ഇറാനോളം വളരാനെന്തേ സുഊദിക്ക് സാധീക്കാത്തൂ?
ആഗോളതലത്തില്‍ തന്നെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു നിര്‍ത്തുന്ന കാര്യത്തില്‍ ഇറാനെ നാം സമ്മതിക്കണം. ലബനാന്‍, ഗാസ, സിറിയ, ഇറാഖ്, യെമന്‍, സോമാലിയ, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇറാന്‍ ഇടപെടുന്നു. ഒരു ആഗോളശക്തിയെന്ന പോലെ, ലോകത്തിന്റെ മുക്കുമൂലകളില്‍ നടക്കുന്ന ഓരോ കാര്യങ്ങളിലും ഇറാന്‍ ഇടപെടുന്നുണ്ട്. ഇതിനെല്ലാം വേണ്ട സമ്പത്തും മറ്റുകഴിവുകളും ഇറാന് എവിടെ നിന്ന് ലഭിക്കുന്നു? അതിലേറെ സാധ്യതയുണ്ടായിട്ടും സുഊദി അറേബ്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് എന്തുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ ഇടപെടുക സാധ്യമാകുന്നില്ല, പേരിനെങ്കിലും?
കാലങ്ങളായി ഇറാന്‍ സാമ്പത്തികവും മറ്റുമായി നിരവധി ഉപരോധങ്ങളെ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. കൈയിലുള്ള സ്വത്തിന്റെ നല്ലരു ഭാഗം സൈനികരംഗത്ത് ചെലവഴിക്കേണ്ടതായു വരുന്നുണ്ട് രാജ്യത്തിന്. സുഊദിയെ സംബന്ധിച്ചിടത്തോളം 700 ബില്യന്‍ ഡോളറിലേറെ വരുന്ന സംഖ്യ ബാങ്കിലുണ്ട്. ലെബനാനിലെയും ഇറാഖിലെയും മറ്റുമെല്ലാം തങ്ങളുടെ ബ്രിഗേഡുകളെ സഹായിക്കുന്നതിന് ഇറാഖിന് നല്ലൊരു സംഖ്യ ചെലവു വരുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന ലക്ഷത്തിലേറെ വരുന്ന വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനാണ് സുഊദി തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നത്.
വാണിജ്യരംഗത്തും സ്ഥിതി വിഭിന്നമല്ല. പെട്രോളിയം ഉത്പന്നങ്ങളുടെ അതിവിശാലമായ ഒരു വാണിജ്യത്തിന്റെ ഉടമകളാണ് സുഊദി. അതെ സമയം ആയുധമേഖലയിലാണ് ഇറാന്‍ തങ്ങളുടെ മൊത്തവരുമാനത്തിന്റെ നല്ലൊരു പങ്കും ചെലഴിക്കുന്നത്.
തങ്ങള്‍ ഒരു കുരങ്ങിനെ ബഹിരാകശത്തേക്ക് അയച്ചുവെന്ന് ഇറാന്‍ അവകാശപ്പെട്ടത് ആഴ്ചകള്‍ക്ക് മുമ്പാണ്. ആഗോള മാധ്യമങ്ങളും മറ്റും അതിനെ ഒരു തമാശയെന്നോണമാണ് അവതരിപ്പിച്ചത്. ഇപ്പോഴും പലരും അത് വിശ്വസിച്ച മട്ടില്ല. എന്നാല്‍ പുതിയ തരം ഒരു എയര്‍ക്രാഫ്റ്റ് കണ്ടെത്തിയിരിക്കുന്നു ഇറാനിപ്പോള്‍. അറബിയിലെ അതിന്‍റെ പേരിനര്‍ഥം പ്രേതം എന്നാണ്. റഡാറുകള്‍ക്ക് വരെ കണ്ടെത്താന് കഴിയാത്ത തരത്തിലുള്ള എയര്‍ക്രാഫ്റ്റാണത്രെ അത്. സൈനിക രംഗത്തെ ഇറാന്‍റെ സാങ്കേതികവളര്‍ച്ചയുടെ വലിയൊരു തെളിവ് തന്നെയായി ഇതിനെ കാണേണ്ടിയിരിക്കുന്നു.
അമേരിക്കന്‍ നാവിക ആയുധങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള മുങ്ങിക്കപ്പലുകള്‍ ഇറാന്‍ നിര്‍മിച്ചതും ഇടയ്ക്കാലത്ത് വാര്‍ത്തയായിരുന്നു. മിസൈല്‍ നിര്‍മാണത്തെ കുറിച്ചു വര്‍ഷങ്ങളായി രാജ്യത്ത് നിന്നു വാര്‍ത്ത പുറത്തുവന്നു കൊണ്ടിരിക്കുന്നുമുണ്ട്.
സൈനികമായും ശാസ്ത്രീയമായും ഇത്രയുമധികം സംഖ്യ ഇറാന്‍ ചെലഴിക്കുന്നതിന് പിന്നിലെ ചേതോവികാരമെന്താണെന്നത് ഒരു ചോദ്യമാണ്. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയില്‍ ഒരംഗത്വം ലഭിക്കാന്‍ മാത്രം വലുതായി തങ്ങളുടെ രാഷ്ട്രമെന്ന് അവകാശപ്പെടാനാണോ? അതോ അന്താരാഷ്ട്ര രാജ്യങ്ങള് കാലങ്ങളായി തങ്ങള്‍ക്ക് മേല്‍ ഏര്‍പ്പടുത്തിയ ഉപരോധങ്ങള്‍ ‘പുല്ലാ’ണെന്ന് പറയാതെ പറയാനോ? അതോ സൈനികമേഖലയിലും മറ്റും ഉന്നതി പ്രാപിക്കുന്നതില്‍ സന്തുഷ്ടരാകുന്ന തദ്ദേശീയരായ ജനങ്ങളെ വെറുതെ സന്തോഷിപ്പിക്കാനോ?
വിലക്കയറ്റം സാധാരണക്കാരന്‍റെ ജീവിതത്തിന്‍റെ ബാലന്‍സ് തെറ്റിച്ചു കളഞ്ഞിട്ടുണ്ട് ഇറാനില്‍. ഭരണകൂടത്തിന്‍റെ ആനുകൂല്യം ഉപയോഗപ്പെടുത്തി അന്നന്നത്തേക്കുള്ള അന്നം വാങ്ങുന്ന ഒരു മഹാഭൂരിപക്ഷമുണ്ട് ഈ രാജ്യത്ത്. സ്വന്തം രാജ്യത്തെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ അന്താരാഷ്ട്രഗൂഢാലോചനകളെ കുറിച്ചും സൈനിക ഒരുക്കങ്ങളെ കുറിച്ചും വാചാലമായി അവരുടെ വയറ് നിറക്കാന് ശ്രമിക്കുന്ന ഒരു നയം പൊതുവെ ഉത്തര കൊറിയ സ്വീകരിക്കാറുണ്ട്. ഇടയ്ക്കൊക്കെ, മാവോസേ തുങ്ങിന്‍റെ ചൈനയും ജനങ്ങളുടെ അത്യാവശ്യങ്ങളെ കുറിച്ചുള്ള ചിന്തകളെ വഴിതിരിച്ചു വിട്ടിരുന്നത് ഇതുപോലുള്ള ചില ‘ഐറ്റം’ ഉയോഗിച്ചു തന്നെയായിരുന്നു.
പലപ്പോഴും ഇത്തരം മുന്നേറ്റങ്ങളെ കുറിച്ച് ഇറാന്‍ ആഗോള സമൂഹത്തോട് പ്രഖ്യാപിക്കുന്നത് ഇറാനുമായി ബന്ധപ്പെട്ട ആണവോര്‍ജം, സാമ്പത്തികോപരാധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുന്ന ഏതെങ്കിലും അന്താരാഷ്ട്ര ഉച്ചകോടികള്‍ക്ക് തൊട്ടുമുന്നെയായിരിക്കുമെന്നതും ശ്രദ്ധേയമാണ്.
അവസാനമായി. ഇറാന്‍റെ തീവ്രമായ പോളിസികള്‍ ഇല്ലായിരുന്നുവെങ്കില്‍ ഗള്‍ഫുപ്രദേശങ്ങളില്‍ യുദ്ധക്കപ്പലുകളെ വരിക്ക് നിറുത്തുന്നതിന് അമേരിക്കക്ക് ഒരു ന്യായവുമുണ്ടാകുമായിരുന്നില്ല. 1980 കള്‍ക്ക് ശേഷം പ്രതിരോധത്തിന്‍റെയും മറ്റും പേരില്‍ പ്രദേശത്ത് നിറയുന്ന ആയുധക്കൂമ്പാരങ്ങളുടെയെല്ലാം നീതീകരണം നടത്തുന്നത് ഇറാന്‍ തന്നെയാണെന്നതില്‍ സംശയമില്ല.



Leave A Comment