെക്കുറിച്ചും എന്തെങ്കിലും ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ തേടിയാല്‍ സഹോദര ബുദ്ധ്യാ നാമത് നമ്മളാകുംവിധം നിറവേറ്റിക്കൊടുക്കണം. ഒരു പക്ഷെ, നമ്മുടെ നല്ല നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് പ്രവര്‍ത്തിക്കുകവഴി ആ സുഹൃത്തിന് അക്കാര്യം പ്രതീക്ഷിച്ചതിലുമുപരി ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞേക്കും. അങ്ങനെയാകുേമ്പാള്‍ അവന്റെയും നമ്മുടെയും മനസ്സുകള്‍ തമ്മില്‍ ബന്ധങ്ങളുടെ പുതിയ ഈടുവെപ്പുകള്‍ തുറക്കപ്പെടുകയും സൗഹൃദം സുദൃഢമാവുകയും ചെയ്യുന്നു.
Also read :https://islamonweb.net/ml/20-March-2017-229
തുമ്മിയവന്‍ അല്ലാഹുവിനെ സ്തുതിക്കല്‍ സുന്നത്താണ്. അല്ലാഹു അവന്റെ ബുദ്ധിമുട്ടുകളെ ദൂരീകരിച്ചു കൊടുത്തതില്‍ നന്ദി സൂചകമായിട്ടാണ് ആ സ്തുതി വാക്ക് പുറത്തുവരുന്നത്. തദവസരത്തില്‍ അല്ലാഹുവിന്റെ കാരുണ്യവര്‍ഷം ഉണ്ടാകട്ടെയെന്ന് അവന് ഒരാശംസ നേരുക എന്നത് തന്റെ സുഹൃത്തിന്റെ മനസ്സില്‍ ഏറെ സന്തോഷമുളവാക്കുന്നതായിരിക്കും.
അസ്ഹരി(റ) ലൈസ്(റ) പറഞ്ഞതായി ഉദ്ദരിക്കുന്നത് കാണുക: 'തശ്മീത്' എന്നാല്‍ ഏതൊരു കാര്യത്തിനും അല്ലാഹുവെ സ്മരിക്കലാണ്. തുമ്മിയവനോട് 'അല്ലാഹു നിനക്ക് കരുണ ചെയ്യട്ടെ എന്നു പറയലും അതില്‍ പെടുന്നു.

രോഗം ഒരു മനുഷ്യന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരവസ്ഥയാണ്. ചിലപ്പോള്‍ ഒരു ചെറിയ പനിയില്‍നിന്നു തന്നെ ഭയാനകമായ രോഗങ്ങളുദ്ഭവിച്ച് ആ രോഗിക്ക്  മരണത്തിന് കീഴടങ്ങേണ്ടി വന്നേക്കും. അതുകൊണ്ട് ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം തന്റെ സുഹൃത്ത് രോഗ ശയ്യയില്‍ കിടക്കുന്ന അവസരത്തില്‍ അവനെ സന്ദര്‍ശിക്കലും രോഗശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കലും സുന്നത്തായ ഒരു കര്‍മമാണ്. അടുത്ത കുടുംബക്കാരനായാലും അന്യനായാലും ശരി ഈ പ്രവര്‍ത്തനം ഒരു സുഹൃത്തെന്ന നിലക്ക് ഒരു മുസ്‌ലിമില്‍നിന്നും ഉണ്ടാകുക സ്വാഭാവികമാണ്. കാരണം, തന്റെ സഹോദരന്റെ വേദനയും രോഗവും തന്റേതുകൂടിയായി മനസ്സിലാക്കുന്നവനാണ് യഥാര്‍ത്ഥ മുഅ്മിന്‍. ഒരുപക്ഷേ, തന്റെ സന്ദര്‍ശനവും, പ്രാര്‍ത്ഥനയും രോഗാതുരനായ സ്‌നേഹിതന്റെ മനസ്സിന് കുളിരേകുകയും അതുവഴി ഒരു മാനസിക ഉന്മേഷം അവനനുഭവപ്പെടുകയും ചെയ്യുകയാണെങ്കില്‍ സഹോദരനെന്ന നിലയ്ക്ക് ഏറ്റവും സന്തോഷമനുഭവിക്കുന്ന നിമിഷമായിരിക്കും അത്.

മരണത്തിന് മരുന്നില്ലെന്നു പറയുംപോലെ മരണശേഷം ഒരു കൂടിക്കാഴ്ചയോ സൗഹൃദ ജീവിതമോ സങ്കല്‍പ്പിക്കാന്‍ പോലും തരമില്ലാത്തതാണ്. തങ്ങളുടെ ഐഹിക ജീവിതം നിര്‍ത്തിവെച്ച് ഈ ലോകത്തുള്ള സര്‍വതിനെയും വെടിഞ്ഞ് മറ്റൊരു ലോകത്തേക്ക് യാത്രയാകുന്നവരാണ് മുഴുവന്‍ ജീവജാലങ്ങളും. വിശേഷബുദ്ധിയുള്ള ജീവിയെന്ന നിലയ്ക്ക് മനുഷ്യന്‍ മരണപ്പെടുമ്പോള്‍ അവന്റെ സഹകാരികളും സുഹൃത്തുക്കളും അവന് നഷ്ടപ്പെടുകയാണ്. ഒരു അന്യനാട്ടുകാരന്‍ നമ്മുടെയടുത്ത് വന്ന് നമ്മുടെ നോവും സുഖവും പങ്കുവെച്ച് ആത്മമിത്രമായി മാറുകയും ശേഷം പിരിഞ്ഞു പോകുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഹൃദയവേദന എന്തുമാത്രം ദുസ്സഹമായിരിക്കും. അതുതന്നെയാണ് ഒരു സുഹൃത്ത് മരിക്കുമ്പോഴും നമുക്കനുഭവപ്പെടുക. അതുകൊണ്ടുതന്നെ നമ്മുടെ സുഹൃത്തിന്റെ ജനാസയെ ഖബ്ര്‍ വരെ അനുഗമിക്കല്‍ മാനുഷികത്തിന്റെ മതമായ ഇസ്‌ലാം പുണ്യമായി കാണുന്നു. ഇങ്ങനെ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഓരോ മുസ്‌ലിമും മുമ്പോട്ടു വരുമ്പോള്‍ അവര്‍ക്ക് സ്‌നേഹ ലോകം അന്യമല്ലാതായിത്തീരുന്നു.
(സുന്നിഅഫ്കാര്‍ വാരിക, 2005, ജൂലൈ: 20, സുന്നിമഹല്‍, മലപ്പുറം)
 
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter