വിഷയം: ‍ അനന്തരാവകാശികളില്‍ ചിലര്‍ക്ക് മാത്രമായി സ്വത്ത് വസ്വിയ്യത്ത് ചെയ്യല്‍

എന്റെ മൂന്ന് മക്കളും മൈനർമാരാണ്. ഭർത്താവിന് വേറെ ഫാമിലിയുണ്ട്. എന്റെ പേരിലുള്ള സ്വത്ത് എന്റെ മരണ ശേഷം മക്കൾക്ക് മാത്രം അവകാശമുള്ള രീതിയിൽ വിൽപത്രം എഴുതി വെക്കാമോ? അതിന് നിയമസാധുത ഉണ്ടോ?

ചോദ്യകർത്താവ്

Salmath

Oct 31, 2021

CODE :Fat10673

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തന്‍റെ ഉടമസ്ഥാവകാശമുള്ള സ്വത്ത് തന്‍റെ മരണശേഷം എന്ന നിബന്ധനയോടെ ഹലാലായ ഏതെങ്കിലും മാര്‍ഗത്തിലേക്ക് ദാനം ചെയ്യുന്നതിനെ ശറഇല്‍ വസ്വിയ്യത് എന്ന് പറയുന്നു. പള്ളി നിര്‍മാണം പോലോത്ത പൊതുനന്മകളാണ് ഹലാലായ മാര്‍ഗം എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. എന്നാല്‍ തന്‍റെ അനന്തരവകാശികളില്‍ ചിലര്‍ക്ക് മാത്രമായി സ്വത്ത് വസ്വിയ്യത് ചെയ്യുന്നത് നടപ്പിലാവണമെങ്കില്‍ അനന്തരാവകാശികളായ മറ്റുള്ളവര്‍ വസ്വിയ്യത് ചെയ്ത വ്യക്തിയുടെ മരണശേഷം അതിന് സമ്മതം നല്‍കണം. അവര്‍ സമ്മതിക്കാത്ത പക്ഷം ആ വസ്വിയ്യത് നടപ്പിലാവില്ല (ഫത്ഹുല്‍മുഈന്‍)

ചോദ്യത്തിലുന്നയിക്കപ്പെട്ട രീതിയില്‍ വില്‍പത്രം എഴുതിവെക്കുന്നതിലുള്ള ഗവണ്‍മന്‍റ്തല നിയമസാധുത അനുകൂലമോ പ്രതികൂലമോ ആകട്ടെ, ശറഇല്‍ ഇവ്വിഷയം നാം കൈകാര്യം ചെയ്യുന്നത് വസ്വിയ്യത് എന്ന നിലക്കാണല്ലോ.

എന്നാല്‍ മരണശേഷം തന്‍റെ സ്വത്തില്‍ എന്തെങ്കിലും തന്‍റെ അനന്തരാവകാശികളായ ചിലര്‍ക്ക് മാത്രം ലഭിക്കാനുള്ള ഒരു പോംവഴിയുണ്ട്. അഥവാ, എന്‍റെ അനന്തരവാകശികളില്‍ പെട്ട ഇന്നാലിന്ന വ്യക്തിക്ക് നീ ഇത്ര നല്‍കിയാല്‍  നിനക്ക് എന്‍റെ സ്വത്തിന്‍റെ ഇത്ര ഭാഗം (മൂന്നിലൊന്നോ അധില്‍ കുറവോ) എന്‍റെ മരണ ശേഷം ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു എന്ന് തന്‍റെ  അനന്തരാവകാശിയല്ലാത്ത മറ്റൊരാള്‍ക്ക് വസ്വിയ്യത് നല്‍കുക. ആ വസ്വിയ്യത് അദ്ദേഹം സ്വീകരിച്ചാല്‍ വസിയ്യത് നടപ്പിലാവുകയും  താനുദ്ദേശിച്ച വ്യക്തിക്ക് മരണ ശേഷം വസ്വിയ്യത് സ്വീകരിച്ച വ്യക്തിയില്‍ നിന്ന് വസ്വിയത്തില്‍ പറയപ്പെട്ട പ്രകാരം ധനം ലഭിക്കുകയും ചെയ്യും. ഇവിടെ മറ്റു അനന്തരാവകാശികളുടെ സമ്മതം ആവശ്യവുമില്ല (ഫത്ഹുല്‍മുഈന്‍)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter