വിശ്വാസിയുടെ ഒരു ദിവസം
വിശ്വാസിയുടെ ഒരു ദിവസത്തെ ജീവിതം എങ്ങനെയായിരിക്കണമെന്ന് പ്രമാണങ്ങള്‍ നമുക്ക് വരച്ചുകാണിച്ചു തരുന്നുണ്ട്. പൊതുവില്‍ പരാമര്‍ശിക്കേണ്ട അല്‍പം ചില കാര്യങ്ങള്‍ മാത്രമാണ് ഈ കുറിപ്പ് ചര്‍ച്ച ചെയ്യുന്നത്. അതിരാവിലെ എണീക്കുന്നു, സൂര്യോദയത്തിന് അല്‍പം മുമ്പായി എണീക്കല്‍ വിശ്വാസിക്ക് നിര്‍ബന്ധമാണ്. അല്‍പം കൂടി നേരത്തെ സുബ്ഹി ബാങ്ക് കൊടുക്കുന്നതിന്‍റെ അല്‍പം മുമ്പ് എണീക്കുന്നതാണ് ഏറ്റവും ഉത്തമം. എണീക്കുന്നത് തന്നെ അല്ലാഹുവിനെ ഓര്‍ത്തുകൊണ്ടായിരിക്കണം. الحَمْدُ للهِ الذي أَحْيَانِي بَعْدَ مَا اَمَاتَنِي واليْهِ النُشُور എന്ന് ചൊല്ലുക. (മരിപ്പിച്ച ശേഷം എന്നെ വീണ്ടും ജീവിപ്പിച്ച അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും, അവനിലേക്ക് തന്നെയാണ് മടക്കം) ഒരു ചെറിയ മരണമാണല്ലോ ഉറക്കം. വരാനുള്ള അവസാനമരണത്തെക്കുറിച്ചുള്ള ബോധമാണ് ഇതിലൂടെ വിശ്വാസി പുതുക്കുന്നത്, ആ മരണത്തോടെ നാഥനിലേക്കുള്ള തിരിച്ചുപോക്കാണെന്ന വലിയ യാഥാര്‍ത്ഥ്യവും. മനസ്സിരുത്തി നടത്തുന്ന ഈ പ്രാര്‍ത്ഥന തന്നെ മതി ആ ദിവസത്തെ അന്‍റെ കര്മ്മങ്ങളെ മുഴുവന്‍ നിയന്ത്രിക്കാന്‍. ശേഷം പ്രാഥമിക ആവശ്യങ്ങള്‍ നിറവേറാനും ബാത്റൂമിലേക്ക് പ്രവേശിക്കുന്നു. اللهمَّ انِّي أعُوذُ بِكَ مِنَ الخُبْثِ وَ الخَبَائِث (ആണ്‍ പിശാചുക്കളില്‍നിന്നും പെണ്‍പിശാചുക്കളില്‍നിന്നും ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു നാഥാ) എന്ന് ദിക്റ് ചൊല്ലി ഇടത്തുകാല്‍ ആദ്യം വെച്ചാണ്  പ്രവേശിക്കുന്നത്. കക്കൂസിലെ ഇരുത്തം പോലും എങ്ങനെ ആവണമെന്ന് ഇസ്ലാം പറഞ്ഞുതരുന്നു. ഇടതുവശത്തേക്ക് ചെരിഞ്ഞായിരിക്കണം ഇരിക്കേണ്ടത്. തല മറക്കുക, സംസാരിക്കാതിരിക്കുക, വിസര്‍ജ്യത്തിലേക്ക് നോക്കാതിരിക്കുക തുടങ്ങിയ മര്യാദകളെല്ലാം പാലിച്ചിരിക്കണം. ആവശ്യം നിര്‍വഹിച്ചശേഷം ശുദ്ധി വരുത്തുന്നു. ബാഹ്യമായ ശുദ്ധിയോടൊപ്പം മനസ്സിന്‍റെ ശുദ്ധിക്ക് വേണ്ടി അല്ലാഹുവിനോട് അര്‍ത്ഥിക്കുന്നു. اللهمُّ طَهِّرْ قَلْبِي مِنَ النفَاقِ وحَصِّنْ فرْجِي مِنَ الفَواَحِش (അല്ലാഹുവേ, എന്‍റെ ഹൃദയത്തെ കാപട്യത്തില്‍നിന്ന് ശുദ്ധമാക്കുകയും എന്‍റെ ഗുഹ്യഭാഗത്തെ ചീത്ത പ്രവര്‍ത്തനങ്ങളില്‍പെടാതെ സൂക്ഷിക്കുകയും ചെയ്യണേ). യാതൊരു ബുദ്ധിമുട്ടുമില്ലാതെ കാര്യങ്ങള്‍ ചെയ്യാനായതില്‍  അല്ലാഹുവിനെ സ്തുതിക്കുന്നു, الحَمْدُ للهِ الذِي أذْهَبَ عَنِّي الأذَى وَعَافَاني (എന്‍റെ ബുദ്ധിമുട്ട് നീക്കുകയും സൌഖ്യമാക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും). ശേഷം വുളൂ ചെയ്ത് ദുആ ഇരക്കുക- أَشْهدُ أَنْ لا إِله إِلاَّ اللَّه وحْدَه لا شَريكَ لهُ، وأَشْهدُ أَنَّ مُحمَّدًا عبْدُهُ وَرسُولُه  اللَّهُمَّ اجْعلْني من التَّوَّابِينَ واجْعلْني مِنَ المُتَطَهِّرِينَ وَاجْعَلْنِي مِنْ عِبَادِكَ الصَالِحِين (അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു, അവന് പങ്കുകാരനില്ല, മുഹമ്മദ് നബി അവന്‍റെ അടിമയും പ്രവാചകനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, എന്നെ ഖേദിച്ച് മടങ്ങുന്നവരില്‍ ഉള്‍പ്പെടുത്തണേ, എന്നെ ശുദ്ധിയുള്ളവരില്‍ ഉള്‍പ്പെടുത്തണേ, എന്നെ നിന്‍റെ സച്ചരിതരായ അടിമകളില്‍ ഉള്‍പ്പെടുത്തണേ) ശേഷം രണ്ട് റക്അത് തഹജ്ജുദ് നിസ്കരിച്ച് മനമുരുകി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. ശേഷം സുബ്ഹി ബാങ്ക് വിളിക്കുന്നതുവരെ തസ്ബീഹ് ചൊല്ലിയിരിക്കുക. سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ العَظِيم وَبِحَمْدِهِ اَسْتَغْفِرُ الله . സുബ്ഹി ബാങ്ക് വിളിച്ചാല്‍ രണ്ട് റക്അത് സുന്നത് നിസ്കരിക്കുകയും ശേഷം സുബ്ഹി ജമാഅതായി നിസ്കരിക്കുകയും ചെയ്യുക. പള്ളിയിലേക്ക് പ്രവേശിക്കുന്നത് اللهُمَّ افْتَحْ لِي ابْوَابَ رحْمَتِك (അല്ലാഹുവേ, നിന്‍റെ അനുഗ്രഹത്തിന്റെ കവാടങ്ങള്‍ എനിക്ക് നീ തുറന്ന് തരണേ) എന്ന് ചൊല്ലി, വലത് കാല്‍ മുന്തിച്ച് ആയിരിക്കണം. ഇഅതികാഫിനെ പ്രത്യേകം കരുതുക. نَوَيْتُ الاِعْتِكافَ فِي هَذَا المَسْجِدِ للهِ تَعَالَى  (ഈ പള്ളിയില്‍ അല്ലാഹുവിന് വേണ്ടി ഇഅ്തികാഫ് ഇരിക്കാന്‍ ഞാന്‍ കരുതി). സുന്നത് നിസ്കാരത്തിനും ജമാഅതിനും ഇടയില്‍ സമയമുണ്ടെങ്കില്‍ ഖുര്‍ആന്‍ പാരായണമോ ദിക്റുകളോ ആയി ചെലവഴിക്കേണ്ടതാണ്. ഏറ്റവും ഉത്തമമായ നിമിഷങ്ങളാണ് അവയെല്ലാം. സുബ്ഹ് നിസ്കാരശേഷം സൂര്യനുദിച്ച് 15 മിനുട്ടാവും വരെ അതേ സ്ഥലത്ത് തന്നെ ഇഅ്തികാഫിലായി ദിക്റുകളും ഖുര്‍ആന്‍ പാരായണവുമായി ചെലവഴിക്കാനായാല്‍ അത് വളരെയേറെ പുണ്യകരമാണ്. ശേഷം ദുഹായുടെ രണ്ട് റക്അത് കൂടി നിസ്കരിച്ച് മറ്റുകാര്യങ്ങളിലേക്ക് നീങ്ങാം. പള്ളിയില്‍നിന്ന് പുറത്തുപോരുന്നത് ഇടത് കാല്‍ മുന്തിച്ച്,  اللهُمَّ اِنِّي اَسْأَلُكَ مِنْ فَضْلِك (അല്ലാഹുവേ, നിന്‍റെ ഔദാര്യത്തില്‍നിന്ന് ഞാന്‍ നിന്നോട് ചോദിക്കുന്നു) എന്ന് ചൊല്ലിക്കൊണ്ടായിരിക്കണം. ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും അതിന്‍റേതായ മര്യാദകള്‍ പാലിച്ചിരിക്കണം. എല്ലാവരും ചേര്‍ന്നിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. വലതു കൈ കൊണ്ടായിരിക്കണം തിന്നുന്നതും കുടിക്കുന്നതും. بِسْمِ اللَهِ الرحْمنِ الرحيم എന്ന് ചൊല്ലാന്‍ മറക്കരുത്. വയറ് നിറച്ച് കഴിക്കുന്നത് ഒരിക്കലും നന്നല്ല. മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും ബാക്കിയുള്ളത് വായുവിനും ഒഴിച്ചടണമെന്നാണ് പ്രവാചകാധ്യാപനം. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ കൈകള്‍ നന്നായി ഊമ്പുകയും ശേഷം അല്ലാഹുവിനെ സ്തുതിക്കുകുയം വേണം. الحَمْدُ للهِ الذِي اَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلِ مِنِّي وَلاَ قُوَّة (എന്‍റെ യാതൊരു വിധ കഴിവും വിചാരവുമില്ലാതെ എനിക്ക് ഈ ഭക്ഷണം നല്‍കുകുയം ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും) ശേഷം ജോലികളിലേര്‍പ്പെടാം, അല്ലാത്തവര്‍ക്ക് വിശ്രമവും ആവാം. ഏതാണെങ്കിലും ഉദ്ദേശ്യം നന്നായാല്‍ പ്രതിഫലാര്‍ഹം തന്നെ. ജോലിക്ക് വേണ്ടിയോ മറ്റോ വീട്ടില്‍നിന്ന് ഇറങ്ങുകയാണെങ്കില്‍ അവിടെയും ചില മര്യാദകള്‍ പാലിക്കാനുണ്ട്.  ഇടത് കാല്‍ തന്നെയാണ് ഇവിടെയും മുന്തിക്കേണ്ടത്. ശേഷം ഈ ദിക്റ് ചൊല്ലുക. بِسْمِ الله تَوَكّلْتُ عَلَى الله وَلاَ حَوْلَ وَلاَ قُوَّةَ اِلاَّ بِالله، اللهُمّ اِنِّي اَعُوذُ بِكَ أَنْ أَضِلَّ  أَوْ أُضَلَّ أَوْ أَزِلَّ أَوْ أُزَلَّ أَوْ أَظْلِمَ أَوْ أُظْلَمَ أَوْ أَجْهَلَ أَوْ يُجْهَلَ عَلَيّ (അല്ലാഹുവിന് പേര് കൊണ്ട് (ഞാന്‍ പുറപ്പെടുന്നു) കഴിവും കരുത്തും അല്ലാഹുവിനെക്കൊണ്ടല്ലാതെ ഇല്ല, അല്ലാഹുവേ, പിഴച്ചുപോകുന്നതില്‍നിന്നും പിഴപ്പിക്കപ്പെടുന്നതില്‍നിന്നും വഴുതിപ്പോകുന്നതില്‍നിന്നും വഴുതിക്കപ്പെടുന്നതില്‍നിന്നും അക്രമം പ്രവര്‍ത്തിക്കുന്നതില്‍നിന്നും അക്രമിക്കപ്പെടുന്നതില്‍നിന്നും അറിവ് കേട് പ്രവര്‍ത്തിക്കുന്നതില്‍നിന്നും അറിവ് കേടിന് ഇരയാവുന്നതില്‍നിന്നും നിന്നോട് ഞാന്‍ കാവല്‍ തേടുന്നു.) വീട്ടില്‍നിന്നിറങ്ങി വണ്ടിയിലാണ് യാത്രയെങ്കില്‍ ഈ ദിക്റ് ചൊല്ലുക. سُبْحَانَ الذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِين وَاِنَّا اِلَى رَبِّنَا لَمُنْقَلِبُون  (ഇത് ഞങ്ങള്‍ക്ക് കീഴ്പ്പെടുത്തിത്തന്ന അല്ലാഹു എത്ര പരിശുദ്ധന്‍, ഞങ്ങള്‍ ഒരിക്കലും അത് കണ്ടെത്തുമായിരുന്നില്ല, തീര്‍ച്ചയായും ഞങ്ങളുടെ നാഥിലേക്ക് മടങ്ങുന്നവര്‍ തന്നെയാണ് ഞങ്ങള്‍). യാത്രക്കിടയില്‍ ഖുര്‍ആന്‍ പാരായണം ശ്രവിക്കുകയോ ദിക്റുകളിലോ സ്വലാതുകളിലോ ആയി സമയം ചെലവഴിക്കുകയോ ചെയ്യാം. ളുഹ്റ്, അസ്റ് നിസ്കാരങ്ങളൊക്കെ ജമാഅതായി തന്നെ നിര്‍വ്വഹിക്കാന്‍ ശ്രമിക്കുക. അവയുടെയെല്ലാം കൂടെ പ്രത്യേകം സുന്നത്തായ റവാതിബ് നിസ്കാരങ്ങളും നിര്‍വഹിക്കുക. ജോലി കഴിഞ്ഞ് തിരിച്ച് വീട്ടില്‍വന്ന് പ്രവേശിക്കുമ്പോള്‍, بِسْمِ اللهِ وَلَجْنَا وَ بِسْمِ اللهِ خَرَجْنَا، وَعَلَى اللهِ تَوَكَّلْنَا (അല്ലാഹുവിന്‍റെ പേര് കൊണ്ട് ഞങ്ങള്‍ പ്രവേശിച്ചു, അല്ലാഹുവിന്‍റെ പേര് കൊണ്ട് പുറപ്പെട്ടു, അല്ലാഹുവിന്മേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചു) എന്ന് ചൊല്ലി, വീട്ടുകാരോട് സലാം പറഞ്ഞ് വേണം കടക്കാന്‍. ഖുര്‍ആന്‍ പാരായണം, സുന്നത് നിസ്കാരങ്ങള്‍ എന്നിവ വീട്ടില്‍ വെച്ച് ചെയ്യാനും സമയം കണ്ടെത്തുക. വീടുകളുടെ ബര്‍കതിനും ഐശ്വര്യത്തിനും അത് ഏറെ സഹായകമാണ്. മഗരിബ്, ഇശാ നിസ്കാരങ്ങള്‍ക്കിടയിലുള്ള സമയം ഏറെ പുണ്യകരമാണ്. ഖുര്‍ആന്‍ പാരായണവും ഹദ്ദാദ് പോലോത്ത ദിക്റുകളും പതിവാക്കേണ്ടവയാണ്. ഇശാക്ക് മുമ്പ് തന്നെ ഭക്ഷണം കഴിക്കുകയും ഇശാ നിസ്കാരം കഴിഞ്ഞാല്‍ അധികം താമസിക്കാതെ ഉറങ്ങുന്നതുമാണ് ആരോഗ്യകരം. ഉറങ്ങുന്ന സമയത്ത്, വുദൂ എടുക്കുകയും വലത് കൈ വലതുകവിളിന് താഴെ വെച്ച്, വലത് ഭാഗത്തേക്ക് ചെരിഞ്ഞ്കിടക്കുകയും വേണം. എന്നിട്ട് ഈ ദിക്റ് ചൊല്ലുക, بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ فَإِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا يَحْفَظُ بِهِ عِبَادَكَ الصَالِحِين (എന്‍റെ രക്ഷിതാവേ, നിന്‍റെ പേര് കൊണ്ട് ഞാന്‍ എന്‍റെ ഭാഗം വെച്ചിരിക്കുന്നു, അത് കൊണ്ട് തന്നെ ഞാന്‍ അത് ഉയര്‍ത്തുകയും ചെയ്യും. (ഈ ഉറക്കത്തില്‍) നീ എന്‍റെ ശരീരത്തെ പിടിക്കുകയാണെങ്കില്‍ (മരിപ്പിക്കുകയാണെങ്കില്‍) അതിനോട് നീ കരുണ കാണിക്കണം, അതല്ല അതിനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചയക്കുകയാണെങ്കില്‍ നിന്‍റെ സച്ചരിതരായ അടിമകളെ കാത്തുകൊള്ളുന്ന പോലെ അതിനെയും നീ കാത്തുകൊള്ളണേ). കിടക്കുമ്പോള്‍ 33 പ്രാവശ്യം سُبَحَانَ الله، الحَمْدُ لله، اللهُ اكْبَر എന്ന് ചൊല്ലലും മൂന്ന് പ്രാവശ്യം വീതം ഫാതിഹ, ഇഖലാസ്, ഫലഖ്, നാസ് എന്നീ സൂറതുകള് ഓതലും നല്ലതാണ്.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter