ഇമാം ത്വബ്റാനി: ഒരു ശതാബ്ദക്കാലത്തെ ഹദീസ് സേവനം
ഇസ്‌ലാമിക വിജ്ഞാന പാരമ്പര്യത്തിലെ പ്രമുഖ ഹദീസ് പണ്ഡിതനായ ഇമാം അബുൽ ഖാസിം സുലൈമാൻ ഇബ്ൻ അഹ്‌മദ് അൽ ത്വബ്റാനി(റ), ഏകദേശം നൂറുവർഷത്തോളം നീണ്ട തന്റെ ജീവിതം വിജ്ഞാന സമ്പാദനത്തിനും പ്രചാരണത്തിനുമായി ഉഴിഞ്ഞുവെച്ച മഹദ്‌വ്യക്തിത്വമായിരുന്നു. ഹദീസുകൾ ശേഖരിക്കുന്നതിനായി അദ്ദേഹം നടത്തിയ ദേശവ്യാപക യാത്രകൾ തന്നെ അദ്ദേഹത്തിന്റെ അഗാധമായ ജ്ഞാനസമ്പാദനത്തിന്റെയും അതുല്യമായ ആത്മാർപ്പണത്തിന്റെയും പ്രതീകമായിരുന്നു. ഹദീസ് ശാസ്ത്രത്തിൽ സുപ്രധാനമായ സ്ഥാനം വഹിക്കുന്ന അദ്ദേഹത്തിന്റെ മൂന്ന് മുഖ്യഗ്രന്ഥങ്ങളാണ് അൽമുഅ്ജമുൽ കബീർ, അൽമുഅ്ജമുൽ അവ്സത്, അൽമുഅ്ജമുൽ സഗീർ എന്നിവ. അധികാര സ്ഥാനങ്ങൾക്കപ്പുറം, വിജ്ഞാനത്തിനും മതപരമായ സേവനത്തിനുമാണ് യഥാർത്ഥ ആദരവ് കൽപ്പിക്കേണ്ടതെന്ന ത്വബ്റാനിയുടെ ജീവിത ദർശനം പിൽക്കാല തലമുറകൾക്ക് മാതൃകയാക്കാവുന്ന ഒന്നാണ്.
ആദ്യകാല ജീവിതം
ഇമാം ത്വബ്റാനിയുടെ മുഴുവൻ പേര് അബുൽ ഖാസിം സുലൈമാൻ ഇബ്നു അഹ്മദ് ഇബ്നു അയ്യൂബ് ഇബ്നു മുതയ്യിർ അൽലഖ്മി അൽശാമി അൽത്വബ്റാനി എന്നാണ്. ഹിജ്‌റ 260 സഫർ മാസത്തിൽ (ക്രിസ്താബ്ദം 873) ശാമിന്റെ (സിറിയ) ഭാഗമായ തബരിയ (ഇന്നത്തെ ഇസ്രായേലിലെ ഗലീല പ്രദേശം) എന്ന നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. (എന്നാൽ സിയർ അഅ്‌ലാമു നുബലാ എന്ന ഗ്രന്ഥത്തിലും മറ്റുചിലതിലും പറയുന്നത് അദ്ദേഹം ജനിച്ചത് അക്ര് എന്ന പട്ടണത്തിലാണെന്നാണ്.) അദ്ദേഹത്തിന്റെ യഥാർത്ഥ പേര് സുലൈമാൻ എന്നാണെങ്കിലും, വിളിപ്പേര് അബുൽഖാസിം എന്നായിരുന്നു. തബറാനിയുടെ മാതാവ് അക്കാ സ്വദേശിനിയായിരുന്നു. അക്ക എന്ന പ്രദേശം, അക്റ് എന്ന പേരില്‍ ഇസ്രായേലിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് സ്‌ഥിതിചെയ്യുന്നു.
ഇമാം ത്വബ്റാനി ലഖ്മി ഗോത്രത്തിൽപ്പെട്ട വ്യക്തിയായിരുന്നു. ഈ ഗോത്രത്തിന്റെ ആധുനിക കാലത്തെ പ്രധാന വാസസ്ഥലങ്ങൾ യമനിലും ഇറാഖിലുമാണ്. അദ്ദേഹം ജനിച്ച നഗരമായ ത്വബരിയയുമായി ബന്ധപ്പെടുത്തിയാണ് 'ത്വബ്റാനി' എന്ന പേരിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്.
ബാല്യം മുതൽക്കേ ഇസ്‌ലാമിക വിജ്ഞാനത്തിൽ അതീവ താല്പര്യം പ്രകടിപ്പിച്ച ത്വബ്റാനിയെ പിതാവ് പഠനത്തിൽ ഏറെ പ്രോല്‍സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഹദീസ് പണ്ഡിതനും ഇബ്ന് ദുഹൈമിന്റെ ശിഷ്യനുമായിരുന്നു. ത്വബ്റാനി ആദ്യമായി ഹദീസ് കേട്ടത് ഹിജ്‌റ 273-ല്‍ ആണ്. ഇമാം ത്വബ്റാനി ഹിജ്‌റ 275-ൽ, തന്റെ പന്ത്രണ്ടാം വയസ്സിൽ തന്നെ ഹദീസ് ശാസ്ത്രത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് 16 വർഷം ആ യാത്ര തുടരുകയും അനേകം മഹാന്മാരെ കണ്ടുമുട്ടുകയും ചെയ്തു.
ഹദീസ് ശേഖരണത്തിനായി സിറിയ, ഹിജാസ്, യമൻ, ഈജിപ്ത്, ബഗ്ദാദ് തുടങ്ങി മുപ്പതിലധികം പ്രദേശങ്ങളിലൂടെ അദ്ദേഹം യാത്ര ചെയ്തു. ഒരു ഹദീസ് കേട്ടാൽ, അത് രേഖപ്പെടുത്തി സൂക്ഷിക്കുകയും, പ്രാമാണിക ഗ്രന്ഥങ്ങളിൽ പരിശോധിച്ച് അതിന്റെ സനദ് ഉറപ്പുവരുത്തുകയും, വിശ്വാസ്യതയ്ക്ക് അതീവ പ്രാധാന്യം നൽകുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പഠനരീതി.
ഗുരുനാഥരും ശിഷ്യന്മാരും
ഇമാം ത്വബ്റാനി ഏകദേശം ആയിരത്തിലധികം ഗുരുക്കന്മാരിൽ നിന്ന് ഹദീസ് വിജ്ഞാനം ആർജിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗുരുക്കന്മാർ അബ്ദുല്ലാഹ് ഇബ്നു അഹ്മദ് ഇബ്നു ഹമ്പല്‍, അബൂ സുറഅ അൽറാസി, അബൂ ഹാതിം അൽറാസി, ഇസ്ഹാഖ് ഇബ്നു റാഹവൈഹ്, ബിഷ്ർ ഇബ്നു മുആദ് അൽഅഖ്ദി, അഹ്മദ് ഇബ്നു മുനിയ് അൽബഗ്‌വി, അബൂ യഅ്‌ലാ അൽമൗസിലി, സഈദ് ഇബ്നു അംറു അൽഅശ്അസ് എന്നിവരാണ്.
ഇസ്‌ലാമിക വിജ്ഞാനം പിൽക്കാല തലമുറകളിലേക്ക് കൈമാറുന്നതിൽ ഇമാം ത്വബറാനിയുടെ പ്രഗത്ഭരായ ശിഷ്യർക്ക് വലിയ പങ്കുണ്ട്. ഹദീസ് ശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ വിശ്വ പ്രശസ്തരാണ്. സ്വാഹിബ് ഇബ്നു അബ്ബാദ്, ഇബ്നുൽഅമീദ്, അബൂ നുഅൈം അൽഇസ്‌ഫഹാനി, അൽഹാകിം അൽനീഷാപൂരി എന്നിവർ അവരിൽ പ്രധാനികളാണ്.
ദൗലത്ത് ദയാലിമിയ്യയിലെ പ്രശസ്ത മന്ത്രിയായിരുന്ന സ്വാഹിബ് ഇബ്നു അബ്ബാദ് ഇമാം ത്വബ്റാനിയുടെ ശിഷ്യനും അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നവനുമായിരുന്നു. അറബി ഭാഷയിലും സാഹിത്യത്തിലും വലിയ പണ്ഡിതനും പ്രമുഖ എഴുത്തുകാരനുമായിരുന്നു അദ്ദേഹം. ഏറ്റവും പ്രശസ്തനും പ്രഗത്ഭനുമായ മന്ത്രിയായിരുന്നു ഇബ്നുല്‍അമീദ്. അറബി കവിത, ഭാഷാശാസ്ത്രം, ലുഗത്ത് (ഭാഷാ നിഘണ്ടുശാസ്ത്രം) എന്നിവയിൽ ഉന്നതജ്ഞാനം നേടിയിരുന്ന ഇബ്നുൽഅമീദിനെ തബറാനിയുടെ അറിവ് അതിജീവിച്ച മനുഷ്യരൂപമായി കണക്കാക്കുന്നു. ഇമാം ത്വബ്റാനിയുടെ പ്രമുഖ ശിഷ്യരിൽ ഒരാളാണ് അബൂ നുഅൈം അൽഇസ്‌ഫഹാനി. ഇദ്ദേഹമാണ് അതിപ്രശസ്തമായ ഗ്രന്ഥം "ഹില്യത്തുൽ ഔലിയാ" (حلية الأولياء) യുടെ രചയിതാവ്. ആധ്യാത്മികവും ഹദീസ് പാരമ്പര്യവുമുള്ള ഒരു ബഹുമുഖ പണ്ഡിതനായിരുന്നു അബൂ നുഅൈം. കൂടാതെ, "അൽമുസ്തദ്റക് അല സ്സ്വഹീഹൈൻ" (المستدرك على الصحيحين) എന്ന പ്രശസ്ത ഹദീസ് ഗ്രന്ഥം രചിച്ച അൽഹാകിം അൽനീഷാപൂരി അദ്ദേഹത്തിന്റെ ശിഷ്യനാണ്. അബുൽ അബ്ബാസ് അഹ്മദ് ബിൻ മൻസൂർ അൽഷീറാസി പറയുന്നതനുസരിച്ച്, അദ്ദേഹം ഇമാം ത്വബ്റാനിയിൽ(റ) നിന്ന് മൂന്ന് ലക്ഷം ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അബൂ നുഅൈം അൽഹാഫിസ് പറയുന്നു: "ഞാൻ അഹ്മദ് ഇബ്ൻ ബന്ദാര്‍ പറയുന്നത് കേട്ടിട്ടുണ്ട്: ഞാൻ ഹിജ്‌റ 288-ാം വർഷത്തിൽ അൽഅസ്കർ എന്ന പ്രദേശത്തെത്തിയപ്പോൾ അബ്ദാൻ എന്ന വലിയ ഹദീസ് പണ്ഡിതന്റെ ഹദീസ് ക്ലാസിന് ഹാജരായി. അദ്ദേഹം ഹദീസ് ആഖ്യാനം ചെയ്യാനായി പുറത്തേക്ക് വന്നപ്പോൾ, മുഅ്സ്തംലി (ഹദീസ് എഴുതുന്നതിനുള്ള ശിഷ്യൻ) അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങൾക്ക് ഹദീസ് ആഖ്യാനം ചെയ്യാൻ തയ്യാറാണെങ്കിൽ ആരംഭിക്കാമോ?” അദ്ദേഹം ഉത്തരം പറഞ്ഞു: “ത്വബ്റാനിഎത്തുന്നതുവരെ കാത്തിരിയ്ക്കണം.”
അദ്ദേഹം പറയുന്നു, കുറച്ചുകാലത്തിന് ശേഷം അബൂൽ ഖാസിം ത്വബ്റാനിഎത്തി. ഒരു തുണി കൊണ്ട് അര വരെ മറച്ചും മറ്റൊന്ന് മേല്‍മുണ്ടായി ഇട്ടും, കയ്യിൽ പല ഭാഗങ്ങളായ ഹദീസ് ഗ്രന്ഥങ്ങൾ പിടിച്ചുകൊണ്ടുമായിരുന്നു അദ്ദേഹത്തിന്റെ വരവ്. അദ്ദേഹത്തോടൊപ്പം വിവിധ നഗരങ്ങളിൽ നിന്നുള്ള അഞ്ഞൂറിലേറെ വിദ്യാർത്ഥികളും ഉണ്ടായിരുന്നു.
ഹദീസിലെ സംഭാവനകൾ
ഇമാം ത്വബ്റാനിയുടെ രചനകളുടെ പ്രധാന മേഖല ഹദീസ് ശാസ്ത്രമായിരുന്നു. അദ്ദേഹത്തിന്റെതായി അറിയപ്പെടുന്ന നിരവധി ഗ്രന്ഥങ്ങളുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്:
കിതാബ് അൽഫറായിദ്, കിതാബ് അൽമഹ്മൂൻ, കിതാബ് അസ്ഹരി മിൻ അൻസ്, മംദായി മുഹാദ, മുസ്നദ് ഉമാറ ബിൻ ഗസിയ്യ, അബൂഹുറൈറ(റ.അ.)ന്റെ വസിയ്യത്, അഹാദീസ് ബി അമ്രൂ ബിൻ അൽഅലാ, കിതാബ് അൽഇബാറ, മുസ്നദ് സിയാദ് അൽജസ്സാസ്സു, മുസ്നദ് സായിർ, കിതാബ് അൽമനാസിക്, മുസ്നദ് അൽഷുഅബ, ഫവായിദ് മഅ്‌രിഫതുസ് സഹാബ, കിതാബ് അൽറദ്ദ് അലൽജഹ്‌മിയ്യ, മുസ്നദ് അബൂദർ (റ.അ.), കിതാബുല്‍ഗുസ്ൽ, കിതാബുഫദ്ലിൽ ഇൽമ്, കിതാബുസ്സുന്ന.
മൂന്നു മുഅ്ജമുകൾ
ഹസ്രത്ത് ഷാ അബ്ദുൽ അസീസിന്റെ വീക്ഷണത്തിൽ, ഇമാം ത്വബ്റാനിയുടെ ഏറ്റവും പ്രശസ്തമായ മൂന്ന് ഗ്രന്ഥങ്ങളാണ് മുഅ്ജമുകൾ എന്ന് അറിയപ്പെടുന്നത്.
അൽമുഅ്ജമുൽ കബീർ: ഹദീസ് ലോകത്ത് ഏറ്റവും പ്രാധാന്യമുള്ളതും ഏറ്റവും വലിയതുമായ ഈ ഗ്രന്ഥം 16,000-ലധികം ഹദീസുകൾ ഉൾക്കൊള്ളുന്നു. സ്വഹാബികളിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുകൾ നിവേദകരെ അടിസ്ഥാനമാക്കി ക്രമീകരിച്ചിരിക്കുന്ന ഒരു ബൃഹത്തായ സമാഹാരമാണിത്. അബൂഹുറൈറ(റ.അ.)ന്റെ ഹദീസുകൾ പ്രത്യേകം തരംതിരിച്ച് ക്രമീകരിക്കണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നെങ്കിലും, ആ പദ്ധതി പൂർത്തീകരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കുകയോ, ലഭിച്ചാൽത്തന്നെ അതിന് വ്യാപകമായ പ്രസിദ്ധിയും അംഗീകാരവും ലഭിക്കുകയോ ചെയ്തില്ല.
അൽമുഅ്ജമുൽ ഔസത്: ഹദീസ് പണ്ഡിതർ ഈ ഗ്രന്ഥത്തെ 'അപൂർവ ഹദീസ് ശേഖരണം' (The Rare Hadith Collection) എന്ന് വിശേഷിപ്പിക്കുന്നു. ആറ് വോള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള അൽമുഅ്ജമുൽ ഔസത്, ഓരോ വോള്യവും വിപുലമായ ഉള്ളടക്കമുള്ളതാണ്. ഇമാം ത്വബറാനിയുടെ ഗുരുനാഥന്മാരുടെ പേരുകളുടെ ക്രമത്തിലാണ് ഈ പുസ്തകങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ എല്ലാ പ്രധാന ഗുരുക്കന്മാരിൽ നിന്നുള്ള ഹദീസുകളും ഇതിൽ ഉൾപ്പെടുന്നു. ഓരോ ഗുരുവിൽ നിന്നും കേട്ട അപൂർവവും അസാധാരണവുമായ ഹദീസുകളാണ് ഈ ഗ്രന്ഥത്തിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്.
അൽമുഅ്ജമുൽ സഗീർ: ഈ ഗ്രന്ഥവും ശൈഖുമാരുടെ പേരുകളുടെ ക്രമത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ പുസ്തകത്തിൽ, ഏതെങ്കിലും ഒരു ശൈഖിൽ നിന്ന് ഒരൊറ്റ ഹദീസ് മാത്രമാണ് ത്വബ്റാനി നിവേദനം ചെയ്തിട്ടുള്ളതെങ്കിൽ പോലും, അത്തരം ശൈഖുമാരെ അദ്ദേഹം വിശദമായി പരാമർശിച്ചിട്ടുണ്ട്.
അൽമുഅ്ജമുൽ കബീർ എന്ന ഗ്രന്ഥത്തിന്റെ അവസാനത്തിൽ 'ഹദീസ് ഹൽബ് അൽഅൻസ്' എന്ന ഒരു ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസ് അനുസരിച്ച്, ഒരു ദിവസം പ്രവാചകൻ(സ്വ)യുടെ വീട്ടിൽ വിശപ്പും ക്ഷീണവുമുള്ള ഒരു അതിഥി എത്തി. കാരുണ്യപൂർവ്വം, പ്രവാചകൻ (സ്വ) വീട്ടിലുണ്ടായിരുന്ന ഒരു ആടിന്റെ പാൽ കറക്കാൻ തീരുമാനിച്ചു. സാധാരണയായി പാൽ കുറവായിരുന്ന ആടിന്റെ അടുത്ത് ചെന്ന് പ്രവാചകൻ(സ്വ) പ്രാർത്ഥിക്കുകയും അതിനോട് ദയയോടെ പെരുമാറുകയും ചെയ്തപ്പോൾ, അത്ഭുതകരമായി പാൽ നൽകുകയും അതിഥിക്കും മറ്റുള്ളവർക്കും മതിയാകും വിധം പാൽ ലഭിക്കുകയും ചെയ്തു. ഈ ഹദീസ് ചില പ്രത്യേക പാഠങ്ങളിലെയും പദാർത്ഥങ്ങളിലെയും ആധികാരികത പരിശോധിക്കാൻ ഉപയോഗിക്കുന്നു.
കിതാബുദ്ദുആ
ഇമാം ത്വബ്റാനിയുടെ മറ്റൊരു പ്രധാന ഗ്രന്ഥമാണ് കിതാബുദ്ദുആ. ഈ കൃതിയെ കുറിച്ച് ഇമാം ത്വബറാനി ഇപ്രകാരം പറഞ്ഞിട്ടുണ്ട്: "ഈ പുസ്തകത്തിൽ ഞാൻ അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് നബി (സ്വ) യുടെ എല്ലാ ദുആകളും സമാഹരിച്ചിട്ടുണ്ട്. കാരണം, ഇസ്‌ലാമികതയുടെ പേരിൽ ചില ഹദീസുകളിൽ പരാമർശിക്കുന്ന ദുആകളെ ആശ്രയിക്കുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ അവയെല്ലാം ഹദീസിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് അസാധുവായവയോ ദുർബലമായവയോ ആണ്. ദുആകൾക്ക് കാവ്യരൂപം നൽകുകയോ അതിരുകടന്ന വർണ്ണനകൾ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നബി (സ്വ) മുൻപേ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങൾ കണ്ടതിനാലാണ്, നബി (സ്വ)യിൽ നിന്നുള്ള ആധികാരികമായ ദുആകൾ മാത്രം ഉൾപ്പെടുത്തി ഒരു ഗ്രന്ഥം തയ്യാറാക്കാൻ ഞാൻ ധൈര്യം കാണിച്ചത്."
"ഈ ഗ്രന്ഥം ഞാൻ ആരംഭിച്ചത് ദുആയുടെ ആദാബുകള്‍ വിശദീകരിച്ചുകൊണ്ടാണ്. പിന്നീട്, പ്രവാചകൻ (സ്വ) എപ്പോഴൊക്കെ, എങ്ങനെയൊക്കെ ദുആ ചെയ്തിരുന്നെന്ന് ഓരോ സന്ദർഭത്തിനും പ്രത്യേക അധ്യായങ്ങളായി ക്രമീകരിച്ചു."
"ഓരോ ദുആയും അതിന്റെ യോജിച്ച സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഈ ഗ്രന്ഥം കേൾക്കുന്നവർക്കും വായിക്കുന്നവർക്കും ദുആകളെ പൂർണ്ണമായും ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. അവർക്ക് അത് ഉപയോഗിക്കാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് ഞാൻ ഇത് ക്രമീകരിച്ചിരിക്കുന്നത്."
തുടർന്ന് ഇമാം ത്വബ്റാനി ഒരു അധ്യായം നല്കുകയും അതിൽ ഖുർആനിലെ "ادْعُونِي أَسْتَجِبْ لَكُمْ" (നിങ്ങൾ എനിക്ക് പ്രാർത്ഥിക്കൂ, ഞാൻ അതിന് ഉത്തരം പറയും) എന്ന ആയത്തിന്റെ തഫ്സീർ നല്കുകയും ചെയ്തിരിക്കുന്നു. അതിന് അനുയോജ്യമായി, അബ്ദുല്ലാ ബിൻ മുഹമ്മദ് ബിൻ സഈദ് ബിൻ മർയം, മുഹമ്മദ് ബിൻ യൂസുഫ് അൽഫരിയാബി, അലി ബിൻ അബ്ദുൽഅസീസ് അബൂ ഹുഫൈഫ, സുഫ്യാൻ, മൻസൂർ, അസ്ഹർ ബിൻ അബ്ദുല്ലാ എന്നിവരിലൂടെ നുഅമാൻ ബിൻ ബശീർ (റ) നിവേദനം ചെയ്ത, "ദുആ തന്നെ ആരാധനയാണ്" എന്ന ഹദീസും ഉദ്ധരിക്കുന്നു. "നിങ്ങൾ എനിക്ക് ദുആ ചെയ്യൂ, ഞാൻ അതിന് ഉത്തരം പറയും. എന്നാൽ ആരെങ്കിലും എന്റെ ആരാധന (ദുആ)യിൽ നിന്ന് അഹങ്കരിച്ചാൽ, ഉടൻ അവർ അപമാനത്തോടെയും നിന്ദയോടെയും നരകത്തിലേക്ക് പ്രവേശിപ്പിക്കപ്പെടും." ഈ കൃതിയും വളരെ വലുതും വിപുലമായ ഉള്ളടക്കമുള്ളതുമാണ്.
ഇബ്നുല്‍അമീദിന്റെ അനുഭവവും തിരിച്ചറിവും
ഇമാം ത്വബ്റാനിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവം അദ്ദേഹം തന്റെ മുഅ്ജമുൽ കബീറിൽ പറയുന്നുണ്ട്. പ്രശസ്തനായ മന്ത്രി ഇബ്നുല്‍അമീദ്, ലോകത്തിലെ ഏറ്റവും ഉയർന്ന പദവി മന്ത്രിസ്ഥാനമാണെന്നും, താൻ അനുഭവിച്ച ആനന്ദം മറ്റൊന്നിലും കണ്ടിട്ടില്ലെന്നും വിശ്വസിച്ചിരുന്നു. അദ്ദേഹം ജനങ്ങളുടെ ആശ്രയകേന്ദ്രമായിരുന്നു. അവശരായ ആളുകൾ അദ്ദേഹത്തെ തങ്ങളുടെ അഭയവും ആശ്വാസവുമായി കണ്ടിരുന്നു.
ഒരു ദിവസം തന്റെ മുന്നിൽ പ്രശസ്ത ഹദീസ് പണ്ഡിതരായ അബൂബകർ ജഅ്‌ആലി (റ)യും അബുൽ ഖാസിം ത്വബ്റാനി (റ)യും തമ്മിൽ ഹദീസിന്റെ വിഷയത്തിൽ ഒരു സംവാദം നടന്നു. ഒരിക്കൽ ഇമാം ത്വബ്റാനി ഹദീസുകളിലുള്ള തന്റെ അഗാധമായ ഓർമ്മശക്തിയുടെ പേരിൽ വിജയം നേടിയപ്പോൾ, മറ്റൊരു അവസരത്തിൽ അബൂബകർ ജഅ്‌ആലി തന്റെ വാക്ചാതുര്യത്താൽ മുന്നിട്ട് നിന്നു. ഇത് ഏറെനേരം തുടർന്നു. ശബ്ദങ്ങൾ ഉയർന്നു, ആവേശം പടർന്നു.
ജഅ്‌ആലി പറഞ്ഞു: “എന്റെ കൈവശം മാത്രമുള്ള ഒരു ഹദീസ് ഉണ്ട്. അത് ഈ ഭൂമിയിൽ മറ്റാരുടേയും കൈവശമില്ല.”
അബൂ ഖലീഫ ഞങ്ങളോട് നിവേദനം ചെയ്തു, സുലൈമാൻ ബിൻ അയ്യൂബ് ഞങ്ങളോട് നിവേദനം ചെയ്തു, എന്നിങ്ങനെ സനദ് വിവരിച്ച ശേഷം ജഅ്‌ആലി ആ ഹദീസ് കേള്‍പ്പിച്ചു. അപ്പോൾ ഇമാം ത്വബ്റാനി പ്രതിവചിച്ചു: "ഞാനാണ് സുലൈമാൻ ബിൻ അയ്യൂബ്, അബൂ ഖലീഫ എന്റെ ശിഷ്യനാണ്!" ഇത് കേട്ട് ജഅ്‌ആലി പരാജയം സമ്മതിക്കുകയും ഇമാം ത്വബ്റാനിയെ നമിക്കുകയും ചെയ്തു.
ഇമാം ത്വബ്റാനി രചിച്ച ഈ ഗ്രന്ഥം ദാറുഖുത്നി രചിച്ച 'അൽഇഫ്റാദ്' എന്ന ഹദീസ് ഗ്രന്ഥത്തോട് സാമ്യമുള്ളതാണ്. ഈ കൃതിയെക്കുറിച്ച് ഇമാം ത്വബ്റാനി പറയാറുണ്ടായിരുന്നു: "ഇത് എന്റെ ആത്മാവാണ്." ഹദീസ് ശാസ്ത്രത്തിൽ ത്വബ്റാനിക്ക് ഉണ്ടായിരുന്ന അറിവിന്റെ ആഴവും അദ്ദേഹത്തിന് ലഭ്യമായ നിവേദനങ്ങളുടെ വിശാലതയും ഈ ഗ്രന്ഥം വ്യക്തമായി തെളിയിക്കുന്നു. എന്നിരുന്നാലും, ഹദീസ് ശാസ്ത്രത്തിലെ ചില വിദഗ്ധരും ഗവേഷകരുമായ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്, ഇമാം ത്വബ്റാനിയുടെ ഈ ഗ്രന്ഥത്തിൽ വിശ്വാസ്യത കുറഞ്ഞതും പലവിധ പ്രശ്നങ്ങളുള്ളതുമായ ഹദീസുകൾ കാണപ്പെടുന്നുണ്ടെന്നാണ്.
ഇതിനർത്ഥം, അതിൽ 'ഗറാബത്' (അപൂർവത) ഉള്ളത് സ്വാഭാവികമാണ് എന്നാണ്. എന്നാൽ വിശ്വാസയോഗ്യനായ ഒരേയൊരു റാവിയിലൂടെയുള്ള നിവേദനം ഉണ്ടെങ്കിൽ, അതിനെ 'ഗരീബ് സഹീഹ്' എന്ന് പറയുന്നതുപോലെ, ഹദീസ് ശാസ്ത്രത്തിൽ അതിന് പ്രത്യേകമായ ഒരു വിഭാഗമുണ്ട്.
ഇമാം ത്വബ്റാനി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ഈ കാലഘട്ടത്തിലെ മറ്റ് എഴുത്തുകാരെയും ഗ്രന്ഥകാരെയും പോലെ, അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും പൂർണ്ണമായി സംരക്ഷിക്കപ്പെട്ടിട്ടില്ല.
ത്യാഗനിർഭരമായ ജീവിതവും അന്ത്യവും
ഇമാം ത്വബ്റാനിയുടെ ജീവിതം അക്ഷരാർത്ഥത്തിൽ ത്യഗത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഉത്തമ ഉദാഹരണമാണ്. ഹദീസുകൾ ശേഖരിക്കുന്നതിനായി അദ്ദേഹം മുപ്പതിലധികം രാജ്യങ്ങളിലൂടെയാണ് യാത്ര ചെയ്തത്. അക്കാലത്ത് യാത്രകൾ അതീവ അപകടകരവും ദുഷ്കരവുമായിരുന്നു. മോശം കാലാവസ്ഥ, വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടുപാതകൾ, ഭക്ഷണത്തിന്റെയും സൗകര്യങ്ങളുടെയും ദൗര്‍ലഭ്യം, താമസ സൗകര്യങ്ങളുടെ അഭാവം, ആവശ്യത്തിന് ഉറക്കം പോലും ലഭിക്കാത്ത അവസ്ഥ, കഠിനമായ ചൂടും തണുപ്പും എന്നിങ്ങനെയുള്ള നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് അദ്ദേഹം മുന്നോട്ട് പോയത്. സ്വന്തം സുഖസൗകര്യങ്ങളും വിശ്രമവും ഉപേക്ഷിച്ചാണ് അദ്ദേഹം ഇതെല്ലാം ചെയ്തത്. അബൂ ബക്റ് ഇബ്ൻ അബീ അലി പറയുന്നു: എന്റെ പിതാവ് അബുൽഖാസിം ത്വബ്റാനിയോട് അദ്ദേഹത്തിന്റെ ഹദീസുകളുടെ അളവിനെക്കുറിച്ച് ചോദിച്ചു. അതിനുത്തരമായി ത്വബ്റാനി പറഞ്ഞു: ‘ഞാൻ മുപ്പത് വർഷം ബൂരികളിനു മീതെ (തരിച്ച ചണക്കുപ്പായം പോലുള്ള അരികില്ലാത്ത പരുത്ത വസ്ത്രം) ഉറങ്ങുകയായിരുന്നു.’ വിജ്ഞാനം തേടുന്നവർക്ക് കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരുമെന്നതിന് അദ്ദേഹത്തിന്റെ ജീവിതം വ്യക്തമായ തെളിവാണ്.
അവസാന നാളുകൾ
അബൂബക്റ് ഇബ്ൻ മർദുവൈഹ് തന്റെ ‘താരീഖ്’ എന്ന കൃതിയിൽ പറയുന്നു: ത്വബ്റാനിയുടെ ഇസ്‌ഫഹാനിലേക്കുള്ള രണ്ടാം വരവ് ഹിജ്‌റ 310-ലായിരുന്നു. അതിനുമുമ്പേ അവിടെ അഹ്മദ് ഇബ്ൻ മുഹമ്മദ് ഇബ്ൻ റുസ്തം അൽആമിലി എത്തിയിരുന്നു. അദ്ദേഹം ത്വബ്റാനിയെ ആത്മാർഥതയോടെ സ്വീകരിച്ചു, അദ്ദേഹത്തെ നഗരത്തിൽ താമസിപ്പിച്ചു, എല്ലാ സഹായങ്ങളും നൽകി. തുടർന്ന് സർക്കാർ വരുമാന ഓഫീസായ ദാറുൽ ഖറാജിൽ നിന്ന് തബറാനിക്ക് സ്ഥിരമായ വരുമാനമെന്ന നിലയിൽ ആനുകൂല്യവും ഏര്‍പ്പാടാക്കി. അദ്ദേഹം വഫാത്ത് ആകുംവരെ അത് കൈപ്പറ്റി പോന്നിരുന്നു.
ഇമാം ത്വബ്റാനി(റ) തന്റെ ജീവിതത്തിന്റെ അവസാന നാളുകളിലും ഗ്രന്ഥരചനയിലും ഹദീസ് സമാഹരണത്തിലും വ്യാപൃതനായിരുന്നു. സുന്നി ഇസ്‍ലാമിന്റെ വിമത വിഭാഗങ്ങളായിരുന്ന (സനാദിഖ, ഖറാമിത, ഇസ്‌മാഈലിയ്യ തുടങ്ങിയവ) അദ്ദേഹത്തിനെതിരായിരുന്നു. ത്വബ്റാനിയുടെ ഹദീസുകൾ അവരുടെ മതത്തെയും വിശ്വാസങ്ങളെയും തുറന്നുകാട്ടിയതിനാൽ, ത്വബ്റാനിക്ക് പ്രയാസങ്ങള്‍ വരുത്താൻ അവർ സിഹ്റ് ചെയ്തതായി പറയപ്പെടുന്നു. ഇതിൻ്റെ ഫലമായി അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടപ്പെട്ടു. ഹിജ്‌റ 360 ദുൽഖഅദ മാസം 28-ന് (ക്രി. 971) ഇറാനിലെ ഇസ്ഫഹാനിൽ വെച്ച് ഇമാം ത്വബ്റാനി വഫാത്തായി. നൂറു വർഷവും പത്ത് മാസവും നീണ്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകിയത് ഹാഫിസ് അബൂ നുഅൈം അൽഇസ്ഫഹാനി (ഹില്യത്തുൽ ഔലിയയുടെ കർത്താവ്) ആയിരുന്നു. അദ്ദേഹത്തിന്റെ വിശുദ്ധ ഖബർ ഹസ്രത് മുഹമ്മദ് വസി (റ) യുടെ ഖബറിന് സമീപമാണ്.
ഇമാം ത്വബ്റാനിയുടെ ജീവിതം കേവലം ഒരു ചരിത്രം മാത്രമല്ല, അത് വരും തലമുറകൾക്ക് വലിയ പ്രചോദനം കൂടിയാണ്. വിജ്ഞാനസമ്പാദനത്തിനായി അദ്ദേഹം സഹിച്ച ദുരിതങ്ങൾ, നടത്തിയ യാത്രകൾ, പഠനത്തോടുണ്ടായിരുന്ന അചഞ്ചലമായ ആത്മാർത്ഥത എന്നിവയെല്ലാം ഇന്നും ലോകം സ്മരിക്കുന്ന പാഠങ്ങളാണ്.
അവലംബം:
- അൽ-മുഅ്ജം അൽ-കബീർ
- അൽ-മുഅ്ജം അൽ-അൌസത്
- അൽ-മുഅ്ജം അൽ-സഗീർ
- സിയർ അഅ്‌ലാമു നുബലാ
ഒടമല ശൈഖ് ഫരീദ് ഔലിയ ദഅ്‍വാ കോളേജ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍



Leave A Comment