ദുആ വിശ്വാസിക്ക് ആയുധമാണ്, നിങ്ങളുടെ ആയുധത്തിന് മൂര്‍ച്ച കൂട്ടുക
ദുആ വിശ്വാസിയുടെ ആയുധമാണ്. ഐഹികവും പാരത്രികവുമായ വിഷമങ്ങളുടെ ദൂരീകരണത്തിന് വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹു ഏല്‍പിച്ച് തന്ന ആയുധമാണ് ആത്മാര്‍ഥമായുള്ള പ്രാര്‍ഥന. ആരെങ്കിലും വല്ലപ്പോഴും എന്തെങ്കിലും നിങ്ങളോട് ചോദിക്കുന്നുവെന്നിരിക്കട്ടെ. നിങ്ങള്‍ക്ക് അവനോട് ഒരുതരം വെറുപ്പ് ഉണ്ടാകുക സ്വാഭാവികമാണ്. കാരണം അതാണ് മനുഷ്യന്‍റെ പ്രകൃതി. അല്ലാഹുവിന്‍റെത് അതിന് വിപരീതമാണ്. അവനോട് ഒന്നും ചോദിക്കുന്നില്ലെങ്കിലാണ് അവന് അടിമയോട് വെറുപ്പുണ്ടാകുക. എത്ര കൂടുതല്‍ ചോദിക്കുന്നുവോ അത്രയും തൃപ്തിയാണ് അടിമയോട് ഉടമക്ക്. നിങ്ങള്‍ ചോദിക്കുവീന്‍, ഞാനുത്തരം ചെയ്യാമെന്ന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു. ദുആ ദുന്‍യിവിന്‍റെ കാര്യത്തില്‍ മാത്രം പോരാ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാത്തവര്‍ ആരും കാണില്ല. ജീവിതത്തിലെ ഏതെങ്കിലും പ്രതിസന്ധിയില്‍ നിന്ന് കരകേറുന്നതിന് അല്ലാഹുവോട് നാമെല്ലാം പ്രാര്‍ഥിക്കാറുണ്ട്, കണ്ണീരൊലിപ്പിച്ച് തന്നെ. പക്ഷെ പലപ്പോഴും ഐഹികമായ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒതുങ്ങിപ്പോകുന്നുണ്ട് നമ്മുടെ ദുആകളെല്ലാം. പാരത്രികമായ വിജയം നമ്മുടെ അജണ്ടയിലേ ഇല്ലാത്ത പോലെ. സ്വന്തം വീടും കാറും ബിസിനസും മാത്രമാണ് നമ്മുടെ പ്രാര്‍ഥനകളുടെ ഉള്ളടക്കം. അതിലുപരി മരണസമയത്തെ ഖൈറിന് വേണ്ടിയോ ഖബറിലെ ശിക്ഷായിളവിന് വേണ്ടിയോ സ്വര്‍ഗപ്രാപ്തിക്ക് തന്നെയോ നമ്മള്‍ പ്രാര്‍ഥിക്കാന്‍ മറന്നുപോകുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ സാത്താന്‍ നമ്മെ കൊണ്ട് അക്കാര്യം മറപ്പിക്കുന്നു. ദുന്‍യാവിലെ നന്മകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കേണ്ടത് തന്നെയാണ്. അതിനെ കുറ്റം പറയുകയല്ല. മറിച്ച് ആഖിറത്തിന്‍റെ കാര്യം കൂടെ നമ്മുടെ പ്രാര്‍ഥനകളുടെ ഉള്ളടക്കത്തില് ‍ഇടംപിടിക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ്. ദുന്‍യാവും ആഖിറത്തും ഒരുപോലെ നന്മനിറക്കണമെന്നാണ് മുഅ്മിന്‍ നിത്യം പ്രാര്‍ഥിക്കേണ്ട ദുആകളിലൊന്ന്. എല്ലായ്പ്പോഴും അല്ലാഹുവിലേക്ക് കരങ്ങളുയര്‍ത്തണം പ്രാര്‍ഥന വിശ്വാസിയുടെ ആരാധനയാണ്. ഉടമയോട് എന്തെങ്കിലും ചോദിക്കുന്നത് അടിമയെ സംബന്ധിച്ചിടത്തോളം ആരാധനയല്ലാതെ മറ്റെന്താണ്. അത് കൊണ്ട് തന്നെ അത് എല്ലാ സമയത്തും നടത്തേണ്ട ഒരു കര്‍മമാണെന്ന് കൂടെ മനസ്സിലാക്കാണം. നമ്മള് ‍എല്ലാവരും പ്രാര്‍ഥിക്കാറുണ്ട്. പക്ഷെ പലരും പ്രയാസങ്ങള്‍ വരുമ്പോള്‍ മാത്രം അല്ലാഹുവിനോട് കരഞ്ഞു പറയുന്നവരാണ്. പ്രയാസങ്ങള്‍ തീര്‍ന്നാല്‍ പിന്നെ നിസ്കാരശേഷം പോലും നാം പ്രാര്‍ഥിക്കാന്‍ മറുന്നുപോകുന്നു. സമയം ലഭിക്കാതെ പോകുന്നു. അത് ശരിയല്ല. ക്ഷാമകാലത്തും ക്ഷേമകാലത്തും റബ്ബിനോട് കരം നീട്ടേണ്ടവരാണ് നാം. സൌഖ്യത്തിന്‍റെ കാലത്തും നാം പ്രാര്‍ഥിക്കുന്നത് ദുഖസമയത്തെ നമ്മുടെ പ്രാര്‍ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ചെയ്യുന്നതിന് ഒരു കാരണമായി ഭവിക്കും. പ്രാര്‍ഥിക്കാന്‍ ചില പ്രത്യേക സമയങ്ങള്‍ ചില പ്രത്യേക സമയങ്ങളിലെ ദുആക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടെന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. ഫര്‍ള് നമസ്കാരങ്ങളുടെ ശേഷം, അര്‍ധ രാത്രി, ലൈലത്തുല്‍ ഖദര്‍, വെള്ളിയാഴ്ച ഇമാം മിമ്പറില്‍ കയറിയത് മുതല്‍ നിസ്കരിക്കുന്നത് വരെയുള്ള സമയം, , ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടക്കുള്ള സമയം തുടങ്ങിയ സമയങ്ങളിലെ പ്രാര്‍ഥനക്ക് പ്രത്യേക സ്വീകാര്യതയുണ്ട്. പ്രാര്‍ഥനക്ക് പെട്ടെന്ന് ഉത്തരം ലഭിക്കുന്നതിന് ഖുര്‍ആന്‍ പാരായണത്തിന്റെയും അതുപോലെ ഖത്തം തീര്‍ന്നതിന്റെയും ശേഷമോ ദാനധര്‍മങ്ങള്‍ നടത്തിയ ശേഷമോ ദുആ ചെയ്യുന്നതും നല്ലതാണഅ. യുദ്ധസമയത്തുള്ള പ്രാര്‍ത്ഥനക്കും സ്വീകാര്യത കൂടുതലാണെന്ന് തെളിവുകളുണ്ട്. ചില പ്രത്യേക സ്ഥലങ്ങള്‍ പ്രാര്‍ത്ഥനയുടെ സമയം വിവരിച്ച പോലെതന്നെ വളരെ പ്രധാനപ്പെട്ടതാണ് പ്രാര്‍ത്ഥന നിര്‍വഹിക്കുന്ന സ്ഥലവും. അതായത് ദുആ സ്വീകരിക്കപ്പെടുന്നതിന് അത് നടത്തുന്ന ഇടത്തിനും പ്രത്യേക പരിഗണനയുണ്ടെന്നര്‍ഥം. കഅ്ബയുടെ ഉള്ളില്‍ വെച്ച്, റുക്നുല്‍ യമാനിയുടെയും ഇബ്റാഹീം മഖാമിന്റെയും ഇടയിലുള്ള മുല്‍തസമില്‍ വെച്ച്, സംസം കിണറിന്റെ അടുത്ത് വെച്ചു, സഫാ മര്‍വയുടെ അടുത്ത് വെച്ചെല്ലാം നടത്തുന്ന ദുആക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാകും. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, ബൈത്തുല്‍ മുഖദ്ദസ് എന്നിവിടങ്ങളില്‍ വെച്ച് ദുആ നടത്തുന്നതും കൂടുതല്‍ സ്വീകരിക്കപ്പെടുന്നതിന് കാരണമായി ഭവിക്കും. ദുആ നടത്തുമ്പോള് ചില മര്യാദകള്‍ മറ്റു ഇബാദത്തുകളിലെന്ന പോലെ ദുആക്കും നിരവധി മര്യാദകളുണ്ട്. ശുദ്ധിയുണ്ടായിരിക്കലും ദുആ ചെയ്യുന്നത് മനസ്സാന്നിധ്യത്തോടെ ആയിരിക്കലും അത്യാവശ്യമാണ്. ദുആയിരക്കുന്ന സമയത്ത് കൈകള്‍ രണ്ടും ഉയര്‍ത്തുക. പ്രാര്‍ഥന കഴിഞ്ഞാല്‍ ഇരുകൈകള്‍ കൊണ്ട് മുഖം തടവുക, പ്രാര്‍ഥന തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഹംദും സ്വലാത്തും ചൊല്ലുക തുടങ്ങിയവയെല്ലാ മര്യാദകളില്‍ ചിലതത്രെ.  ദുആ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കുന്നതും പ്രാര്‍ത്ഥനയില്‍ ധൃതി കാണിക്കാതിരിക്കുന്നതും നല്ലതാണ്. ആദ്യം സ്വന്തത്തിനും പിന്നെ മാതാപിതാക്കള്‍ക്കും മുസ്‌ലിം സമുദായത്തിന് പൊതുവായും ദുആ ചെയ്യാനും നാം ശ്രദ്ധിക്കണം. ദുആ അര്‍ത്ഥ സമ്പുഷ്ടമാകുന്നതും ചുരുങ്ങിയ വാക്കുകളില്‍ കൂടുതല്‍ അര്‍ത്ഥം ലഭിക്കുന്നതുമായിരിക്കാനും ശ്രദ്ധിക്കണം.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter