23 October 2020
19 Rajab 1437

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വെളിച്ചം പകര്‍ന്ന ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി

അബ്ദുല്‍ ഹഖ് എ.പി മുളയങ്കാവ് ‍‍

17 September, 2020

+ -
image

പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ജ്ഞാനസമ്പാദനത്തിന് വെളിച്ചം പകരുകയും ഹദീസ് വിജ്ഞാനശാഖയില്‍ പ്രത്യേക അവഗാഹം നേടുകയും ചെയ്ത പ്രമുഖ സൂഫീവര്യനും പരിഷ്‌കര്‍ത്താവുമായ ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവിയുടെ വഫാത്ത് ദിനമാണ് മുഹര്‍റം 29.ശാഹ് വലിയ്യുല്ലാ അഹ്മ ബിന്‍ അബ്ദു റഹീം അല്‍ ഉമരി അദ്ദഹ്‌ലവി അല്‍ ഹനഫി എന്നതാണ് സമ്പൂര്‍ണ്ണ നാമം. മഹാനവര്‍കളുടെ കുടുംബ വേരുകള്‍ ചെന്നെത്തുന്നത് ഇസ്‌ലാമിക റിപ്പബ്ലിക്കിന്റെ രണ്ടാം ഖലീഫ മഹാനായ ഉമറുബ്‌നുല്‍ ഖത്താബ് (റ) ലേക്കാണ്.ഹിജ്‌റ വര്‍ഷം 1114 ശവ്വാല്‍ നാലിന് ബുധനാഴ്ച ദിവസം ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലായിരുന്നു മഹാനായ ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവിയുടെ ജനനം.ശാഹ് വലിയുല്ലാഹി ജനിക്കുമ്പോള്‍ പിതാവ് ശൈഖ് ശാഹ് അബ്ദുറഹീം എന്നവര്‍ക്ക്  60 വയസ്സായിരുന്നു.സൂഫിവര്യനും പണ്ഡിതനുമായിരുന്നു അദ്ദേഹത്തിന്റെ പിതാവ്, മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ഹനഫി കര്‍മ്മശാസ്ത്രമനുസരിച്ചുള്ള (ഹനഫി മദ്ഹബ്) ഫതാവാ ആലംങ്കീരിയ്യ എന്ന ഗ്രന്ഥം ക്രോഡീകരിക്കാന്‍ ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവിയുടെ പിതാവായ ശൈഖ് അബ്ദുറഹീം എന്നവരെയായിരുന്നു ഏല്‍പിച്ചിരുന്നത്.മഹാന ഖുഥ്ബുദ്ദീന്‍ ബഖ്തിയാര്‍ കഅ്കി സ്വപ്‌നത്തില്‍ കണ്ട പ്രകാരം മഹാനവര്‍കള്‍ക്ക് ഖുത്ബുദ്ദീന്‍ എന്ന പേര് നല്‍കണമെന്ന് നേരത്തെ തന്നെ നിര്‍ദേശിച്ചതായി ചില ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ ജനനസമയത്ത് ഖുത്ബുദ്ദീന്‍ എന്ന പേരിടാന്‍ മറന്നുപോവുകയും പകരം വലിയ്യുല്ലാ എന്ന പേരിടുകയും ചെയ്തു, പിന്നീട് ഓര്‍മ്മ വന്നപ്പോള്‍ ഖുതുബുദ്ദീന്‍ എന്ന പേരും മഹാനവര്‍കള്‍ക്ക് ഇടുകയായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.വളരെ തന്റേടവും ദീനിവിജ്ഞാനങ്ങളോട്  അതിയായ താത്പര്യവും മഹാനവര്‍കളില്‍ പ്രകടമായിരുന്നു. ചെറുപ്പത്തില്‍ തന്നെ വിവിധ വിജ്ഞാനശാഖകളില്‍ അവഗാഹം നേടി. ഏഴാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി.അറബി ഭാഷയും ഫാരിസി ഭാഷയും പഠിച്ചു. 15 വയസ്സായപ്പോഴേക്കും വിവിധ വിജ്ഞാന ശാഖകളില്‍,ഇന്ത്യയിലെ പ്രധാന ഗുരുനാഥന്മാരില്‍ നിന്ന് വിജ്ഞാനം നേടിയിരുന്നു.

പിതാവ് നഖ്ശബന്ദി ത്വരീഖത്ത് ആയിരുന്നു സ്വീകരിച്ചിരുന്നത്. 14ാം വയസ്സില്‍ നഖ്ശബന്ദി ത്വരീഖത്തില്‍ പിതാവുമായി ബൈഅത്ത് (പ്രതിജ്ഞ) ചെയ്തു.പിതാവ് ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും ബൈഅത്ത് ചെയ്യാനും മകനായ ശാഹ് വലിയ്യുല്ലാക്ക് അനുവാദം നല്‍കുകയും ശാഹ് വലിയ്യുല്ലാന്റെ കൈകള്‍ തന്റെ കൈകള്‍ പോലെ തന്നെയാണെന്ന് പറയുകയും ചെയ്തു.14ാം വയസ്സില്‍ ആദ്യ വിവാഹം കഴിക്കുകയും അതില്‍ മുഹമ്മദ് എന്ന പുത്രന്‍ ജനിക്കുകയും ചെയ്തു.

ആദ്യ പത്‌നിയുടെ മരണ ശേഷം രണ്ടാമത് മറ്റൊരു വിവാഹം കഴിക്കുകയും അതില്‍ മഹാനവര്‍കള്‍ക്ക് നാല് മക്കളുണ്ടാവുകയും ചെയ്തു.

പിന്നീട് പ്രസിദ്ധരായ ശാഹ് അബ്ദുല്‍ അസീസ്, ശാഹ് അബ്ദുല്‍ഖാദിര്‍, ശാഹ് അബ്ദുല്‍ ഗനി തുടങ്ങിയവര്‍ മക്കളാണ്.ഹദീസ് വിജ്ഞാന ശാഖയുമായി കൂടുതല്‍ ബന്ധപ്പെടുമായിരുന്നു. അങ്ങനെയിരിക്കയാണ് തന്റെ 30ാമത്തെ വയസ്സില്‍ മഹാനവര്‍കള്‍ ഹജ്ജിന് പുറപ്പെട്ടത്. 1143 ലെ ഹജ്ജ് യാത്ര തന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു, ഈ യാത്രയില്‍ ഹദീസ് വിഷയത്തിലും മറ്റു വിജ്ഞാനശാഖകളിലും വിശാരദരായ നിരവധി പണ്ഡിതരെ കണ്ടുമുട്ടാനും അവരോട് സമ്പര്‍ക്കം പുലര്‍ത്താനും അറിവ് കരസ്ഥമാക്കാനും മഹാനവര്‍കള്‍ക്ക് സാധിച്ചു. ഒന്നര വര്‍ഷത്തിന് ശേഷമാണ് പിന്നീട് അദ്ദേഹം മടങ്ങിയത്.

മക്കയിലെയും മദീനയിലെയും (ഹറമൈനി)  തന്റെ ഗുരുനാഥന്മാരെ കുറിച്ച് ഒരു ഗ്രന്ഥം തന്നെ മഹാനവര്‍കള്‍ രചിക്കുകയുണ്ടായി.  ഇന്‍സാനുല്‍ ഐന്‍ ഫീ മശായീഖില്‍ ഹറമൈന്‍ എന്നതായിരുന്നു ആ ഗ്രന്ഥന് നാമകരണം ചെയ്തത്.

അശൈഖ് അബൂ ത്വാഹിര്‍ മുഹമ്മദ് അല്‍ കൗറാനി, താജുദാദീന്‍ ഖലഈ അല്‍ ഹനഫി, അബ്ദുല്ലാഹ് ബിന്‍ സാലിം അല്‍ മിസ് രി തുടങ്ങിയവര്‍ മഹാനവര്‍കളുടെ പ്രധാന അധ്യാപകരാണ്.ഈ യാത്രയില്‍ വെച്ച് നബി(സ) യെ സ്വപനത്തില്‍ ദര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിക്കുകയും ചെയ്തു. ചിതറിക്കിടക്കുന്ന സമുദായത്തെ ഒരുമിച്ചുകൂട്ടുകയെന്ന ദൗത്യമാണ് നിങ്ങളിലുള്ളതെന്ന് നബി(സ) ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവിയോട് പറയുകയും ചെയ്തു.പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിവരികയും ഹദീസ് വിജ്ഞാന ശാഖയില്‍ അധ്യാപനം നടത്തുകയും ജ്ഞാനപ്രസരണത്തിന്റെയും രചനയുടെയും വഴിയിലായ് തന്റെ ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു.  അത് കൊണ്ട് ഇന്ത്യ ഹദീസ് പഠനത്തിന്റെ കേന്ദ്രമായി മാറുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹദീസ് പഠിക്കാന്‍ അങ്ങോട്ട് പഠിതാക്കള്‍ ഒഴുകിയെത്തുകയും ചെയ്തു. 

ഹജ്ജില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം ദര്‍സ് നടത്തുകയും അദ്ദേഹത്തിന്റെ ദര്‍സിലേക്ക വിജ്ഞാനം നുകരാനായി ആയിരങ്ങള്‍ ഒഴുകിയെത്തുകയും ചെയ്തു. ഇഹ്‌യാ ഉലൂമിന്റെ വ്യാഖനമായ ഇത്ഹാഫു സാദതുല്‍ മുത്ഖീന്‍ എഴുതിയ മുര്‍തള സുബൈദിയെ പോലുള്ള പ്രമുഖര്‍ ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവിയുടെ പ്രഗത്ഭ ശിഷ്യരില്‍ പെടുന്നു.മഹാനായ ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി വിവിധ വിജ്ഞാന ശാഖകളില്‍ ഗ്രന്ഥ രചനയും നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ കീര്‍ത്തി പരത്തിയ മാസ്റ്റര്‍ പീസ് ഗ്രന്ഥമായിരുന്നു ഹുജ്ജത്തുല്ലാഹില്‍ ബാലിഗ.അതിന് പുറമെ മറ്റു ഗ്രന്ഥങ്ങളും രചിച്ചു.

അല്‍ ഇന്‍തിബാഹ് ഫീ സലാസിലില്‍ ഔലിയാഅ്, അല്‍ബുദൂറുല്‍ ബാസിഅ, അല്‍ ജുസ്അു അല്‍ ലത്തീഫ് ഫീ തര്‍ജുമതില്‍ അല്‍ അബ്ദി ളഈഫ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ ജീവചരിത്ര വിഭാഗത്തില്‍ പെടുന്നവയാണ്. അല്‍ ഫൗസുല്‍ കബീര്‍ ഫീ ഉസൂലി തഫ്‌സീര്‍, അല്‍ മുസവ്വ മിന്‍ അഹാദീസില്‍ മുവത്വ, അല്‍ ഇര്‍ശാദ് ഇലാ മുഹിമ്മാത്തുല്‍ ഇസ് നാദ്, ശറഹ് തറാജിമു അബ് വാബു സ്വഹീഹില്‍ ബുഖാരി, ഇസാലത്തുല്‍ ഹഫാഅ് അന്‍ ഖിലാഫത്തില്‍ ഖുലഫാഅ്, ഫത്ഹു റഹ്മാന്‍ ഫീ തര്‍ജുമത്തില്‍ ഖുര്‍ആന്‍ തുടങ്ങിയവയാണ് മറ്റു രചനകള്‍.1176 ല്‍ മുഹര്‍റം 29 തന്റെ 62ാം വയസ്സില്‍ ശനിയാഴ്ച ദിവസമാണ് മഹനവര്‍കള്‍ വഫാത്തായത്. പ്രസിദ്ധമായ ദല്‍ഹി ഗേറ്റിനടുത്താണ് മഹാനവര്‍കളുടെ മഖ്ബറ സ്ഥിതി ചെയ്യുന്നത്.  


RELATED ARTICLES