ഇസ്മാഈല്‍ നബി(അ): പരീക്ഷണങ്ങള്‍ അതിജീവിച്ച പ്രവാചകന്‍

തീര്‍ത്തും അസാധാരണവും അമൂല്യവുമായ അനുഗ്രഹത്തിനുടമയായിരുന്നു ഇസ്മാഈല്‍ നബി(അ). സാധാരാണഗതിയിലെ ഒരു പുരുഷായുസ്സ് മുഴുവന്‍ സന്താനസൗഭാഗ്യമില്ലാതെയാണ് ഇബ്രാഹീം നബി(അ) തന്റെ ജീവിതം കഴിച്ച് കൂട്ടിയത്. എന്നാല്‍ ജീവിതത്തിന്റെ സായംസന്ധ്യയില്‍ തന്റെ 99-ാം വയസ്സിലാണ് ഇബ്രാഹീം നബി(അ)ന് അനുഗ്രഹമായി അല്ലാഹു ഇസ്മാഈല്‍ നബി(അ)യെ കനിഞ്ഞേകിയത്.

ബിസി 1800-ല്‍ ഫലസ്തീന്‍ (മുമ്പ് കന്‍ആന്‍ എന്നായിരുന്നു ആ നഗരത്തെ വിളിച്ചിരുന്നത്) നഗരത്തില്‍ പ്രവാചകന്‍ ഇബ്രാഹീം(അ)ന്റെയും രണ്ടാം ഭാര്യ ഹാജറ ബീവി(റ)യുടെയും മകനായാണഅ ഇസ്മാഈല്‍ നബി(അ) ജനിച്ചത്. ഇസ്മാഈല്‍ - ദൈവം വിളി കേട്ടവന്‍ - എന്നാണ് ആ പേരിന്റെ അര്‍ത്ഥം. ഇബ്രാഹിം നബി(അ)യുടെയും സാറാ ബീവി(റ)യുടെയും ഹാജറ ബീവി(റ)യുടെയും വിളിക്ക് അല്ലാഹുവിന്റെ ഉത്തരമായിരുന്നു ഇസ്മാഈല്‍ എന്നതിനാലാവണം ആ പേര് വെച്ചത്. ഒരു ജനതക്ക് ജന്മം നല്‍കാനുള്ള ജനനമായിരുന്നു അത്.


മക്കാമരുഭൂമിയില്‍

ജനതയും സംസ്‌കാരവും എക്കാലവും പിറന്നത് പലായനത്തിലൂടെയായിരുന്നു. അതിനാല്‍ ഹാജറാ ബീവി(റ)യും ഹിജ്റ പോകേണ്ടതുണ്ടായിരുന്നു. സാറാ ബീവി(റ)യുടെ അപ്രതീക്ഷിതമായ ഗര്‍ഭധാരണവും പ്രസവവും അതിനൊരു നിമിത്തമായി. തികച്ചും വിജനമായ ഒരു പ്രദേശമായിരുന്നു മക്ക. വെള്ളമോ ഭക്ഷണപാനീയങ്ങളോ അന്ന് മക്കയിലില്ല. അല്പം ഭക്ഷണം ഹാജറ ബീവി(റ)യെ ഏല്‍പ്പിച്ച് അവരെ മക്കയിലാക്കി ഇബ്രാഹിം നബി(അ) തിരിച്ച് നടന്നു. ദുഃഖിതനായി മടങ്ങുന്ന ഇബ്രാഹീം നബി(അ)യോട്  ഭാര്യ ഹാജറാ ബീവി(റ) ചോദിച്ചു: വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത ഈ പ്രദേശത്ത് ഞങ്ങളെ തനിച്ചാക്കി പോവുകയാണോ ?. വേദനിക്കുന്ന മനസ്സുമായി നോവുന്ന സ്വരവുമായി ഇബ്രാഹീം നബി(അ) പറഞ്ഞു: ഞാന്‍ എന്റെ സ്വന്തം ഇഷ്ട പ്രകാരമല്ല പോകുന്നത്, എല്ലാം അല്ലാഹുവിന്റെ കല്പനയനുസരിച്ചാണ്.

 

ഇത്‌കേട്ട ഹാജറ ബീവി(റ)ക്ക് സമാധാനമായി. വളരെ മനസ്സമാധാനത്തോടെ, എങ്കില്‍ അവന്‍ തന്നെ ഞങ്ങളെ നോക്കിക്കോളും എന്ന് പറഞ്ഞ്, അവര്‍ ഇബ്രാഹീം നബി(അ)ക്ക് യാത്രയയപ്പ് നല്‍കി. ഏതാനും ദിവസത്തേക്കുള്ള ഭക്ഷണപാനീയങ്ങള്‍ മാത്രമേ അവരുടെ അടുത്തുണ്ടായിരുന്നുള്ളൂ. ദിവസങ്ങള്‍ കഴിയുന്തോറും വെള്ളക്ഷാമവും വിശപ്പും അവരെ അലട്ടാന്‍ തുടങ്ങി. ഹാജറ ബീവിയുടെ മുലപ്പാല്‍ പോലും വറ്റിപ്പോയി. കുഞ്ഞായ ഇസ്മാഈലിനാണെങ്കില്‍ ദാഹം സഹിക്കാന്‍ കഴിയാതെയായി. ഹാജറാ ബീവി(റ) കുഞ്ഞിന് വെള്ളം തിരക്കി അടുത്തുണ്ടായിരുന്ന സ്വഫാമലകളുടെ മുകളിലേക്ക് ഓടിക്കയറി. കുഞ്ഞിനെ കിടത്തിയതിന്റെ കിഴക്കുഭാഗത്ത് ഹാജറ ബീവി(റ) കുന്നിന്  മുകളില്‍ കയറി ചുറ്റും കണ്ണോടിച്ചു, അവിടെയെങ്ങാനും വല്ല നീരുറവയും ഉണ്ടോ എന്നറിയാന്‍. നിരാശയായിരുന്നു ഫലം. മറുഭാഗത്ത് ഏകദേശം 395 മീറ്റര്‍ അകലെയുള്ള മര്‍വാ കുന്നിന്റെ മുകളിലേക്കും ഓടിക്കയറി. പക്ഷേ എല്ലാം നിഷ്ഫലമായിരുന്നു. പിഞ്ചോമനക്കുവേണ്ടി വെള്ളം തേടി പരിഭ്രാന്തയായി അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടന്നു.


സംസം

ഇസ്മാഈല്‍ നബി(അ)ന് ദാഹജലം തേടിയുള്ള ആ പ്രയാണം മാനവചരിത്രത്തിലെ അത്ഭുത വികാസമായി മാറി. ഒരു അടിമപ്പെണ്ണ് തന്റെ മകനുവേണ്ടി വെള്ളം തേടിയുള്ള ഓട്ടം ദൈവം തനിക്കുള്ള തന്റെ ദാസിയുടെ മഹത്തായ ഇബാദത്തായി അംഗീകരിച്ചു. 'തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു' (സൂറത്തുല്‍ ബഖറ:158). ഇന്നും ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്നവര്‍ക്ക് അതില്ലാതെ തങ്ങളുടെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാനാവില്ല.


സങ്കടവും ഭയവും ഹാജറാ ബീവിയുടെ കാലിന്റെ പെരുവിരലില്‍ നിന്നും തീക്കൊള്ളിപോലെ മൂര്‍ധാവിലേക്ക് പാഞ്ഞു കയറി. മഹതിയുടെ ഈ പരിശ്രമത്തിന് ഒരു പ്രസവവേദനയുടെ തീക്ഷ്ണതയുണ്ട്. ഒരുപാട് വികാരങ്ങള്‍ പൊട്ടിയൊലിച്ച് ഉള്ളു കലങ്ങിയൊഴുകിയ കണ്ണുനീരുകളുണ്ട്. ഒരു പ്രാണപ്പിടയലോടെ ഒഴുകിവന്ന കരച്ചിലുണ്ട്. എന്നാല്‍ കുഞ്ഞിന്റെ അടുത്തെത്തിയ അവര്‍ ആശ്ചര്യഭരിതയായി. പിഞ്ചുമകന്‍ കാലിട്ടടിച്ചേടത്തുനിന്ന് വെള്ളം പൊട്ടിയൊഴുകുന്നു. അതുകണ്ട് ഹാജറാ ബീവി(റ)യുടെ നയനങ്ങള്‍ കൃതജ്ഞതയാല്‍  നിറഞ്ഞൊഴുകി. ഹാജറാ ബീവി(റ) വെള്ളം തടഞ്ഞുനിര്‍ത്തി. എന്നിട്ടും ഒഴുകിയപ്പോള്‍ വിളിച്ചുപറഞ്ഞു: സംസം- അടങ്ങൂ അടങ്ങൂ.


'സംസം 'അന്നത് ദാഹജലമായിരുന്നെങ്കിലും പിന്നീടത് തീര്‍ത്ഥ ജലമായി മാറി. വെള്ളം ലഭിച്ചതോടെ പറവകളും മനുഷ്യരും കച്ചവട സംഘങ്ങളുമെത്തി. അതോടെ മക്കയില്‍ ജനവാസം ആരംഭിച്ചു. ആദ്യം അവിടെ താമസം ആരംഭിച്ചത് ജുര്‍ഹൂം ഗോത്രക്കാരാണ്. അത് മാനവ ചരിത്രത്തിലെ ഏറെ തിരക്കേറിയ  രാപ്പകല്‍ ഭേദമില്ലാത്ത പട്ടണമായി മാറുന്നതിന്റെ തുടക്കമായിരുന്നു അത്. മുഴുവന്‍ മര്‍ത്യരേയും വര്‍ണ്ണ, ഭാഷാ, ദേശ, വര്‍ഗ്ഗ ഭേദമന്യേ ഒരൊറ്റ കേന്ദ്രത്തില്‍ ഒന്നിപ്പിക്കുന്ന വിശുദ്ധ ഇടം. ഇന്നും അങ്ങനെയൊന്ന് ലോകത്ത് മക്ക മാത്രമേ ഉള്ളൂ.


ആത്മസമര്‍പ്പണത്തിന്റെ തിരുനാളുകള്‍


ഇസ്മാഈല്‍ നബി(അ) മക്കയില്‍ വളര്‍ന്നുകൊണ്ടിരുന്നു. ഇബ്രാഹീം നബി(അ) പ്രിയതമയെയും മകനെയും കാണാന്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. എന്നാല്‍ കുഞ്ഞിനെ കണ്ടു കൊതിതീരും മുമ്പേ  ഇബ്രാഹീം നബി(അ) മറ്റൊരു പരീക്ഷണത്തിന് വിധേയമായി, മകനെ വിവരം അറിയിച്ചു. മകന്റെ മറുപടി അറിയലായിരുന്നു ലക്ഷ്യം.


'എന്നിട്ട് ആ ബാലന്‍ (ഇസ്മാഈല്‍ നബി(അ)) അദ്ദേഹത്തോടൊപ്പം (ഇബ്രാഹീം നബി(അ) പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത് ? അവന്‍ പറഞ്ഞു: എന്റെ പിതാവേ, താങ്കള്‍ കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്.' (സൂറത്തു സ്സ്വാഫ്ഫാത്ത് : 102 ).

 

ഇബ്രാഹീം നബി(അ) തന്റെ മകനോടും ഭാര്യയോടും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. അവരും അല്ലാഹുവിന്റെ കല്പന സസന്തോഷം അനുധാവനം ചെയ്തു. അങ്ങനെ ഇബ്രാഹീം നബി(അ) ഇസ്മായില്‍ നബി(അ)നെയും കൂട്ടി മിനാ പര്‍വ്വതത്തിന്റെ മുകളിലേക്ക് പോയി. ഈ സമയത്താണ് പിശാച് ഇബ്രാഹിം നബി(അ)യെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. ദേഷ്യംവന്ന  ഇബ്രാഹീം നബി(അ) ഒരു കല്ലുകൊണ്ട് പിശാചിനെ എറിഞ്ഞു. ഈ ആത്മനിര്‍ഭരമായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹജ്ജ് സമയത്ത് ജംറയിലേക്ക് കല്ലെറിയല്‍ നിര്‍ബന്ധമാക്കിയത്.


'അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്) കീഴ്പെടുകയും, അവനെ നെറ്റിമേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം, തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‍വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്രാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.' (സൂറത്തു സ്സ്വാഫ്ഫാത്ത് : 103-108 ).


ദൈവിക കല്പനയുടെ പരിപൂര്‍ണ്ണതായി ആറ്റുനോറ്റു വളര്‍ത്തിയ പ്രിയപ്പെട്ട സന്തതി ഇസ്മാഈല്‍ നബി(അ)നെ അറുക്കാന്‍ ഒരുങ്ങുന്ന ഇബ്രാഹീം നബി(അ)ന്റെ ചരിത്രപൂരിതമായ ഈ സംഭവത്തിന്റെ അനുസ്മരണയാണ് ഹജ്ജിലെയും പെരുന്നാളിലെയും  ബലിയര്‍പ്പണം.

     

ദാമ്പത്യ ജീവിതം


ജുര്‍ഹൂം ഗോത്രത്തിലെ നിരവധി കുടുംബങ്ങള്‍ മക്കയില്‍ താമസിക്കുന്നുണ്ട്. ജുര്‍ഹൂം ഗോത്രക്കാരുടെ ഭാഷ അറബിയായിരുന്നു. മക്കയില്‍ താമസമാക്കിയ കുടുംബങ്ങള്‍ അറബി സംസാരിച്ചു. അവരില്‍ നിന്ന് ഹാജറ(റ)യും പുത്രനും അറബി സംസാരിക്കാന്‍ പഠിച്ചു. മോന്‍ നല്ല ആരോഗ്യവാനായി വളര്‍ന്നുവന്നു. പതിനാല് വയസ്സ് കഴിഞ്ഞപ്പോള്‍ തന്നെ ബാല്യത്തിന്റെ വിനോദങ്ങള്‍ വിട്ട് കൗമരാത്തിന്റെയും യൗവ്വനത്തിന്റെയും ഉത്തരവാദിത്വബോധത്തിലേക്ക് വളര്‍ന്നിരുന്നു. ജുര്‍ഹൂം ഗോത്രത്തിലെ ഒരു നേതാവാണ് സഅദ്ബ്നു ഉസാമ. അദ്ദേഹത്തിനൊരു മകളുണ്ട് പേര് ഉമാറത്ത്.


സഅദിന്റെ മനസ്സില്‍ ഇസ്മാഈലിനെക്കുറിച്ച് നല്ല മതിപ്പാണ്. മകള്‍ ഉമാറയോട് സഅദ് വിവരം പറഞ്ഞു. അവള്‍ക്ക് വലിയ താല്‍പര്യമൊന്നും തോന്നിയില്ല. പക്ഷെ ബാപ്പയുടെ നിര്‍ബന്ധത്തിന് മകള്‍ സമ്മതിച്ചു, മനമില്ലാത്ത സമ്മതം. വേണ്ടപ്പെട്ട എല്ലാവരെയും ക്ഷണിച്ചുവരുത്തി, സദ്യ നല്‍കി. ആചാരപ്രകാരം വിവാഹം നടന്നു. ഉമാറ നല്ലവനായ ഇസ്മാഈലിന്റെ ഭാര്യയായി. ഉമ്മയും മകനും മാത്രമുള്ള ലോകത്തേക്ക് ഉമാറ വിരുന്നുവന്നു. പൊരുത്തക്കേടുകള്‍ നിറഞ്ഞതായിരുന്നു ആ ജീവിതം.


ഒരു ദിവസം ആ വീട്ടില്‍ ഒരു വിരുന്നുകാരനെത്തി, ഒരു വൃദ്ധന്‍. പുതിയ പെണ്ണിന് ആളെ മനസ്സിലായില്ല. കുറച്ചു നേരം അവര്‍ സംഭാഷണം നടത്തി. കാര്യങ്ങള്‍ മനസ്സിലാക്കി ഗോത്രത്തലവന്റെ വീട്ടിലെ സൗകര്യങ്ങളൊന്നും ഈ വീട്ടില്‍ കാണില്ല. പൊരുത്തപ്പെട്ടു പോവാന്‍ ഇവര്‍ക്ക് കഴിയുന്നുമില്ല. പോവാന്‍ നേരത്ത് വൃദ്ധന്‍ ഇങ്ങനെ പറഞ്ഞു, 'നിന്റെ ഭര്‍ത്താവ് വന്നാല്‍ എന്റെ സലാം പറയുക. കട്ടിലപ്പടി മാറ്റിവെക്കണമെന്നും പറയണം.'
വൃദ്ധന്‍ സ്ഥലം വിട്ടു.


വൈകുന്നേരമായി. ഇസ്മാഈല്‍(അ) വീട്ടില്‍ വന്നു കയറി. ആരോ വന്നുപോയ പ്രതീതി. 'ഉമാറാ.... ഇവിടെ ആരെങ്കിലും വന്നിരുന്നുവോ?'
'ങാ....വന്നിരുന്നു' 'വല്ലതും പറഞ്ഞിട്ടാണോ പോയത്?'
'നിങ്ങള്‍ക്ക് സലാം പറഞ്ഞിട്ടുണ്ട്. കട്ടിലപ്പടി മാറ്റിവെക്കണം എന്നും പറഞ്ഞു.'


വൃദ്ധന്റെ രൂപം പറഞ്ഞു കൊടുത്തു. ഇസ്മാഈല്‍(അ)ന് കാര്യങ്ങള്‍ ബോധ്യമായി. വന്നത് തന്റെ പിതാവാണ്. കട്ടിലപ്പടി മാറ്റിവെക്കണം എന്ന് പറഞ്ഞതിന്റെ പൊരുള്‍ പിടികിട്ടി. ഈ ഭാര്യ നിനക്ക് ചേര്‍ന്നവളല്ല. ഒഴിവാക്കണം. അതാണ് സൂചന. ഭര്‍ത്താവില്‍ നിന്ന് ഭാര്യ വിവരങ്ങളറിഞ്ഞു. ആ ദാമ്പത്യം അങ്ങനെ അവസാനിച്ചു. ശേഷം മറ്റൊരു വിവാഹം കഴിച്ചു. വളരെ സന്തോഷത്തോടെ ആ ജീവിതം ദീര്‍ഘകാലം മുന്നോട്ട് പോയി.


അല്ലാഹുവിന്റെ ആജ്ഞ സുമനസാ ഏറ്റെടുത്ത്, ആത്മസമര്‍പ്പണത്തിന് തയ്യാറായ, ചരിത്രത്തില്‍ അനശ്വരത നേടിയ ഇസ്മാഈല്‍ നബി(അ)ന് മറ്റൊരു സൗഭാഗ്യം കൂടി ലഭിച്ചു. പരിശുദ്ധ കഅബയുടെ പുനര്‍നിര്‍മാണത്തിന് പിതാവ്  ഇബ്രാഹിം നബിയോടൊപ്പം പങ്കുചേരാനായി എന്നതാണത്.


വഫാത്ത്

ഇസ്മാഈല്‍ നബി(അ)ന് പന്ത്രണ്ടു മക്കളുണ്ടായിരുന്നു. പന്ത്രണ്ടു പേരും തങ്ങളുടെ നാമധേയത്തില്‍ ഗോത്രങ്ങള്‍ സ്ഥാപിച്ചതായി ചരിത്രങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നുണ്ട്. എല്ലാവരും താമസിച്ചിരുന്നത് അറേബ്യന്‍ ഉപദ്വീപില്‍ ആയിരുന്നു. ഏറെക്കാലം ദീനീ പ്രബോധനം നടത്തിയ ഇസ്മാഈല്‍ നബി(അ) തന്റെ 137-ാം വയസ്സില്‍ വഫാത്താവുകയും മാതാവ് ഹാജറ(റ)യുടെ സമീപം സൗദി അറേബ്യയിലെ ഹിജ്ര് ഇസ്മാഈലില്‍ മറവ് ചെയ്യപ്പെടുകയും ചെയ്തു.

 

About The Author 

സെക്കന്‍ഡറി ഫോര്‍ത്ത് ഇയര്‍. ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ്, വല്ലപ്പുഴ.)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter