ഖുര്‍ആന്റെ ഭാഷയില്‍ മലയാളി എഴുതിത്തുടങ്ങിയ കാലം

''ഇസ്‌ലാമിന് എത്രയോ ശതകങ്ങള്‍ക്കു മുമ്പുതന്നെ കേരളത്തിന് അറബികളുമായി വ്യാപാരബന്ധമുണ്ടായിരുന്നു. ഇതിനുപക്ഷേ, ആദര്‍ശത്തിന്റെ പിന്‍ബലം ഉണ്ടായിരുന്നില്ല. ഇസ്‌ലാമിന്റെ ആഗമനാനന്തരം കേരളീയര്‍ ഇസ്‌ലാം ആശ്ശേഷിച്ചതോടെ അതു ശക്തമായ ആദര്‍ശബന്ധമായി രൂപംകൊണ്ടു.'' (അറബി സാഹിത്യത്തിനു കേരളത്തിന്റെ സംഭാവന-പ്രൊഫ.കെ.എം. മുഹമ്മദ്, പേജ്. 10) ''അറേബ്യയില്‍ ഇസ്‌ലാം പ്രചരിച്ചപ്പോള്‍തന്നെ കേരളത്തിലും അതിന്റെ പ്രതികരണമുണ്ടായി. ഇസ്‌ലാം ആശ്ലേഷിച്ച അറബികള്‍ മതപ്രബോധകരായി രംഗപ്രവേശം ചെയ്തതോടെ അവര്‍ കേരളീയരുമായുള്ള തങ്ങളുടെ ബന്ധം ദൃഢമാക്കി. അത് അവരുടെ വിശ്വാസവും സംസ്‌കാരവും ഭാഷയും ഇവിടെ പ്രചരിപ്പിക്കുന്നതിനു വഴിതെളിച്ചു.'' (റിലീജ്യസ് റിലേഷന്‍സ് ഓഫ് ഇന്ത്യ വിത്ത് അറേബ്യ ഇന്‍ ഇസ്‌ലാമിക് കള്‍ച്ചര്‍-സയ്യിദ് സുലൈമാന്‍ നദ്‌വി, പേജ് 204) നമ്മുടെ നാടിന് അറേബ്യന്‍ നാടുമായും അവിടുത്തെ ഉല്‍കൃഷ്ട സംസ്‌കാരത്തോടും ചേര്‍ച്ചയും പൊരുത്തവുമുണ്ടെന്നും അതിന് നൂറ്റാണ്ടുകളോളം വരുന്ന സുദൃഢബന്ധമുണ്ടെന്നും തെളിയിക്കുന്ന രണ്ട് ഉദ്ധരണികളാണിത്. സത്യത്തില്‍ രത്‌നവ്യാപാരം, മത്സ്യവ്യവസായം തുടങ്ങിയ സാമ്പത്തിക സംരംഭങ്ങളായിരുന്നു പൗരാണിക കാലത്തു തന്നെ അറബികള്‍ കേരള തീരത്ത് കപ്പലിറങ്ങാന്‍ കാരണമായത്. ജാഹിലിയ്യാ കാലത്തെ പ്രശസ്ത കവിയായ ഇംറുല്‍ ഖൈസ് തന്റെ കവിതയില്‍ 'ഫുല്‍ ഫുല്‍' എന്ന് പ്രയോഗിച്ചതില്‍ നിന്നും നമുക്കിത് ബോധ്യപ്പെടും. കാരണം, അക്കാലത്ത് കേരളത്തില്‍ മാത്രമേ കുരുമുളക് ഉണ്ടായിരുന്നുള്ളൂ. 13ാം നൂറ്റാണ്ടു മുതല്‍ 15ാം നൂറ്റാണ്ടു വരെ കേരളം ഭരിച്ച സാമൂതിരി രാജാക്കന്‍മാര്‍ അറബികളുമായുള്ള ഈ ബന്ധം അരക്കിട്ടുറപ്പിച്ചു. ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ (അഭിപ്രായവ്യത്യാസമുണ്ട്) മാലിക്ബിനു ദീനാറും സംഘവും കേരളത്തിലെത്തിയതും ശേഷം അവര്‍ നടത്തിയ സുകൃത കര്‍മങ്ങളും ഈ ബന്ധത്തെ വിളക്കിച്ചേര്‍ക്കുന്നതില്‍ മുഖ്യഘടകമായി. ഇസ്‌ലാമിന്റെ തുല്യതയില്ലാത്ത സമഭാവനയും സമത്വവും അതിനുതകുന്ന മതപ്രബോധനവും സജ്ജനങ്ങളുടെ ജീവിതം തന്നെയും അക്കാലത്ത് ഇതര മതവിശ്വാസികളെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിച്ചു. കാരണം, താഴ്ന്ന ജാതിക്കാര്‍ ജാതിവിമോചനത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളില്‍ പൊറുതിമുട്ടുന്ന അവസ്ഥയായിരുന്നല്ലോ അന്നത്തെ കേരളീയ പരിസരം. കുമാരനാശാന്‍ 'ദുരവസ്ഥ' യില്‍ ഇതു വിവരിച്ചിട്ടുണ്ട്. എസ്.എം മുഹമ്മദ് കോയ എഴുതുന്നു: ''സാംസ്‌കാരികവും രാഷ്ട്രീയവുമായ കാരണങ്ങളും മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടി. ഇസ്‌ലാം ആശ്ലേഷണം മൂലം താണ ജാതിക്കാരനായ ഹിന്ദുവിന് വലിയ ബഹുമാനാദരവുകള്‍ ലഭിക്കുമായിരുന്നു. സ്വസമുദായത്തില്‍ ലഭിച്ചിരുന്നതിനെക്കാള്‍ പതിന്മടങ്ങ് സാമൂഹിക നിലവാരത്തിലേക്ക് അയാള്‍ ഉയര്‍ത്തപ്പെട്ടു. ഇക്കാരണത്താല്‍ ഹിന്ദു സമുദായത്തിലെ അധികൃത കുടുംബങ്ങള്‍ ഒറ്റക്കും കൂട്ടമായും ഇസ്‌ലാം പുല്‍കി. (മാപ്പിളാസ് ഓഫ് മലബാര്‍ പേജ് 3) ചുരുക്കത്തില്‍, പല കാരണങ്ങളാല്‍ കേരളം/കേരളീയര്‍ അറേബ്യന്‍ സംസ്‌കാരവും തുടര്‍ന്ന് അറബ് ഭാഷയുമായും അഭേദ്യമായ ബന്ധം സ്ഥാപിക്കുകയും അതുവഴി ഇസ്‌ലാമും അതിന്റെ ജീവല്‍ ഭാഷയായ അറബിയും മലയാള മണ്ണില്‍ വിണ്ണോളം വളര്‍ന്നു വരികയും ചെയ്തു. അറബ് ഭാഷ; വളര്‍ച്ചയ്ക്ക് നിലമൊരുങ്ങുന്നു ഒരു ദേശക്കാര്‍ മറ്റൊരു ദേശക്കാരുമായി ബന്ധം സ്ഥാപിക്കുന്നിടത്ത് അതിന്റെ അടിസ്ഥാന ചാലകശക്തിയായ ഭാഷ (സംവേദനം) വര്‍ത്തിക്കുമെന്നതില്‍ ഒട്ടും സംശയമില്ല. എഴുത്തും വായനയും മാറ്റിനിര്‍ത്തിയാല്‍പോലും നേരിട്ടുള്ള ആശയ വിനിമയത്തിനു ഭാഷാ പരിജ്ഞാനം കൂടാതെകഴിയില്ല. ഈ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് ഉപരിസൂചിത ബന്ധം തന്നെ അറബി ഭാഷയുടെ വളര്‍ച്ചയ്ക്ക് അടിത്തറപാകി എന്ന് നമുക്ക് പറയാന്‍ കഴിയും. വേറെയും ചില ഘടകങ്ങള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

പള്ളിദര്‍സുകള്‍

മാലിക് ബ്‌നു ദിനാര്‍(റ)വും കൂട്ടരും ഹിജ്‌റയുടെ ആദ്യനൂറ്റാണ്ടില്‍ തന്നെ കേരളത്തിലെത്തിയിരുന്നുവെന്ന് നേരത്തേ സൂചിപ്പിച്ചു വല്ലോ. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍, പന്തലായനി, ചാലിയം, ധര്‍മ്മടം, ഏഴിമല തുടങ്ങി പത്തോളം സ്ഥലങ്ങളില്‍ അവര്‍ പള്ളികള്‍ നിര്‍മിച്ചു. വ്യക്തി ജീവിതം തന്നെ മതപ്രബോധനമാക്കിയ ഇവരില്‍ ആകൃഷ്ടരായി ജനങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. ക്രമേണ മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരുന്നു. ഇവര്‍ ഇസ്‌ലാമിനെക്കുറിച്ചും അതിന്റെ ആശയ ആദര്‍ശങ്ങളെ കുറിച്ചും പഠിക്കാന്‍ തുനിഞ്ഞു. അക്കാലത്ത് പക്ഷേ ഇതിനാവശ്യമായ ഗ്രന്ഥങ്ങള്‍ മലയാളത്തിലില്ലായിരുന്നു എന്ന് പറയാം. മുസല്‍മാന്റെ ഭരണഘടനയായ ഖുര്‍ആനും ഹദീസ്-കര്‍മശാസ്ത്രം തുടങ്ങിയുള്ള ഗ്രന്ഥങ്ങളുമെല്ലാം അറബിയിലാണുതാനും. ഈയൊരവസ്ഥ അറബ് ഭാഷ പഠിക്കുന്നതിന് അനിവാര്യമായ പ്രേരകമായിത്തീര്‍ന്നു. അങ്ങനെ സാഹചര്യത്തിന്റെ തേട്ടമെന്നോണം പള്ളിദര്‍സുകള്‍ ഉയര്‍ന്നു വന്നു. കാലാനുസൃതവും അനുപേക്ഷണീയവുമായ പരിക്രമണങ്ങളിലൂടെ ഇവ അറബി ഭാഷയുടെ  വികാസ പരിണാമങ്ങളില്‍ മുഖ്യഊര്‍ജദാതാവായി പരിണമിച്ചു. എ.ഡി 15ാം നൂറ്റാണ്ടിനു മുമ്പേ ചാലിയത്ത് തുടങ്ങിയ ഉന്നത നിലവാരമുള്ള ദര്‍സായിരുന്നു ഈ രംഗത്തെ പ്രഥമ കാല്‍വയ്പ്പ്. പിന്നീടങ്ങോട്ട് കേരളത്തിന്റെ മുക്കിലും മൂലയിലും പതിനായിരക്കണക്കിന് പള്ളിദര്‍സുകളാണ് നിലവില്‍വന്നത്. 19ാം നൂറ്റാണ്ട് പള്ളി ദര്‍സുകളുടെ കാലഘട്ടം തന്നെയായിരുന്നു. നന്മയുടെ കാവലാളുകളും തിന്മയുടെ അന്ധകരുമായ ഒരു സംസ്‌കൃത സമൂഹത്തെ സമൂഹമധ്യേ സമര്‍പ്പിക്കുന്നതോടൊപ്പം അറബി സാഹിത്യലോകത്ത് വിലപ്പെട്ട സംഭാവനകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ പള്ളിദര്‍സുകള്‍ക്ക് സാധിച്ചു.

മദ്‌റസകള്‍ സ്‌കൂളുകള്‍

പള്ളിദര്‍സുകളെന്നപോലെ മദ്‌റസകളും അറബി ഭാഷയുടെ വളര്‍ച്ചാ കേന്ദ്രങ്ങളായിരുന്നു. സ്ഥലസൗകര്യവും മറ്റും പരിഗണിച്ചാണ് അധികവും പള്ളികളോട് ചേര്‍ന്നു തന്നെ മദ്‌റസാ പ്രസ്ഥാനങ്ങള്‍ രൂപമെടുത്തത്. തന്‍മിയതുല്‍ ഉലൂം മദ്‌റസയാണ് (വാഴക്കാട്) കേരളത്തിലെ പ്രഥമ മദ്‌റസ. ഹിജ്‌റ 1288 (എ.ഡി 1871) വാഴക്കാട്ടെ മുസ്‌ലിയാരകത്ത് സൈനുദ്ദീന്‍ മുസ്‌ലിയാരാണ് ഇതിനു തുടക്കം കുറിച്ചത്. കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ മധു പകര്‍ന്നു നല്‍കുന്ന പതിനായിരക്കണക്കിന് മദ്‌റസകള്‍ അറബി ഭാഷയുടെ പ്രാഥമികഘട്ടങ്ങള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നു. അറബിയിലും അറബിമലയാളത്തിലുമായി നടത്തപ്പെടുന്ന അധ്യാപനങ്ങള്‍ മുഖേന അറബി ഗ്രന്ഥമായ ഖുര്‍ആനും മറ്റും പരിചയപ്പെടാനും അറിയാനും ഈ മദ്‌റസകള്‍ വഹിക്കുന്ന സേവനം മികവുറ്റതാണ്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡാണ് ഈ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ആദ്യമായി ഈ രംഗത്ത് വ്യവസ്ഥാപിതമായ സംവിധാനം ചിട്ടപ്പെടുത്തിയതും നടപ്പിലാക്കിയതും സമസ്തയാണ്. സുന്നി വിദ്യാഭ്യാസ ബോര്‍ഡ്, കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളും മദ്‌റസകള്‍ നടത്തിവരുന്നു. ഗവണ്‍മെന്റ് സഹായത്തോടെ അറബി ഭാഷാ പഠനം സ്‌കൂളുകളിലും നിലനില്‍ക്കുന്നു. കേരളം ഭരിച്ച തിരുവിതാംകൂറിന്റെ കാലത്തു തന്നെ ഈ സമ്പ്രദായം നിലനിന്നിരുന്നു. എല്‍.പി, യു.പി ഹൈസ്‌കൂള്‍ തുടങ്ങി യൂനിവേഴ്‌സിറ്റി തലങ്ങളില്‍ വരെ ഇന്ന് അറബി ഭാഷ പഠിപ്പിക്കപ്പെടുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, കേരള യൂനിവേഴ്‌സിറ്റി, എറണാകുളം മഹാരാജാസ്, ഫാറൂഖ് കോളേജ് എന്നിവിടങ്ങളില്‍ അറബിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് ഗവേഷണത്തിനുള്ള സൗകര്യമുണ്ട്. കാലിക്കറ്റ് യൂനിവേവ്‌സിറ്റിയില്‍ മാത്രം നൂറോളം ഗവേഷണ പ്രബന്ധങ്ങള്‍ അറബ് ഭാഷയിലായി തയ്യാറാക്കപ്പെട്ടിട്ടുണ്ട്.

അറബിക് കോളേജുകള്‍

അറബ് ഭാഷയുടെ ചരിത്രത്തില്‍ അദ്വിതീയമായ സംഭാവനകള്‍ അര്‍പ്പിച്ചവയാണ് കേരളക്കരയിലെ അറബിക് കോളേജുകള്‍. പഠിപ്പിക്കുന്ന സബ്ജക്ടുകള്‍ അറബി ബന്ധിതമാണെന്ന് ഈ പേര് തന്നെ വ്യക്തമാക്കുന്നു. അക്കാദമി, ഇസ്‌ലാമിക് സെന്റര്‍ തുടങ്ങിയ പേരുകളിലും ഇവ ഇന്ന് സജീവമാണ്. ഇവകള്‍ക്ക് അടിത്തറ പാകിയതും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ശ്രദ്ധേയമായ സഹായങ്ങള്‍ ചെയ്തവരും വിദ്യാഭ്യാസ വിചക്ഷണരും അറബ് ഭാഷയിലും മറ്റും അവഗാഹം നേടിയവരുമത്രെ. പല അറബിക് കോളേജുകളുടെയും തുടക്കചരിത്രം പഠിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്ന വസ്തുതയാണിത്. ഖുര്‍ആനും ഹദീസും മറ്റു പാഠ്യ ഗ്രന്ഥങ്ങളൊക്കെ തന്നെയും അറബിയിലായിട്ടുകൂടി അറബ് ഭാഷാ പഠനാര്‍ത്ഥം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ക്ക് നീക്കിവയ്ക്കുന്ന പിരിയഡുകള്‍ അറബിക്കിനും നീക്കിവച്ചിരിക്കുന്നു ഈ കോളേജ്, അക്കാദമികളിലൊക്കെ. വര്‍ത്തമാന കേരളത്തിലെ അറബി പണ്ഡിറ്റുകളെ കുറിച്ച് പഠിച്ചാല്‍ അവരിലേറെപ്പേരും കേരളത്തിലെ അറബിക് കോളേജുകളില്‍ നിന്നും ബിരുദം നേടിയവരോ പഠനം നടത്തിയവരോ ആണെന്ന് നമുക്ക് മനസ്സിലാക്കാം. വിദേശ രാഷ്ട്രങ്ങളില്‍നിന്നു പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ (അല്‍ അറബ്-പാകിസ്ഥാന്‍, അല്‍മനാര്‍-ഈജിപ്ത്) സമ്പുഷ്ടമായ ലേഖനമെഴുതാനും പത്രാധിപസ്ഥാനത്തിരിക്കാന്‍പോലും അവരില്‍ പലരും വളര്‍ന്നിട്ടുണ്ട്. കെയ്‌റോവില്‍ സൗത്തുശ്ശര്‍വിയുടെ എഡിറ്ററായിരുന്ന ഡോ. മുഹിയുദ്ദീന്‍ ആലുവായ് അവരില്‍ ഒരാള്‍ മാത്രം. അറബ് ഭാഷയുടെ വളര്‍ച്ചയുടെ വഴിയില്‍ ഒരു വഴിത്തിരിവായി നില്‍ക്കുന്ന അറബിക് കോളേജുകള്‍ക്ക് 100 വര്‍ഷങ്ങള്‍ക്കു മുമ്പ് ശിലപാകിയത് മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (1866-1919 ഹിജ്‌റ 1283-1338) ആയിരുന്നു. ബഹുഭാഷാ പണ്ഡിതന്‍, സാമൂഹിക പ്രവര്‍ത്തകന്‍, മദ്‌റസാ പ്രസ്ഥാനത്തിന്റെ നായകന്‍ എന്നീ നിലകളിലെല്ലാം കീര്‍ത്തി നേടിയ ഇദ്ദേഹമാണ് കേരളത്തിലെ ആദ്യത്തെ അറബിക് കോളേജിന്-ദാറുല്‍ ഉലൂം അറബിക് കോളേജ്- കാര്‍മികത്വം വഹിച്ചത്. ഹിജ്‌റ 1326 ക്രി.വ.1916ല്‍ ആയിരുന്നു. ഈ വിജ്ഞാനവിപ്ലവം. അതുവരെ നിലനിന്നിരുന്ന പാഠ്യരീതിയില്‍ കാലികവും മാതൃകാപരവുമായ മാറ്റം വരുത്തി പിരിയഡുകളും പരീക്ഷാ സമ്പ്രദായവും അദ്ദേഹം ഏര്‍പ്പെടുത്തി. ദര്‍സ് പരിഷ്‌കരണത്തിന്റെ ഭാഗമായി അദ്ദേഹം തയ്യാറാക്കിയ കരിക്കുലവും സിലബസും 10 വര്‍ഷത്തെ തുടര്‍പഠനം ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നു. പഠനവിഷയങ്ങള്‍ക്ക് അനുസരിച്ച് പിരിയഡുകള്‍ ക്രമീകരിച്ച് തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, മന്‍ത്വിഖ്, മആനീ, നഹ്‌വ്, സര്‍ഫ് മുതലായ വിഷയങ്ങളിലെ പ്രധാന കിതാബുകള്‍ പഠിപ്പിക്കുന്നതോടൊപ്പം അറബ് ഭാഷാ രംഗത്ത് വിദ്യാര്‍ത്ഥികളുടെ കഴിവ് വര്‍ധിപ്പിക്കാനായി വിവിധ പരിപാടികളും അദ്ദേഹം തന്റെ ദര്‍സില്‍ നടപ്പില്‍ വരുത്തി. വിദ്യാര്‍ത്ഥികള്‍ക്ക് മലയാളത്തില്‍നിന്ന് അറബിയിലേക്ക് പ്രസംഗിക്കാനും അദ്ദേഹം പരിശീലനം നല്‍കി. പഠനസമയം ക്രമീകരിച്ച്, ക്ലാസ് ചാര്‍ജുള്ള അധ്യാപകന്‍ വേണമെന്ന് നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം രേഖപ്പെടുത്താന്‍ ഹാജര്‍ പട്ടിക ഏര്‍പ്പെടുത്തി. ലീവ് സമ്പ്രദായത്തിന് തുടക്കമിട്ടു. പഠന പ്രവേശനത്തിന് പ്രായം നിശ്ചയിച്ചു. കുട്ടികളുടെ സംശയനിവാരണത്തിനായി മദ്‌റസയോടനുബന്ധിച്ച് ഒരു ലൈബ്രറി സമ്പ്രദായം ഏര്‍പ്പെടുത്തുകയും ആവശ്യമായ ഗ്രന്ഥങ്ങള്‍ വാങ്ങി ശേഖരിക്കുകയും ചെയ്തു. ഇന്ന് വിദ്യാഭ്യാസ രംഗത്ത് കാണുന്ന ഇത്തരം സമ്പ്രദായങ്ങളുടെ ആധുനിക രീതിക്ക് പ്രചോദനമായത് കുഞ്ഞമ്മദ് ഹാജിയുടെ ഈ രംഗത്തെ സേവനങ്ങളുടെ ഫലമാണ്. നൂറു വര്‍ഷം മുമ്പാണ് അദ്ദേഹം ഈ വഴിക്ക് ചിന്തിച്ചതും ഇത്തരം പരിഷ്‌കാരങ്ങളിലൂടെ ദര്‍സിനെ പരിപോഷിപ്പിച്ചതും എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. വനിതകള്‍ക്കു മാത്രമായും അറബിക് കോളേജുകള്‍ ഇന്ന് നിലവിലുണ്ട്. 1968ല്‍ മലപ്പുറം ജില്ലയിലെ മോങ്ങത്ത് സ്ഥാപിക്കപ്പെട്ട അന്‍വാറുല്‍ ഇസ്‌ലാം കോളേജാണ് കേരളത്തിലെ ആദ്യത്തെ വനിതാ അറബിക് കോളേജ്. 1972ല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരം നേടിയ ഈ കോളേജില്‍ നിന്നു  ധാരാളം യുവതികള്‍ അഫ്‌സലുല്‍ ഉലമ പഠനം പൂര്‍ത്തിയാക്കി കര്‍മവീഥിയില്‍ നിറഞ്ഞു നില്‍ക്കുന്നു. (അശ്ശിഅ്‌റുല്‍ അറബി ഫീ കൈരലാ- ഡോ.വീരാന്‍ മുഹിയിദ്ദീന്‍ ഫാറൂഖി (ജ)ൈ ഇത്തരം അറബിക് കോളേജുകളിലും അറബി മാഗസിനുകളും അറബിക് ലേണിംഗ് ക്ലാസുകളും അറബിക് സമാജങ്ങളും ക്രിയാത്മകമായിത്തന്നെ നടപ്പിലാക്കുന്നുണ്ട്. വിശാലമായ ഖുതുബ് ഖാനകളും ലൈബ്രറികളും ഇവിടങ്ങളിലുണ്ട്. സാംസ്‌കാരിക വളര്‍ച്ചയും സാമൂഹിക വീക്ഷണങ്ങളും അരുനിര്‍ത്തുന്നതോടൊപ്പം അറബ് ഭാഷയുടെ നല്ല വളര്‍ച്ചക്ക് ഇത്തരം കലാലയങ്ങള്‍ നല്‍കിയ നിസ്തുല സംഭാവനകള്‍ സമം പറയാനില്ലാത്തതത്രെ. ഇവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ പലരും ഗവണ്‍മെന്റ് സ്‌കൂളുകളിലും കോളേജുകളിലും അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഇവിടെ പ്രസ്താവ്യമാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ, കടമേരി റഹ്മാനിയ അറബിക് കോളേജ്, മര്‍ക്കസു സഖാഫത്തി സുന്നിയ്യ, ദാറുസ്സലാം നന്തി തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. കെയ്‌റോ യൂനിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള അറബിക് യൂനിവേഴ്‌സിറ്റി ഭാഷാ വികാസത്തിന്റെ വഴിയില്‍ ഒരു നാഴികകല്ലാണ്. 200ലധികം വരുന്ന അറബിക് കോളേജുകളില്‍ പലതിലും അഫ്‌ളലുല്‍ ഉലമ പാഠ്യപദ്ധതി നിലവിലുണ്ട്. രണ്ടു വനിത കോളേജുകള്‍ ഉള്‍പ്പെടെ 20 ലധികം കോളേജുകള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയോട് അഫ്‌ലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കണ്ണൂര്‍ സര്‍വകലാശാലയുടെ അഫ്‌ലിയേഷനുള്ള കോളേജുകളും ഉണ്ട്. പ്രഫുല്ലമായ ഒരു സംസ്‌കാരത്തെ മനുഷ്യജീവിതത്തോട് അരു നിര്‍ത്തുന്നതോടൊപ്പം അറബ് ഭാഷ പ്രചരിപ്പിക്കുന്നതിലും അറബി പണ്ഡിതരെ ലോകത്തിനു സമര്‍പ്പിക്കുന്നതിലും മുമ്പത്തെ പോലെ ഈ സ്ഥാപനങ്ങള്‍ സൂര്യതേജസ്സോടെ ഇന്നും നിലനില്‍ക്കുന്നു. ഗ്രന്ഥരചനകള്‍ അറബ് ഭാഷയ്ക്ക് കേരളം സമര്‍പ്പിച്ച സംഭാവനകളില്‍ എടുത്തുപറയേണ്ട ഒന്നത്രെ മലയാളികളായ പണ്ഡിതരുടെ അറബിക് രചനകള്‍. പ്രകാശിതവും അപ്രകാശിതവുമായ നൂറു കണക്കിന് കിതാബുകള്‍ ഈ മേഖലയില്‍ വിരചിതമായിട്ടുണ്ട്. തജ്‌വീദ്, ഹദീസ്, കര്‍മശാസ്ത്രം, തത്വശാസ്ത്രം, നിരൂപണം സൂഫിസം, ചരിത്രം, അനുശോചനം തുടങ്ങി ഡസന്‍ കണക്കിന് വിഷയങ്ങളിലായിട്ടാണ് ഈ ഗ്രന്ഥങ്ങളെല്ലാം ഗദ്യ-പദ്യ രൂപത്തില്‍ രചിക്കപ്പെട്ടിട്ടുള്ളത്. നബി(സ്വ)യുടെ കാലത്തു തന്ന ഇസ്‌ലാം കേരളത്തില്‍ പ്രബോധിതമായതിനാല്‍ അക്കാലത്തു തന്നെ കൃതികളും ഉണ്ടായിരിക്കണം. പക്ഷേ, ഇന്നത്തെപ്പോലെ പ്രസാധനം വ്യാപകമല്ലാത്തതിനാല്‍ പലതും പ്രകാശിതമല്ല. അതിനാല്‍ തന്നെ പലതും ഇന്ന് ലഭ്യവുമല്ല. മാത്രമല്ല, ആദ്യകാല കവികള്‍ തങ്ങളുടെ കവിതകള്‍ പള്ളിച്ചുമരുകളില്‍ എഴുതി വെയ്ക്കാറുണ്ടായിരുന്നു. പള്ളി നവീകരണത്തിലൂടെ ഇവയും നഷ്ടമായി. എന്നാലും കവിതകള്‍ ചുമരുകളില്‍ എഴുതപ്പെട്ട് കിടക്കുന്ന ഒരു ചെറിയപള്ളി (സ്രാമ്പി) വടകരക്കടുത്ത് കടമേരിയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ പ്രഥമ അറബി ഗ്രന്ഥം ഹിജ്‌റ 743ല്‍ (എ.ഡി 1342ല്‍) പ്രകാശിതമായ ഖൈദുല്‍ ജാമിഅ് ആണ്. (അറബി സാഹിത്യത്തിന് കേരളത്തിന്റെ സംഭാവന, പേജ് 27) ലഖീഹ് ഹുസൈന്‍ ആണ് ഇതിന്റെ രചയിതാവ്. സ്വഹീഹുശൈഖൈനി(മുഹമ്മദ് അബ്ദുല്‍ ബാരി 1385) ഫത്ഹുല്‍ മുഈന്‍, തുഹ്ഫതുല്‍ മുജാഹിദീന്‍ (ശൈഖ് അഹ്മദ് സൈനുദ്ദീന്‍), ഫത്ഹുല്‍ മുബീന്‍ (ഖാളി മുഹമ്മദ് അബ്ദുല്‍ അസീസ്) തുടങ്ങിയവ ഈ രംഗത്തെ അറിയപ്പെട്ടതാണ്. 100ലധികം രചയിതാക്കളും 500ലധികം ഗ്രന്ഥങ്ങളും അറബിയില്‍ തന്നെ ലിഖിതമായിക്കിടക്കുന്നുണ്ട്. 'മുസ്‌ലിം ലോകം-1423' പേജ് 498 മുതല്‍ 515 ല്‍ ഇത് മുഴുവന്‍ ചേര്‍ത്തതായി കാണാം. വര്‍ഷങ്ങളോളം നീണ്ടുനിന്ന പഠന-അധ്യയന ജ്ഞാന സപര്യക്കിടയില്‍ ഈ രചിക്കപ്പെട്ട ഈ കൃതികളില്‍ പലതും ഗഹനമായതും സാഹിത്യ സമ്പുഷ്ടവും മേളിച്ചതാണ്, രചയിതാക്കളില്‍ പലര്‍ക്കും മാതൃഭാഷയില്‍ ഗ്രന്ഥ രചന നടത്താന്‍ സാധിച്ചിട്ടില്ലെന്ന സത്യം നാം തിരിച്ചറിയുമ്പോള്‍ അറബ് ഭാഷയോടുള്ള അവരുടെ ബന്ധത്തിന്റെയും പ്രാവീണ്യത്തിന്റെയും ആഴം നമ്മെ ആശ്ചര്യപ്പെടുത്തും. ഈയ്യടുത്ത് പ്രസിദ്ധീകരിച്ച് തുടങ്ങിയ അന്നഹ്ദ, അന്നൂര്‍ തുടങ്ങിയ സംരഭംങ്ങള്‍ ഒരു മഹത്തായ പാരമ്പര്യത്തിന്റെ കരുത്തുറ്റ കാവലായി നിലകൊള്ളുന്നു. പരാമര്‍ശവിധേയമാക്കേണ്ട മറ്റൊരു കാര്യമാണ് അറബി-മലയാളം എന്ന സംരംഭം. ദീനീ പഠനത്തിന് ഇത് വളരെ പ്രധാനപ്പെട്ട ഒരു മാധ്യമമായിരുന്നു. ഒപ്പം മുസ്‌ലിം എന്ന പ്ലാറ്റ്‌ഫോമിന് പുറത്തുള്ള വാര്‍ത്തകളും വീക്ഷണങ്ങളും ഇത് കൈകാര്യം ചെയ്തിരുന്നു. അങ്ങനെ, ഇത് അമുസ്‌ലിംകള്‍ക്കിടയിലും സ്വീകാര്യത നേടി. രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ ലിപിയില്‍ ആദ്യമായി പുറത്തിറക്കിയ മാസിക ഹിദായത്തുല്‍ ഇഖ്‌വാന്‍ എന്നതാണ്. 1899ല്‍ ആദ്യ ആഴ്ചപ്പതിപ്പ് റഫീഖുല്‍ ഇസ്‌ലാം പുറത്തിറങ്ങി.(അന്നൂര്‍ ലക്കം 1-1431) വേറെയും ഒരുപാട് ഗ്രന്ഥങ്ങള്‍ കൈയെഴുത്ത് പ്രതികളായും അച്ചടിലിപികളായും പുറത്തിറങ്ങിയിട്ടുണ്ട്. ക്രിസ്തു വര്‍ഷം ഒമ്പതാം നൂറ്റാണ്ടില്‍തന്നെ ഇസ്‌ലാം  ഇവിടെപ്രചരിപ്പിച്ചതിനാല്‍ അത്രയും കാലത്തെ പഴക്കം അറബ് മലയാളത്തിനും കല്‍പ്പിക്കണം.  (മുസ്‌ലിം ലോകം ഇയര്‍ ബുക്ക് 1423, പേജ് 473) നമ്മുടെ സാക്ഷരതാനിരക്ക് 10 ശതമാനത്തില്‍ താഴെയായിരുന്ന കാലത്ത് പോലും 10 വയസ്സെങ്കിലുമെത്തിയ മാപ്പിളമാര്‍ സാക്ഷരരായിരുന്നു. പക്ഷേ, അതാരും സാക്ഷരതയായി ഗണിച്ചേക്കില്ല. ഇന്നിപ്പോള്‍ മദ്‌റസാ പാഠപുസ്തകങ്ങള്‍ ഒഴികെ മറ്റൊന്നും ഈ ലിപിയില്‍ രചിക്കപ്പെടുന്നില്ല. മദ്‌റസാ അധ്യാപകരുടെ പ്രസിദ്ധീകരണമായ അല്‍മുഅല്ലിമിന്റെ ഒരു ഭാഗവും അറബി മലയാളത്തില്‍ ഈ അടുത്ത കാലം വരെ അച്ചടിച്ചുവന്നിരുന്നു. മേല്‍പരാമൃഷ്ട കാര്യങ്ങള്‍ക്കപ്പുറം മറ്റുചിലതും അറബ് ഭാഷയ്ക്ക് സഹായകമായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബികള്‍ കേരള തീരത്ത് നിര്‍മിച്ച പാലത്തിനു മുകളിലൂടെ, അങ്ങോട്ടേക്ക് മലയാളി യാത്ര പോയപ്പോള്‍  അതൊരു ആരോഗ്യകരമായ പകരംവയ്പായിരുന്നു. സാമൂഹ്യതലത്തിലും ഈ പ്രവാസം അറബി ഭാഷയുടെ വളര്‍ച്ചയുടെ വഴികളില്‍ സഹായകമായിട്ടുണ്ട് എന്ന് പറയാവുന്നതാണ്. മലയാളിയുടെ പാദം പതിയാത്ത ഒരൊറ്റ അറബി ദേശവുമില്ലെന്ന് പറഞ്ഞാല്‍ അത് അത്ഭുതപ്പെടാനില്ല. അത്ര മാത്രം ഇഴചേര്‍ന്നു പോയിട്ടുണ്ട് 50 പിന്നിട്ട മലയാളിയുടെ പ്രവാസചരിത്രം. ഇസ്‌ലാമിക സംസ്‌കൃതിക്ക് പൊന്‍തിളക്കമേകിയ പൊന്നാനി ഇവിടെ പരാമര്‍ശിക്കാതെ തരമില്ല. ജ്ഞാനപിപ്ലവത്തിന്റെ തേരോട്ടങ്ങളിലൂടെ ഒരു മഴവില്ല് പോലെ തെളിഞ്ഞു നിന്ന മക്കയുടെ മഹത്തായ മൂലകങ്ങളുടെ കേരളീയ മാതൃകയായി 'കൊച്ചുമക്ക' എന്ന് നാമകരണം ചെയ്യപ്പെട്ട പൊന്നാനിയെ ആ നിലയ്ക്ക് വളര്‍ത്തിയെടുത്തത്, കേരള മുസ്‌ലിം ചരിത്രത്തില്‍ ശ്രദ്ധേയ സ്ഥാനം അലങ്കരിച്ച മഖ്ദൂം കുടുംബമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter