ബനൂ ഖുറൈള യുദ്ധം

കരാര്‍ പൊളിക്കപ്പെടുന്നു

പ്രവാചകന്‍ മദീനയിലെത്തിയ ഉടനെത്തന്നെ ജൂതന്മാരുമായി ഒരു കരാറിലേര്‍പ്പെട്ടിരുന്നു. അതനുസരിച്ച് ഈ കരാറിനെ തകര്‍ക്കുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യാനും നല്ല കാര്യങ്ങളില്‍ പരസ്പരം സഹായിക്കാനും മദീനക്കെതിരെ തിരിയുന്നവരോട് സംഘടിതമായി പോരാടാനും തീരുമാനിക്കുണ്ടായി. കുറച്ചു കാലത്തോളം ഇതായിരുന്നു മുസ്‌ലിംകളുടെയും ജൂതന്മാരുടെയും ഇടയിലെ ബന്ധത്തിന്റെ ആകെത്തുക. എന്നാല്‍, ഖന്ദഖ് യുദ്ധത്തോടെ ഈ ബന്ധം തകര്‍ന്നടിഞ്ഞു. ബനൂ നളീറും ഖുറൈശികളും സംഘടിക്കുകയും മുഹമ്മദുമായി ചെയ്ത കരാര്‍ പൊളിക്കാന്‍ ബനൂ ഖുറൈളയെ നിര്‍ബന്ധിക്കുകയും ചെയ്തു. കരാറിന്റെ മഹത്വം മനസ്സിലാക്കി കുറേ നേരം അവരതിന് വിസമ്മതിച്ചെങ്കിലും ബനൂ നളീര്‍ മേധാവി ഹയ്യ് ബ്‌നു അഖ്ഥബിന്റെ നിരന്തരമായ പ്രേരണമൂലം ഒടുവില്‍ ബനൂ ഖുറൈള തലവന്‍ കഅ്ബ് ബിന്‍ അസദ് അത് സമ്മതിക്കുകയായിരുന്നു. വിവരമറിഞ്ഞ പ്രവാചകന്‍ ഔസ് ഗോത്രക്കാരനായ സഅ്ദ് ബിന്‍ മുആദ് (റ) വിനെയും ഖസ്‌റജ് ഗോത്രക്കാരനായ സഅ്ദ് ബിന്‍ ഉബാദ (റ) നെയും വിവരമന്വേഷിക്കാനായി അങ്ങോട്ട് പറഞ്ഞയച്ചു. മുഹമ്മദുമായി ഞങ്ങള്‍ക്ക് യാതൊരു കരാര്‍ ബന്ധവുമില്ലെന്നായിരുന്നു അവരുടെ  പ്രതികരണം. കൂടാതെ, മുസ്‌ലിംകളെ പിന്നില്‍നിന്നും ആക്രമിക്കാനുള്ള ശക്തമായ ശ്രമങ്ങളിലായിരുന്നു അവര്‍. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ഭീഷണിയായിരുന്നു. ഓര്‍ക്കാപ്പുറത്തുള്ള ഈ ചുവടുമാറ്റം അവരെ ജാഗരൂഗരാക്കി.

പടപ്പുറപ്പാട്

ഖന്ദഖ് യുദ്ധം കഴിഞ്ഞ് പ്രവാചകരും അനുയായികളും മദീനയിലെത്തിയ സന്ദര്‍ഭം. ജിബ്‌രീല്‍ (അ) അവതരിച്ചുകൊണ്ട് പറഞ്ഞു: 'പ്രവാചകരെ, അങ്ങ് ആയുധം അഴിച്ചുവച്ചോ? ഞങ്ങള്‍ മാലാഖമാര്‍  ആയുധമഴിച്ചുവെച്ചിട്ടില്ല. അങ്ങയോട് ബനൂ ഖുറൈളയിലേക്ക് യുദ്ധത്തിനു പുറപ്പെടാന്‍ അല്ലാഹുവിന്റെ കല്‍പനയുണ്ട്. ഞങ്ങളിതാ പുറപ്പെടുന്നു.' പ്രവാചകന്‍ ഉടെനെ അനുയായികളെ വിളിച്ച് യുദ്ധത്തിന്റെ വിളിയാളമറിയിച്ചു. ഉടനെ പുറപ്പെടണമെന്നും ബനൂ ഖുറൈളയിലെത്തിയിട്ട് അസ്വര്‍ നിസ്‌കരിച്ചാല്‍ മതിയെന്നും പറഞ്ഞു. സ്വഹാബികള്‍ പ്രവാചകരുടെ ആജ്ഞ സ്വീകരിച്ചു. കഴിയും വേഗത്തില്‍ ബനൂ ഖുറൈളയിലെത്തി. പലരും പാതിവഴിയില്‍ അസ്ര്‍ നിസ്‌കരിച്ചു യാത്ര തുടര്‍ന്നു. മറ്റു ചിലര്‍ പ്രവാചക കല്‍പനയുടെ ധ്വനി മനസ്സിലാക്കി ബനൂ ഖുറൈളയിലെത്തിയ ശേഷം ഇശാഇനു ശേഷം അസ്ര്‍ നിസ്‌കരിച്ചു. രണ്ടു രൂപത്തെയും പ്രവാചകന്‍ എതിര്‍ത്തില്ല.

മുവ്വായിരം കാലാള്‍ പടയും മുപ്പത് അശ്വഭടന്മാരുമായി പ്രവാചകന്‍ ബനൂ ഖുറൈളയിലെത്തി. ജൂതന്മാരുടെ കോട്ടകള്‍ ഉപരോധിച്ചു. ഉപരോധം ശക്തമായി. അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല. മൂന്നു മാര്‍ഗങ്ങളേ അവര്‍ക്കു മുമ്പില്‍ ഉണ്ടായിരുന്നുള്ളൂ: മുസ്‌ലിമാവുക, മരണംവരെ പോരാടുക, ശാബ്ബത്ത് ദിനം ഓര്‍ക്കാപ്പുറത്ത് കടന്നാക്രമിക്കുക. നേതാവ് കഅബ് ഇവ മുന്നോട്ടു വെച്ചെങ്കിലും അണികള്‍ക്കിത് സമ്മതമായില്ല. മുസ്‌ലിംകളില്‍നിന്നും തങ്ങളുമായി സഖ്യത്തിലുള്ള ഒരാളെ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച നടത്താനായിരുന്നു അവരുടെ തീരുമാനം. അതനുസരിച്ച് അബൂ ലുബാബയെ പ്രവാചകന്‍ വിട്ടുകൊടുക്കുകയും അവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. അബൂ ലുബാബയെ കണ്ടതോടെ സ്ത്രീകളും കുട്ടികളും കരയാന്‍ തുടങ്ങി. ഇതു കണ്ട് അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. 'ഞങ്ങള്‍ മുഹമ്മദിന്റെ കല്‍പനക്കു വിധേയരായി പുറത്തുവരണമെന്നാണോ താങ്ങളുടെ അഭിപ്രായം?' അവര്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: അതെ. വധമായിരിക്കും ഇതിന്റെ പരിണതിയെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. പിന്നീട് ചിന്തിച്ചപ്പോള്‍ ഈ പരാമര്‍ശം അദ്ദേഹത്തെ വേദനിപ്പിച്ചു. താന്‍ അല്ലാഹുവിനെയും റസൂലിനെയും വഞ്ചിച്ചിരിക്കുന്നുവെന്ന് മനസ്സിലായ അദ്ദേഹം മദീനയിലേക്കു തിരിച്ചു. സ്വന്തം ശരീരത്തെ പള്ളിയിലെ ഒരു തൂണുമായി ബന്ധിച്ചു. പ്രവാചകനല്ലാതെ ഇതഴിക്കുകയില്ലെന്നും ഇനി ഞാന്‍ ബനൂ ഖുറൈളയിലേക്ക് കടക്കുകയില്ലെന്നും സത്യം ചെയ്തു. (അഞ്ചു ദിവസത്തിനു ശേഷം അദ്ദേഹത്തിന്റെ തൗബ സ്വീകരിച്ചതായി ഖുര്‍ആന്‍ അവതരിക്കുകയും ശേഷം പ്രവാചകന്‍ തന്നെ അത് അഴിക്കുകയുമാണുണ്ടായത്.)

തിരിച്ചടി വരുന്നു

ഒടുവില്‍ പ്രവാചകരുടെ കല്‍പനക്കു വിധേയമായി പുറത്തിറങ്ങാന്‍തന്നെ ബനൂ ഖുറൈള തീരുമാനിച്ചു. നീണ്ട ഉപരോധം അവര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. പുരുഷന്മാരെ ബന്ധിക്കപ്പെടുകയും സ്ത്രീകളെ മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതിനിടെ ഔസ് ഗോത്രം രംഗത്തുവരുകയും അവരുമായി സഹകരണത്തിലായിരുന്ന ബനൂ ഖുറൈളയുടെ കാര്യത്തില്‍ പ്രവാചകരോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. നിങ്ങളില്‍നിന്നുള്ള ഒരാള്‍തന്നെ ഇത് തീരുമാനിക്കട്ടെയെന്നായിരുന്നു പ്രവാചകരുടെ നിര്‍ദ്ദേഹം. സഅ്ദ് ബിന്‍ മുആദ് (റ) വിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. അവരത് അംഗീകരിച്ചു. ഖന്ദഖ് യുദ്ധത്തില്‍ മുറിവ് പറ്റി കിടക്കുകയായിരുന്നു സഅ്ദ്. അദ്ദേഹം കൊണ്ടുവരപ്പെട്ടു. ഞങ്ങളില്‍ നല്ലൊരു അഭിപ്രായം പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സഅ്ദ് (റ) തനിക്കു കൈവന്ന ഈ വലിയ ഉത്തരവാദിത്തത്തിന്റെ ഗൗരവം മനസ്സിലാക്കി ഇങ്ങനെ പ്രതികരിച്ചു: പുരുഷന്മാര്‍ വധിക്കപ്പെടുക, സ്തീകള്‍ ബന്ധികളാക്കപ്പെടുക, സ്വത്തുക്കള്‍ വിഹിതിക്കപ്പെടുക.

സഅ്ദിന്റെ തീരുമാനം അംഗീകരിക്കപ്പെട്ടു. താങ്കള്‍ അല്ലാഹുവിന്റെ കല്‍പനയാണ് ഇതില്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പ്രവാചകന്‍ അദ്ദേഹത്തെ ശരിവെച്ചു. താമസിയെ വിധി നടപ്പാക്കപ്പെട്ടു.  ജൂതന്മാരുടെ ഉള്ളില്‍നിന്നുള്ള ആക്രമണങ്ങളില്‍നിന്നും മുസ്‌ലിംകള്‍ പൂര്‍ണമായും മുക്തരായി. ജൂതന്മാരുടെ കൊടിയ ചതിശ്രമങ്ങളുമായി ചേര്‍ത്തുനോക്കുമ്പോള്‍ സഅ്ദ് (റ) വിന്റെ ഈ തീരുമാനം എല്ലാ അര്‍ത്ഥത്തിലും നീതിയായിരുന്നു. മുസ്‌ലിംകളെ മദീനയില്‍നിന്നും പിഴുതെറിയാന്‍ ബനൂ ഖുറൈള ശക്തമായ ശ്രമങ്ങള്‍ നടത്തുകയും ചാരപ്പണികള്‍ മെനയുകയും ചെയ്തിരുന്നു. അസംഖ്യം വാളുകളും കുന്തങ്ങളും പരിചകളുമാണ് അവര്‍ ഇതിനായി ഒരുക്കിവെച്ചിരുന്നത്. ശേഷം, ഇതെല്ലാം മുസ്‌ലിംകളുടെ കരങ്ങളില്‍ വരികയായിരുന്നു. ഹിജ്‌റ വര്‍ഷം അഞ്ച് ദുല്‍കഅദയിലായിരുന്നു സംഭവം. ഇരുപത്തിയഞ്ച് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു ഉപരോധം. ഈ വക കാര്യങ്ങളെല്ലാം സൂറത്തുല്‍ അഹ്‌സാബില്‍ അല്ലാഹു സവിശദം പരാമര്‍ശിച്ചിട്ടുണ്ട്.

<img alt=" width=" 1"="" height="1">

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter