അധ്യാപകരിലാണ് പ്രതീക്ഷ..

സെപ്റ്റംബര്‍ 5... ഇന്ത്യയില്‍ ഇത് അധ്യാപക ദിനമായാണ് ആചരിക്കപ്പെടുന്നത്. വിദ്യയുടെ പ്രാധാന്യവും അത് വേണ്ടവിധം കൈമാറ്റം ചെയ്യപ്പെടുന്നതില്‍ അധ്യാപകന്റെ പങ്കും അതിനായി അവര്‍ക്ക് വക വെച്ചുകൊടുക്കേണ്ട ബഹുമാനാദരവുകളും സ്വാതന്ത്ര്യവുമെല്ലാം ഉദ്ബോധിപ്പിക്കാനും ഓര്‍മ്മിപ്പിക്കാനുമാണ് ഇങ്ങനെയൊരു ദിനം. നിലവിലെ സാഹചര്യത്തില്‍ ഈ ദിനത്തിനും അതിന്റെ ഉദ്ബോധനങ്ങള്‍ക്കും ദൈനംദിനം പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

വിദ്യ അഭ്യസിക്കാനായി കലാലയങ്ങളിലേക്ക് പോകുന്ന മക്കളെ കുറിച്ചാണ് ഇന്ന് രക്ഷിതാക്കള്‍ ഏറ്റവും അധികം ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നത്. യു.പി-ഹൈസ്കൂള്‍ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ പോലും ലഹരിയുടെയും മയക്കുമരുന്നിന്റെയും വാഹകരും വിതരണക്കാരുമായി മാറുന്ന രംഗങ്ങള്‍ തെളിവ് സഹിതം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. കലാലയങ്ങളില്‍നിന്ന് പോകുന്ന ഉല്ലാസ യാത്രകളുടെ മറവില്‍ നടന്നുകൊണ്ടിരിക്കുന്ന കാട്ടിക്കൂട്ടലുകളും നാം പലപ്പോഴായി കണ്ട് കൊണ്ടിരിക്കുന്നു. ക്രമസമാധാന പാലകര്‍ പോലും എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ച് നില്‍ക്കുകയാണ് പലപ്പോഴും. 

Read More: അധ്യാപനം തൊഴിലല്ല, ഒരു കലയാണ്

അതോടൊപ്പം, സ്ത്രീപുരുഷ സമത്വത്തിന്റെ പേര് പറഞ്ഞും നവലിബറലിസത്തിന്റെ ലേബലൊട്ടിച്ചും സര്‍ക്കാര്‍ പോലും പ്രോല്‍സാഹിപ്പിക്കുന്ന വിധം അരാജകത്വവും മൂല്യശോഷണവും മറുഭാഗത്തും അരങ്ങേറുകയാണ്. ഒളിച്ച് വെക്കാനായി ഒന്നുമില്ലെന്നും മനുഷ്യജീവിതം കേവല ഭോഗാധിഷ്ഠിതമാണെന്നും അവിടെ യാതൊരു നിയന്ത്രണങ്ങളും പാടില്ലെന്നുമുള്ള ചിന്തയിലേക്കാണ് പലരും നീങ്ങിക്കൊണ്ടിരിക്കുന്നത്, അല്ലെങ്കില്‍ പലരുടെയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി അറിയാതെ വലിച്ചിഴക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ചതിക്കുഴികള്‍ തിരിച്ചറിയുമ്പോഴേക്ക് വിലപ്പെട്ടതെല്ലാം നഷ്ടമായി ജീവിതം തന്നെ കുളം തോണ്ടുന്നിടത്ത് കാര്യങ്ങളെത്തിയിട്ടുണ്ടാവുകയും ചെയ്യും. 

ഇവിടെയെല്ലാം ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാവുക അധ്യാപകര്‍ക്ക് മാത്രമാണ്. വരും തലമുറയുടെ സുരക്ഷിതത്വം നിങ്ങളുടെ കൈകളിലാണ്. അവര്‍ കഞ്ചാവിനും മയക്ക് മരുന്നിനും അടിമകളായി ആകാശവും ഭൂമിയും തിരിച്ചറിയാതെ നടന്നാല്‍ അതിന്റെ ഉത്തരവാദിത്തം നിങ്ങളിലായിരിക്കും. ആയതിനാല്‍, ഈ അധ്യാപക ദിനത്തില്‍, അധ്യാപകരേ, നിങ്ങള്‍ പ്രതിജ്ഞയെടുക്കുക. മക്കളുടെ ഭാവിക്ക് വേണ്ടി നിങ്ങള്‍ എടുക്കുന്ന നീക്കങ്ങള്‍ക്കും നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണയുമായി രക്ഷിതാക്കള്‍ കൂടെയുണ്ടാവും, മൂല്യബോധമുള്ള സമൂഹം ശേഷിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter