പെരുന്നാള്‍ തെണ്ടലും പടാളി തല്ലും തളംകെട്ടിനില്ക്കുന്ന പെരുന്നാളോര്‍മ്മകള്‍ – ടി.കെ ഹംസ

ടി.കെ ഹംസ സാഹിബ്, അതിലേറെ മലയാളികളുടെ ഹംസാക്ക.. അങ്ങനെ പറയുന്നതാവും കൂടുതല്‍ യോജിപ്പ്, ആ നില്‍പ്പും നടപ്പും കാണുമ്പോഴും അങ്ങനെ വിളിക്കാനേ തോന്നൂ. എഴുപത്തഞ്ച് പിന്നിട്ട അദ്ദേഹം സ്വാതന്ത്ര്യത്തിന് മുമ്പുള്ള പെരുന്നാള്‍ കാലം ഓര്‍ത്തെടുക്കുകയാണ് ഇവിടെ, ഓണ്‍വെബ് വായനക്കാര്‍ക്ക് വേണ്ടി.

ചെറുപ്പത്തിലെ പെരുന്നാള്‍ ഓര്‍ക്കുമ്പോഴേക്ക് മനസ്സിലേക്ക് ഓടി വരുന്നത് ജീവിതത്തിലാദ്യമായി ലഭിച്ച നീളന്‍ കുപ്പായമാണ്. അക്കാലത്തൊക്കെ അപൂര്‍വ്വമേ പുതുവസ്ത്രം എടുക്കാറുള്ളൂ. കുപ്പായം ധരിക്കുന്നവര്‍ തന്നെ കുറവായിരുന്നു എന്ന് തന്നെ പറയാം. ഇന്ന് എല്ലാമെന്ന പോലെ വസ്ത്രവും ആര്‍ഭാടമാണ്, അതിലേറെ പൊങ്ങച്ചമാണ്. കറുപ്പും ചുവപ്പും കുപ്പായങ്ങളാണ് അന്ന് പൊതുവെ ഉണ്ടായിരുന്നത്. നീളന്‍ കുപ്പായം ധരിക്കുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു.

ഒരു പെരുന്നാളിന് വസ്ത്രമെടുക്കുമ്പോള്‍ എനിക്ക് അത് തന്നെ വേണമെന്ന് പറഞ്ഞ് വാശി പിടിച്ചുകരഞ്ഞു. അതിന്റെ വിലയോ അതുണ്ടാക്കാനുള്ള കഷ്ടപ്പാടോ കുട്ടിയായ എനിക്കറിയില്ലല്ലോ. അവസാനം ഉപ്പ അത് തന്നെ വാങ്ങിത്തന്നു. അത് ധരിച്ചപ്പോള്‍ എനിക്ക് തോന്നിയ അഭിമാനം പറഞ്ഞറിയിക്കില്ല, മോഹങ്ങള്‍ പൂവണിയുമ്പോഴുള്ള സന്തോഷം പൂര്‍ണ്ണാര്‍ത്ഥത്തില്‍ അറിഞ്ഞത് അന്നായിരുന്നു എന്ന് പറയാം.
തേങ്ങാച്ചോറാണ് പെരുന്നാളിന്റെ ഔദ്യോഗിക ഭക്ഷണം. പെരുന്നാള്‍ എന്ന് പറയുമ്പോള്‍ തന്നെ മനസ്സിലേക്ക് വരുന്നത് തേങ്ങാച്ചോറും പപ്പടവുമാണ്. നെയ്ച്ചോറൊക്കെ വലിയ വലിയ കല്യാണങ്ങള്‍ക്കേ ഉണ്ടാവൂ. കല്യാണത്തിന് നെയ്ച്ചോറാണെന്ന് പറഞ്ഞാല്‍ അത് വലിയ പത്രാസായിരുന്നു.
നാടന്‍ സൗഹൃദകൂട്ടായ്മകളും പെരുന്നാള്‍ തെണ്ടലുമൊക്കൊയായിരുന്നു അന്നത്തെ പെരുന്നാള്‍ ദിനങ്ങളിലെ പ്രധാന നേരംപോക്കുകള്‍. പെരുന്നാള്‍ക്ക് കുട്ടികള്‍ ചോറ് കഴിച്ച് കഴിഞ്ഞാല്‍ പിന്നെ, കൂട്ടംചേര്‍ന്ന് കുടുംബവീടുകളിലെല്ലാം കയറിയിറങ്ങുന്നതിനെയാണ് പെരുന്നാള്‍ തെണ്ടല്‍ എന്ന് പറയുന്നത്. പത്തിരുപത് വീടുകളില്‍ പെരുന്നാള്‍ തെണ്ടും. പല വീടുകളില്‍നിന്നും പെരുന്നാള്‍ പൈസയും ലഭിക്കും, അതായിരുന്നു ആ സന്ദര്‍ശനങ്ങളുടെ പ്രധാന ലക്ഷ്യവും.
അന്ന് കുട്ടികള്‍ക്കിടയിലെ മറ്റൊരു പ്രധാന വിനോദം പെരുന്നാള്‍ തല്ലായിരുന്നു. പടാളി എന്ന പേരില്‍ ഇത് അക്കാലത്ത് പല വേളകളിലും നടക്കാറുണ്ടായിരുന്നു. പടകളി എന്നത് ലോപിച്ചതാവാം പടാളി. പരസ്പരം ദ്വന്ദ്വയുദ്ധം നടത്തുന്നത് ശീലിക്കുന്നതിന്റെ ഭാഗമായി ഉണ്ടായതാവാം ഇത്. ധൈര്യമുണ്ടെങ്കില്‍ എന്നെ ഒന്ന് അടിച്ചേ എന്ന് പറഞ്ഞ് ഒരാള്‍ മറ്റവനെ ഒന്ന് തോണ്ടും, അതോടെയാണ് തല്ലിന് തുടക്കം കുറിക്കുക. 
പെരുന്നാള്‍ മാസം കാണുന്നതും അന്ന് വലിയ സംഭവമാണ്. എവിടെയെങ്കിലും മാസം കണ്ടാല്‍ പിന്നെ കൂക്കി അറിയിക്കുകയാണ് പതിവ്. മാസം കണ്ടോ കൂയ് കൂയ്.. എന്ന് കൂക്കിവിളിച്ചുപോകുന്നത് പെരുന്നാളിന്റെ പഴയ ചിത്രങ്ങളില്‍ ഇന്നും ഇടം പിടിച്ചുനില്‍ക്കുന്നു.
ഓരോ നാടുകളില്‍ മറു നാടുകളിലേക്ക് കൂക്കിയാണ് അറിയിക്കാറ്. പ്രത്യേകിച്ച്, പുഴക്ക് അപ്പുറവും ഇപ്പുറവുമുള്ളവരൊക്കെ മാസം കണ്ട വിവരം അറിയിച്ചിരുന്നത് ഇങ്ങനെ കൂക്കിയായിരുന്നു. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഫെയ്ക് കൂക്കലുകള്‍ ഈ രംഗത്ത് ഉണ്ടായിരുന്നില്ല. അത് കൊണ്ട്തന്നെ, കൂക്കല്‍ വിശ്വാസ യോഗ്യമായ റിപ്പോര്‍ട്ടാണ്. മറ്റു സമുദായക്കാര്‍ ഇതില്‍ ഇടപെടാറുമില്ല.


ആംഗ്യങ്ങളുടെ അകമ്പടിയോടെ ഓരോന്ന് അയവിറക്കുമ്പോഴും ഹംസാക്ക അത് പറയുകയായിരുന്നില്ല, മറിച്ച് അഭിനയിച്ചുകാണിക്കുകയായിരുന്നു, അഥവാ, അദ്ദേഹം ആ പഴയ ദിനങ്ങളിലൂടെ ഒരിക്കല്‍ കൂടി ജീവിക്കുകയായിരുന്നു. ഞങ്ങള്‍ ഏറെ ആസ്വദിച്ച ആ ആഖ്യാനത്തില്‍ പഴയ ഗ്രാമീണത മുഴുവനും നിറഞ്ഞാടുന്നുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter