ഇന്ന് ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യ ദിനം
ഇന്ന് ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യ ദിനം. അനീതിയുടെ ഇരകളായ ഒരു കൂട്ടം ജനത എഴുപത്തിയഞ്ചു കൊല്ലമായി മധ്യേഷ്യയില്‍ അലയുന്നു. വെടിയൊച്ചകള്‍ കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നവര്‍. ഫലസ്ഥീനിലെ ജൂത അധിനിവേശം ചരിത്രപരമായ നീതിനിഷേധമായിരുന്നു എന്ന് തിരിച്ചറിയാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തില്‍ ഭീകരമായ മൌനം തുടരുകയാണ്. പലപ്പോഴും ജൂത ലോബിക്കു മുന്നിലുള്ള നിസ്സഹായതയായിരുന്നു ഈ മൌനത്തിന്റെ കാരണങ്ങളിലൊന്ന്.
നേരിയ പ്രതീക്ഷയോടെയാണ് പുതിയ ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യ ദിനം കഴിഞ്ഞു പോവുന്നത്. ഇസ്രയേല്‍-ഫലസ്ഥീന്‍ സമാധാന ചര്‍ച്ച ഭാഗികമായി നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റ ഭാഗമായി അന്‍പത്തിരണ്ട് ഫലസ്ഥീന്‍ തടവുകരെ രണ്ട് ഘട്ടങ്ങളിലായി ഇസ്രയേല്‍ മോചിപ്പിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് ഫസ്ഥീന്‍ അതോറിറ്റി ആദ്യ ഔദ്യോഗിക വോട്ട് ഐക്യരാഷ്ട്ര സഭയില്‍ രേഖപ്പെടുത്തി. ലോക വന്‍ശക്തികളും അറബ് മുസ്‍ലിം ലോകവും തമ്മില്‍ സംഘര്‍ഷത്തേക്കാള്‍ നയതന്ത്ര നീക്കങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നു.
എന്നാല്‍ യാസര്‍ അറഫാത്തിനെ ജൂത ചാരന്‍മാര്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന പുതിയ വെളിപ്പെടുത്തല്‍ ജൂത ഭീകരതയുടെയും ചതിയുടെയും ഞെട്ടിപ്പിക്കുന്ന തെളിവാണ്. എതിരാളികളെ കായികമായി ഇല്ലായ്മ ചെയ്യാന്‍ ഏത് നികൃഷ്ട മാര്‍ഗവും സ്വീകരിക്കാമെന്ന ജൂത കാഴ്ചപ്പാടിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഇതേ വിശ്വാസ വഞ്ചന തന്നെയാണ് ഇസ്രയേലിനെ വിശ്വസിക്കാതിരിക്കാന്‍ ലോക മനസ്സാക്ഷിയെ പ്രേരിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളത്രയും പരാജയപ്പെടാനുള്ള പ്രധാന കാരണം ഒരു വശത്ത് ഇസ്രയേല്‍ ആണെന്നതു തന്നെയാണ്. ഇറാനും ആറ് വന്‍ശക്തിളും തമ്മിലുണ്ടാക്കിയ ജനീവ ധാരണയെ പുച്ഛിച്ചു തള്ളിയ ലോകത്തെ ഏക രാഷ്ട്രമാണിത്.
ഫലസ്ഥീനകത്തെ പ്രശ്‍നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നു. വെസ്റ്റ് ബാങ്കും ഗസ മുനമ്പും പരസ്പര ബന്ധമില്ലാതെയാണ് മുമ്പോട്ടു പോവുന്നത്. വെസ്റ്റ് ബാങ്കില്‍ മഹ്‍മൂദ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയും ഗസയില്‍ ഹമാസുമാണ് കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. പരസ്പര പോര്‍വിളികളും സായുധ സംഘട്ടനങ്ങളും മുടക്കമില്ലാതെ നടക്കുന്നുമുണ്ട്. ഈ ഛിദ്രത അവസാനിക്കാത്തിടത്തോളം കാലം വിശുദ്ധ ദേശത്തിന് പ്രതീക്ഷിക്കാന്‍ അധികമൊന്നുമുണ്ടാവില്ല. ചേരിതിരിവാണ് മുസ്‍ലിംകളുടെ ഏറ്റവും വലിയ ദൌര്‍ബല്യം. അഫ്ഘാനിലും ഇറാഖിലും ലിബിയയിലും സിറിയയിലും ഈജിപ്‍തിലും ലബനാനിലുമെല്ലാം എതിരാളികള്‍ ഈ വിഭാഗീയതയെ കൌശലപൂര്‍വം മുതലെടുക്കുകയായിരുന്നു. നിങ്ങള്‍ പരസ്പരം കലഹിക്കരുത്. അങ്ങനെയെങ്കില്‍ നിങ്ങള്‍ പതറുകയും ആത്മാവ് നഷ്ടപ്പെട്ട് നിസ്സഹായരാവുകയും ചെയ്യുമെന്ന് വിശുദ്ധ ഖുര്‍ആന്‍.
ഫലസ്ഥീന്നും നീതി നിഷേധിക്കപ്പെട്ട ജനതക്കും ഒരിക്കല്‍ കൂടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം. ഒറ്റക്കെട്ടായി മുന്നോട്ട് പോവാന്‍ അവര്‍ക്കാവട്ടെയെന്ന് മനസ്സറിഞ്ഞ് പ്രാര്‍ഥിക്കാം.



Leave A Comment