തിരുശേഷിപ്പുകളുടെ പുണ്യവും പ്രമാണവും
പ്രവാചകന്മാര്, സയ്യിദുമാര്‍, ഔലിയാഅ്, സ്വാലിഹുകള്‍ തുടങ്ങിയ മഹത്വ്യക്തികളുടെ തിരുശേഷിപ്പുകള്‍ക്ക് പുണ്യവും മഹത്വവുമുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത്, മുസ്ലിം ഉമ്മത്തിന്റെ നടപടി എന്നിവകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. തിരുശേഷിപ്പുകള്‍ അത്തരം മഹാന്മാരുടേതു തന്നെയാണെന്ന് സംശയരഹിതമായി അംഗീകരിക്കപ്പെടണം. മുബ്തദിഉകളും നിരീശ്വരവാദികളും യുക്തിചിന്തകരും മാത്രമേ തിരുശേഷിപ്പുകളുടെ മഹത്വം നിഷേധിക്കുകയുള്ളൂ.
ദീനിന്റെ ശിആറുകളെയെല്ലാം യുക്തിയുടെയും സാധാരണത്വത്തിന്റെയും അളവുകോല്‍ കൊണ്ട് അളക്കുന്ന പാരമ്പര്യം വച്ചു പുലര്‍ത്തുന്ന ബിദഇകള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ മനസ്സിലാക്കിയതിലെ അപാകതയാണ് തിരുശേഷിപ്പുകളുടെ മഹത്വം നിഷേധിക്കാന്‍ നിമിത്തമാകുന്നത്. യുക്തിവാദികളും നിരീശ്വരവാദികളും (രണ്ടും ഏകദേശം ഒന്നുതന്നെ) അല്ലാഹുവിനെ തന്നെ നിഷേധിക്കുന്നവരാണല്ലോ. അഭൗതികമായ ഒന്നിലും അവര്‍ക്ക് വിശ്വാസമേയില്ല. ദൈവവും മതവും മിഥ്യയാണെന്ന് വാദിക്കുന്നവര്‍ക്ക് എന്ത് തിരുശേഷിപ്പുകളാണ്.
വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ ബഖറ 247-248 സൂക്തങ്ങളില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. മൂസാ നബി(അ)ക്ക് ശേഷം ബനൂഇസ്രാഈല്യരില്‍ വന്ന 'ശംവീല്‍' നബി(അ)യോട് അവര്‍ ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിശ്ചയിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. അല്ലാഹു ത്വാലൂത്ത് എന്ന ഒരു വ്യക്തിയെ രാജാവായി നിശ്ചയിച്ചു. ഈ വിവരം ജനങ്ങളോട് പറഞ്ഞപ്പോള്‍ ത്വാലൂത്തിനെ അവര്‍ അംഗീകരിച്ചില്ല. രാജാവാകാന്‍ ത്വാലൂത്തിന് അവരെക്കാള്‍ യോഗ്യതയുണ്ടെന്ന് അവരുടെ പ്രവാചകന് പറഞ്ഞുനോക്കി. എന്നാല്‍, അതിന് തെളിവ് വേണമെന്നായി ജനങ്ങള്‍. ബനൂഇസ്രാഈല്യര്‍ക്ക് നഷ്ടപ്പെട്ടുപോയ ഒരു പെട്ടി തിരിച്ചുകിട്ടലാണ് ത്വാലൂത്തിനെ രാജാവായി അല്ലാഹു നിശ്ചയിച്ചതിന് തെളിവ് എന്ന് ശംവില്‍ നബി(അ) അവരെ അറിയിച്ചു. പ്രസ്തുത പെട്ടിയില്‍ മൂസാ നബി(അ)ന്റെയും ഹാജറൂന് നബി(അ)ന്റെയും തിരുശേഷിപ്പുകളാണുണ്ടായിരുന്നത്. തൗറാത്തിന്റെ പലക കഷ്ണങ്ങളും പരമ്പരാഗതമായി സൂക്ഷിച്ചുപോരുന്ന പ്രസ്തുത പെട്ടി യുദ്ധ വേളകളിലും മറ്റും വിജയത്തിനും സംരക്ഷണത്തിനുവേണ്ടി അവര്‍ മുന്നോട്ടു വക്കാറുണ്ടായിരുന്നു. മൂസാ നബി(അ)ന് ശേഷം 'അമാലിഖത്ത്' എന്ന ഒരു വിഭാഗക്കാര്‍ ബനൂ ഇസ്രാഈല്യരെ കീഴടക്കിയ സന്ദര്‍ഭത്തില്‍ പ്രസ്തുത പെട്ടിയും അവര്‍ കൈവശപ്പെടുത്തി യിരുന്നു. ആ പെട്ടി മലക്കുകള്‍ വഹിച്ചു കൊണ്ടുവരുന്നതാണ് അവര്‍ക്ക് തെളിവായി അല്ലാഹു കാണിച്ചുകൊടുത്തത്. പ്രസ്തുത ഭാഗം ഖുര്‍ആനില്‍ പറഞ്ഞതിന്റെ സാരം ഇപ്രകാരമാണ്.
അവരോട് അവരുടെ പ്രവാചകന് പറഞ്ഞു: ''ത്വാലൂത്തിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള മനഃശാന്തിയും മൂസായും ഹാറൂനും(അ) വിട്ടേച്ചുപോയ ശേഷിപ്പുകളുമുണ്ട്. മലക്കുകള്‍ അത് വഹിച്ചുകൊണ്ടുവരുന്നതാണ്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.'' (അല്‍ ബഖറ 248)
മഹാന്മാരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചുവയ്ക്കാമെന്ന് ഈ ഖുര്‍ആന്‍ പരാമര്‍ശം അവര്ത്ഥശങ്കക്കിടമില്ലാത്തവിധം സൂചന നല്‍കുന്നുണ്ട്. ബനൂഇസ്റാഈലുകാര്‍ അങ്ങനെ ചെയ്തിരുന്നത് ശരിയായ നടപടിയല്ലായിരുന്നെങ്കില് അല്ലാഹു പ്രസ്തുത പെട്ടി അവര്‍ക്ക് തിരിച്ചു നല്കുകയില്ലായിരുന്നുവല്ലോ. തിരുശേഷിപ്പുകള്‍ സൂക്ഷിച്ചുപോന്നിരുന്ന പെട്ടിയെ ആരാധിക്കുകയില്ല. അത് മുഖേന ബറകത്ത് എടുക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്.
''അല്ലാഹുവില്‍നിന്നുള്ള മനഃശാന്തിയും മൂസാ നബിയുടെയും ഹാറൂന്‍ നബിയുടെയും അവശിഷ്ടങ്ങളുമുണ്ട്'' എന്ന ഖുര്‍ആനിക പരാമര്‍ശം തിരുശേഷിപ്പുകള്‍ സൂക്ഷിച്ചാല്‍ മനഃസമാധാനം ലഭിക്കുമെന്ന വസ്തുത ബിദ്അത്തുകാര്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ? മനസ്സമാധാനം ലഭിക്കുന്നത് യുദ്ധവിജയം കൊണ്ടോ രോഗശമനം കൊണ്ടോ ഒക്കെ ആകാമെന്ന കാര്യം വ്യക്തമാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് സ്ഥിരപ്പെട്ട വസ്തുതയെ അന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളുന്നത് മുസ്ലിംകള്ക്ക് പാടില്ലാത്ത കാര്യമാണെന്ന് മനസ്സിലാക്കുക.
തിരുശേഷിപ്പുകള്‍ സൂക്ഷിച്ചുവക്കുന്നതും അവകൊണ്ട് ബറക്കത്തെടുക്കുന്നതും അഭികാമ്യവും അനുവദനീയവുമാണെന്നതിന് പ്രവാചക ചര്യയിലും അനിഷേധ്യമായ തെളിവുണ്ട്. ഹജ്ജത്തുല്‍ വിദാഇല് നബിതിരുമേനി(സ്വ) തന്നെ തന്റെ തലമുടി വിതരണം ചെയ്തതായി ബുഖാരി-മുസ്ലിം ഉദ്ധരിച്ച ഹദീസില്‍ കാണാം. അനസ്(റ) പറയുന്നു: ''അല്ലാഹുവിന്റെ ദൂതന്(സ്വ) തന്റെ കല്ലേറ് കഴിഞ്ഞ് അറവും നടത്തിയ ശേഷം ക്ഷുരകന്ന് തന്റെ തലയുടെ വലതുഭാഗം കാണിച്ചുകൊടുത്തു. ക്ഷുരകന് വലതുഭാഗത്തെ മുടി ചുരണ്ടി. നബി(സ്വ) ആ മുടി അബൂത്വല്‍ഹ(റ)ക്ക് കൊടുത്തു. ശേഷം ഇടതുഭാഗവും ചുരണ്ടി. അതും അബൂത്വല്‍ഹ(റ)ക്ക് കൊടുത്തു. ശേഷം ഇടതുഭാഗവും ചുരണ്ടി. അതും അബൂത്വല്‍ഹ(റ)ക്ക് നല്‍കികൊണ്ട് നബി(സ്വ) പറഞ്ഞു: ''ഇത് ജനങ്ങള്‍ക്കിടയില്‍ വീതിച്ചുനല്കുക. (മറ്റൊരു റിപ്പോര്‍ട്ടില്‍) അബൂത്വല്‍ഹ(റ) ആ മുടി ഓരോന്നും ഈ രണ്ടുമായി ആളുകള്‍ക്ക് (സ്വഹാബികള്‍ക്ക്) വീതിച്ചു നല്കി.''(ബുഖാരി-മുസ്ലിം)
നബിതിരുമേനി(സ്വ)യുടെ തിരുശേഷിപ്പ് ലഭിക്കുന്നത് ദുനിയാവ് മുഴുവന്‍ ലഭിക്കുന്നതിലും കൂടുതല്‍ പ്രിയങ്കരമായിട്ടായിരുന്നു നബി(സ്വ)യുടെ അനുയായികള്‍ കണക്കാക്കിയിരുന്നത്. ഇബ്നു സീരീന്(റ) പറയുന്നത് കാണുക: ''ഞാന്‍ ഉബൈദത്ത് എന്ന മഹാനോട് പറഞ്ഞു: ''ഞങ്ങളുടെ പക്കല്‍ നബി(സ്വ)യുടെ മുടിയില്‍ അല്‍പ്പമുണ്ട്. അത് അനസ്(റ)ന്റെ കുടുംബത്തില്‍ നിന്നാണ് ലഭിച്ചത്. അന്നേരം ഉബൈദത്ത്(റ) പറഞ്ഞു: അതില്‍നിന്ന് ഒരൊറ്റ മുടി എന്റെ പക്കലുണ്ടാകുന്നത് ദുന്യാവിലും അതിലുള്ള മുഴുവന്‍ ലഭിക്കുന്നതിനെക്കാള്‍ എനിക്ക് പ്രിയംകരമാണ്.''(ബുഖാരി)
നബിതിരുമേനി(സ്വ) ധരിച്ച വസ്ത്രം കഫന്പുടയാക്കാന് ആഗ്രഹിച്ചുകൊണ്ട് ഒരു സ്വഹാബി നബിയില്‍നിന്ന് ചോദിച്ചുവാങ്ങിയ ഒരു സംഭവം ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിപ്രകാരമാണ്: ''സഹ്ലുബ്നു സഅദ്(റ) പറയുന്നു: നെയ്തുണ്ടാക്കിയ ഒരു വസ്ത്രവുമായി ഒരു സ്ത്രീ ഒരിക്കല്‍ നബി(സ്വ)യെ സമീപിച്ചുകൊണ്ടു പറഞ്ഞു: താങ്കള്‍ക്ക് ധരിക്കാന്‍ വേണ്ടി എന്റെ കൈ കൊണ്ട് തുന്നിയുണ്ടാക്കിയ വസ്ത്രമാണിത്. അത് ആവശ്യമാണന്ന നിലക്ക് തന്നെ ആ വസ്ത്രം നബി(സ്വ) സ്വീകരിച്ചു. പിന്നീട് ആ വസ്ത്രം ധരിച്ചുകൊണ്ട് നബി(സ്വ) ഞങ്ങള്‍ക്കിടയിലേക്ക് വന്നു. അപ്പോള്‍ സദസ്സിലൊരാള്‍ പറഞ്ഞു: നബിയേ! ഇത് ഭംഗിയുള്ള വസ്ത്രമാണല്ലോ! ഇത് എനിക്കത് തരുമോ? നബി(സ്വ) പറഞ്ഞു: ''തരാം.'' ശേഷം അല്‍പ്പനേരം നബി(സ്വ) ഞങ്ങളോടൊപ്പം ഇരുന്നു. പിന്നെ നബി മടങ്ങിപ്പോയി. ആ വസ്ത്രം ഒരു പൊതിയാക്കി ആവശ്യക്കാരന് കൊടുത്തയച്ചു. ഇതു കണ്ട് ആളുകള്‍ ആദ്ദേഹത്തോട് പറഞ്ഞു: ''താങ്കളീ ചെയ്തത് നന്നായില്ല. നബി(സ്വ)ക്ക് ആവശ്യമായ നിലയില്‍ ധരിച്ച വസ്ത്രമായിരുന്നു അത്. താങ്കള്‍ അത് ചോദിച്ചുവാങ്ങുകയാണല്ലോ ചെയ്തത്. ചോദിക്കുന്ന ഒരാളെയും നബി(സ്വ) വൃഥാവിലാക്കുകയില്ലെന്ന് താങ്കള്‍ക്കറിയില്ലേ?'' അന്നേരം ചോദിച്ചുവാങ്ങിയ സ്വഹാബി പറഞ്ഞു: ''അല്ലാഹു തന്നെ സത്യം എനിക്ക് സാധാരണ ധരിക്കാനാല്ല ഞാനിത് ചോദിച്ചു വാങ്ങിയത്. ഇത് എന്റെ കഫന്പുടയായി ഉപയോഗിക്കാനാണ്.'' സഹ്ല്(റ) പറയുന്നു: ''ആ വസ്ത്രം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കഫന്‍പുടവ .''(ബുഖാരി)
പ്രമുഖ സ്വഹാബിയായ മൂആവിയ(റ) നബിതിരുമേനി(സ്വ)യുടെ വസ്ത്രത്തിന്റെ കഷ്ണം, മുടി, നഖത്തിന്റെ കഷ്ണം എന്നിവ സൂക്ഷിച്ച് വച്ചിരുന്നു. തന്റെ അവസാനകാലത്ത് അദ്ദേഹം മകന് യസീദിനെ വിളിച്ച് വസ്വിയ്യത്ത് ചെയ്തു. പ്രസ്തുത തിരുശേഷിപ്പുകള്‍ എന്റെ ശരീരത്തെ സ്പര്‍ശിച്ച് നില്‍ക്കുംവിധം കഫന്പുടയില് അടക്കംചെയ്യണം.'' ഇബ്നു കസീറിന്റെ അല്‍ബിദായത്തുവന്നിഹായ(8/141)
പ്രസിദ്ധ സ്വഹാബി വനിതയും ആഇശ(റ)യുടെ സഹോദരിയുമായ അസ്മാഅ്(റ) നബിതിരുമേനി(സ്വ) ധരിച്ചിരുന്ന ഒരു കുപ്പായം സൂക്ഷിച്ചുവച്ചിരുന്നതായി ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. കുടുംബത്തിലാര്‍ക്കെങ്കിലും രോഗമായാല്‍ ആ വസ്ത്രം മുക്കിയ വെള്ളം കുടിച്ച് രോഗശമനം വരുത്താറുണ്ടായിരുന്നു. (മുസ്ലിം)
തിരുശേഷിപ്പ് സൂക്ഷിച്ചുവയ്ക്കാന്‍ നബി(സ്വ) തിരുമേനി തന്നെ നല്‍കുകയും സ്വഹാബികള്‍ സൂക്ഷിച്ചു വയ്ക്കുകയും രോഗശമനത്തിനും കഫന്പുടയില് വയ്ക്കാനും മറ്റും അവര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നതായി പ്രമാണങ്ങള്‍ സൂര്യവെളിച്ചം കണക്കെ വ്യക്തമാക്കുന്ന കാര്യത്തെ കുറിച്ച് അന്ധവിശ്വാസമാണ്, ഇസ്ലാമില്‍ തെളിവില്ല എന്നൊക്കെ ഒരു മുസ്ലിം പറയാന്‍ സന്നദ്ധനാകണമെങ്കില് ചെറിയ തൊലിക്കട്ടിയൊന്നും പോരാ. വിശ്വാസപ്രമാണങ്ങളില്‍ ആദ്യകാല ബിദഇകളായ ഖാവാരിജിന്റെയും മുഅ്തസിലികളുടെയും വളഞ്ഞ വഴി സ്വീകരിച്ചുപോരുന്ന അഭിനവ ബിദഇകള്‍ക്ക് അങ്ങനെ പറയാതിരിക്കാന്‍ കഴിയില്ല.
ഇവിടെ ഒരു വ്യക്തി ഒരുകെട്ട് കൊണ്ടുവന്നു. ഇത് നബി(സ്വ)യുടെ കേശമാണെന്ന് പറയുന്നു. കൈമാറി പോന്ന പരമ്പരയോ (സനദ്) വിശ്വാസയോഗ്യമായ മറ്റു തെളിവുകളോ ഇല്ല. ഞങ്ങള്‍ക്ക് വിശ്വസിക്കാവുന്ന തെളിവുണ്ട് എന്നു മാത്രം പറയുന്നു. പക്ഷേ, ആ തെളിവ് പൊതുജനത്തിന് അറിയാന്‍ അവകാശമുണ്ട്. അങ്ങനെയൊരു സാക്ഷ്യം കൊണ്ടുവരികയും അത് സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ വിശ്വാസികളായ മുസ്ലിംകള് മുഴുവന്‍ അത് അംഗീകരിക്കുന്നതാണ്. മറുപക്ഷത്തിന്റെ കൈയില്‍ ഉള്ളതാണ് എന്ന കാരണത്താലല്ല സമസ്ത അംഗീകരിക്കാത്തത്. മതിയായ തെളിവില്ലാത്ത ഒരു സാധനം, നബി(സ്വ)യുടേതാണ് എന്ന് പറയുന്നതുകൊണ്ട് മാത്രം വിശ്വസിക്കാന്‍ വയ്യ. ഇത്രയും വിവാദമായ സ്ഥിതിക്ക് നിജസ്ഥിതി അറിയാന്‍ എന്തുകൊണ്ട് പരീക്ഷണവിധേയമാക്കിക്കൂടാ? ഇത് ചോദിക്കുമ്പോള്‍ സമസ്തക്കാരുടെ കൈവശമുള്ളത് ആദ്യം കത്തിച്ചു കാണിക്കണം. പിന്നീടാവാം എ.പിയുടെ പക്കലുള്ളത് എന്ന് ഒരു വിദ്യാഭ്യാസ ചാനലിലൂടെ പറയുന്നത് കേട്ടു. ഒരു ജനപ്രതിനിധിയായ അയാള്‍ എപിയോടുള്ള വിധേയത്വം കൊണ്ട് ഇത്രമാത്രം വിഡ്ഢിയാണോ അങ്ങനെ പറയാന്‍ എന്ന് തോന്നിപ്പോയി.
സമസ്തക്കാരുടെ പക്കല്‍ തിരുകേശമില്ല. രണ്ട് കൂട്ടരും നബിയുടേതാണെന്ന് സമ്മതിക്കുന്ന മുടിയിട്ട വെള്ളമാണ് സമസ്തക്കാര്‍ ബറക്കത്തിനുവേണ്ടി പൊതുവേദിയില്‍ നല്‍കിയത്. അപ്പോള്‍ അത് ആദ്യം കത്തിച്ചു കാണിക്കണമെന്ന് പറഞ്ഞാല്‍ പ്രസ്തുത മുടി എ.പിക്കാര്‍ അംഗീകരിക്കുന്നില്ല എന്നല്ലേ വരുന്നത്? യഥാര്‍ത്ഥത്തില്‍ നബിതിരുമേനി(സ്വ)യുടെ മുടിയാണെങ്കില്‍ അതിന് നിഴലുണ്ടാവുകയില്ല, അത് കത്തിച്ചാല്‍ കത്തുകയുമില്ല. ഈ കാര്യം സമസ്തക്കാരും എ.പി വിഭാഗവും അംഗീകരിക്കുന്നതാണ്. ഇവിടെ സമസ്തക്കാര്‍ തെളിവ് ചോദിക്കുന്നതും എ.പിക്കാര്‍ നബി(സ്വ)യുടേതാണെന്ന് ഉറപ്പ് പറയുകയും ചെയ്യുന്ന മുടി എ.പിയുടെ കൈവശമുള്ളതിനെക്കുറിച്ചാണ്. അതിനാല്‍ അതിന്റെ നിജസ്ഥിതി അറിയാനാണ് അത് പരീക്ഷിച്ച് നോക്കണമെന്ന് ആവശ്യപ്പെടുന്നത്.
ഏത് മുടിയും കത്തുമെന്നും ശരീരത്തില്‍ നിന്ന് വേര്‍പ്പെട്ടാല്‍ മുടിയും നഖവുമെല്ലാം മാലിന്യങ്ങളാണന്നും അഭിപ്രായം പ്രകടിപ്പിച്ച് പിണറായി വിജയന് വിഷയത്തിലിടപെടുന്നു. ആ ഇടപെടല്‍ തികച്ചും അവിവേകവും അജ്ഞതയില്‍നിന്ന് ഉടലെടുത്തതുമാണ്. മതവും ദൈവവുമില്ല എന്ന് പറയുന്ന ഒരു വ്യക്തി പ്രവാചക വ്യക്തിത്വത്തെ കേവലമൊരു മനുഷ്യന്റേതു പോലെയായി കണക്കാക്കി അഭിപ്രായപ്രകടനം നടത്തിയതാണെങ്കില്‍ പോലും മുസ്ലിംകള് തമ്മിലുള്ള ഒരു തര്‍ക്കത്തില്‍ -അതും മതത്തിന്റെ ഭാഗമായ ഒരു കാര്യത്തില്‍-പിണറായിക്കെന്താണ് ഭാഗധേയമുള്ളത്? കേശവിവാദം ബന്ധപ്പെട്ടു കിടക്കുന്നത് സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന കാര്യമല്ല, മുസ്ലിം സമുദായവുമായി മാത്രം ബന്ധപ്പെട്ട കാര്യമാണത്. മതവുമായി ബന്ധപ്പെട്ടതായതിനാല്‍ അത് മുസ്ലിംകള്ക്ക് വിട്ടുകൊടുക്കുന്നതാണ് ബുദ്ധി.
ഹൈന്ദവരുടെ മതകാര്യമായ മകരജ്യേതിയെക്കുറിച്ച് അത് സത്യമാണോ മിഥ്യയാണോ എന്ന് ഹൈന്ദവരാണ് ചര്‍ച്ച ചെയ്യേണ്ടത്. അവരാണല്ലോ അതിനെ മഹത്വവല്‍ക്കരിക്കുന്നത്. ''ഞാന്‍ നിങ്ങളില്‍ രണ്ടു കാര്യം ഉപേക്ഷിച്ചു പോകുന്നു. അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചക ചര്യയുമാണത് എന്ന ഹദീസില്‍ എന്റെ മുടിയും ഉപേക്ഷിക്കുന്നുവെന്ന് പ്രവാചകന് പറഞ്ഞിട്ടില്ല. രണ്ട് കാര്യം മാത്രമാണ് ബാക്കിവച്ചത്. അതിനാല്‍ പ്രവാചക മുടിക്ക് ഇസ്ലാമില്‍ സ്ഥാനമില്ല'' എന്ന് മറ്റൊരാള്‍ ചാനലില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, പ്രസ്തുത ഹദീസില്‍ പറഞ്ഞ രണ്ട് കാര്യം മാത്രമേ പ്രവാചകന്(സ്വ) തന്നുപോയിട്ടുള്ളൂ? വല്ലാത്തൊരു വാദമാണത്. അതേ ഹദീസിന്റെ ബാക്കി ഭാഗത്ത് തന്നെ മൂന്നാമതൊരു കാര്യം നബി(സ്വ) പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ടെന്ന ആ അഭിപ്രായക്കാരന്‍ അറിയാതെ പോയത് അജ്ഞത കൊണ്ടായിരിക്കാം. എന്റെ കുടുംബത്തെ (അഹ്ലു ബൈത്തിനെ) നിങ്ങള്‍ പ്രത്യേകം പരിഗണിക്കണമെന്നാണ് ഹദീസിന്റെ ബാക്കി ഭാഗത്ത് പറഞ്ഞിരിക്കുന്നത്. ഈ കാര്യം കൂടി എടുത്താല്‍ തന്നെ അവ മൂന്ന് കാര്യങ്ങള്‍ മാത്രമല്ല നബി(സ്വ) ഇവിടെ നല്കിപ്പോയത്, ഇസ്ലാമിന്റെ മുഴുവന്‍ കാര്യങ്ങളുമുണ്ട്. ഹദീസില്‍ മൂന്നെണ്ണത്തില്‍ പരിമിതപ്പെടുത്തുന്ന ഭാഷാ പ്രയോഗങ്ങളൊന്നുമില്ലതാനും.
ആളുകള്‍ക്കിടയില്‍ പുരോഗമനവാദി ചമയാന്‍ ഇസ്ലാമിന്റെ ചിഹ്നങ്ങളെയും ബഹുമാന്യതകളെയും നിരസിക്കുന്നത് ചില മുസ്ലിം നാമധാരികള്‍ക്ക് ഒരു ഫാഷനാണ്. യുക്തിയുടെയും ബുദ്ധിയുടെയും കാഴ്ചപ്പാടുകള്‍ മാത്രമാണ് മതകാര്യങ്ങളെന്ന് അത്തരക്കാരന് വാദിക്കുന്നു. ഇസ്ലാമിക പ്രമാണങ്ങളുടെ പിന്‍ബലമുള്ള ഒരു കാര്യം യുക്തിക്ക് നിരക്കുന്നതല്ലെങ്കില്‍ തന്നെയും അതംഗീകരിക്കല്‍ ഒരു വിശ്വാസിക്ക് നിര്‍ബന്ധമാണ്. ചില കാര്യങ്ങള്‍ യുക്തിക്ക് യോജിക്കുന്നില്ലെങ്കില്‍ അത് യുക്തിയുടെയും ബുദ്ധിയുടെയും പരിമിതിയെയാണ് വ്യക്തമാക്കുന്നത്. ബുദ്ധിക്കപ്പുറമുള്ള (ഗൈ്വബിയായ) കാര്യങ്ങള്‍ മനുഷ്യനെ പഠിപ്പിക്കാനാണല്ലോ പ്രവാചകന്മാരെ അല്ലാഹു അയച്ചിരിക്കുന്നത്. കേവലമായ ബുദ്ധി മതിയായിരുന്നുവെങ്കില്‍ പ്രവാചകന്മാര് ആവശ്യമില്ലായിരുന്നു.
ചുരുക്കത്തില്‍, തിരുശേഷിപ്പുകള്‍ക്ക് മഹത്വമുണ്ടെന്ന് മുകളിലുദ്ധരിച്ച തെളിവുകളില്‍നിന്ന് നിഷ്പക്ഷമതികളായ വിശ്വാസികള്‍ക്ക് മനസ്സിലാകുന്നതാണ്. തിരുശേഷിപ്പുകള്‍ യഥാര്‍ത്ഥത്തില്‍ തിരുശേഷിപ്പുകള്‍ തന്നെയായിരിക്കണമെന്നു മാത്രം. ഇപ്പോള്‍ ചര്‍ച്ചാവിധേയമായ മുടിയുടെ കാര്യത്തില്‍ അംഗീകരിക്കപ്പെടാവുന്ന തെളിവ് തന്നെ വേണം. ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നുവെന്ന് മാത്രം പറഞ്ഞാല്‍ പോരാ.