നവൈതു 27 - അല്‍ഭുതപ്പെടുത്തുന്ന ദാനധര്‍മ്മങ്ങള്‍
കഴിഞ്ഞ ദിവസങ്ങള്‍ മുസ്‍ലിം ലോകത്ത് റമദാനിന്റെ ഇരുപത്തിയേഴാം രാവും അതിന്റെ പകലുമായിരുന്നു. ഒരു പക്ഷേ, വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ദാനധര്‍മ്മങ്ങള്‍ നടക്കുന്ന ദിവസം കൂടിയാവും ഇത്. ഖത്തറിലെ ഔദ്യോഗിക ജീവകാരുണ്യ സംഘടനയായ ഖത്തര്‍ ചാരിറ്റി ഈ ഇരുപത്തേഴാം രാവില്‍ നടത്തിയ ഫണ്ട് റൈസിംഗ് ചലഞ്ചില്‍ 220 മില്യണ്‍ റിയാലാണ് സമാഹരിച്ചത്. ഇതുപോലെ, വലുതും ചെറുതുമായി ലോകത്ത് എത്രയോ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ഫണ്ട് സമാഹരണങ്ങളും ദാനധര്‍മ്മങ്ങളും ഈ ദിവസങ്ങളില്‍ നടന്നുകഴിഞ്ഞിരിക്കുന്നു.
വാനലോകത്ത് നിന്നും ശാന്തിയുടെ സന്ദേശവുമായി മാലാഖമാര്‍ ഇറങ്ങിവരുന്ന ഈ ദിനങ്ങള്‍ ഭൂമിയിലും എന്ത് കൊണ്ടും സുന്ദരവും സുഭഗവുമാണ് എന്നര്‍ത്ഥം. ഭൂമിയില്‍ നടക്കുന്ന ഓരോ ദാനധര്‍മ്മത്തെയും സൂചിപ്പിക്കാന്‍ പ്രത്യേക വെളിച്ചമോ ശബ്ദമോ സെറ്റ് ചെയ്തിരുന്നുവെങ്കില്‍ ഈ ദിനങ്ങള്‍ ലോകമാകെ പ്രഭാപൂരിതവും ശബ്ദമുഖരിതവുമാകുമായിരുന്നു.
ഇസ്‍ലാമിലെ ആരാധനാകര്‍മ്മങ്ങളിലെ പ്രധാന ഭാഗമാണ് ദാനധര്‍മ്മം എന്ന് പറയാം. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയെന്നാണ് ഇസ്‍ലാമിക വിശ്വാസം. അഥവാ, അല്ലാഹു ചെയ്യേണ്ട എന്തോ ചില കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ടവരാണ് അവര്‍ എന്നര്‍ത്ഥം. അതില്‍ ഏറ്റവും പ്രധാനം വിഭവങ്ങളുടെ വിഭജനമാണ്. എല്ലാവര്‍ക്കും ആവശ്യാനുസരണം നല്കുന്നതിന് പകരം ബാഹ്യമായ കാഴ്ചയില്‍ അസന്തുലിതമായാണ് വിഭവങ്ങളുടെ വിതരണം നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നത്. ചിലര്‍ക്ക് ദിവസവും കോടികളാണ് വരുമാനമെങ്കില്‍, ചിലര്‍ ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഷ്ടപ്പെടുന്നതാണ് നാം കാണുന്നത്. ഒരാള്‍ വലിയ കൊട്ടാരവും ആഢംബരപൂര്‍ണ്ണമായ മണിമാളികയും പണിയുമ്പോള്‍ തൊട്ടടുത്തുള്ളവന്‍ ചോര്‍ന്നൊലിക്കുന്ന കൊച്ചുകൂരയില്‍ പ്രയാസപ്പെടുകയാണ്.
Read More: നവൈതു 26 - ലൈലതുല്‍ഖദ്റ്, വിധിയുടെ ദിനം
ഇവിടെയാണ് സ്രഷ്ടാവിന്റെ പ്രതിനിധികളായി നാം മാറേണ്ടത്. നമുക്ക് നല്‍കപ്പെട്ടതില്‍ ഇല്ലാത്തവന് കൂടി അവകാശമുണ്ടെന്ന ബോധ്യം ഉണ്ടാകുകയും അവന് ആവശ്യമായത് അതില്‍നിന്ന് നല്കാന്‍ തയ്യാറാവുകയും ചെയ്യുമ്പോഴാണ് നാം അല്ലാഹുവിന്റെ പ്രതിനിധി ആയിമാറുന്നത്. മുഴുവന്‍ ആളുകളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമുള്ള വിഭവങ്ങള്‍ ഭൂമിയിലുണ്ട്, എന്നാല്‍ ഒരാളുടെ പോലും ആര്‍ത്തി പൂര്‍ത്തീകരിക്കാന്‍ അത് തികയില്ലെന്ന് ഗാന്ധിജി പറഞ്ഞതുപോലെ, നമ്മുടെ ആര്‍ത്തികളുടെ കടക്കലാണ് ദാനധര്‍മ്മങ്ങളും സകാതുമെല്ലാം കത്തി വെക്കുന്നത്. അതിലാണ് വിശ്വാസികള്‍ വിജയിക്കുന്നത്, വിശിഷ്യ വിശുദ്ധ റമദാനില്‍.
റമദാനിലെ ഈ ശീലം നമുക്ക് ജീവിതത്തിലുടനീളം തുടരാന്‍ ശ്രമിക്കാം. നമ്മുടെ സ്വത്തിന്റെ ഒരു വിഹിതം എന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ആയിരിക്കട്ടെ. നമ്മുടെ ചുറ്റുമുള്ള പാവങ്ങളെയും ഇല്ലാത്തവരെയും കാണാനും പരിഗണിക്കാനുമുള്ള മനസ്സ് എന്നുമുണ്ടാവട്ടെ. ഒരു നവൈതു അതിനായിരിക്കട്ടെ.
Leave A Comment