ഉറുദു ഭാഷയും കേരളവും
ഭാരതീയ മുസ്‍ലിംകൾക്ക് കൃത്യമായ ഒരു അടിസ്ഥാന ഭാഷയില്ലെങ്കിലും ദേശീയതലത്തിൽ മുസ്‍ലിംകളെ പ്രതിനിധീകരിക്കാൻ സാധിക്കുന്ന ഭാഷ ഉറുദുവാണെന്ന് പറയാം. കേരളീയരുടെ ഭാഷയായ മലയാളത്തോട് ചേർത്ത് മുസ്‍ലിംകളുടെ ആത്മീയ ഭാഷ അറബിയെ രൂപാന്തരപ്പെടുത്തിയ അറബിമലയാളം ഉണ്ടെങ്കിലും മലയാളികൾക്കിടയിൽ ചെറിയൊരു അളവിൽ ഉറുദുവും സ്വാധീനം ചെലുത്തിയിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളും ഒരേ ഭാഷ സംസാരിക്കുന്നതാണ് കേരളത്തിലെ രീതി. എന്നാല്‍ അതിനിടയിലും ചെറിയ അളവിലെങ്കിലും ഉറുദു ഉണ്ടാക്കുന്ന സ്വാധീനം വലിയ അർത്ഥങ്ങളുള്ളതാണ്.
കേരളത്തിലെ ഉർദു ഭാഷയുടെ ഏകീകൃതമായ ചരിത്രം ആരംഭിക്കുന്നത് പതിനാറാം നൂറ്റാണ്ടിലാണ്. 1530ൽ പോർച്ചുഗീസുകാരില്‍നിന്ന് ചാലിയം കോട്ട പിടിച്ചടക്കുന്നതിന് സാമൂതിരി മഹാരാജാവ് ബീജാപൂർ സുൽത്താൻ ഇസ്മായിൽ ആദിൽഷയുടെ സൈനിക സഹായം തേടുകയുണ്ടായി. 1571 പോർച്ചുഗീസുകാർക്കെതിരെ വിജയം നേടിയ ബീജാപ്പൂർ സൈന്യം കോഴിക്കോടിന്റെ പരിസരപ്രദേശങ്ങളിൽ താമസം തുടര്‍ന്നു. പലകാലങ്ങളിൽ മാറ്റം വന്ന ഉർദു ഭാഷയുടെ ഒരു രൂപമായിരുന്ന ദക്നി ഉർദുവരായിരുന്നു ഈ സൈനികരുടെ സംസാര ഭാഷ. പട്ടാളക്കാരുടെ താമസം മൂലവും അവരുടെ സാമൂഹിക വ്യവഹാരങ്ങൾ മൂലവും ഉറുദു ഭാഷയിലെ പല പദങ്ങളും വൈകാതെ ഉറുദു ഭാഷയും മലയാളികൾക്ക് പരിചിതമായി മാറി.
ഏകദേശം 2 നൂറ്റാണ്ടിനോടടുക്കുമ്പോഴാണ് പിന്നീട് ഉറുദു ഭാഷാ തലത്തിൽ വിപ്ലവാത്മകരമായ മാറ്റം കേരളത്തിൽ ഉണ്ടാകുന്നത്. 1757ൽ പാലക്കാട് സ്വരൂപത്തിന്റെ സഹായഭ്യർത്ഥന പ്രകാരം മൈസൂർ രാജാവായിരുന്ന ഹൈദറലി കേരളത്തിലേക്ക് പുറപ്പെടുകയും 1766 മലബാർ കീഴടക്കുകയും ചെയ്തു. 1873ല്‍ ഹൈദറലി ഭരണമാരംഭിച്ചതോടെ അദ്ദേഹത്തിന്റെ പല സൈനികരും കേരളത്തിൽ വന്നു. അവരുടെ മാതൃഭാഷ ഉറുദു ആയിരുന്നു. ഹൈദറലിക്ക് ശേഷം മകൻ ടിപ്പുസുൽത്താൻ സമാനമായ രീതിയിൽ ഭരണം നടത്തുകയും മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം വരെ അത് തുടരുകയും ചെയ്തു. മലബാറിന്റെ സാമൂഹിക വ്യവസ്ഥയിൽ വലിയ പുരോഗതി ഉണ്ടാക്കിയ ഈ ഭരണകാലയളവിൽ ഉറുദുഭാഷ വലിയ രീതിയിൽ പ്രചാരം നേടി. കേരളത്തിലെ പല മത പഠനശാലകളിലും ഉറുദുഭാഷ പഠിപ്പിക്കുന്ന സാഹചര്യം വരെയുണ്ടായി.
പക്ഷേ ഇക്കാലഘട്ടത്തിൽ ഒന്നും കേരളത്തിൽ ഉറുദുവിൽ കാര്യമാത്രമായ രചനകളോ പ്രസിദ്ധീകരണങ്ങളോ ഉണ്ടായില്ല. 1794ൽ ടിപ്പുസുൽത്താന്റെ ഭരണകാലത്ത് സൈനികര്‍ക്കായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഫൗജി അക്ബാർ ആയിരുന്നു കേരളത്തിലെ ടിപ്പു സൈനികർക്കിടയിലും ഉദ്യോഗസ്ഥർക്കിടയിലും വായിക്കപ്പെട്ടിരുന്ന ഏക ഉറുദു പാക്ഷികം. മലബാറിലെ മേൽനോട്ടം ടിപ്പു ഏൽപ്പിച്ചിരുന്ന ബഹുഭാഷാ പണ്ഡിതൻ കൊണ്ടോട്ടിയിലെ ഷാ തങ്ങൾക്ക് ഫൗജി അക്ബാർ പ്രത്യേകം എത്തിച്ചു നൽകിയതായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത് സൈനിക രഹസ്യങ്ങളും യുദ്ധതന്ത്രങ്ങളും ആവേശഭരിതരാക്കുന്ന ഉറുദു പേർഷ്യൻ കവിതകളും ഉൾക്കൊള്ളുന്നത് ആയതിനാൽ പൊതുജനമണ്ഡലത്തിൽ അന്യമായിരുന്നു. ശേഷം 1796- 1802 നിടയിൽ പ്രസിദ്ധീകരണം നടത്തപ്പെട്ടിരുന്ന ഉംദത്തുൽ അക്ബാർ, 1841ല്‍ പ്രസിദ്ധീകരിച്ച ജാമിഉൽ അക്ബാർ, 1847ൽ പ്രസിദ്ധീകരിച്ച അഅ്സമുല്‍ അക്ബാർ തുടങ്ങിയ രചനകൾ ദക്ഷിണേന്ത്യയിൽനിന്ന് കേരളത്തിലേക്ക് എത്തിയിട്ടുണ്ടാവാം എന്ന് അനുമാനിക്കപ്പെടുന്നു.
ബ്രിട്ടീഷ് ആധിപത്യ കാലത്ത് ശക്തിപ്പെട്ട ഖിലാഫത്ത് സമരത്തെ ചൂടുപിടിപ്പിക്കുവാൻ തഹ്ദീബുൽഅഖ്‍ലാഖ്, ഖിലാഫത്ത്, സമീന്ദാർ തുടങ്ങിയ രചനകൾ കേരളത്തിലും എത്തിയിരുന്നു. കേരളത്തെക്കുറിച്ച് ഉറുദു കൃതികളിലും പ്രസിദ്ധീകരണങ്ങളിലും രചനകൾ ഉണ്ടാകുവാനും അതോടെ തുടങ്ങി. മുഹിയുദ്ദീൻ ഖുസൂരി കേരള മുസ്‍ലിംകളുടെ ദുരവസ്ഥയെക്കുറിച്ച് സമീന്ദാർ പത്രത്തിൽ ഒരു ലേഖനം എഴുതുകയുണ്ടായി. 1921ലെ മലബാർ കലാപം തകർത്ത കേരളത്തിലേക്ക് അക്കാലഘട്ടത്തിൽ ഉറുദു ഭാഷ സംസാരിക്കുന്ന ഉത്തരേന്ത്യക്കാരിൽ നിന്ന് സഹായം എത്താന്‍ അത് ഏറെ സഹായകമായി. 1923 ഫെബ്രുവരി അഞ്ചിന് മലബാറിലെ മുസ്‍ലിംകളുടെ പ്രതിസന്ധികൾ വിവരിച്ച്, മലബാറിലെ മുസ്‍ലിംകളുടെ ദൈന്യവിലാപം എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
ഇത്തരം രചനകൾക്കെല്ലാം ശേഷം 1931 ആഗസ്റ്റിൽ സമീന്ദാർ പത്രത്തിന്റെ എഡിറ്റർ സഫർ അലി ഖാൻ കേരളത്തിൽ എത്തുകയും കേരളത്തിലെ മുസ്‍ലിം രാഷ്ട്രീയ നേതാക്കളെ സമീപിച്ച് ഉറുദു വികസനത്തിനുള്ള ചെറിയ ഒരു സംഘടന രൂപീകരിക്കുകയും ചെയ്തു. 1931 സെപ്റ്റംബർ അഞ്ചിന് അൻജുമന്‍ ഇസ്‍ലാഹുൽ ലിസാൻ എന്ന പേരിലായിരുന്നു ഇത്. സംഘടന സ്ഥാപിച്ച ആദ്യകാലത്ത് ചമൻ എന്ന പേരില്‍ ഒരു കയ്യെഴുത്തു മാസിക അംഗങ്ങൾക്കായി വിതരണം ചെയ്യപ്പെടുകയും അതിനെത്തുടർന്ന് 1938ൽ സയ്യിദ് ഹാറൂൺ സാഹിബ് എഡിറ്ററായി നാറജീലസ്ഥാൻ എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. സമീന്ദാർ എഡിറ്ററുടെ ഒരു കവിതയുടെ പേരായിരുന്ന നാറജീലസ്ഥാൻ എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പേര് വന്നത്. എന്നാൽ കേവലം അഞ്ചു ലക്കങ്ങൾ പ്രസിദ്ധീകരിച്ചതോടെ ഇതിന്റെ പ്രസിദ്ധീകരണം നിലക്കുകയാണുണ്ടായത്. 1988ല്‍ ഇത് പുനപ്രസിദ്ധീകരണം ആരംഭിച്ചിരിന്നുവെങ്കിലും 9 ലക്കങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴേക്കും വീണ്ടും നിലച്ചുപോയി. പിന്നീട് 1935 ഓഗസ്റ്റ് അഞ്ചിന് മലബാറും ഉറുദു ഭാഷയും എന്ന പേരില്‍ ഉറുദുപത്രമായ അൽജംഇയ്യത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു.
എന്നാല്‍ പൊതുതലത്തില്‍ ഇതായിരുന്നില്ല അവസ്ഥ, മറിച്ച് ഒന്നുകൂടി വ്യാപ്തിയും ആഴവുമുള്ളതായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അൻജുമൻ തർഖി ഉറുദു എന്ന പേരിൽ ഉറുദു ഭാഷ പുരോഗതി ലക്ഷ്യമിട്ടിട്ടുള്ള പ്രചാരണം ഉണ്ടാവുകയും 1943 നവംബർ 7ന് കോഴിക്കോട് ടൗൺ ഹാളിൽ വച്ച് നടന്ന ഉറുദു സമ്മേളനത്തിൽ അതിന്റെ മലബാർ ശാഖ രൂപീകൃതമാവുകയും ചെയ്തു. ഇതിനെ തുടർന്ന് അൻജുമൻ പ്രസ്ഥാനത്തിന്റെ മുഖപത്രം ആയിരുന്ന ഹമാരീ സബാൻ കേരളത്തിലും പ്രചരിക്കാൻ തുടങ്ങി. ഈ മുഖപത്രത്തിൽ മലയാളിയായ ഉറുദു കവി ജനാബ് എസ് എം സർവർ സാഹിബിന്റെ ധാരാളം ലേഖനങ്ങൾ പ്രത്യക്ഷപ്പെടുകയുണ്ടായി.
1943ന് ശേഷം ഭാരതത്തിലെ അവസ്ഥകൾ മാറുകയും 1947 -യോടെ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കപ്പെടുകയും പാക്കിസ്ഥാനിലേക്ക് രാജ്യത്തിന്റെ പലഭാഗത്തുനിന്നും ആളുകൾ നീങ്ങുകയും ചെയ്തതോടെ ഉറുദു മുമ്പെങ്ങും ഇല്ലാത്ത വിധം പ്രതിസന്ധി നേരിട്ടു. പിന്നീട് കേരളത്തിൽ ഉറുദു ഭാഷക്കായി ശക്തമായ അലയൊലികൾ ഉണ്ടാവുന്നത്, മുസ്ലിംലീഗ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന സി എച്ച് മുഹമ്മദ് കോയ, അഹമ്മദ് കുരിക്കൾ, തുടങ്ങിയ നേതാക്കളുടെ ശ്രമഫലമായിരുന്നു. അതേതുടര്‍ന്ന് കേരളത്തിൽ ഉർദു പരീക്ഷകൾ ആരംഭിക്കുകയും 1970 - 72 കാലഘട്ടത്തിൽ നിരവധി സർക്കാർ അർദ്ധസർക്കാർ സ്കൂളുകളിൽ ഉറുദു പാഠ്യപദ്ധതിയുടെ ഭാഗമാകുകയും ചെയ്തു. രണ്ടു വർഷത്തിനുശേഷം 1974 ഫെബ്രുവരി 16ന് ഉറുദു അധ്യാപകരെ ഏകോപിപ്പിക്കുവാനും ഉറുദുഭാഷയുടെ പുരോഗതി ലക്ഷ്യമിട്ടും ഉറുദു അധ്യാപക സംഘടനയായി കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ നിലവിൽ വന്നു. ജൂൺ 1984 ൽ ഉറുദു ടീച്ചേഴ്സ് അസോസിയേഷന്റെ മുഖപത്രമായി ഉറുദു ബുള്ളറ്റിന്റെ പ്രസിദ്ധീകരണം ആരംഭിച്ചു. കേരളത്തിലെ വ്യവസ്ഥാപിതമായ ഒരു ഉറുദു പ്രസിദ്ധീകരണമായി കണക്കാക്കാവുന്ന, ഏറെ സ്വാധീനമുള്ള ഒന്നായി ഇതിനെ ഗണിക്കാവുന്നതാണ്.
1971 ൽ കോഴിക്കോടിനടുത്ത് ചേന്ദമംഗലൂരിൽ ഉറുദു സ്നേഹിയായ ജനാബ് കെ.ടി.സി ബീരാൻ സാഹിബ് കേരള ഉറുദു പ്രചാരസമിതി ആരംഭിക്കുകയും 1993ല്‍ മലബാരി ആവാസ് എന്ന പേരിൽ ഒരു ദ്വൈമാസിക ആരംഭിക്കുകയും ചെയ്തുവെങ്കിലും 21 ലക്കങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴേക്കും അതും നിലച്ചുപോയി.
നിലവിൽ കേരളത്തിലെ അനേകം മതപഠനശാലകളിൽ ആ സ്ഥാപനങ്ങൾക്കുള്ളിൽ തയ്യാറാക്കപ്പെടുന്ന ഉറുദു മാഗസിനുകൾ ഉണ്ട്. 2010 ജൂലൈ മാസം മുതൽ 20 ൽ താഴെ പേജുകളുമായി ഝലക് എന്ന പേരിൽ ഒരു ബാല മാസികയും കേരളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. സർക്കാർ- അർദ്ധസർക്കാർ സ്കൂളുകൾ, പ്രൈവറ്റ് സ്കൂളുകൾ, ഇസ്‍ലാമിക് മത പഠനശാലകൾ ഇങ്ങനെ തുടങ്ങി പല സ്ഥലങ്ങളിലും ഉറുദു ക്ലബ്ബുകൾ നിലവിൽ പ്രവർത്തിച്ചു വരുന്നുണ്ട്. അവക്ക് കീഴിലായി ഉറുദു ഭാഷയുടെ പുരോഗതി ലക്ഷ്യമിട്ടിട്ടുള്ള ഫെസ്റ്റുകളും മത്സരങ്ങളും മാഗസിനുകളും മറ്റു നിരവധി പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.
അതിഥി തൊഴിലാളികളിലൂടെയും, കേരളത്തിലേക്ക് എത്തുന്ന ഉത്തരേന്ത്യൻ പഠിതാക്കളിലൂടെയും, കേരളീയർ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യൻ മത പഠനശാലകളിലൂടെയും യാത്രാപ്രേമികളിലൂടെയും മറ്റും ഉറുദു ഭാഷ അനൗദ്യോഗികമായി ഇന്നും മലയാളികളുടെ മനസ്സിലേക്ക് പടരുന്നുണ്ട്. സമാനമായ രീതിയിൽ തന്നെ ഉറുദു കവിതകൾ നിരവധി പ്രമുഖ പ്രഭാഷകരിലൂടെയും മറ്റുമായി കേരളീയ പരിസരത്തിൽ സുപരിചിതമാവുകയും ഉസ്ബകിസ്താൻ അടക്കമുള്ള വിദേശ രാഷ്ട്രങ്ങളിൽ പോലും വലിയ ആരാധക വൃന്ദത്തെ നിർമ്മിച്ച ഇന്ത്യൻ ഉറുദു ഗാനങ്ങൾ, ഡയലോഗുകൾ, ഗസലുകൾ, സൂഫി മൊഴികൾ, പഴഞ്ചൊല്ലുകൾ എന്നിവ പലപ്പോഴും അർത്ഥം അറിഞ്ഞോ അറിയാതെയോ റീലുകളിലൂടെയും സ്റ്റാറ്റസുകളിലൂടെയും കടന്നുവന്നും മലയാളികളിലെത്തിയിട്ടുണ്ട്.
പക്ഷേ, ഒരുകാലത്ത് ഇന്ത്യയുടെ അധികാരഭാഷിയായിരുന്നു ഈ ഉറുദുവെന്നോ, ലോക സാഹിത്യത്തിലെ തന്നെ വലിയ പ്രതിഭകളായ ഒരുപാട് മനുഷ്യർ വിരാജിച്ച ഭാഷയാണ് ഇതെന്നോ പലർക്കും ഇന്നും അറിയില്ല എന്നതാണ് സത്യം. ഉറുദുവിനെ നിരുത്സാഹപ്പെടുത്തുവാൻ അതിന്റെ മാതൃഭൂമിയിൽ തന്നെ അധികാര വർഗ്ഗം ശക്തമായ പരിശ്രമങ്ങൾ നടത്തുമ്പോൾ കേരളത്തിന് വളരെ വ്യത്യസ്തമായ ഒരു ഉറുദു മോഡൽ ഉണ്ട് എന്നത് തന്നെ ചെറുതല്ലാത്ത കാര്യമാണ്. വരുംകാലങ്ങളില്‍ അത് കൂടുതല്‍ സുദൃഢമാക്കാനും ഇന്ത്യയുടെ പുത്രിയായ ആ ഭാഷക്ക് കൂടുതല്‍ സംഭാവനകള്‍ നല്കാനും ശ്രമങ്ങളുണ്ടാവേണ്ടിയിരിക്കുന്നു.
About the author:
ദാറുല്ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്, അറബി സാഹിത്യ വിഭാഗത്തിലെ ഡിഗ്രി വിദ്യാര്ത്ഥിയാണ് ലേഖകന്



Leave A Comment