സംസ്ഥാനത്ത് മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു
abdu rabb 43_0സംസ്ഥാനത്ത് മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളുടെ ഫലം ഇന്നലെ പ്രഖ്യാപിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കുള്‍പ്പെടെ ആദ്യ പത്തില്‍ എട്ടും കരസ്ഥമാക്കിയിരിക്കുന്നത് ആണ്‍കുട്ടികളാണ്. ആകെ പരീക്ഷയെഴുതിയ 93897 വിദ്യാര്‍ത്ഥികളില്‍ 83460 പേര്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി. തിരുവന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. എറണാകുളം ഓടക്കലി സ്വദേശി ബേസില്‍ കോശി സജീവ് 954.8936 എന്ന സ്കോറോടെ ഒന്നാം റാങ്ക് നേടി. മുവാറ്റുപുഴ സ്വദേശി അരുണ്‍ അശോകന്‍, പത്തനംതിട്ടയിലെ ആബിദ് അലി ഖാന്‍ എന്നിവര്‍ യഥാക്രമം 950ഉം 949.8936ഉം സ്കോറുകളോടെ രണ്ടും മൂന്നും റാങ്കുകള്‍ നേടി. മുഹമ്മദ് റയീസ് വയനാട്, നിതിന്‍ എസ്.ആര്‍ തിരുവനന്തപുരം, അരവിന്ദ് സുബ്രഹ്മണ്യന്‍ കോഴിക്കോട്, സമാന്‍ കോഴിക്കോട്, അഭിരാം വയനാട്, എസ്. രാജലക്ഷ്മി എറണാകുളം, ഷിനിയ കെ. കോഴിക്കോട് എന്നിവര്‍ നാല് മുതല്‍ പത്ത് വരെ റാങ്കുകള്‍ കരസ്ഥമാക്കി. ആദ്യ 1000 റാങ്കുകാരില്‍ 491 പേര്‍ സംസ്ഥാന ഹയര്‍ സെക്കന്‍ററി സിലബസിലും 471 പേര്‍ സി.ബി.എസ്.ഇ, 30 പേര്‍ ഐ.എസ്.സി.ഇ എന്നീ സിലബസുകളിലും നിന്നുള്ളവരാണ്. ആദ്യ 1000ത്തില്‍ 146 പേരുള്ള കോഴിക്കോട് ജില്ലയാണ് ഒന്നാമതുള്ളത്. 144 പേരുള്ള മലപ്പുറവും 124 പേരുള്ള തിരുവനന്തപുരവുമാണ് കോഴിക്കോടിനു തൊട്ടു പിന്നിലുള്ളത്. മെഡിക്കല്‍ റാങ്ക് ലിസ്റ്റിനൊപ്പം എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ സ്കോറും പ്രസിദ്ധീകരിച്ചു. ഈ സ്കോറിനൊപ്പം പരീക്ഷ എഴുതിയവരുടെ ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി ചേര്‍ത്ത ശേഷം മൂന്നാഴ്ചക്കകം എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുമെന്ന് അബ്ദുറബ്ബ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter