ആദ്യ ഇസ്‌ലാമിക് ബാങ്ക് സ്ഥാപകൻ സഈദ് ലൂത്ത അന്തരിച്ചു

29 June, 2020

+ -
image

ദുബൈ: ലോകത്തിലെ ആദ്യ ഇസ്​ലാമിക്​ ബാങ്ക്​ സ്​ഥാപകനും പ്രമുഖ സാമ്പത്തിക വിദഗ്​ദനും വ്യവസായിയുമായ ഹാജ്​ സഈദ് ബിൻ അഹ്​മദ്​ അൽ ലൂത്ത (97) അന്തരിച്ചു. 1923ൽ ദുബൈയിൽ ജനിച്ച സഈദ് ലൂത്ത യു.എ.ഇയുടെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്ക്​ വഹിച്ച എസ്എസ് ലൂത്ത കമ്പനിയുടെ സ്ഥാപകനാണ്.

1956ൽ സഹോദൻ സുൽത്താനുമൊത്ത് എസ്​.എസ്​ ലൂത്ത കോൺട്രാക്ടിങ് കമ്പനി തുടങ്ങിയാണ് വ്യവസായ രംഗത്ത് അദ്ദേഹം ചുവടുറപ്പിച്ചത്. കമ്പനിയുടെ ചെയർമാനായാണ്​ അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ദുബൈ കൺസ്യൂമർ കോപറേറ്റീവ്, ദുബൈ ഇസ്​ലാമിക്​ ബാങ്ക് എന്നിവ ഉൾപെടെ വിവിധ സ്​ഥാപനങ്ങളും സൊസൈറ്റികളും സംഘടനകളും സ്ഥാപിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്​. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ പതിപ്പിച്ച അദ്ദേഹം 1983ൽ ഇസ്​ലാമിക്​ എഡുകേഷൻ സ്​കൂളും 86ൽ പെൺകുട്ടികൾക്കായി ദുബൈ മെഡിക്കൽ കോളേജും സ്​ഥാപിച്ചു.

നാവികൻ എന്ന നിലയിൽ നിന്ന്​ വൻ വ്യവസായിയായി മാറിയ ഇതിഹാസതുല്യമായ കഥയാണ് സഈദ് ലൂത്തയുടേത്. സാമ്പത്തിക വിദഗ്​ദൻ, ബാങ്കർ, എഴുത്തുകാരൻ, അധ്യാപകൻ എന്നീ നിലകളിലും അദ്ദേഹം നിരവധി സംഭാവനകൾ അർപ്പിച്ചിരുന്നു.

ലൂത്തയുടെ നി​ര്യാണത്തിൽ യുഎഇയിലെ പ്രമുഖ വ്യക്തിത്വങ്ങൾ അനുശോചനം രേഖപ്പെടുത്തി. യു.എ.ഇ വ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം കുടുംബത്തെ അനുശോചനം അറിയിച്ചു. ഒന്നുമില്ലായ്​മയിൽ നിന്ന്​ ഒരു വ്യവസായ ​ലോകം കെട്ടിപ്പടുത്തയാളാണ്​ സഈദ് ലൂത്തയെന്ന് അനുസ്മരിച്ച അദ്ദേഹം ദുബൈയുടെ സാമ്പത്തികാവസ്​ഥയിൽ ലൂത്തയുടെ സസ്പർശമുണ്ടെന്നും ഓർമ്മിപ്പിച്ചു.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്തൂമും ലൂത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ബിസിനസും ചാരിറ്റിയും ഒരുപോലെ നിർവഹിക്കുകയും പാവങ്ങൾക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹമെന്നും കിരീടാവകാശി പറഞ്ഞു.

RELATED NEWS