നമ്മുടെ ജീവിതം ഇസ്‌ലാമികമാണോ?
ജ്ഞാനം, വിവേകം, വിശ്വാസം എന്നിവയാണ് മനുഷ്യന് മനുഷ്യത്വം നല്‍കുന്നത്. എന്ത് പഠിക്കണമെന്നും എങ്ങനെയെല്ലാം ജീവിതം ക്രമപ്പെടുത്തണമെന്നുമുള്ളതാണ് അഥവാ പഠിച്ചത് പ്രാവര്‍ത്തികമാക്കി ജീവിതം നയിക്കുക എന്നതാണ് മുസ്‌ലിമിന്റെ കടമ. നല്ലതില്‍ വിശ്വാസമര്‍പ്പിക്കുകയും അത് പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുകയും വേണം. എല്ലാ അവയവങ്ങളെയും അല്ലാഹുവിനെ ഭയന്നുകൊണ്ടുള്ള ജീവിതരീതിയില്‍ ക്രമീകരിച്ചവനാണ് യഥാര്‍ത്ഥ വിശ്വാസി. ഇമാം അബുല്ലൈസുസ്സമര്‍ഖന്ദി(റ) പറയുന്നു: അല്ലാഹുവിനെക്കുറിച്ചുള്ള ഭയം ഏഴ് അവയവങ്ങളില്‍ പ്രകടമാകണം. നാക്കില്‍നിന്നു കളവ്, പരദൂഷണം, ഏഷണി, അപവാദപ്രചരണം, അനാവശ്യസംസാരം എന്നിവ പ്രത്യക്ഷപ്പെടുന്നത് തടയുകയും ദിക്ര്‍, ഖുര്‍ആന്‍ പാരായണം, ദീനീ വിജ്ഞാനം പഠിക്കല്‍ എന്നിവ ജനിപ്പിക്കയും വേണം. ഹൃദയത്തില്‍നിന്നു അസൂയയും ശത്രുതയും നീങ്ങലും, കണ്ണുകൊണ്ട് അല്ലാഹു അനുവദിച്ചതിലേക്ക് മാത്രം നോക്കലും വയറ്റിലേക്ക് നിഷിദ്ധമായത് കടത്താതിരിക്കലുമാണ് വിശ്വാസിയെന്നതിന്റെ തെളിവ്. യഥാര്‍ത്ഥ വിശ്വാസിയെങ്കില്‍ തെറ്റിലേക്ക് കൈ നീട്ടാനും തെറ്റായ കാര്യം ലക്ഷ്യമാക്കി നടന്നുനീങ്ങാനും കഴിയില്ലെന്നും ഇമാം അബുല്ലൈസ് തന്നെപറയുന്നുണ്ട്. ആരാധനകളത്രയും അല്ലാഹുവിന്റെ വജ്ഹിന്ന് വേണ്ടിയായിരിക്കണം. അതില്‍ ദുരുദ്ദേശ്യം വന്നുകൂടാ. ജീവിതം തുലച്ചു തീര്‍ക്കാനുള്ളതല്ല. ഓരോ ജീവിക്കും ലഭിച്ചതില്‍ ഏറ്റവും വലിയ സമ്പത്ത് ജീവിതമാണ്. ഇവിടെ ഒന്നിനെയും വെറുതെ സൃഷ്ടിച്ചിട്ടില്ല. ദാവൂദ് നബി(അ) സബൂര്‍ പാരായണം ചെയ്തുകൊണ്ട് തന്റെ ആരാധനാ മണ്ഡപത്തില്‍ കഴിയവെ ഒരു ചുവന്ന പുഴു മണ്ണിലൂടെ അരിച്ചരിച്ചു നീങ്ങുന്നത് കാണുവാനിടയായി. നബി മനസ്സില്‍ വിചാരിച്ചു. എന്തിനാണ് ഈ കൊച്ചുജീവിയെ സ്രഷ്ടാവ് പടച്ചുവിട്ടത്! അല്ലാഹു ആ പുഴുവിന് സംസാരശേഷി നല്‍കി. അത് വാചാലനായി പറഞ്ഞു. പ്രവാചകരേ! എന്റെ രക്ഷിതാവ് പകലില്‍ നിത്യവും 1000 തവണ 'സുബ്ഹാനല്ലാഹി വല്‍ ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍' എന്ന് ചൊല്ലുവാന്‍ എന്നോട് കല്‍പിച്ചിരിക്കുന്നു. ഞാനത് മുടങ്ങാതെ നിര്‍വഹിച്ചുപോരുന്നുണ്ട്. രാത്രി നിത്യം 1000 വട്ടം 'അല്ലാഹുമ്മസ്വല്ലി അലാ മുഹമ്മദിനിന്നബിയ്യില്‍ ഉമ്മിയ്യി വഅലാ ആലിഹി വസ്വഹ്ബിഹി വസല്ലിം' എന്ന് സ്വലാത്ത് ചൊല്ലുവാന്‍ എന്റെ രക്ഷിതാവായ അല്ലാഹു കല്‍പിച്ചത് പ്രകാരം ഞാന്‍ അതും ചെയ്തുവരുന്നുണ്ട്. നിങ്ങളെന്തുപറയുന്നു? ഞാനൊന്ന് കേള്‍ക്കട്ടെ. ഇത്രയും കേട്ട ദാവൂദ് നബി(അ) ഒരു പുഴുവിനെ നിസ്സാരമാക്കിയതില്‍ ഖേദിച്ചു. (മുകാശഫത്തുല്‍ ഖുലൂബ്7) ലോകാരംഭം തൊട്ട് ലോകാവസാനംവരെയുള്ള ജീവിതകാലം പാരത്രികജീവിതകാലത്തിന്റെ വെറും ഏഴ് ദിവസം മാത്രമാണുള്ളത്. ഈ ചുരുങ്ങിയ കാലയളവില്‍തന്നെ പകുതിയിലേറെ ഉറക്കവും കുട്ടിക്കാലവുമായി വ്യത്യസ്ത ദശകളില്‍ കഴിയുന്നവര്‍ അല്ലാഹുവിനെ മറന്നുജീവിക്കരുത്. ചെയ്യേണ്ടത് ചെയ്യാതിരിക്കുമ്പോഴും ചെയ്യരുതാത്തത് ചെയ്യുമ്പോഴും അല്ലാഹുവിനെ വിസ്മരിക്കരുത്. ഒരാള്‍ക്ക് ഒരു സ്ത്രീയോട് പ്രേമം വന്നു. അയാള്‍ അവളുടെ പിന്നാലെ ഒരു നിഴല്‍പോലെ നടന്നുനീങ്ങി. ഒരു മനുഷ്യനും ഇല്ലാത്ത പ്രദേശത്ത് അയാള്‍ അവളോട് പ്രേമാഭ്യര്‍ത്ഥന നടത്തി. അവള്‍ ചോദിച്ചു. ജനങ്ങള്‍ എല്ലാവരും ഉറങ്ങിയോ? ആരും കാണില്ലല്ലോ? അയാള്‍ക്ക് സന്തോഷമായി. തന്റെ ഇംഗിതത്തിന് വഴങ്ങുമെന്നതിന്റെ നല്ല സൂചന. അയാള്‍ പരിസരമാകെ പരതി. എല്ലാവരും ഉറങ്ങിയിട്ടുണ്ട്. അയാള്‍ പറഞ്ഞു: അതെ, സകലരും ഉറങ്ങുകയാണ്. ആരും കാണില്ല, അറിയുകയുമില്ല. നമുക്ക് ഇണചേരാം. അവള്‍ ചോദിച്ചു. അല്ലാഹുവും ഉറങ്ങിയോ? അയാള്‍ പറഞ്ഞു: ഇല്ല. അല്ലാഹു ഉറങ്ങുകയില്ല. അവന്റെ കാഴ്ചയില്‍ പെടാതെ ഒന്നും ഒപ്പിക്കാന്‍ കഴിയില്ല. അവള്‍ പറഞ്ഞു: 'എങ്കില്‍ ജനങ്ങളേക്കാള്‍ നാം അവനെയാണ് ഭയപ്പെടേണ്ടത്.' അവര്‍ രണ്ട് പേരും ആ മഹാപാപത്തില്‍നിന്നു അല്ലാഹുവിനെ ഭയന്നു ഒരുമിച്ചു പിന്‍വാങ്ങി. (മുകാശഫത്തുല്‍ ഖുലൂബ്) നിസ്‌കാരത്തിലും ഇതര ആരാധനാ മുറകളിലുമായിരിക്കും വിശ്വാസിക്കു താല്‍പര്യം. കപടനാകട്ടെ അത്തരം കാര്യങ്ങളില്‍ താല്‍പര്യം കാണില്ല. ദൈനംദിന ജീവിതചര്യ മുടങ്ങാതെ ചെയ്തുപോകുമ്പോഴേ ജീവിതം ഫലവത്താകൂ. നബി(സ)യോട് വിശ്വാസിയെ കുറിച്ചും കപടനെ കുറിച്ചും ചോദിക്കപ്പെട്ടപ്പോള്‍ പറഞ്ഞു: 'വിശ്വാസിക്ക് വ്രതവും നിസ്‌കാരവുമായിരിക്കും പ്രധാനം. എന്നാല്‍ കപടന് ഭക്ഷണവും പാനവുമാണ് പ്രധാനം. നിസ്‌കരിക്കാതെ ഇതര ആരാധന നിര്‍വഹിക്കാതെ മൃഗതുല്യമായി കാലം കഴിക്കും. രാവിലെ അന്നം തേടിപ്പോകും. വൈകുന്നേരം തിരിച്ചെത്തും. അങ്ങനെ ഉണ്ടും ഉറങ്ങിയും ജീവിക്കും. ഒരാരാധനാ കര്‍മങ്ങളിലും താല്‍പര്യം കാണിക്കില്ല. ഒന്നും പഠിക്കയുമില്ല. പഠിച്ചതനുസരിച്ചു നടക്കയുമില്ല. വിശ്വാസി ദാനധര്‍മം ചെയ്യും. കുറ്റബോധത്തില്‍ കഴിയും. കപടന്‍ അത്യാഗ്രഹത്തില്‍ ആയുസ്സ് തുലക്കും. വിശ്വാസി അല്ലാഹുവിനെ മാത്രം ആശ്രയിക്കും. കപടന്ന് വേണ്ടത് അല്ലാഹുവല്ലാത്തവരുടെ പ്രീതിയാണ്. വിശ്വാസി നല്ലത് മാത്രം ചെയ്യും, തിന്മയെ ഓര്‍ത്ത് കരയും, കപടനാകട്ടെ, തെറ്റില്‍ ജീവിതം തുലച്ചു ചിരിച്ചും കളിച്ചും മതിമറക്കും.' ചിന്തയറ്റ ബുദ്ധിയും മരിച്ച ഹൃദയവുമായി കഴിയുന്നവര്‍ക്ക് പരലോകജീവിതം തകര്‍ക്കുന്ന എല്ലാ സൗകര്യങ്ങളും ഇന്ന് സുലഭമാണ്. ഗ്രാമീണ മേഖലകളില്‍ തന്നെ ഇതിനകം 50 കോടി മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. ചെറ്റപ്പുരകളുടെ അകത്തളങ്ങളില്‍ പോലും സിനിമാശാലകള്‍ തലപൊക്കി. ഉറങ്ങേണ്ട സമയത്ത് ഉറങ്ങാതെ കളിജ്വരത്തില്‍ രാത്രി ആര്‍പ്പുവിളികളുമായി കഴിയുന്നു. ഉറങ്ങാന്‍ പാടില്ലാത്ത സമയത്തെ ഉറക്കം ഹൃദയം മരവിച്ചവരുടേതാണ്. ഈ ജീവിതം ഒരിക്കലും ഇസ്‌ലാമികമല്ല. ഇശാക്ക് ശേഷം രാക്കഥ പറഞ്ഞു നേരംപോക്കുന്നതിനെതിരെപോലും ഇസ്‌ലാം താക്കീത് ചെയ്തിട്ടുണ്ട്. നാം ചെയ്യുന്ന ഓരോ കാര്യവും വിലയിരുത്തുമ്പോഴാണ് ജീവിതം ഇസ്‌ലാമികമാണോ, അല്ലേ എന്ന തിരിച്ചറിവ് ലഭിക്കുന്നത്. നബി(സ) പറയുന്നു: എന്റെ സമുദായത്തില്‍ ഒരു കാലഘട്ടത്തിലെ ജനങ്ങള്‍ അഞ്ചു കാര്യങ്ങളെ സ്‌നേഹിക്കുകയും അഞ്ച് കാര്യങ്ങള്‍ വിസ്മരിക്കുകയും ചെയ്യും: സമ്പത്തിനെ സ്‌നേഹിക്കുന്നതോടൊപ്പം അത് സംബന്ധമായ വിചാരണയെ മറന്നുപോകുന്നു. ജീവിതത്തെ സ്‌നേഹിക്കുന്നവര്‍ മരണത്തെ മറക്കുന്നു. മണിമന്ദിരങ്ങളെ ഇഷ്ടപ്പെടുന്നവര്‍ ഖബ്ര്‍ ജീവിതം മറക്കുന്നു. ഐഹികഭ്രമം തലക്കുപിടിച്ചവര്‍ പാരത്രികലോക ജീവിതത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ല. സൃഷ്ടി വര്‍ഗത്തെ സ്‌നേഹിക്കുന്നവര്‍ സ്രഷ്ടാവിനെ വിസ്മരിക്കുന്നു. ഈ ഘട്ടത്തില്‍ നബി(സ)യുടെ സമുദായം പിച്ചിച്ചീന്തപ്പെടും. സമുദായം തട്ടിത്തകര്‍ക്കപ്പെടും, ചിന്നിച്ചിതറും. പണത്തിന് വേണ്ടി എന്ത് വൃത്തികേടും ചെയ്യും. അല്ലാഹുവിന്റെ കോടതിവിധി മറന്നുപോകും. പണത്തിന്റെ പിന്നാലെ പരക്കം പായും. നാളെ റബ്ബിന് മുന്നില്‍ മൂന്നു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയല്ലാതെ വെച്ച കാല്‍ മുമ്പോട്ട് എടുത്ത് വെക്കാന്‍ കഴിയില്ല. സമ്പാദനരീതിയാണ് ഒന്നാമത് ചോദിക്കപ്പെടുന്നത്. അത് ഏത് മാര്‍ഗത്തില്‍ സമ്പാദിച്ചു. മദ്യക്കച്ചവടം നടത്തിയോ മയക്കുമരുന്ന് കച്ചവടം ചെയ്‌തോ? കള്ളനോട്ടടിച്ചോ, പലിശ കൊടക്കുന്നതും വാങ്ങുന്നതുമായ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടോ, കരിഞ്ചന്ത കാണിച്ചോ, കൊള്ളയും കൊള്ളിവെപ്പും നടത്തിയോ..? നാം സമ്പാദിച്ചത് നമ്മുടെ ഇഷ്ടപ്രകാരം ചെയ്യാമെന്ന ധാരണയിലാണ് പലരും. ഞാന്‍ ഒരു തെറ്റും ചെയ്യുന്നില്ലെന്ന് ധരിക്കുന്നവര്‍ പോലും ധൂര്‍ത്തടിയെ കുറിച്ച് സ്രഷ്ടാവിന്റെ മുന്നില്‍ കണക്ക് പറയേണ്ടിവരും. കല്യാണങ്ങളുടെ പേരില്‍ പണംപൊടിപൊടിക്കുന്നു. സ്ത്രീധനം, പോക്കറ്റ്മണി, നൂറ് പവന്‍, കാറ് ഇങ്ങനെ പോകുന്നു മാമൂല്‍... ജീവിതാനുഭവങ്ങളില്‍നിന്നു പാഠമുള്‍കൊണ്ട് ഇന്നത്തെ ശൈലി അടിമുടി മാറ്റിയെങ്കില്‍ മാത്രമേ നമ്മുടെ ജീവിതം ഇസ്‌ലാമീകരിക്കാനൊക്കൂ. ഇമാം ശഖീഖുല്‍ ബല്‍ഹിയുടെ ശിഷ്യന്‍ ഹാത്തിമ് ബിന്‍ അസ്വമ്മ്(റ) യോട് ഒരിക്കല്‍ ഉസ്താദ് ചോദിച്ചു. എത്രകാലമായി നീ ഞാനുമായി ബന്ധപ്പെട്ട് കഴിയുന്നു. അയാള്‍ പറഞ്ഞു: മുപ്പത്തിമൂന്ന് വര്‍ഷം! ഉസ്താദ്: എന്നിട്ട് ഈ കാലയളവില്‍ നീ എന്ത് പഠിച്ചു. ശിഷ്യന്‍: ഞാന്‍ എട്ട് മസ്അല പഠിച്ചു. ഉസ്താദ്: എങ്കില്‍ നീ പഠിച്ച എട്ട് മസ്അലകള്‍ വിവരിക്കൂ. ഞാനൊന്ന് കേള്‍ക്കട്ടെ. ഹാത്തിമ്(റ) പറഞ്ഞു: എല്ലാവര്‍ക്കും ഒരു സുഹൃത്തുണ്ടാകും. എന്നാല്‍ ഏത് സുഹൃത്തും മരണത്തോടെ സുഹൃദ്ബന്ധം വിടുന്നു. ഖബ്‌റില്‍ ബന്ധം വിടുന്നു. ഞാന്‍ ഖബ്‌റിലും വേര്‍പെടാത്ത സുഹൃത്തിനെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ ജീവിതപങ്കാളിയായ കൂട്ടുകാരനായി കണ്ടത് സല്‍കര്‍മത്തെയാണ്. സല്‍കര്‍മം ഖബ്‌റിലും പിരിയാത്ത കൂട്ടുകാരനാണ്. ഇത് കേട്ട് ഉസ്താദ് സന്തോഷിച്ചു. രണ്ടാം മസ്അല: ഖുര്‍ആന്‍ പറയുന്നു. 'അല്ലാഹുവിനെ ഭയന്നുകൊണ്ട് തടിയിച്ഛക്ക് വഴങ്ങാതെ ജീവിക്കുന്നവര്‍ക്കാണ് സ്വര്‍ഗം.' അല്ലാഹു സത്യം മാത്രം പറയുന്നവനാണ്. സ്വര്‍ഗം ലഭിക്കുവാനായി ഞാന്‍ ദേഹേച്ഛ വെടിഞ്ഞുകൊണ്ടുള്ള ജീവിതം പാകപ്പെടുത്തി. മൂന്ന്: ഈ ലോകത്ത് സകലര്‍ക്കും താന്‍ ആദരിക്കുന്ന വിലമതിക്കാത്ത ഒരു വസ്തു ഉണ്ടായിരിക്കും. പക്ഷെ, മരണത്തോടെ ആ വസ്തുവിനെ കൈയൊഴിയണം. അല്ലാഹു പറയുന്നു: നിങ്ങളുടെ പക്കലുള്ളത് നഷ്ടപ്പെടും. എന്റെ പക്കലുള്ളത് മാത്രമേ അവശേഷിക്കുകയുള്ളൂവെന്ന്. അതിനാല്‍ എന്റെ കൈയിലുള്ളത് നശിക്കാതിരിക്കാനായി ഞാന്‍ അത് മുഴുവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിച്ചു. നാല്: ഈ ലോകത്ത് സകലരും സമ്പത്ത്, കുടുംബമഹിമ, സ്ഥാനമാനം, തറവാടിത്തം എന്നിവയെ ഇഷ്ടപ്പെടുന്നു. അല്ലാഹു പറയുന്നു, നിങ്ങളില്‍ വെച്ച് അല്ലാഹുവിങ്കല്‍ ഏറ്റവും വലിയ മാന്യന്‍ കൂടുതല്‍ ഭക്തിയുള്ളവനാണെന്ന്. അതിനാല്‍ ഞാന്‍ അല്ലാഹുവിന്റെ പ്രീതി മോഹിച്ച് ഭക്തനായി ജീവിക്കാന്‍ തീരുമാനിച്ചു. അഞ്ച്: ഈ സമൂഹം പരസ്പരം ആരോപണ പ്രത്യാരോപണം നടത്തി കഴിയുകയാണ്. കലഹത്തിന്റെയും ഭിന്നിപ്പിന്റെയും അടിത്തറ അസൂയയാണ്. അല്ലാഹു പറയുന്നത് 'ഐഹികജീവിതത്തില്‍ ഓരോരുത്തര്‍ക്കും വിഹിതം വെച്ച് നല്‍കുന്നത് ഞാനാണെന്നാണ്.' അതിനാല്‍ ആരോടും അസൂയ വെക്കുന്നില്ല. ജനങ്ങളെ അവരുടെ പാട്ടിനുവിടുന്നു. അല്ലാഹു എന്റെ സഹോദരന് ഓഹരി നല്‍കിയതിന് ഞാനെന്തിന് അസൂയപ്പെടണം, പരിതപിക്കണം? എനിക്കെന്റെ ജീവിതത്തില്‍ ആരുമായും ശത്രുതയില്ല. ആറ്: ഈ ജീവിതത്തില്‍ മനുഷ്യര്‍ പരസ്പരം അക്രമിക്കുകയും അറുകൊല ചെയ്യുകയുമാണ്. അല്ലാഹു പറയുന്നത് നിങ്ങളുടെ യഥാര്‍ത്ഥ ശത്രു പിശാചാണെന്നും അവനുമായി ശത്രുതവെച്ച് പുലര്‍ത്തണമെന്നുമാണ്. അതിനാല്‍ ഞാന്‍ പിശാചിനെ മാത്രം ശത്രുവായി കാണുന്നു. ആരോടും കലഹത്തിനില്ല. ഏഴ്: എല്ലാവരും ഈ ഐഹികമായ 'നക്കാപിച്ച'ക്ക് വേണ്ടി ജീവിതം തുലക്കുന്നു. ഹറാമും ഹലാലും നോക്കാതെ സമ്പത്ത് വാരിക്കൂട്ടുന്നു. അല്ലാഹു പറയുന്നു: ലോകത്ത് എല്ലാ ജീവികള്‍ക്കും വേണ്ട ആനുകൂല്യം ഞാന്‍ നല്‍കുന്നുണ്ട്. അതിനാല്‍ എന്റെ കാര്യം ഞാന്‍ സ്രഷ്ടാവില്‍ സമര്‍പിച്ചിരിക്കുകയാണ്. ഞാന്‍ അല്ലാഹുവിന്ന് അങ്ങോട്ട് ചെയ്യേണ്ടത് സല്‍കര്‍മവും, നിഅ്മത്ത് തന്നതിന് ശുക്ര്‍ ചെയ്യലുമാണ്. അതിനാല്‍ ഞാന്‍ എന്റെ ജീവിതം ആരാധനയില്‍ കഴിക്കുകയാണ്. എട്ട്: ലോകരൊക്കെയും തന്റെ കാര്യം തന്നെപ്പോലെയുള്ള ഒരു സൃഷ്ടിയെ ഭരമല്‍പിക്കുന്നതായാണ് കാണപ്പെടുന്നത്. ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവില്‍ ഒരാള്‍ അര്‍പണം നടത്തിയാല്‍ അയാള്‍ക്ക് അവന്‍ തന്നെ മതി എന്നാണ്. അതിനാല്‍ എന്റെ എല്ലാ കാര്യങ്ങളും ഞാന്‍ അല്ലാഹുവില്‍ അര്‍പിച്ചിരിക്കുന്നു. ഹാത്തിമുല്‍ അസ്വമ്മിന്റെ ഈ എട്ട് മസ്അല കേട്ട ഉസ്താദ് അദ്ദേഹത്തെ ആശീര്‍വദിച്ചു പറഞ്ഞു: താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ. ഒരു മുസ്‌ലിം സാംസ്‌കാരികമായും വിശ്വാസപരമായും കര്‍മപരമായും പാലിക്കേണ്ട കടമകള്‍ കണക്കറ്റതാണ്. ഇസ്‌ലാമികമായ വസ്ത്രധാരണരീതി, ഇസ്‌ലാം അനുവദിക്കുന്ന വിധം ദേഹത്തിലെ മുടികളെ കൈകാര്യം ചെയ്യല്‍, അല്ലാഹു അനുവദിച്ച പ്രകാരം മലമൂത്രവിസര്‍ജ്ജനം ചെയ്യല്‍, ഇസ്‌ലാമിക രീതിയില്‍ അന്നപാനം കഴിക്കല്‍ മുതലായവ ശരിയായ ഇസ്‌ലാമിക ജീവിതത്തില്‍നിന്നു ഒഴിച്ച് നിര്‍ത്താനാവില്ല. കിടന്നുറങ്ങുന്നതിനും ഉണരുന്നതിനും നിയമങ്ങളുണ്ട്. അവ പാലിക്കേണ്ടതുമാണ്. നിസ്‌കാരം നിലനിര്‍ത്തപ്പെടാതെ ഒരു സെക്കന്റ് പോലും ജീവിതകാലത്ത് കടന്നുപോകരുത്. ജീവിതക്ലേശങ്ങള്‍ പരിഹരിക്കാന്‍ കൂടിയാണ് നിസ്‌കാരം. ഹ: ഹുദൈഫ(റ) പറയുന്നു: നബി(സ) പ്രയാസകരമായ കാര്യങ്ങള്‍ പരിഹരിച്ചുകിട്ടുവാന്‍ അതിവേഗം നിസ്‌കാരത്തിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നു. അഞ്ചുനേരത്തെ ഫര്‍ളു നിസ്‌കാരങ്ങളും ഇതര സുന്നത്ത് നിസ്‌കാരങ്ങളുമായി ബന്ധപ്പെടുന്നത് അല്ലാഹുവിന്റെ റഹ്മത്ത് വാരിക്കൂട്ടുന്നതിന് തുല്യമാണ്. അബുദ്ദര്‍ദാഅ്(റ) പറയുന്നു: വല്ലപ്പോഴും കൊടുങ്കാറ്റുണ്ടായാല്‍ നബി (സ) ഉടന്‍ പള്ളിയിലേക്ക് പ്രവേശിക്കുമായിരുന്നു. കാറ്റു ശമിക്കുന്നതുവരെ അവിടന്ന് പുറത്തിറങ്ങുമായിരുന്നില്ല. സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിച്ചാലും നബി(സ) നിസ്‌കാരത്തില്‍ ശ്രദ്ധ പതിക്കുമായിരുന്നു. മഴ ഇല്ലാതിരിക്കുമ്പോഴും തങ്ങള്‍ പരിഹാരം കണ്ടിരുന്നത് നിസ്‌കാരത്തിലൂടെയാണ്. പൂര്‍വകാല പ്രവാചകന്മാരും പ്രശ്‌നപരിഹാര മാര്‍ഗമായി സ്വീകരിച്ചത് നിസ്‌കാരമായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. സുഹൈബ്(റ) പറയുന്നു: ഒരു യാത്രാമധ്യേ ഇബ്‌നു അബ്ബാസ്(റ)വിന് മകന്റെ മരണവിവരം ലഭിച്ചു. ഉടന്‍ അദ്ദേഹം ഒട്ടകപ്പുറത്ത്‌നിന്നു ഇറങ്ങി രണ്ട് റക്അത്ത് നിസ്‌കരിച്ച ശേഷം 'ഇന്നാ ലില്ലാഹി..' ചൊല്ലുകയായിരുന്നു. ശേഷം ജനങ്ങളോട് ഇങ്ങനെ പറഞ്ഞു: അല്ലാഹു എന്നോട് കല്‍പിച്ചത് ഞാന്‍ നിര്‍വഹിച്ചിരിക്കുന്നു. എന്നിട്ട് ''ക്ഷമ കൊണ്ടും നിസ്‌കാരം കൊണ്ടും നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുക'' എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ സൂക്തം ഓതി. മഹാനായ ഉബാദത്ത്(റ) മരണമാസന്നമായപ്പോള്‍ ചുറ്റും കൂടിയവരോടിപ്രകാരം പറഞ്ഞു: 'ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ ഉറക്കെ കരയരുത്. അദബോട് കൂടെ അംഗശുദ്ധി വരുത്തി എന്റെ മഗ്ഫിറത്തിനായി നിസ്‌കരിച്ച് പ്രാര്‍ത്ഥിക്കണം. അനന്തരം എന്നെ ഖബറടക്കണം.' മഹതി ഉമ്മുകുല്‍സൂം ബിവി(റ)യുടെ ഭര്‍ത്താവ് അബ്ദുറഹ്മാന്‍(റ)വിന് രോഗം കഠിനമായി. ദേഹം തണുത്തുതളര്‍ന്നു. ജനങ്ങള്‍ അദ്ദേഹം മരിച്ചുവെന്ന് വിചാരിച്ചു. ഉമ്മുകുല്‍സൂം (റ) ഉടന്‍ രണ്ട് റക്അത്ത് നിസ്‌കരിച്ച് പ്രാര്‍ത്ഥിച്ചതേയുള്ളൂ. അബ്ദുറഹ്മാന്‍ (റ) രോഗ വിമുക്തനായി. ബോധം തിരിച്ചുകിട്ടിയ അദ്ദേഹം അടുത്ത് കൂടിയവരോട് ചോദിച്ചു ''ഞാന്‍ മരിച്ച അവസ്ഥയിലായിരുന്നോ?'' അവര്‍ പറഞ്ഞു: 'അതെ!' അദ്ദേഹം പറഞ്ഞു. ''എന്റെ അരികെ രണ്ട് മലക്കുകള്‍ വന്ന് പറഞ്ഞു: 'നടക്കുക! അഹ്ക്കമുല്‍ ഹാക്കീമീനായ അല്ലാഹുവിന്റെ സന്നിധിയില്‍ നിങ്ങളെ കുറിച്ച തീരുമാനമെടുക്കേണ്ട സമയമായിരിക്കുന്നു.' അവര്‍ എന്നെ കൂട്ടിക്കൊണ്ടുപോകാനൊരുങ്ങി. ഉടന്‍ മറ്റൊരു മലക്ക് വന്നുപറഞ്ഞു: 'നിങ്ങള്‍ ഇയാളെ വിടുക. ഇയാള്‍ മാതാവിന്റെ ഗര്‍ഭപാത്രത്തിലായിരിക്കെ തന്നെ ഭാഗ്യവാന്മാരുടെ കൂട്ടത്തില്‍ രേഖപ്പെടുത്തപ്പെട്ടയാളാണ്. ഇയാളുടെ സന്താനങ്ങള്‍ക്കിനിയും ഇയാളെ കൊണ്ട് പ്രയോജനമുണ്ടാകട്ടെ' ഇത് കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹം വഫാത്തായത്. (ദുര്‍റുല്‍ മന്‍സൂര്‍) നിസ്‌കരിച്ചയാള്‍ക്ക് അദൃശ്യസഹായം: കൂഫയില്‍ ഒരു കൂലിവേലക്കാരനുണ്ടായിരുന്നു. വിശ്വസ്തനായതിനാല്‍ കച്ചവടക്കാര്‍ അവരുടെ സാധനങ്ങള്‍ അയാള്‍വശം കൊടുത്തയക്കുക പതിവായിരുന്നു. ഒരുദിവസം അയാള്‍ യാത്രാമദ്ധ്യേ മറ്റൊരു യാത്രക്കാരനുമായി കണ്ടുമുട്ടി. അയാള്‍ ചോദിച്ചു. നിങ്ങള്‍ എവിടെ പോകുന്നു? അയാള്‍ താന്‍ പോകുന്ന പട്ടണം വിവരിച്ചതേയുള്ളൂ, അപരിചിതന്‍ ഞാനും അങ്ങോട്ട് തന്നെയെന്നു പറഞ്ഞു. നടക്കാന്‍ കഴിയാത്തതിനാല്‍ യാത്രയില്‍ എന്നെ കൂടി ചേര്‍ത്ത് കോവര്‍കഴുതപ്പുറത്ത് യാത്ര ചെയ്യണമെന്നും ഒരു ദീനാര്‍ കൂലി തരാമെന്നും പറഞ്ഞു: കൂലിക്കാരന്‍ അത് സമ്മതിച്ചു. രണ്ടുപേരും ഒന്നിച്ചു യാത്ര തുടര്‍ന്നു. ഒരു കവലയിലെത്തി. ഏതുവഴി പോകണമെന്ന് യാത്രക്കാരന്‍ ചോദിച്ചു. സാധാരണ വഴി കൂലിക്കാരന്‍ കാണിച്ചുകൊടുത്തു. എന്നാല്‍ കഴുതയെ മേയ്ക്കുവാന്‍ പറ്റിയ ഒരു കുറുക്കുവഴി എനിക്ക് നല്ല പരിചയമുണ്ടെന്ന് അപരിചിതന്‍ പറഞ്ഞു. അതനുസരിച്ച് വഴിമാറി യാത്രചെയ്തു. അതൊരു ഭയങ്കര വനാന്തരത്തിലാണെത്തിയത്. അവിടെ ധാരാളം ശവങ്ങള്‍ കിടപ്പുണ്ട്. പെട്ടെന്ന് യാത്രക്കാരന്‍ ചാടിയിറങ്ങിഅരയില്‍നിന്നു കഠാര വലിച്ചൂരി കൂലിക്കാരനെ വധിക്കാന്‍ ശ്രമിച്ചു. അയാള്‍ പേടിച്ചുവിറച്ചുകൊണ്ട് പറഞ്ഞു: കോവര്‍ കഴുതയെയും സാധനങ്ങളും നിങ്ങള്‍ക്കു തരാം. എന്നെ വധിക്കരുതേ.! ആ അക്രമി സമ്മതിച്ചില്ല. ആദ്യം നിന്നെ കൊല്ലും. പിന്നീട് സാധനങ്ങളെടുക്കും. കൂലിക്കാരന്‍ എത്ര കരഞ്ഞുപറഞ്ഞിട്ടും ആ ദ്രോഹി ചെവികൊണ്ടില്ല. അവസാനമായി അയാള്‍ അക്രമിക്ക് മുന്നില്‍ ഒരപേക്ഷ സമര്‍പിച്ചു. എന്നെ രണ്ട് റക്അത്ത് നിസ്‌കരിക്കാന്‍ അനുവദിച്ചാലും. ദുഷ്ടന്‍ പരിഹസിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു: എന്നാല്‍ വേഗമാവട്ടെ. ഈ കിടക്കുന്ന ശവങ്ങളും നിന്നെപ്പോലെ അന്ത്യഘട്ടത്തില്‍ നിസ്‌കാരക്കാര്യമായിരുന്നു പറഞ്ഞത്. അവര്‍ക്കൊന്നും നിസ്‌കാരം ഒരു പ്രയോജനവും ചെയ്തില്ല. കൂലിക്കാരന്‍ വിറച്ചുകൊണ്ട് നിസ്‌കാരം തുടങ്ങി. പേടിച്ച് വിറച്ചതിനാല്‍ ഫാതിഹ പോലും ശരിക്ക് ഓതാനാവുന്നില്ല. നിസ്‌കാരം വേഗം നിര്‍വഹിക്കെടാ.. ആ ദുഷ്ടന്‍ ഗര്‍ജ്ജിച്ചു. കൂലിക്കാരന്‍ ഖുര്‍ആനില്‍നിന്നു 'ഗതിമുട്ടിയവന്‍ പരിഭ്രമിച്ചു വിളിക്കുമ്പോള്‍ അവന് ഉത്തരം നല്‍കാനാര്' എന്ന ഖുര്‍ആന്‍ സൂക്തം ഓതിയതും തലയില്‍ തിളങ്ങുന്ന ഇരുമ്പ് തൊപ്പി ധരിച്ചുകൊണ്ട് ഒരാള്‍ പ്രത്യക്ഷപ്പെട്ടതും ഒരുമിച്ചായിരുന്നു. അയാള്‍ കൈയിലുള്ള കുന്തംകൊണ്ട് ആ ദുഷ്ടനെ കുത്തിവീഴ്ത്തി. അവന്‍ ചത്തുവീണു. കൂലിക്കാരന്‍ സുജൂദിലേക്ക് വീണ് അല്ലാഹുവിനെ പുകഴ്ത്തി. ഗതിമുട്ടുമ്പോള്‍ വിളിക്കുന്നവര്‍ക്ക് ഉത്തരം നല്‍കുന്ന അല്ലാഹുവിന്റെ ദാസനായിരുന്നു സഹായത്തിനെത്തിയ ആള്‍. (നുസ്വ്ഹത്തുല്‍ മജാലിസ്).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter