അബൂ ഹുറൈറ (റ) -1
സ്വഹാബി വൃന്ദത്തിലെ ഈ ദീപ്ത താരത്തെ അറിയാത്തവര്‍ വിരളമായിരിക്കും. അബൂ ഹുറൈറ(റ) എന്ന ഹദീസ് പണ്ഡിതന്റെ നാമം കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. ആ സ്വഹാബി വര്യന്റെ ജീവിതപരിസരങ്ങളിലെ ഏതാനും ചില ഏടുകള്‍ തുറക്കപ്പെടുകയാണിവിടെ. അബ്ദു ശംസ് എന്നായിരുന്നു ജാഹിലിയ്യാ കാലത്ത് അബൂ ഹുറൈറ(റ)യുടെ നാമം. ഇസ്‍ലാന്റെ മഹിത സന്ദേശം പുല്‍കിയ അദ്ദേഹത്തെ കണ്ട നബി (സ) ചോദിച്ചു: '' നിങ്ങളുടെ പേരെന്താണ്?'' അദ്ദേഹം പറഞ്ഞു:'' അബ്ദു ശംസ് എന്നാണ് എന്റെ പേര്.'' നബി (സ്വ):'' അത് തെറ്റാണ്, നീ അബ്ദുറര്‍ഹാമാനാണ്.''
അബൂ ഹുറൈറ പറഞ്ഞു: '' ഫിദാക യാറസൂലല്ലാഹ്, ഞാന്‍ കാരുണ്യവാനായ അല്ലാഹുവിന്റെ അടിമയാണ്- അബ്ദുറര്‍ഹ്മാന്‍.'' എന്നാല്‍ ' അബൂ ഹുറൈറ' എന്ന സുപരിചിത നാമത്തില്‍ അദ്ദേഹം അറിയപ്പെടുന്നതില്‍ മറ്റൊരു ചരിത്രമുണ്ട്. ബാല്യകാലത്ത് കളിക്കൂട്ടുകാരനായി ഒരു കുഞ്ഞി പൂച്ച അബ്ദു ശംസിന് കൂടെയുണ്ടായിരുന്നു. അങ്ങനെ സമപ്രായക്കാര്‍ അദ്ദേഹത്തെ ' അബൂ ഹുറൈറ' (പൂച്ചക്കുട്ടിയുടെ പിതാവ്) എന്ന് വിളിച്ചുകൊണ്ടിരുന്നു. ഇത് പിന്നീട് വ്യാപകമാവുകയും ആ അപരനാമത്തില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. നബി (സ) യുടെ സന്തത സഹചാരിയായി അബൂ ഹുറൈറ (റ) എപ്പോഴും കൂടെയുണ്ടായിരുന്നു. അതീവ സ്‌നേഹവും അനുകമ്പയുമാണ് നബി (സ)ക്ക് അബൂ ഹുറൈറ(റ)യോട്. 'അബൂ ഹുറൈറ' എന്നും 'അബൂ ഹിര്‍' എന്നീ രണ്ടു പേരുകളിലും പ്രവാചകന്‍ (സ്വ) അദ്ദേഹത്തെ അഭിസംബോധനം ചെയ്യുമായിരുന്നു. കൂടുതലായും 'അബൂ ഹിര്‍' എന്ന് തന്നെ വിളിച്ചു. ഈ വിളിയാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. കാരണം നബി (സ) വിളിച്ചത് അങ്ങനെയാണ്. മാത്രമല്ല, 'ഹിര്‍' പുരുഷലിംഗ പദവും 'ഹുറൈറത്ത്' എന്നത് സ്ത്രീലിംഗ പദവുമാണ്. പുരുഷലിംഗ പദമാണ് സ്ത്രീലിംഗപദത്തേക്കാള്‍ ഉത്തമം എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
** ** **
'ദൗസ്' ഗോത്രക്കാരനാണ് അബൂ ഹുറൈറ (റ). ഗോത്രാംഗം തന്നെയായ ആമിര്‍ ബിന്‍ തുഫൈല്‍ അദ്ദൗസി (റ) യാണ് ഗോത്രത്തിലേക്ക് ഇസ്‍ലാമിന്റെ സുകൃത സന്ദേശം എത്തിച്ചത്. അങ്ങനെയാണ് അബൂ ഹുറൈറ (റ) ഇസ്‍ലാമിന്റെ സത്യവാചകം ഏറ്റുപറയുന്ന ത്. ഹിജ്‌റയുടെ ശേഷം ആറു വര്‍ഷം തന്റെ ഗോത്രത്തില്‍ തന്നെയാണ് അബൂ ഹുറൈറ (റ) കഴിഞ്ഞിരുന്നത്. പിന്നീടാണ് 'ദൗസ്' ഗോത്രത്തിലെ ഒരു സംഘം പ്രവാചക സന്നിധിയിലേക്ക് യാത്രതിരിക്കുന്നത്. ആ സംഘത്തിനൊപ്പം ചേര്‍ന്ന അബൂ ഹുറൈറ (റ) യും മദീനയിലെത്തി പ്രവാചക(സ) നൊപ്പം ചേര്‍ന്നു.
** ** **
സമസ്ത വ്യവഹാരങ്ങളും തിരസ്‌കരിച്ച് അബൂ ഹുറൈറ (റ) പ്രവാചക (സ)ന്റെ നിഴലായി കഴിഞ്ഞു കൂടി. മസ്ജിദു ന്നബവിയായിരുന്നു അദ്ദേഹത്തിന്റെ വീട്. പ്രവാചകര്‍ (സ്വ) അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശിയും അധ്യാപകനുമാണ്. പ്രവാചക ജീവിതകാലത്ത് ഒരു കുടുംബ ജീവിതം അബൂ ഹുറൈറ (റ)ക്ക് ഉണ്ടായിരുന്നില്ല. കുടുംബത്തില്‍ വൃദ്ധയായ മാതാവ് മാത്രമാണ് കൂടെയുണ്ടായിരുന്നത്. അവിശ്വാസിയായി കഴിഞ്ഞിരുന്ന മാതാവിനെ സത്യമതത്തിലേക്ക് ക്ഷണിക്കല്‍ അദ്ദേഹത്തിന്റെ പതിവായിരുന്നു. മാതാവിനോട് അതിരറ്റ സ്‌നേഹവും വാത്സല്യവുമാണ് അബൂ ഹുറൈറ (റ) യ്ക്ക് ഉണ്ടായിരുന്നത്. മകനെ ആട്ടിയോടിച്ചും അവനെ മുഖവിലക്കെടുക്കാതെയുമാണ് മാതാവ് പ്രതികരിച്ചത്. മാതാവിനെ തിരസ്‌കരിച്ച് അദ്ദേഹം മനംനൊന്ത് കഴിഞ്ഞു കൂടി. ഒരു ദിവസം മാതാവിനെ സത്യമതത്തിലേക്ക് പ്രബോധനം ചെയ്യുകയായിരുന്നു അബൂ ഹുറൈറ(റ). പ്രവാചകനെ (സ) സംബന്ധമായി ചില അപരാധങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അബൂ ഹുറൈറ(റ) യുടെ ഹൃദയം വേദനിച്ചു. കരഞ്ഞുകൊണ്ട് പ്രവാചകരു(സ) ടെ അടുത്തെത്തി.
നബി (സ്വ) ചോദിച്ചു: ''അബൂ ഹുറൈറ, നീ എന്തിനാണ് കരയുന്നത്.'' അദ്ദേഹം പറഞ്ഞു : '' മാതാവിനെ സത്യമതത്തിലേക്ക് പ്രബോധനം ചെയ്യാത്ത ഒരു ദിവസവും എന്നില്‍ നിന്ന് കഴിഞ്ഞു പോയിട്ടില്ല. ഓരോ സമയവും മാതാവ് എന്റെ ക്ഷണം നിരസിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ഞാന്‍ എന്റെ ദൗത്യം നിര്‍വഹിച്ചപ്പോള്‍ അങ്ങയെ കുറിച്ച് മാതാവ് മോശമായ പരാമര്‍ശങ്ങള്‍ നടത്തി. എന്റെ ഹൃദയം വേദനിച്ചു. അതുകൊണ്ട് മാതാവിന്റെ ഹൃദയം മാറി ഇസ്‍ലാം സ്വീകരിക്കാനുള്ള മനസ്സുണ്ടാവാന്‍ അവിടുന്ന് പ്രാര്‍ത്ഥിക്കണം പ്രവാചകരേ.'' ഉടനെ പ്രവാചകര്‍(സ) പ്രാര്‍ത്ഥിക്കുകയുണ്ടായി. അബൂ ഹുറൈറ(റ) പറയുന്നു: '' ഞാന്‍ വീട്ടിലേക്ക് പോയി. വീടിന്റെ കതക് അടച്ചിട്ടുണ്ട്. അകത്ത് നിന്നും വെള്ളം ഒഴിക്കുന്ന ശബ്ദം കേള്‍ക്കുന്നു. ഉള്ളിലേക്ക് പ്രവേശിക്കാന്‍ തുനിഞ്ഞപ്പോള്‍ മാതാവ് എന്നോട് പറഞ്ഞു: '' അബൂ ഹുറൈറാ, അവിടെ നില്‍ക്കൂ''. വസ്ത്രം ധരിച്ച് കഴിഞ്ഞപ്പോള്‍ അകത്തേക്ക് പ്രവേശിക്കാന്‍ പറഞ്ഞു. എന്നെ കണ്ടതോടെ മഹതി ഉരുവിട്ടുകൊണ്ടിരുന്നു: '' അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാ, വ അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്.'' ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി പ്രവാചകരു(സ) ടെ സവിധത്തിലേക്ക് ഓടി. അല്‍പസമയം മുന്‍പ് ദുഃഖപാരവശ്യത്താല്‍ പൊഴിച്ച കണ്ണുകള്‍ ഇപ്പോള്‍ സന്തോശാഷ്രു പൊഴിക്കുകയാണ്. ഞാന്‍ പറഞ്ഞു: '' റസൂലേ, അങ്ങേക്ക് ഒരു സന്തോഷവാര്‍ത്ത, അല്ലാഹു തആലാ അങ്ങയുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കിയിരിക്കുന്നു. അബൂ ഹുറൈറ(റ) യുടെ മാതാവ് ഇസ്‍ലാം മതം സ്വീകരിച്ചിരിക്കുന്നു.''
** ** **
പ്രവാചക സനേഹം അബൂ ഹുറൈറ(റ) യുടെ രക്തത്തിലും മജ്ജയിലും കലര്‍ന്ന ഒരു വികാരമായിരുന്നു. ആ വദനത്തില്‍ നോക്കി അദ്ദേഹത്തിന്റെ വിഷപ്പടങ്ങിയില്ല. അദ്ദേഹം പറയുന്നു: '' റസൂലി(സ) നേക്കാള്‍ സുന്ദരവും ശോഭിക്കുന്നതുമായ ഒരു മുഖം ഞാന്‍ കണ്ടിട്ടില്ല. ആ മുഖത്തിലൂടെ സൂര്യന്‍ സഞ്ചരിക്കുന്നത് പോലെ എനിക്ക് തോന്നുന്നു. '' സത്യമതത്തിന്റെ അനുയായിയാവാന്‍ കഴിഞ്ഞതിലും പ്രവാചകരു(സ) ടെ സഹവാസം ലഭിച്ചതിലും അബൂ ഹുറൈറ(റ) നാഥനെ സ്തുതിക്കുമായിരുന്നു.
** ** **
പ്രവാചകാനുരാഗത്തില്‍ ലയിച്ചതുപോലെ വിജ്ഞാനത്തിലും ലയിച്ചുപോയ ഒരു ജീവിതമായിരുന്നു അബൂ ഹുറൈറ(റ) യുടേത്. വിജ്ഞാനസമ്പാദനം മാത്രമായിരുന്നു തന്റെ ജീവിത ലക്ഷ്യം. സൈദ് ബിന്‍ സാബിത് (റ) പറയുന്നു: '' ഞാനും അബൂ ഹുറൈറ(റ) യും മറ്റൊരു സ്വഹാബിയും ഇലാഹി സ്മരണയിലും പ്രാര്‍ത്ഥനയിലുമായി പള്ളിയില്‍ കഴിയുകയായിരുന്നു. പ്രവാചകര്‍ (സ) അവിടേക്ക് കടന്നുവന്ന് ഞങ്ങള്‍ക്കിടയില്‍ ഇരുന്നു. ഞങ്ങള്‍ നിശബ്ദരായി. റസൂല്‍ (സ) പറഞ്ഞു: '' നിങ്ങള്‍ മുമ്പ് ചെയ്തിരുന്നത് തന്നെ തുടര്‍ന്നോളൂ.'' അബൂ ഹുറൈറ(റ) പ്രാര്‍ത്ഥിക്കും മുമ്പേ എന്റെ ഒരു സുഹൃത്ത് പ്രാര്‍ത്ഥിച്ചു തുടങ്ങി. റസൂല്‍ (സ) ആമീന്‍ പറഞ്ഞു. ശേഷം അബൂ ഹുറൈറ(റ) പ്രാര്‍ത്ഥിച്ചു: '' അല്ലാഹുവേ, എന്റെ രണ്ട് സുഹൃത്തുക്കള്‍ നിന്നോട് തേടിയതിനെ ഞാനും തേടുന്നു. ഒരിക്കലും മറക്കാത്ത വിജ്ഞാനത്തെയും ഞാന്‍ നിന്നോട് ചോദിക്കുന്നു.'' അപ്പോള്‍ റസൂല്‍(സ്വ) ആമീന്‍ പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും അബൂ ഹുറൈറ(റ) പ്രാര്‍ത്ഥിച്ചതുപോലെ പ്രാര്‍ത്ഥിച്ചു:'' അല്ലാഹുവേ മറന്നുപോവാത്ത വിജ്ഞാനത്തെ ഞങ്ങള്‍ നിന്നോട് ചോദിക്കുന്നു.''
ഇത് ശ്രവിച്ച പ്രവാചകന്‍ (സ) പറഞ്ഞു: ''ദൗസ് ഗോത്രത്തിന്റെ സന്തതിയായ ഈ ബാലന്‍ നിങ്ങളെ അതിജയിച്ചിരിക്കുന്നു.'' സ്വജീവിതം ജ്ഞാനലോകത്തില്‍ വിരാജിക്കാന്‍ വിട്ടതുപോലെ മറ്റുള്ളവരും അങ്ങനെയാവണമെന്ന് അബൂ ഹുറൈറ(റ) ആഗ്രഹിച്ചു. ഒരു ദിവസം മദീനാ തെരുവിലൂടെ നടന്നുകൊണ്ടിരിക്കുകയാണ് അബൂ ഹുറൈറ(റ). ജനങ്ങളുടെ ഇഹലോകബന്ധവും വ്യാപാരവിനിമയങ്ങളും കണ്ട അദ്ദേഹം ദേഷ്യപ്പട്ടുകൊണ്ട് അവരോട് ചോദിച്ചു: '' മദീനാ നിവാസികളെ, നിങ്ങളെ അശക്തരാക്കിക്കൊണ്ടിരിക്കുന്നത് എന്താണ്?'' അവര്‍ പറഞ്ഞു:'' അബൂ ഹുറൈറാ, ഞങ്ങളില്‍ എന്ത് ദൌര്‍ബല്യമാണ് താങ്കള്‍ ദര്‍ശിക്കുന്നത്?'' അബൂ ഹുറൈറ (റ): ''പ്രവാചക(സ) രുടെ അനന്തരസ്വത്ത് വീതിക്കപ്പെടുന്നുണ്ട്. അപ്പോഴും നിങ്ങള്‍ ഇവിടെ തന്നെ കഴിയുകയാണോ? നിങ്ങള്‍ക്ക് നിങ്ങളുടെ വിഹിതം ആവിശ്യമില്ലേ?''ജനങ്ങള്‍ ചോദിച്ചു:'' എവിടെവെച്ചാണ് അനന്തരസ്വത്ത് വീതം വെക്കുന്നത്?''
അബൂഹുറൈറ(റ) പറഞ്ഞു: '' മസ്ജിദില്‍ വെച്ച്.'' അവര്‍ മസ്ജിദിലേക്കോടി. കരുതിയതൊന്നും അവര്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞില്ല. അവര്‍ മടങ്ങിവരുന്നതും കാത്ത് അബൂ ഹുറൈറ(റ) അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. തിരിച്ചുവന്നുകൊണ്ട് അവര്‍ അദ്ദേഹത്തോട് പറഞ്ഞു: '' ഞങ്ങള്‍ മസ്ജിദില്‍ പോയി, അവിടെ ഞങ്ങള്‍ക്കൊന്നും കാണാന്‍ കഴിഞ്ഞില്ലല്ലോ?'' അബൂ ഹുറൈറ(റ) പറഞ്ഞു: '' മസ്ജിദില്‍ ആരെയെങ്കിലും കണ്ടോ?'' അവര്‍ പറഞ്ഞു: ''അതെ, കുറച്ചാളുകള്‍ നിസ്‌കരിക്കുന്നുണ്ട്. മറ്റുചിലര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. മറ്റുചിലര്‍ ഹലാലിനെയും ഹറാമിനെയും സംബന്ധിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു.'' അപ്പോള്‍ അബൂ ഹുറൈറ(റ) അവരോട് പറഞ്ഞു: ''കഷ്ടം, അതു തന്നെയാണ് മുഹമ്മദ് നബി (സ) ഇവിടെ നിങ്ങള്‍ക്കായി കരുതിവെച്ച അനന്തര സ്വത്ത്.''
Leave A Comment