ഗൾഫിൽ ജോലിക്ക് പോകാൻ ഭാരൃയുടെ സമ്മതം നിർന്ധമാണോ ? ഞാൻ ഗൾഫിൽ നിന്ന് വന്ന് വിവാഹം കഴിച്ചിട്ട് 5 മാസം ആയി തിരിച്ച് കയറാൻ എന്റെ ഭാരൃ സമ്മതിക്കുന്നില്ല. ഇവിടെ എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചാൽ മതി എന്നാണ് പറയുന്നത്. ഞാനെന്ത് തീരുമാനമാണ് എടുക്കേണ്ടത്?

ചോദ്യകർത്താവ്

Mohammed

Feb 20, 2021

CODE :Par10061

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഭാര്യാ-ഭര്‍തൃജീവിതമെന്നത് മനപ്പൊരുത്തത്തോടെ, ഇരുവരും ഒരു പോലെ പരസ്പരം മനസ്സിലാക്കിയും കൊണ്ടും കൊടുത്തും ആസ്വദിച്ച്  മുന്നോട്ട് പോകേണ്ട ഒരു ബന്ധമാണെന്ന് പറയേണ്ടതില്ലല്ലോ. അത് കൊണ്ട് തന്നെ, പല കാര്യങ്ങളിലും കര്‍മ്മശാസ്ത്രം എന്ത് പറയുന്നു എന്നതിലപ്പുറം ഇരുവരുടെയും ശാരീരികവും മാനസികവുമായ താല്‍പര്യങ്ങളെയും സംതൃപ്തിയെയും മുന്നില്‍ കണ്ടിട്ടാവണം തീരുമാനങ്ങളെടുക്കേണ്ടത് എന്ന് ആമുഖമായി ഉണര്‍ത്തട്ടെ.

മേല്‍ പറഞ്ഞ പോലെ, ഗള്‍ഫില്‍ പോകാന്‍ ഭാര്യയുടെ സമ്മതം ആവശ്യമാണോ എന്ന് ചോദിച്ചാല്‍ കര്‍മ്മശാസ്ത്രപരമായി ആവശ്യമില്ലെന്ന് തന്നെയാണ് മറുപടി. എന്നാല്‍ അതേസമയം, അത് മാത്രം നോക്കി ഭാര്യയെ പൂര്‍ണ്ണമായും അവഗണിച്ച് മുന്നോട്ട് പോവേണ്ടതല്ല ഇവിടെ. കാരണം, പോകരുതെന്ന് ഭാര്യ പറയുന്നത്, അവള്‍ക്ക് താങ്കളോടുള്ള അഗാധമായ സ്നേഹവും താങ്കളില്ലാതാവുമ്പോള്‍ അവള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ഏകാന്തതയും സുരക്ഷിതത്വബോധത്തിലും മക്കളുണ്ടെങ്കില്‍ അവരുടെ കാര്യങ്ങളിലുമുള്ള ആശങ്കകളുമെല്ലാം മുന്നില്‍ കണ്ടായിരിക്കണം. അതോടൊപ്പം, ഗള്‍ഫില്‍ പോയി പ്രതീക്ഷകള്‍ക്കൊത്ത് ഗതി കിട്ടാതെ വന്നവരുടെ മുന്‍അനുഭവങ്ങളും ഒരു പക്ഷെ അവളെ അങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നുണ്ടായിരിക്കാം. അഥവാ, ഭാര്യ അങ്ങനെ ചിന്തിക്കുന്നതില്‍ അവളെ ഒരിക്കലും കുറ്റപ്പെടുത്താനാകില്ലെന്നര്‍ത്ഥം. 

അങ്ങനെ വരുമ്പോള്‍, താങ്കള്‍ ആദ്യമായി ചെയ്യേണ്ടത് ഭാര്യയുമായി ഉള്ള് തുറന്ന് സംസാരിക്കുകയും അവളുടെ ആശങ്കകള്‍ വളരെ നിഷ്പക്ഷമായും ഏറെ ഗൌരവത്തോടെയും ഓരോന്നോരോന്നായി ചര്‍ച്ച ചെയ്യുകയും ചെയ്ത് രണ്ട് പേരും ഒരു തീരുമാനത്തിലെത്തിച്ചേരുക എന്നതാണ്. 

അങ്ങനെ സംസാരിക്കുന്നതും അവളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമെല്ലാം തുറന്ന മനസ്സോടെ ആയിരിക്കുക കൂടി വേണം. അഥവാ, ആ ചര്‍ച്ചയില്‍ പോവാതിരിക്കലാണ് ഖൈര്‍ എന്ന് ബോധ്യപ്പെട്ടാല്‍ പോവില്ലെന്ന തീരുമാനമെടുക്കാന്‍ താങ്കള്‍ തയ്യാറാണെന്ന രീതിയില്‍ തന്നെ വേണം അവളോട് സംസാരിക്കേണ്ടത്. പോവണമെന്ന് മനസ്സിലുറച്ചാണ് അവളോട് സംസാരിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും താങ്കളെ സമ്മര്‍ദ്ധത്തിലാക്കുകയും ചര്‍ച്ച പൂര്‍ണ്ണമായും ആത്മാര്‍ത്ഥമാവാതെ വരികയും ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ.

ഗള്‍ഫിലുള്ള ലക്ഷക്കണക്കിന് ഭര്‍ത്താക്കന്മാരെ കുറിച്ചും അതിലൂടെ വീടും മറ്റ് ജീവിത ആവശ്യങ്ങളുമെല്ലാം നിവര്‍ത്തിച്ചവരെകുറിച്ചുമെല്ലാം അതില്‍ അവളുമായി പങ്ക് വെക്കാവുന്നതാണ്. ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങളെല്ലാം നല്ല നിലയില്‍ തന്നെ ആവുകയും മെച്ചപ്പെട്ട ജോലിയും സൌകര്യങ്ങളുമെല്ലാം ഒത്തുവരികയും ചെയ്താല്‍ അവളെയും മക്കളെയുമെല്ലാം അങ്ങോട്ട് കൊണ്ട് പോകാനുള്ള സാധ്യതകളും മറ്റും അവതരിപ്പിക്കുകയും ചെയ്യാം. 

സാമ്പത്തിക ഘടകവും സുരക്ഷിതത്വവുമെല്ലാം സുഗമമായ ജീവിതത്തിനാവശ്യമാണെന്നും അത് ഉണ്ടാക്കിയെടുക്കാന്‍ അല്ലാഹു തരുന്ന ഇത്തരം അവസരങ്ങളെ നാം വേണ്ടെന്ന് വെച്ചാല്‍ ഒരു പക്ഷെ, ഭാവിയില്‍ അതേ ചൊല്ലി ഖേദിക്കേണ്ടിവരെ വന്നേക്കാമെന്നും അതിനായി അല്‍പമൊക്കെ നാം സഹിച്ചല്ലേ പറ്റൂ എന്നും അത് സാധ്യമാവുന്ന ഈ സമയത്ത് തന്നെ ചെയ്യുന്നതല്ലേ നല്ലതെന്നും അല്‍പം കഴിഞ്ഞ് ആരോഗ്യമെല്ലാം ക്ഷയിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇതൊന്നും സാധ്യമാവില്ലല്ലോ എന്നുമെല്ലാം അവളെ പറഞ്ഞ് മനസ്സിലാക്കുക. അതോടൊപ്പം അവളുടെ മനസ്സിലെ ഭയാശങ്കകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കി അവക്ക് ഓരോന്നിനുമുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ കൂടി ഏറ്റവും പ്രായോഗികമായി തന്നെ അവള്‍ക്ക് നിര്‍ദ്ദേശിച്ചുകൊടുക്കുക. അങ്ങനെ അവളുടെ മനസ്സിലെ തീയ്യും പുകയുമെല്ലാം പരമാവധി ശമിപ്പിക്കാനാണ് ആദ്യമായി താങ്കള്‍ ശ്രമിക്കേണ്ടത്. 

മേല്‍ പറഞ്ഞ വിധം, ശാന്തമായും സമാധാനപരമായും അവളുമായി മനസ്സ് തുറന്ന് സംസാരിക്കുന്നതിലൂടെ തന്നെ, അവള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുമെന്ന് തന്നെയാണ് തോന്നുന്നത്. അങ്ങനെ സംഭവിക്കുന്നതോടെ, താങ്കള്‍ക്ക് പോകാനുള്ള ധൈര്യം അവള്‍ തന്നെ പകരുകയും കണ്ണീരോടെയാണെങ്കിലും മനസ്സറിഞ്ഞ പ്രാര്‍ത്ഥനകളോടെ താങ്കളെ യാത്രയാക്കുകയും ചെയ്യാന്‍ അവള്‍ തയ്യാറാവാതിരിക്കില്ല. 

അവളുടെ സമ്മതമില്ലാതെ പോകുന്ന പക്ഷം, ശേഷം എന്തെങ്കിലും പ്രയാസങ്ങള്‍ വന്നാല്‍ (അങ്ങനെ ഉണ്ടാവാതിരിക്കട്ടെ) അവളോട് അതൊന്നും പറയാനാവാതെ താങ്കള്‍ അവയെല്ലാം ഒറ്റക്ക് അനുഭവിക്കേണ്ടിവരുന്നതും വലിയ ദുരന്തം തന്നെയാണല്ലോ. എന്നാല്‍ അവളുടെ സമ്മതത്തോടെയാണ് പോകുന്നതെങ്കില്‍, അത് താങ്കള്‍ക്ക് സമ്മാനിക്കുന്നത് വലിയ മാനസിക ധൈര്യമായിരിക്കും. തുടര്‍ന്ന് വരുന്ന പ്രവാസ ജീവിതത്തില്‍ എത്ര വലിയ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നാലും അവയെല്ലാം സധൈര്യം നേരിടാനുള്ള മനശ്ശക്തിയും അത് താങ്കള്‍ക്ക് നല്‍കാതിരിക്കില്ല.

ഏറ്റവും ഖൈര്‍ ആവുന്ന രീതിയില്‍ കാര്യങ്ങളെല്ലാം പര്യവസാനിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

ASK YOUR QUESTION

Voting Poll

Get Newsletter