സകാത്ത്: സ്വര്‍ണ്ണത്തിലും വെള്ളിയിലും

സ്വര്‍ണ്ണം, വെള്ളി, അതുമായി ബന്ധപ്പെട്ട വസ്‌തുക്കള്‍ എന്നിവയുടെ സകാത്തിന്റെ കണക്കുകളും രീതിശാസ്‌ത്രവുമാണ്‌  ഇവിടെ പ്രതിപാദിക്കുന്നത്‌.

20 മിസ്‌ഖാല്‍ സ്വര്‍ണ്ണമോ 200 ദിര്‍ഹംവെള്ളിയോ ഒരു വര്‍ഷംപൂര്‍ണമായും ഒരാളുടെ ഉടമസ്ഥതയില്‍ ഉണ്ടായാല്‍ അതിന്റെ 2.5% സകാത്ത്‌ നല്‍കണം.

ഒരുമിസ്‌ഖാല്‍ എന്നു പറയുന്നത്‌ 4.25 ഗ്രാമാണ്‌. 20 മിസ്‌ഖാല്‍ എന്നു പറയുന്നത്‌ 85 ഗ്രാമും. ഇന്നത്തെ കണക്കനുസരിച്ച്‌ 85 ഗ്രാം സ്വര്‍ണ്ണം ഒരാളുടെ കൈവശമുണ്ടാവുമ്പോഴാണ്‌ ഒരാള്‍ക്ക്‌ സകാത്ത്‌ നിര്‍ബന്ധമാവുന്നത്‌. ഈ കണക്കെത്തിയതോ, അതിലധികമോ സ്വര്‍ണ്ണം ഒരാളുടെ കൈവശം ഒരു വര്‍ഷം പൂര്‍ണമായുണ്ടെങ്കില്‍ അവയുടെ 2.5 % സകാത്ത്‌ നല്‍കണം. 85 ഗ്രാംസ്വര്‍ണ്ണത്തില്‍, 2 ഗ്രാം 125 മില്ലിഗ്രാം ആണ്‌ സകാത്തായി നല്‍കേണ്ടിവരിക.

ഈയടിസ്ഥാനത്തില്‍ ഈ റമളാന്‍ ഒന്നിന്‌ ഒരാളുടെഅടുത്ത്‌ 85 ഗ്രാംസ്വര്‍ണ്ണം (20 മിസ്‌ഖാല്‍) ഉണ്ടെങ്കില്‍ അടുത്ത റമളാന്‍ ഒന്നിന്‌ 2.125 ഗ്രാം സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമായിവരുന്നു. അങ്ങനെ കൂടുന്നതിനനുസരിച്ച്‌ മൊത്തം സ്വര്‍ണ്ണത്തിന്റെ രണ്ടര ശതമാനം വര്‍ഷാവസാനം അര്‍ഹരായവര്‍ക്ക്‌  നല്‍കേണ്ടതുണ്ട്‌. 85 ഗ്രാമെത്തുന്ന സ്വര്‍ണ്ണം കൂട്ടില്ലാത്ത തനിസ്വര്‍ണ്ണമാവണം. മറ്റുപലലോഹ മിശ്രിതങ്ങളും ചേര്‍ന്ന സ്വര്‍ണ്ണമാണ്‌ 85 ഗ്രാമെത്തിയതെങ്കില്‍ അതില്‍ സകാത്ത്‌ നിര്‍ബന്ധമാവുകയില്ല. തുഹ്‌ഫയില്‍ പറയുന്നത്‌ കാണുക: സ്വര്‍ണ്ണം വെള്ളിയോടും വെള്ളി ചെമ്പ് ‌പോലുള്ളതിനോടും കൂട്ടിയുണ്ടാക്കിയാല്‍ തനി സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും നിസാബ്‌ എത്തുന്നത്‌ വരെ സകാത്ത്‌ നല്‍കേണ്ടതില്ല (3/265) ഇത്‌ തന്നെമുഗ്‌നി 1/390, മഹല്ലി 2/22, നിഹായ 3/86ലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. ഇന്ന്‌ വിപണിയില്‍ ലഭ്യമായസ്വര്‍ണ്ണത്തില്‍ (22 കാരറ്റ്‌, 916 ഏതായാലും) മറ്റു പല ലോഹങ്ങളുടെയും മിശ്രിതമുള്ളതു കൊണ്ട്‌ അവകഴിച്ച്‌ ബാക്കിഭാഗം 85 % എത്തിയെങ്കില്‍ മാത്രമേ സകാത്ത്‌ കൊടുക്കേണ്ടതുള്ളു. ഇനി വെള്ളിയുടെ കണക്ക്‌ പരിശോധിക്കാം. 200 ദിര്‍ഹം വെള്ളി ഒരുവര്‍ഷം മുഴുവന്‍ ഒരാളുടെ അടുത്തുണ്ടെങ്കില്‍ 2.50% സകാത്ത്‌ നല്‍കേണ്ടതുണ്ട്‌. 200 ദിര്‍ഹം വെള്ളിയെന്നാല്‍ ഇന്നത്തെ കണക്കനുസരിച്ച്‌ 595 ഗ്രാമാണ്‌. ഇങ്ങനെ 595ഗ്രാം വെള്ളി ഒരാളുടെ അടുത്തുണ്ടെങ്കില്‍ ഒരുവര്‍ഷമാവുമ്പോള്‍ 14ഗ്രാം 875മില്ലിഗ്രാം വര്‍ഷാവസാനം സകാത്തായി നല്‍കണം. ഒരു ദിര്‍ഹമെന്നാല്‍ 2 ഗ്രാം 975 മില്ലിഗ്രാം ആണ്‌. അപ്പോള്‍ 200 ദിര്‍ഹമെന്നാല്‍ 595 ഗ്രാമാവും. വെള്ളിയാണെങ്കിലും മറ്റു മിശ്രിതമൊന്നുമില്ലാതെ 595 ഗ്രാമെത്തുമ്പോള്‍ മാത്രമേ സകാത്ത്‌ നിര്‍ബന്ധമാവുകയുള്ളു. സമകാലിക സമൂഹമിന്ന്‌ ആഭരണ ഭ്രമത്തിന്റെ പിടിയിലാണ്‌. ചിലഭാഗങ്ങളില്‍ മുസ്‌ലിംകളാണതില്‍ മുന്നിട്ട്‌ നില്‍ക്കുന്നത്‌. സ്വര്‍ണ്ണത്തിന്റെ വിലകയറ്റമൊന്നും ഇത്തരുണത്തില്‍ ഒരുപ്രശ്‌നം സൃഷ്‌ടിക്കുന്നതേയില്ല. ഇസ്‌ലാം മിതത്വത്തെയാണ്‌ പ്രോത്സാഹിപ്പിക്കുന്നത്‌. അമിതമാക്കുന്നത്‌ ഏത്‌ സാഹചര്യത്തിലും ഇസ്‌ലാമിക ശരീഅത്ത്‌ തള്ളിപ്പറഞ്ഞ കാര്യമാണ്‌. ആഭരണങ്ങളില്‍, സാധാരണഗതിയില്‍ ധരിക്കുന്നതിന്‌ സകാത്ത്‌ നല്‍കേണ്ടതില്ല. അംറുബ്‌നുശുഅൈബ്‌ (റ) ഉദ്ധരിച്ചഹദീസില്‍ ഇപ്രകാരംകാണാം: ഒരുസ്‌ത്രീ തന്റെ മകളുമായിപ്രവാചകസന്നിധിയില്‍ വന്നു. അവളുടെ കയ്യില്‍ കട്ടികൂടിയ രണ്ട്‌ സ്വര്‍ണ്ണവളകളുണ്ടായിരുന്നു. നബി(സ) അവളോട്‌ ചോദിച്ചു: നീഇതിന്‌ സകാത്ത്‌ കൊടുക്കാറുണ്ടോ? അവള്‍ പറഞ്ഞു: ഇല്ല.അപ്പോള്‍ നബി(സ) ചോദിച്ചു: അവകൊണ്ട്‌ അന്ത്യനാളില്‍ അല്ലാഹു രണ്ട്‌ തീവളകള്‍ അണിയിക്കുന്നത്‌ നീ ഇഷ്‌ടപ്പെടുന്നുണ്ടോ? ഇത്‌ കേട്ട ആ സ്‌ത്രീ വള അഴിച്ച്‌ നബി(സ)ക്ക്‌ നല്‍കിക്കൊണ്ട്‌ പറഞ്ഞു: അവ അല്ലാഹുവിനും റസൂലിനുമാണ്‌ (അബൂദാവൂദ്‌ 1563).

സാധാരണ ഗതിയില്‍ ധരിക്കുന്നതിനേക്കാള്‍ അമിതമായാല്അതിന്‌ സകാത്ത്‌ നല്‍കണമെന്നാണ്‌ ഇതിലൂടെ വ്യക്തമാവുന്നത്‌. ആഭരണത്തിലെ സകാത്തിനെ കുറിച്ചുള്ള കര്‍മ്മശാസ്‌ത്ര വീക്ഷണം കാണുക: ഭംഗിയായെന്ന്‌ എണ്ണപ്പെടുന്ന പതിവ് ‌വരെ ആഭരണത്തിന്‌ സകാത്ത്‌ കൂടാതെ ധരിക്കാം. ഇസ്‌റാഫിന്റെ (അമിതത്വം) പരിധി നാട്ടിലെ പതിവാണ്‌. അത്‌ ചുരുങ്ങുകയുംകൂടുകയുംചെയ്യാം. അല്ലാതെ ദരിദ്രകുടുംബത്തിലെ സ്‌ത്രീ എന്ന പരിഗണന ഇല്ല (ശര്‍വാനി 3/280) ഹലാലായ ഉപയോഗത്തിന്‌ വേണ്ടി സൂക്ഷിച്ച്‌ വെച്ച ഹലാലായ ആഭരണങ്ങള്‍ക്കും സകാത്ത്‌ വേണ്ട. ഇവിടെ ഹലാലായ ഉപയോഗത്തിന്‌ വേണ്ടിയാണ്‌ എന്ന ഉദ്ദേശവും നിര്‍ബന്ധമാണ്‌. ഇല്ലെങ്കില്‍ സകാത്ത്‌ നിര്‍ബന്ധമാവും. അനുവദനീയമായ ആഭരണം കൈവശമുള്ള ഒരാള്‍ മരണപ്പെടുകയും പ്രസ്‌തുത വിവരം അനന്തരവകാശികള്‍ അറിയാതെ ഒന്നോ അധിലധികമോ വര്‍ഷം കഴിഞ്ഞ്‌ പോവുകയും ചെയ്‌താല്‍ സകാത്ത്‌ നിര്‍ബന്ധമാണ്‌ (തുഹ്‌ഫ 3/271).

എത്ര വര്‍ഷമാണോകഴിഞ്ഞ്‌ പോയത്‌ ആ വര്‍ഷങ്ങളുടെ മുഴുവന്‍ സകാത്ത്‌ നലല്‍കണം. ഇത്രയും കാലം ഹലാലായ ഉപയോഗത്തിന്‌ സൂക്ഷിച്ചുവെക്കുക എന്നകരുത്ത്‌ ഇല്ലാത്തത്‌ കൊണ്ടാണത്‌. ഇന്ന്‌ പല പുരുഷന്‍മാരും സ്റ്റാറ്റസ്സിന്‌ വേണ്ടി മാലപോലത്ത സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാറുണ്ട്‌. പുരുഷന്‍ ഇവ ധരിക്കല്‍ ഹറാമാണെന്നത്‌ വ്യക്തമാണ്‌. അതോടൊപ്പം അവ നിസാബെത്തിയാല്‍ (85 ഗ്രാമിന്റെകണക്ക്‌) സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമാണ്‌. അവിടെ മിതം, അമിതം എന്നതിനെ പരിഗണിക്കുകയില്ല. എന്നാല്‍ ഇന്നു പലരും സ്വര്‍ണ്ണത്തിന്റെ പല്ലുകള്‍ വെക്കാറുണ്ട്‌ ഇത്‌ ഹലാലായ കാര്യം ആയതുകൊണ്ടുതന്നെ ആ പല്ലുകള്‍ 85 ഗ്രാമോ അതിലധികമോ ഉണ്ടായാലും സകാത്ത്‌ നല്‍കേണ്ടതില്ല. പല്ല്‌പറിഞ്ഞ്‌ പോയവര്‍ സ്വര്‍ണ്ണപല്ല്‌ പിടിപ്പിക്കുകയും ഇളകുന്ന പല്ലുകള്‍ സ്വര്‍ണ്ണനൂലുകള്‍ കൊണ്ട്‌ ബന്ധിക്കുകയും ചെയ്യല്‍ അനുവദനീയമാണ്‌. ഇത്‌ ഊരിയെടുക്കാന്‍ കഴിയുമെങ്കില്‍പോലും സകാത്ത്‌ നല്‍കേണ്ടതില്ല (മുഗ്‌നി 1/391-92) ഇവിടെ പരിഗണിക്കുന്നത്‌ ഉപയോഗിക്കല്‍ ഹലാലാണ്‌ എന്നതിനെയാണ്‌. ആഭരണങ്ങളുടെ സകാത്തിന്റെ വിഷയത്തില്‍ കേടായ ആഭരണങ്ങളെ ഏത്‌ വിധത്തിലാണ്‌ കര്‍മ്മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ പരിഗണിക്കുന്നതെന്ന്‌ നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്‌. ധരിക്കല്‍ അനുവദനീയമായ ഒരു സാധനം ധരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ അത്‌ നന്നാക്കണമെന്ന ഉദ്ദേശത്തോടെ വര്‍ഷങ്ങളോളം സൂക്ഷിച്ചാലും സകാത്ത്‌ നല്‍കേണ്ടതില്ല. കാരണം ആഭരണാകൃതിയും നന്നാക്കിയെടുക്കണമെന്ന ഉദ്ദേശവുമുണ്ട്‌ (തുഹ്‌ഫ 3/273).

ശര്‍വാനി പറയുന്നു: സകാത്തിന്‌ നിര്‍ബന്ധമാക്കുന്ന ഉപയോഗം, ഹലാലായ ആഭരണം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മുതല്‍ സകാത്തിന്റെ വര്‍ഷം ആരംഭിക്കുകയും, ഹലാലായ ഉദ്ദേശത്തിലേക്ക്‌ അവന്റെ നിയ്യത്ത്‌ മാറുമ്പോള്‍ സകാത്ത്‌ വര്‍ഷം മുറിയുകയും ചെയ്യും (3/273) ഹലാലായ ആഭരണങ്ങള്‍ കേടുവരുകയും ഉരുക്കി നന്നാക്കാന്‍ കഴിയാതെ വരികയും, ആഭരണത്തിന്റെ ആകൃതി നഷ്‌ടപ്പെടുകയും ചെയ്‌താല്‍ കേടുവന്ന നിലയില്‍ സൂക്ഷിക്കുന്ന ഓരോ വര്‍ഷത്തിനും സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമാണ്‌. (തുഹ്‌ഫ 3/273).

സകാത്തിന്റെ നിസാബെത്തിയ ഒരു ആഭരണം നന്നാക്കണമെന്ന കരുത്തോടെ എടുത്ത്‌ വെക്കുകയും ഒരുവര്‍ഷത്തിന്‌ ശേഷം അത്‌ നന്നാക്കുന്ന സന്ദര്‍ഭത്തില്‍ ഉരുക്കേണ്ടി വരികയും ചെയ്‌താല്‍ ആ വര്‍ഷത്തെ സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമായി. ഉരുക്കി വാര്‍ക്കേണ്ടി വന്നു എന്നതാണ്‌ കാരണം. ഇല്ലെങ്കില്‍ സകാത്ത്‌ നിര്‍ബന്ധമാകുമായിരുന്നില്ല. അപ്രകാരം തന്നെ നന്നാക്കണമെന്ന ഉദ്ദേശമില്ലാതെ നിസാബെത്തിയ ആഭരണം സൂക്ഷിച്ചാല്‍ എത്ര വര്‍ഷം സൂക്ഷിച്ചോ അത്രയും വര്‍ഷത്തെ സകാത്ത്‌ നല്‍കണം. കാരണം ഇവിടെ നന്നാക്കണമെന്ന ഉദ്ദേശമില്ലാത്തത്‌ കൊണ്ടാണ്‌. നന്നാക്കണമെന്ന്‌ ഉദ്ദേശമില്ലാത്തത്‌ സാധാനിക്ഷേപമായിട്ടാണ്‌ പരിഗണിക്കപെടുക. കേടായ ആഭരണങ്ങളില്‍ അത്‌ ആഭരണമായി പിന്നീട്‌ സൂക്ഷിക്കുന്നുണ്ടോ, ഇല്ലേ എന്ന ഉദ്ദേശത്തോടെയാണ്‌ പരിഗണിക്കുന്നത്‌. ആഭരണ കച്ചവടക്കാരുടെ സകാത്ത്‌ കച്ചവടത്തിനുള്ള സകാത്തായാണ്‌ നല്‍കേണ്ടത്‌. സ്വര്‍ണ്ണം വെള്ളി എന്നിവയേക്കാള്‍ മൂല്യമുള്ള മറ്റുപല വസ്‌തുക്കളുമുണ്ട്‌. എന്നാല്‍ അവയിലൊന്നും തന്നെ സകാത്ത്‌ നല്‍കേണ്ടതില്ല. അവ അപൂര്‍വങ്ങളായതു കൊണ്ടുതന്നെ സാമൂഹിക സാമ്പത്തിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളല്ല എന്നത്‌ തന്നെയാണ്‌ കാരണം. സ്വര്‍ണ്ണവും വെള്ളിയും ഏത്‌ കാലത്തും സാമൂഹിക സമ്പത്‌ഘടനയുടെ അടിസ്ഥാന ഘടകമാണ്‌ താനും. അപ്രകാരം തന്നെ ഈ സൂചിപ്പിക്കപ്പെട്ട എട്ടിനങ്ങളിലല്ലാതെ സകാത്ത്‌ നിര്‍ബന്ധമാകുന്ന വസ്‌തുക്കളില്‍ വാരിദായി വന്നിട്ടുമില്ല. ഇബ്‌നുഹജര്‍ തങ്ങള്‍ പറയുന്നത്‌ കാണുക: സ്വര്‍ണ്ണം വെള്ളി ഒഴികെയുള്ള മുത്ത്‌, മാണിക്യം, രത്‌നം പോലുള്ള ആഭരണങ്ങളിലൊന്നും സകാത്തില്ല (തുഹ്‌ഫ 3/2820) നിഹായയിലും ഇപ്രകാരം കാണാം (3/96). എന്നാല്‍ ഇവയുടെ വ്യാപാരികള്‍ കച്ചവടച്ചരക്ക്‌ എന്നനിലയില്‍ വര്‍ഷം തികഞ്ഞാല്‍ സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമാവും. നിധികളിലാണെങ്കിലും സ്വര്‍ണ്ണത്തിനും വെളളിക്കും മാത്രമാണ്‌ സകാത്ത്‌. ഭൂമിയില്‍നിന്നും ലഭിച്ച നിധി ഇവയെക്കാള്‍ വില കൂടിയതാണെങ്കിലും സകാത്ത്‌ നല്‍കേണ്ടതില്ല. നിധി ലഭിച്ച ഉടനെതന്നെ സകാത്ത്‌ നിര്‍ബന്ധമാവും. വര്‍ഷം പൂര്‍ണമാവണമെന്ന ശര്‍ത്ത്‌ ഇവിടെ ബാധകമല്ല. 20% മാണ്‌ സകാത്ത്‌ നല്‍കേണ്ടത്‌. സ്വന്തം ഭൂമിയില്‍നിന്നോ ഭവനവാസമില്ലാത്ത മറ്റുകേന്ദ്രങ്ങളില്‍നിന്നോ ലഭിച്ച നിധികള്‍ അവന്‌ സ്വന്തമാക്കാവുന്നതാണ്‌. എന്നാല്‍ പള്ളി, അങ്ങാടി, റോഡ്‌ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍നിന്നും ലഭിക്കുന്ന നിധിയുടെ ഹുക്‌മ്‌ അപ്രകാരമല്ല. ഇവ വീണ്‌കിട്ടിയ വസ്‌തുവിന്റെ വിധിയിലാണ്‌ പെടുക. അഥവാ ഒരുവര്‍ഷം വരെ ഉടമയെകുറിച്ച്‌ പരസ്യമായി അന്വേഷിക്കുകയും ഉടമയെത്തുന്നില്ലെങ്കില്‍ സ്വന്തമാക്കിയെന്ന പ്രഖ്യാപനത്തോടെ ഉടമയാക്കാവുന്നതാണ്‌ (തുഹ്‌ഫ 2/288)

ഇതേ വസ്‌തു ഇസ്‌ലാമികരാഷ്‌ട്രങ്ങളില്‍ നിന്നോ മുസ്‌ലിംകള്‍ അധീനപ്പെടുത്തിയ മറ്റുസ്ഥലങ്ങളില്‍ നിന്നോ ലഭിച്ചാല്‍ ഉടമ എത്തുന്നത്‌ വരെ സൂക്ഷിക്കേണ്ടതും ഇല്ലെങ്കില്‍ പൊതുഖജനാവിലേക്ക്‌ നീക്കേണ്ടതുമാണ്‌. ലഭിച്ച നിധികള്‍ മുസ്‌ലിമിന്റെതാണെന്ന്‌ തോന്നിക്കുംവിധം ഖുര്‍ആന്‍, ഹദീസ്‌ വചനങ്ങളോ, മറ്റു അടയാളങ്ങളോ ഉള്ളതാണെങ്കില്‍ അതുവീണുകിട്ടിയ വസ്‌തുവിന്റെ ഹുക്‌മിലാണ്‌ പെടുക. അവ മുസ്‌ലിംകളുടെ പൊതുഖജനാവിലേക്ക്‌ നീക്കാന്‍ പാടുള്ളതല്ല. സകാത്തിന്റെ വിഷയത്തില്‍ നിധികളെപോലെ തന്നെയാണ്‌ ഖനിജങ്ങളും. ഭൂമിക്കടിയില്‍ മനുഷ്യര്‍ക്കുവേണ്ടി വിവിധ ലോഹങ്ങളും ഖനിജങ്ങളും അല്ലാഹു സൃഷ്‌ടിച്ച്‌ സംവിധാനിച്ചിട്ടുണ്ട്‌. ഇവിടെയും സ്വര്‍ണ്ണത്തിലും വെള്ളിയിലും മാത്രമേ സകാത്ത്‌ നിര്‍ബന്ധമാവുകയുള്ളു. ഇവ കണ്ടെത്തുന്നതോടെ തന്നെ സകാത്ത്‌ നിര്‍ബന്ധമാവും. വര്‍ഷം തികയാന്‍ കാത്തിരിക്കേണ്ടതില്ല. കണ്ടെത്തിയ ഖനി വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ കുഴിച്ചെടുക്കുന്നതെങ്കില്‍പോലും കണ്ടെത്തിയത്‌ മുതല്‍ക്കുള്ള സകാത്ത്‌ നല്‍കണം. 20% ആണ്‌ സകാത്തായി നല്‍കേണ്ടത്‌. പുറത്തെടുത്ത്‌ സംസ്‌കരിച്ചെടുത്തതിന്റെശേഷം മാത്രം സകാത്ത്‌ നല്‍കിയാല്‍ മതിയാവും. അവ കുഴിച്ചെടുക്കുന്നതിനും സംസ്‌കരിച്ച്‌ ശുദ്ധീകരിക്കുന്നതിനുമുള്ള ചെലവുകള്‍ ഉടമതന്നെ വഹിക്കേണ്ടതുണ്ട്‌ (തുഹ്‌ഫ 3/282, മുഗ്‌നി 1/394).

ചുരുക്കത്തില്‍ സകാത്തിനെക്കുറിച്ച്‌ സമൂഹം ബോധവാന്‍മാരാണെങ്കിലും അത്‌ കൊടുത്ത്‌ വീട്ടുന്നതില്‍ പലപ്പോഴും അലംഭാവം പ്രകടിപ്പിക്കുന്ന സാഹചര്യമാണ്‌ നിലനില്‍ക്കുന്നത്‌. സകാത്ത്‌ നല്‍കാതെ മറ്റു ഇബാദത്തുകളില്‍ ശ്രദ്ധ പുലര്‍ത്തുന്നവരെയും നമുക്കിടയില്‍ കാണാവുന്നതാണ്‌. സ്വര്‍ണ്ണത്തിലും വെള്ളിയിലും പാവപ്പെട്ടവരുടെ അവകാശമായ സകാത്ത്‌ നല്‍കാതെ പിടിച്ചുവെക്കുന്നവര്‍ക്ക്‌ നാളെ ആഖിറത്തില്‍ കഠിനശിക്ഷയാണ്‌ ഖുര്‍ആന്‍ താക്കീത്‌ ചെയ്‌തിരിക്കുന്നത്‌. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ സ്വര്‍ണ്ണവും വെള്ളിയും സൂക്ഷിച്ച്‌ വെക്കുന്നവര്‍ക്ക്‌ കഠിനശിക്ഷ ലഭിക്കുമെന്ന്‌ വിശേഷമറിയിക്കുക. നരകത്തില്‍വച്ച്‌ ആ സമ്പത്തിമ്മേല്‍ അവര്‍ ചൂടാക്കപ്പെടും. അങ്ങനെ അവരുടെ ശരീരഭാഗങ്ങളും മുഖങ്ങളും പുറങ്ങളുമൊക്കെ പതപ്പിക്കപ്പെടും. ഇതാ ഇതൊക്കെ നിങ്ങള്‍ക്ക്‌ വേണ്ടി നിങ്ങള്‍തന്നെ സൂക്ഷിച്ചുവെച്ചതാണ്‌. നിങ്ങള്‍ സൂക്ഷിച്ച്‌ വെച്ചത്‌ നിങ്ങള്‍ തന്നെ ആസ്വദിക്കുക എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്യും.

(വായനക്കാര്‍ ആവശയപ്പെട്ടതനുസരിച്ചു ലേഖനത്തില്‍ അവ്യക്തതയുള്ള ഭാഗം ശരിയാക്കിയിട്ടുണ്ട്)

 

 സത്യധാര ദ്വൈവാരിക, ആഗസ്റ്റ്, 2011, ഇസ്ലാമിക് സെന്റര്‍, കോഴിക്കോട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter