ഇഖ്റഅ് 27- വികാരങ്ങളും വിസ്മയങ്ങളുടെ ഗ്രന്ഥങ്ങള്‍ തന്നെ..

_സൃഷ്ടിച്ച നാഥന്റെ നാമത്തില്‍....

അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്‌, സ്വവര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ (ഭാര്യമാരെ) സൃഷ്ടിച്ചുതന്നിത്, നിങ്ങള്‍ അവരുമായി ഇണങ്ങിച്ചേര്‍ന്ന്‌ മനസ്സമാധാനം കൈവരുവാനായി. അവന്‍ നിങ്ങള്‍ക്കിടയില്‍ പ്രേമബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്‌തിരിക്കുന്നു. നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക്‌ അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌ (സൂറതുറൂം - 21)

സൃഷ്ടിപ്പിന്റെ അല്‍ഭുതങ്ങളിലെ മറ്റൊന്നാണ് വികാരങ്ങളും അവയുടെ പ്രകടനങ്ങളും. മനുഷ്യജീവിതം തന്നെ സുഗമമായി മുന്നോട്ട് പോവുന്നതും സമൂഹമെന്ന നിലയില്‍ അത് സാധ്യമാവുന്നതും സൃഷ്ടിപ്പില്‍ സന്നിവേശിപ്പിക്കപ്പെട്ട ഇത്തരം വികാരങ്ങളിലൂടെയാണ് എന്ന് തന്നെ പറയാം. 

ജനിച്ചുവീഴുന്ന കുഞ്ഞിനോട് മാതാവിന് തോന്നുന്ന അദമ്യമായ സ്നേഹമാണ് മനുഷ്യകുലത്തിന്റെ വംശം തന്നെ നിലനിര്‍ത്തുന്നത്. മരണത്തിന്റെ പകുതിയോളം വരുന്ന വേദനയാണ് പ്രസവ സമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്നത്. മനുഷ്യന് സഹിക്കാവുന്ന പരമാവധി വേദന ഒമ്പതര ഡോള്‍ ആണെന്നാണ് പറയപ്പെടുന്നത്, അത് കഴിഞ്ഞാല്‍ പിന്നെ മരണമാണ്. പ്രസവ വേദന ഏകദേശം അത്ര തന്നെ വരുമത്രെ. അഥവാ, മരണമുഖത്ത് നിന്നാണ് ഓരോ കുഞ്ഞും ഭൂമിയിലേക്ക് ജനിച്ച് വീഴുന്നത് എന്നര്‍ത്ഥം. 

ഇത്രയൊക്കെ വദന സഹിക്കേണ്ടിവരുമ്പോഴും, മാതാവിന് കുഞ്ഞിനോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നേയുള്ളൂ. എന്നെ ഇത്രയും വേദനിപ്പിച്ചവനാണല്ലോ എന്ന പ്രതികൂല ചിന്തക്ക് പകരം, സഹിക്കുന്ന വേദനകളത്രയും സ്നേഹവും കാരുണ്യവും വര്‍ദ്ധിപ്പിക്കാനാണ് സഹായകമാവുന്നത്. മനുഷ്യരില്‍ മാത്രമല്ല, സകല ജീവജാലങ്ങളിലും ഈ സ്നേഹത്തിന്റെ തീവ്ര തുടിപ്പുകള്‍ നമുക്ക് കാണാനാവുന്നു. മക്കളുടെ നല്ല ജീവിതത്തിനും ഭാസുര ഭാവിക്കുമായി എന്തും ത്യജിക്കാന്‍ തയ്യാറാവുന്ന പിതാക്കളും സ്നേഹത്തിന്റെ മകുടോദാഹരണങ്ങള്‍ തന്നെ. സഹോദരീസഹോദരന്മാര്‍, രക്തബന്ധുക്കള്‍, കൂട്ടുകാര്‍, നാട്ടുകാര്‍... അങ്ങനെയങ്ങനെ സ്നേഹവലയങ്ങള്‍ അനന്തമായി നീണ്ടുപോവുന്നു.

Read More: റമളാൻ ഡ്രൈവ് (ഭാഗം 27) നവൈതു

സ്നേഹം പോലെ തന്നെ പ്രധാനമാണ് മറ്റു വികാരങ്ങളും. ഇന്നലെ വരെ ഒരു പരിചയവുമില്ലാതിരുന്ന ഒരു സ്ത്രീ, തന്റെ ഭാര്യയായി വരുന്നതോടെ അവര്‍ക്കിടയില്‍ ഉണ്ടായിത്തീരുന്ന പ്രേമവും സ്നേഹവും കരുതലുമെല്ലാം അല്‍ഭുതകരം എന്നല്ലാതെ എന്ത് പറയാന്‍. ശൃംഗാരം, കരുണം, വീരം,  രൌദ്രം, ഹാസ്യം തുടങ്ങിയ നവരസങ്ങളും ഭാവവൈജാത്യങ്ങളുമെല്ലാം ഇങ്ങനെത്തന്നെ.

ഇവയെല്ലാം ചേരുമ്പോഴാണ് മനുഷ്യജീവിതം സുഗമമവും സരസവുമാവുന്നത്. ആവശ്യമാവുമ്പോള്‍ ദേഷ്യപ്പെടാനാവാത്ത അവസ്ഥയും എല്ലാവരും ഒരേ ഭാവത്തില്‍ മാത്രം നടക്കുന്നതും ഒന്ന് ആലോചിച്ചുനോക്കൂ. ജീവിതം തന്നെ വിരസമായി മാറുമെന്ന് പറയേണ്ടതില്ലല്ലോ. അഥവാ, എല്ലാം പ്രപഞ്ചനാഥന്റെ സൃഷ്ടി വിലാസങ്ങള്‍ തന്നെ. നാഥാ, ഏറ്റവും നല്ല സ്രഷ്ടാവായ നീ അനുഗ്രഹ സമ്പൂര്‍ണന്‍ തന്നെ.

നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter