ജസ്റ്റിസ്, വീണുകിടക്കുന്നവർക്ക് മേലെയാണ് താങ്കൾ വീണ്ടും ആഞ്ഞുചവിട്ടിയിരിക്കുന്നത്

"ചരിത്രത്തിനുമേൽ മതത്തെ പ്രതിഷ്ഠിച്ച വിധി" എന്നാണ് പ്രമുഖ ചരിത്രപണ്ഡിത റോമിലാ ഥാപ്പർ    2019 ലെ ബാബരി മസ്ജിദ് രാമജന്മഭൂമി തർക്കവിഷയത്തിലെ സുപ്രീം കോടതി വിധിതീർപ്പിനെക്കുറിച്ച് എഴുതിയത്. ഇന്ത്യൻ മതേതര ചരിത്രത്തെ രണ്ടായി പകുത്ത ദാരുണ സംഭവമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. ദിവസങ്ങൾക്കുമുമ്പ് അന്നത്തെ വിധിപ്രസ്താവത്തെ കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പുനെയിലെ കൻഹെർസർ ഗ്രാമത്തിൽ തന്റെ നാട്ടുകാരുടെ മുന്നിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ രാജ്യത്തെ ജനങ്ങളുടെ ഭരണഘടനയിലുള്ള വിശ്വാസത്തെ ആശങ്കയിലാഴ്‌ത്തുന്നതായിരുന്നു. 

അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരുൾപ്പെട്ട ഭരണഘടനാബെഞ്ച് ഏകകണ്ഠമായി നടത്തിയ വിധി പ്രസ്താവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ വായിക്കാം. 

“ചിലപ്പോഴൊക്കെ വിധി പറയേണ്ടതായ കേസുകൾ മുന്നിൽ വരുമ്പോൾ നമുക്ക് ഒരു പരിഹാരത്തിൽ എത്തിച്ചേരാനാവില്ല. അയോധ്യാ കേസിൽ അങ്ങനെയാണ് സംഭവിച്ചത്. മൂന്ന് മാസമാണ് ആ കേസ് എന്റെ മുന്നിലുണ്ടായിരുന്നത്. ഞാൻ ഈശ്വരനു മുന്നിലിരുന്നു. ഒരു പരിഹാരം ഉണ്ടാക്കിത്തരണം എന്ന് അവനോട് ആവശ്യപ്പെട്ടു”. തീർന്നില്ല, ചന്ദ്രചൂഡ് തുടരുന്നു, “എന്നെ വിശ്വസിക്കൂ, നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ ജഗദീശ്വരൻ ഒരു വഴി കാണിച്ച് തരും.”

രാജ്യത്ത് ഏതൊരാൾക്കും തന്റെ മതം പ്രാക്ടീസ് ചെയ്യാനുള്ള അവകാശം ഭരണഘടന വകവച്ചുനൽകുന്നുണ്ട്. നീതിപീഠത്തിലെ ന്യായാധിപർക്കും അതിനവകാശമുണ്ട്. എന്നാൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ അതും പരമോന്നത നീതിപീഠത്തിന്റെ ചീഫ്‌ ജസ്റ്റിസ് തന്റെ വിധിയിലെ അടിസ്ഥാനം എന്റെ മതവിശ്വാസം ആണെന്ന് പറയുന്നത് എത്രമാത്രം ഭരണഘടനയോട്, അതില്‍തൊട്ട് താന്‍ ചെയ്ത സത്യപ്രതിജ്ഞയോട് ചെയ്യുന്ന അപരാധമാണ്?  

ദൗത്യനിർവഹണത്തിൽ താൻ വിശ്വസിക്കുന്ന ദൈവത്തിന്റെ സഹായം തേടുന്നത് തീർത്തും അയാളുടെ മതസ്വാതന്ത്ര്യത്തിൻറെ ഭാഗമാണ്.  പക്ഷേ പൊതുജനമധ്യത്തിൽ വന്ന് അതും സർവീസിലിരിക്കുന്ന സമയത്ത് തന്നെ എന്റെ വിധിപ്രസ്താവത്തിന്റെ മാനദണ്ഡം എന്റെ മതമാണെന്ന് പറയുന്നത് പരമോന്നത നീതിപീഠത്തിന്റെ ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്. തന്റെ വിധികൾ ഭഗവാൻ സത്യസായിബാബ കൈപിടിച്ചെഴുതിക്കുകയാണെന്ന് പറഞ്ഞ പി.എൻ. ഭഗവതി എന്ന മറ്റൊരു മുൻ ചീഫ് ജസ്റ്റിസുണ്ടായിരുന്നുവെങ്കിലും നീതിപീഠത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. 

എന്നാൽ ഇത് ഒരു തുടർക്കഥയായി മാറിയാൽ രാജ്യത്തെ ജനങ്ങൾ ജുഡീഷ്യൽ ആക്ടിവിസത്തിൽ സംശയങ്ങൾ ഉന്നയിച്ചു തുടങ്ങുന്ന പക്ഷം അതിൽ  ആരെയാണ് നാം കുറ്റപ്പെടുത്തേണ്ടത്? ചീഫ് ജസ്റ്റിസിന് ഇതുകൊണ്ട് വ്യക്തിപരമായി വല്ല നേട്ടങ്ങളും ഉണ്ടായാലും ഇല്ലെങ്കിലും ഇത് വരുത്തിവയ്ക്കുന്ന രാഷ്ട്രീയ വിനകൾ എത്രമാത്രം ഗുരുതരമായിരിക്കുമെന്ന് രാജ്യത്തെ ജനങ്ങളെപ്പോലെ അദ്ദേഹത്തിനും നന്നായി അറിയാഞ്ഞിട്ടല്ല ഇതൊന്നും സംഭവിക്കുന്നത്. ന്യായാധിപർ തങ്ങളുടെ രാഷ്ട്രീയാഭിമുഖ്യങ്ങളും മതവിശ്വാസവും പരസ്യമായി പ്രകടിപ്പിക്കരുത് എന്ന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ അനുശാസിക്കുന്നുണ്ടെന്നതും ജനങ്ങളേക്കാൾ കൂടുതൽ അറിവുള്ളയാളാണദ്ദേഹം. ബാബരി മസ്ജിദ് തകർത്തതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് അഥവാ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ബോധ്യമുള്ള ആർക്കും ഇതെല്ലാം വ്യക്തമായ കാര്യമാണ്. 

വർഗീയ ഫാഷുസ്റ്റ് ഭരണകൂടത്തോട് ചേർന്നുനിന്ന ന്യായാധിപന്മാർക്ക് വിരമിച്ച ശേഷം ലഭിച്ച ബഹുമതികളും സ്ഥാനക്കയറ്റങ്ങളും നേരിട്ടുകണ്ട ഇന്ത്യൻ ജനത ഇതിലുള്ള അസ്വാഭാവികതയിൽ വല്ലാതെ വ്യാകുലപ്പെടുന്നുണ്ട്. അയോധ്യാ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിച്ച ശേഷം രാജ്യസഭാംഗമായി. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് അയോധ്യാ വിധി പറഞ്ഞ ജഡ്ജിമാരെ ക്ഷണിക്കാൻ ഉത്തർപ്രദേശ് സർക്കാരിന് ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. ഈശ്വരനാണ് അയോധ്യാ വിധിയിലേക്ക് വഴികാട്ടിയതെന്ന് ഇപ്പോൾ വെളിപ്പെടുത്തിയ ഡി.വൈ. ചന്ദ്രചൂഡ് ഇക്കഴിഞ്ഞ ജൂലായിൽ അയോധ്യാക്ഷേത്ര സന്ദർശനവും നടത്തിയിരുന്നു. കഴിഞ്ഞില്ല, കുറച്ച് ദിവസങ്ങൾക്കുമുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതയിൽ എത്തി മതപരമായ ചടങ്ങുകളിൽ പങ്കെടുത്തതും രാജ്യം കണ്ടതാണ്. അതിനും മുൻപ് ജനുവരിയിൽ ഗുജറാത്തിലെ രാജ്കോട്ടിൽ അഭിഭാഷകരോട് സംസാരിക്കുമ്പോൾ ഹിന്ദുക്ഷേത്രങ്ങൾക്കു മുകളിൽ ഉയർന്നു നിൽക്കുന്ന കാവിക്കൊടികളെ നീതിയുടെ പതാകകൾ എന്ന വിവാദ പരാമർശവും നടത്തിയ ചന്ദ്രചൂഡിന്റെ വിധി തീർപ്പുകളിൽ നിഷ്പക്ഷത പ്രതീക്ഷിക്കാനാവുമോ?

അയോധ്യ വിധിയുടെ നേട്ടം ആർക്കായിരുന്നു?

ബാബരി മസ്ജിദ് തകർത്ത കേസ് അന്വേഷിക്കാൻ വേണ്ടി സർക്കാർ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട് നമ്മളാരും മറന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ട നാൾവഴികൾ ചരിത്രത്തിൽ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്. അന്നേ പള്ളി നിന്നിരുന്ന ഭൂമി ആരുടേതെന്ന് തീർപ്പാക്കുന്നതിന് മുമ്പ് പള്ളി തകർത്ത ക്രിമിനൽ കേസിൽ കുറ്റവിചാരണ നടത്തി പ്രതികളെ ശിക്ഷക്ക് വിധേയമാക്കണമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ അടിവരയിട്ട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ഭൂമി ആരുടേതെന്ന് കോടതി വിധിച്ചാൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലത്ത് കെട്ടിടം പൊളിച്ചുമാറ്റി എന്ന ലാഘവത്തോടെ പള്ളി തകർത്ത കേസ് അട്ടിമറിക്കപ്പെടും എന്ന ആശങ്കയും കമ്മീഷൻ മുന്നോട്ടുവച്ചിരുന്നു. 

ഈ റിപ്പോർട്ടും അതിൽ സൂചിപ്പിച്ച പ്രധാന കാര്യങ്ങളും രാജ്യത്തെ ജനങ്ങൾക്ക് കൃത്യമായി അറിയാവുന്നതാണ്. എന്നിട്ട് പരമോന്നത നീതിപീഠം ഈ ശിപാർശയോട് മുഖം തിരിഞ്ഞുവെന്ന് മാത്രമല്ല, പള്ളി തകർത്ത കേസ് ക്രിമിനലുകൾക്ക് അനുകൂലമായി തീർപ്പാക്കി കൊടുക്കുകയും ചെയ്തു. കമ്മീഷൻ ആശങ്കപ്പെട്ടതുപോലെ പിന്നീട് സി ബി ഐ സ്പെഷ്യൽ കോടതി  നിരപരാധികളാണെന്ന് പറഞ്ഞ് മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണ് ബാബരി മസ്ജിദ് കേസിലെ വിധിയുടെ അനന്തരങ്ങൾ എന്ന് അറിയുന്ന ഇന്ത്യൻ ജനതയോട് കാണിക്കുന്ന വിശ്വാസവഞ്ചന കൂടിയാണ് ചീഫ് ജസ്റ്റിസിന്റെ ഇപ്പോഴത്തെ പ്രതികരണം. ആദ്യമായി ബാബരി മസ്ജിദിനകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചുവെന്നറിഞ്ഞ്, അതെടുത്ത് സരയൂ നദിയിൽ ഒഴുക്കണമെന്ന് പറഞ്ഞ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ വാക്കുകളെങ്കിലും ഉത്തരവാദപ്പെട്ട ന്യായാധിപൻ എന്ന നിലയ്ക്ക് അദ്ദേഹം കേൾക്കേണ്ടിയിരുന്നു. 

നമ്മുടെ രാജ്യം ഏതെങ്കിലും ഒരു മതവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയതല്ല. അല്ലാമാ ഇഖ്ബാലിന്റെ വാക്കുകളിൽ പറഞ്ഞാൽ 
"ഈ ഭൂമി എന്റേതുമല്ല നിന്റേതുമല്ല.
ഈ ഭൂമിക്ക് പ്രത്യേകിച്ച് അവകാശികൾ ആരുമില്ല
നമ്മൾ തന്നെയാണ് ഇതിന്റെ അവകാശികൾ." 

ഹിന്ദുതീവ്രവാദികൾ ബാബരി മസ്ജിദ് തകർത്തതിനെത്തുടർന്ന് മുസ്‍ലിം ജനസാമാന്യത്തിനിടയിൽ രൂപപ്പെട്ട ആശങ്കകളും ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയിൽ ഒരു സമുദായം അപരവത്കരിക്കപ്പെട്ടതുമെല്ലാം നമ്മുടെ മുന്നിലുള്ള ചരിത്രമാണ്. 

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ വെളിപ്പെടുത്തലിന് ചില രാഷ്ട്രീയ മാനങ്ങൾ കൂടിയുണ്ട്. മസ്ജിദിനകത്ത് ജയ് ശ്രീരാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നില്ലെന്ന കർണാടക ഹൈക്കോടതിയുടെ വിധിയും മദ്രസ സംവിധാനം ഇല്ലായ്മ ചെയ്യണമെന്നുള്ള ബാലാവകാശ കമ്മീഷന്റെ നിർദേശവും നിർബാധം തുടർന്നുകൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും നിരന്തരം ഒരു മതവിഭാഗത്തെ വേട്ടയാടുന്ന പ്രത്യേകസാഹചര്യത്തിലാണ് മുൻ കഴിഞ്ഞ ഒരു കോടതിവിധിയിൽ അവർ അനുഭവിച്ച നീതിഷേധത്തിന്റെ ഓർമകൾ വീണ്ടും തികട്ടിവരുന്നത്. നീതിപീഠം ഉണർന്നു പ്രവർത്തിക്കേണ്ട സാഹചര്യങ്ങളിൽ വേട്ടക്കാർക്ക് കൂട്ടുനിൽക്കുന്ന സമീപനം തീർത്തും ലജ്ജാവഹമാണ്. ഏതായാലും പൗരത്വഭേദഗതി നിയമത്തിലടക്കം വാദം കേൾക്കൽ തുടർന്നുകൊണ്ടിരിക്കുന്ന പരമോന്നത നീതിപീഠത്തിലെ മുതിർന്ന ന്യായാധിപൻ എന്ന നിലക്ക് രാജ്യത്തിന്റെ പൊതുമനസ്സിന് പറയാനുള്ളത് ഇത്രയുമാണ്, വീണുകിടക്കുന്നവർക്ക് മേലെയാണ് നിങ്ങൾ വീണ്ടും ആഞ്ഞുചവിട്ടിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter