ഇസ്രയേൽ അധിനിവേശത്തിൽ കൊല്ലപ്പെട്ടത് അഞ്ച് പേര്‍
ഇസ്രായേൽ സൈനികര്‍, വിശുദ്ധ റമദാനില്‍ അധിനിവേശ വെസ്റ്റ്ബാങ്കിൽ നടത്തിയ ആക്രമണത്തില്‍ ഇത് വരെയായി അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 14 വയസ്സുള്ള ഒരു കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. ഏപ്രില്‍ 7 വ്യാഴാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു, ബുധനാഴ്ച മൂന്ന് പേർ കൂടി കൊല്ലപ്പെട്ടുവെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഏറ്റുമുട്ടലിൽ റാമല്ലയ്ക്ക് സമീപം മറ്റൊരു പലസ്തീൻകാരനും കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഇസ്രായേൽ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും ഇത് വരെ ഉണ്ടായിട്ടില്ല.
തെൽ അവീവിന്റെ മധ്യഭാഗത്ത് കഴിഞ്ഞയാഴ്ച നടന്ന വെടിവയ്പടക്കം ആക്രമണങ്ങള്‍ ശക്തമായതോടെ, വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേൽ റെയ്ഡുകളും അറസ്റ്റുകളും ശക്തമാക്കിയിട്ടുണ്ട്. 
ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജനുവരി മുതൽ 36 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം ഇത് വരെ കൊന്നൊടുക്കിയിട്ടുണ്ട്. സൈന്യത്തിന്റെ നടപടികളുടെ അനന്തരഫലങ്ങൾക്ക് ഇസ്രായേലിന് പൂർണ ഉത്തരവാദിത്തമുണ്ടെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച മുന്നറിയിപ്പ് നല്കിയിരുന്നു. പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ വക്താവ് അന്താരാഷ്ട്ര സമൂഹത്തോട് വിഷയത്തില്‍ ഇടപെടണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
വിശുദ്ധ മാസമായ റമദാൻ ആരംഭിക്കുന്ന സമയത്തായിരുന്നു ഏറ്റവും പുതിയ രക്തച്ചൊരിച്ചിൽ. കഴിഞ്ഞ മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ-ഫലസ്തീൻ അക്രമങ്ങൾ, ഗാസ മുനമ്പിൽ 11 ദിവസത്തെ ആക്രമണത്തിലേക്ക് വ്യാപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter