ബറാഅത്ത് രാവില്‍ സൂറത്തു ദുഖാന്‍ ഓതുന്നതിന്ന് വല്ല രേഖയുമുണ്ടോ

ചോദ്യകർത്താവ്

സൈതലവി കടബഴിപ്പുറം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

ബറാഅത് രാവിനു (ശഅ്ബാന്‍ 15 ന്‍റെ രാവ്) വളരെ ശ്രേഷ്ഠതകളുണ്ട്. അതു സംബന്ധമായ പല ഹദീസുകളും വന്നിട്ടുണ്ട്. ആ രാത്രിയില്‍ ഇബാദതുകളും ദുആകളും വര്‍ദ്ധിപ്പിക്കല്‍ വളരെ ഉത്തമമാണ്. അന്നു നമ്മുടെ ആയുസ്സ്, റിസ്ഖ് തുടങ്ങിയ വിധികള്‍ നിര്‍ണ്ണയിക്കുന്ന രാത്രിയാണെന്നും ഹദീസില്‍ കാണാം.

ഇവയുടെ അടിസ്ഥാനത്തില്‍ ഈ രാത്രിയില്‍ പുണ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്നത് മുന്ഗാമികളായ സജ്ജനങ്ങളുടെ രീതിയായിരുന്നു. എല്ലാ ദിവസവും ചെയ്യല്‍ സുന്നത്തായ അമലുകള്‍ അന്നു ചെയ്യുന്നത് കൂടുതല്‍ ശ്രേഷ്ഠമാണെന്നു പറയേണ്ടതില്ലല്ലോ.

മുന്ഗാമികളും പിന്ഗാമികളുമായ മാഹന്മാരായ സ്വാലീഹീങ്ങള്‍ ഈ രാത്രിയില്‍ അനുവര്‍ത്തിച്ചു വന്ന അമലുകളില്‍ പെട്ടതാണ് സുറതുദ്ദുഖാനും മൂന്നു യാസീന്‍ ഓതലും.

ഇഹ്‍യാ ഉലൂമിദ്ദീനിന്‍റെ ശറഹായ ഇത്ഹാഫുസ്സാദത്തില്‍ മുത്തഖീന്‍ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ ഓതുന്ന പതിവ് മഹാന്മാര്‍ക്കുണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. രണ്ടു റക്അതു വീതം മുഥ്ലഖന്‍ സുന്നത് നിസ്കരിച്ച് ഓരോ യാസീന്‍ ഓതി ദുആ ചെയ്യുക. ഒന്നാമത്തെ യാസീന്‍ ആയുസ്സ് വര്‍ദ്ധിക്കാനും രണ്ടാമത്തെ യാസീന്‍ റിസ്ഖില്‍ ബര്‍കത് ലഭിക്കാനും മൂന്നാമത്തെ യാസീന്‍ നല്ല അന്ത്യമുണ്ടാവാനും വേണ്ടി ഓതുക.

ഏതു ദിവസും ദുഖാന്‍ സൂറത് ഓതുന്നവനു എഴുപതിനായിരം മലക്കുകള്‍ പൊറുക്കലിനെ തേടുമെന്ന് നബി(സ) പറഞ്ഞതായി ഇമാം തിര്‍മുദി (റ) റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തദടിസ്ഥാനത്തില്‍ ദുഖാന്‍ ഈ രാത്രിയും ഓതുന്നത് സുന്നതു തന്നെ. മാത്രമല്ല സൂറതു ദുഖാനിലെ അനുഗ്രഹീത രാത്രി എന്നതു കൊണ്ടുദ്ദേശിക്കുന്നത് ബറാഅത് രാവാണെന്നു ഒരു ചെറുപക്ഷം മുഫസ്സിറുകള്‍ക്ക് അഭിപ്രായവുമുണ്ട്.

ദുആ ചെയ്യുന്നതിനു മുമ്പ് നല്ല കാര്യങ്ങള്‍ ചെയ്യലും അതു മുന്‍നിര്‍ത്തി അല്ലാഹുവിനോടു ചോദിക്കലും പുണ്യങ്ങള്‍ തന്നെയാണല്ലോ.

നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter